മാനസികാരോഗ്യവും തൊഴിലിടങ്ങളും

 

മാറുന്ന സാമ്പത്തിക രംഗം നമുക്ക് മുന്നിൽ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ തന്നെയാണ്. പ്രബുദ്ധ കേരളം, നവോത്ഥാന കേരളം എന്നൊക്കെ നമ്മൾ ഊറ്റം കൊള്ളുന്ന നമ്മുടെ നാടിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഓരോ മാസവും ശമ്പളം നൽകാൻ നക്ഷത്രമെണ്ണുന്ന കേരള ധനകാര്യ വകുപ്പ് പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനത ദുഖകരമാണ്. ഈ കാരണത്താൽ മാറി വരുന്ന സർക്കാരുകൾ ഗവണ്മെന്റ് ജോലിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാൻ താല്പര്യപ്പെടുന്നില്ല. ഓരോ വർഷവും പഠിച്ചിറങ്ങുന്ന നമ്മുടെ യുവാക്കൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം അപ്രാപ്യമാകുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് തന്നെയാണ് അഭ്യസ്ഥവിദ്യരായ യുവാക്കൾ പ്രൈവറ്റ് ജോലികളിലേക്ക് തിരയുന്നത്. പലരും നാടും വീടും ഉപേക്ഷിച്ചു വിദേശത്തേക്ക് ജോലി തേടി പോകുന്നതും ഇതുകൊണ്ട് തന്നെ.

 പ്രൈവറ്റ് ജോലികൾ പലപ്പോഴും വളരെയധികം മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നവയാണ്. ചുരുങ്ങിയ വേതനം, ജോലി ഭാരം, ജോലിയിലെ അസ്ഥിരത, കണിശമായ ഡെഡ്ലൈൻ എന്നിവയൊക്കെയാണ് പ്രൈവറ്റ് സ്ഥാപനങ്ങളിലെ സ്ഥിരം കാഴ്ച.  സംഘടനാബലമോ രാഷ്ട്രീയ പിന്തുണയോ ഒന്നുമില്ലാത്ത മേഖലയാണിത്. മാറി വരുന്ന ഗവണ്മെന്റുകൾ പ്രൈവറ്റ് സെക്ട്ടറിലെ ഇത്തരം അവസ്ഥകളെ ചോദ്യം ചെയ്യാനോ അതിൽ മാറ്റം വരുത്താനോ ഒന്നും ചെറുവിരൽ പോലും അനക്കാറില്ല. അതിനു പിന്നിൽ പല രാഷ്ട്രീയ കാര്യങ്ങളും ഉണ്ട്.

 പലതരം പരിമിതികൾ ഉള്ളതിനാൽ ഔദ്യോഗിക, കുടുംബ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ദിവസേന നേരിടുന്ന ഒരു യുവതയാണ് ഇന്ന് കേരളത്തിൽ ഉള്ളത്. ഉയർന്നുവരുന്ന ജീവിത ചിലവ്, നാടിന്റെ സാമ്പത്തിക തകർച്ച, ഇൻഫ്ലേഷൻ, പണത്തിന്റെ മൂല്യ തകർച്ച എന്നിവയൊക്കെ ഇതിന്റെ ആക്കം കൂട്ടുന്നു. രാഷ്ട്രീയ ചർച്ചകളിലും, മീഡിയകളിലും, സാമൂഹിക വേദികളിലും ഒന്നും ഈ വിഷയം വേണ്ടവിധം കടന്നുവന്നിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ചെറുതല്ലാത്ത ഈ വിഭാഗത്തിന്റെയും കുടുംബങ്ങളുടെയും ശാരീരിക, മാനസിക ആരോഗ്യം നിലനിർത്താൻ ആവശ്യമായ സാഹചര്യം ഈ നാട്ടിൽ ഉണ്ടോ എന്ന് നാം വിലയിരുത്തേണ്ടതാണ് .

 വേതന നീതി ഉറപ്പുവരുത്തുന്നതിലോ, തൊഴിലാളി ക്ഷേമത്തിലോ ഒന്നും കാര്യമായ ഇടപെടലുകൾ നമ്മുടെ ഗവണ്മെന്റ് നടത്തുന്നതായി കാണുന്നില്ല. ആളുകളുടെ കഴിവുകൾ, യോഗ്യതകൾ, അനുഭവ സമ്പത്ത്, ജോലിയോടുള്ള ആഭിമുഖ്യം, അതിലുള്ള പ്രാഗല്ഭ്യം എന്നിവയൊന്നും ശരിയായി വിലയിരുത്തപ്പെടുന്നില്ല.  പണപ്പെരുപ്പം, വിലക്കയറ്റം എന്നിവക്കനുസൃതമായ വേതന വർദ്ധനവ്, ശാരീരിക/ബൗദ്ധിക ജോലികൾ ചെയ്യുന്നവർക്കിടയിൽ നടപ്പിലാക്കാൻ മാറിവരുന്ന ഗവണ്മെന്റുകൾ മുൻകൈ എടുത്തിട്ടില്ല. പ്രത്യേകിച്ച് ലാഭമേറെയുള്ള സ്വകാര്യ മേഖലകളിൽ. സർക്കാരോ നിയമ വ്യവസ്ഥയോ ഇതിൽ പൊതുവെ ഇടപെടാറുമില്ല.

 സാംസ്കാരികമായി വ്യക്തികളെ പിറകോട്ടടിക്കുന്ന, ഒരു ജനതക്ക് സാമൂഹിക സുരക്ഷിതത്വം നൽകാത്ത, ആഗോളവൽകൃത ലോകത്തിൽ മാറ്റങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സൗകര്യം നൽകാത്ത ഒരു നാടായി കേരളം മാറുന്നുണ്ടോ എന്ന് നാമൊക്കെ  വിലയിരുത്തണം. നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ സത്യങ്ങൾ ഉറക്കെ വിളിച്ചുപറയണം.

 തിരക്കിനും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ നാം പരിഗണിക്കാൻ വിട്ടുപോകുന്ന ഒന്നാണ് സ്വന്തം മാനസിക ആരോഗ്യം. അത്‌ ഇല്ലാതാകുമ്പോൾ കൂടെ വരുന്നത് മറ്റു പല ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കും. ക്ലിനിക്കൽ ഡിപ്രെഷനും ഇന്ന് സർവ്വ സാധാരണമാണ്. അധികാരം തലയ്ക്കു പിടിച്ച ഭരണക്കാരും, ധനമോഹികളായ മുതലാളിമാരും, സ്വന്തം താല്പര്യങ്ങൾ വെച്ചുപുലർത്തുന്ന അധികാരികളും അവരുടെ വഴിക്ക് മുന്നോട്ട് പോകുമ്പോൾ, തൊഴിൽ ചെയ്യുന്നവരുടെ ആരോഗ്യം, ക്ഷേമം, സമാധാനം എന്നിവക്ക് തൊഴിലാളികൾ തന്നെ മുൻഗണന നൽകേണ്ടതാണ്.

 കുടുംബത്തിനായും അവനവനു വേണ്ടിയും സമയം മാറ്റിവെക്കാൻ കഴിയാത്ത എത്രയോ ജോലിക്കാർ നമുക്കിടയിൽ ഉണ്ട്. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ വേർതിരിക്കാൻ കഴിയാത്ത, ഉണർന്നിരിക്കുന്ന സമയമത്രയും ജോലിക്കായി ചിലവഴിക്കുന്ന, എന്നിട്ടും ജോലിയിൽ സംതൃപ്തി  ലഭിക്കാത്ത ആളുകൾ! ഒരു പക്ഷെ നാട്ടിൽ തന്നെ ജീവിക്കാനുള്ള ആഗ്രഹമോ, കുടുംബത്തെ കുറിച്ചുള്ള ആധികളോ, വരുമാനത്തിനു മറ്റു മാർഗങ്ങൾ ഇല്ലാത്തതോ, ജോലിയോടുള്ള ആത്മാർത്ഥതയോ ഒക്കെയാവാം ഇത്തരം ജോലികളിൽ തുടരാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്തുതന്നെ ആയാലും മാനസികാരോഗ്യം മുൻഗണന നല്കപ്പെടേണ്ട ഒന്നുതന്നെയാണ്.

 പച്ച പിടിക്കാൻ സാധ്യത കുറഞ്ഞ  സംരംഭങ്ങൾ, മുങ്ങിക്കൊണ്ടിരിക്കുന്ന ഇവിടത്തെ സാമ്പത്തിക രംഗം എന്നിവ കേരളത്തിനു നൽകുന്നത് നല്ല പ്രതീക്ഷകളല്ല. പ്രധാനമായും മദ്യത്തെയും പെട്രോളിയം നികുതിയേയും ആശ്രയിച്ചു നിലനിൽക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണല്ലോ ഇവിടെയുള്ളത്. ജോലിക്കായി പൂർണ്ണമായും വിദേശങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഒരു യുവജനത ഇനി ഇവിടെ ഉണ്ടായാലും അതിശയിക്കാനില്ല. അതുകൊണ്ട്തന്നെ വിദ്യാഭ്യാസരംഗത്ത് പുതിയ തലമുറക്ക് നൽകേണ്ടത് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യാധിഷ്ഠിത കോഴ്‌സുകൾ, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള പ്രായോഗിക ബുദ്ധി എന്നിവയാണ്.

“നാടോടുമ്പോൾ നടുവേ ഓടണം” എന്ന ചൊല്ലിൽ തുടങ്ങുന്നു നമ്മുടെ ഓട്ടപ്പാച്ചിലുകൾ. എല്ലാരും ചെയ്യുന്ന പോലെയൊക്കെ ചെയ്തൊപ്പിക്കാൻ നാം പലപ്പോഴും ഏറെ ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ച് ആർഭാടങ്ങൾ മറ്റുള്ളവരെ കാണിച്ചു ബോധ്യപ്പെടുത്തുന്നതിൽ. ഉപഭോക്തൃ സംസ്കാരത്തിന്റെ ഇരകളാണ് ഈ കെണിയിൽ പെടുന്നവർ. ശാരീരിക-മാനസിക ആരോഗ്യത്തിനു മുൻഗണന നൽകുന്നതിനു പകരം നാം പലപ്പോഴും ഭൗതിക സുഖ സൗകര്യങ്ങൾക്ക് പിന്നാലെ ഓടുന്നു. ഇത് പണപ്പെരുപ്പത്തിന്റെ പരോക്ഷ കാരണമാണ്. ഇതിലൂടെ തന്നെയാണ് ധനം ചിലയിടങ്ങളിൽ മാത്രം കുമിഞ്ഞുകൂടുന്നത്. ആവശ്യമുള്ളവക്ക് മാത്രം ധനം ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധി നമുക്ക് വേണം.

 സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു മുന്നോട്ടു പോകുമ്പോൾ നല്ല നാളേക്കുള്ള പ്രതീക്ഷകളെയും കൂടെ കൂട്ടാം. മുതൽ മുടക്കില്ലാത്ത സംരംഭങ്ങൾ, അനുകൂല സാഹചര്യങ്ങളുള്ള തൊഴിലിടങ്ങൾ, സാമ്പത്തിക/ തോഴിൽപരമായ നേട്ടങ്ങൾ നൽകുന്ന വിദേശ ജോലികൾ, ഒന്നിലധികം വരുമാനം നൽകുന്ന ചെറു ജോലികൾ, സംതൃപ്തി നൽകുന്ന ജോലികൾ എന്നിവക്കായി വിലപ്പെട്ട സമയം ഉപയോഗപ്പെടുത്താം. തീരാത്ത ജോലിഭാരത്തെയും ഫാമിലിയെയും അകറ്റിനിർത്താം. Stress eating ഉപേക്ഷിച്ചു ശാരീരിക വ്യായാമം തിരഞ്ഞെടുക്കാം. ജോലിയും വീടും കൈകാര്യം ചെയ്യുന്നതോടൊപ്പം അവനവനു വേണ്ടിയും സമയം ഉപയോഗിക്കാം- എഴുതാനും വായിക്കാനും കുട്ടികളോടും സുഹൃത്തുക്കളോടും ഒപ്പം ചിലവഴിക്കാനും ഒക്കെ.

Renjitha. K. R, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices