എന്തെരടേ മോണോക്രോമിൽ കാണിച്ചു വെച്ചേക്കുന്നത്!
മലയാള സിനിമയുടെ ഗ്രാഫ് വളരെയധികം താഴോട്ട് പോയ ഒരു വർഷമായിരുന്നു 2023. എണ്ണം കൊണ്ട് വളരെയധികം സിനിമകൾ പുറത്തിറങ്ങിയെങ്കിലും കാമ്പുള്ള സിനിമകൾ അത്യപൂർവ്വമായിരുന്നു. അത് സിനിമ ആസ്വാദകരെ വളരെയധികം നിരാശയിലായ്‌തുകയും അവരെ തീയേറ്ററുകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. എന്നാൽ മലയാള സിനിമയെ സ്നേഹിക്കുന്ന ആളുകൾക്ക് പുതുജീവൻ നൽകി കൊണ്ടാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. രാഹുൽ സദാശിവന്റെ സംവിധാനം മികവുകൊണ്ടും മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ എന്നിവരുടെ അഭിനയ മികവുകൊണ്ടും ഭ്രമയുഗം പ്രേക്ഷകരെ ഭ്രമിപ്പിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന കൃതിയിലെ കുഞ്ചമൺ പോറ്റി എന്ന മിത്താണ് ഈ സിനിമയിൽ ചർച്ച ചെയ്യുന്നത്. കുഞ്ചമൺ പോറ്റി എന്ന മന്ത്രവാദിയുടെ മന ചാത്തൻ കയ്യേറുന്നതും തുടർന്ന് അവിടെ ചെന്ന് അകപ്പെടുന്ന ഒരു പാണന്റെ സാഹസികമായ അതിജീവനത്തിന്റെയും കഥയാണ് സാങ്കേതികവിദ്യയുടെ അകമ്പടിയോടെ രാഹുൽ സദാശിവൻ പറഞ്ഞു വെക്കുന്നത്. ടെക്നോളജിയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ സാധിക്കുന്ന ഈ യുഗത്തിൽ കറുപ്പിലും വെളുപ്പിലും മാത്രമായി ഒരു മുഴുനീള ചലച്ചിത്രം ഒരുക്കുക എന്നത് കനത്ത വെല്ലുവിളിയായിരുന്നു. എന്നാൽ അതീവ തന്മയത്വത്തോടുകൂടി തന്നെ സംവിധായകൻ ഈ ബാലികേറാമല കയറി തീർത്തു. രാഹുൽ സദാശിവന്റെ ഭൂതകാലത്തിന്റെ ഒരു രൂപമാണ് അല്ലെങ്കിൽ ഈ ചിത്രത്തിന്റെ ട്രെയിലറിൽ പറയുന്നതുപോലെ ഒരു അപഭ്രംശമാണ് ഭ്രമയുഗം. വലിയ ഫ്രെയിമുകൾ ഒരുപാടില്ലെങ്കിലും ഉള്ളതെല്ലാം വളരെ മികച്ചത് തന്നെയാണ്. ഫ്രെയിം ചെയ്ത് തൂക്കാവുന്നത്ര മനോഹരമാണിത്. സിനിമയുടെ തുടക്കത്തിൽ വരുന്ന വെള്ളച്ചാട്ടത്തിന്റെ ആ മനോഹര ദൃശ്യം ഇതിന്റെ മകുടദാഹരണമാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് വർണമിശ്രണത്തിന്റെ പരിമിതികൾ, അത് തീർത്ത വെല്ലുവിളികൾ എല്ലാം തന്നെ സംവിധായകൻ മറികടന്നത് വളരെ മികച്ച കലാസംവിധാനത്തിലൂടെയും ശബ്ദ സംവിധാനത്തിലൂടെയും ആയിരുന്നു. സംഭാഷണങ്ങൾ ഒരുക്കിയ എഴുത്തുകാരൻ ടി. ഡി രാമകൃഷ്ണനും പ്രത്യേക കയ്യടി അർഹിക്കുന്നു.
ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച ഷഹനാഥ് ജലാൽ ലോകോത്തരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ തനിമയും കഥാപാത്രങ്ങളുടെ വന്യതയും അതിന്റെ സത്ത ചോരാതെ ഊറ്റിയെടുക്കാൻ അദ്ദേഹത്തിനായി. മറ്റൊരു പ്രത്യേകതയാണ് ഈ സിനിമയുടെ സംഗീത സംവിധാനം. ഭ്രമയുഗത്തിലെ പ്രകടനം വെച്ചു നോക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ ഭാവി ഇതിഹാസമാവും ക്രിസ്റ്റോ സേവിയർ എന്ന സംവിധായകൻ എന്നുറപ്പ്. സിനിമയുടെ ഒഴുക്കിന് ഉതകുന്ന രീതിയിൽ കഥാപാത്രങ്ങൾക്ക് തീവ്രത കൂട്ടുന്ന രീതിയിൽ എത്ര മനോഹരമായാണ് അദ്ദേഹം സംഗീതം അടുക്കി വെച്ചിരിക്കുന്നതെന്ന് നോക്കൂ. സിനിമയുടെ ടൈറ്റിൽ കാർഡ് വരുന്ന സമയത്ത് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ ഒരുക്കിയിട്ടുണ്ട്. ഇതൊരു മോണോക്രോം സിനിമയാണെന്ന് ഒരിടത്തും ചിന്തിപ്പിക്കാത്ത തരത്തിൽ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സിനിമക്കായിട്ടുണ്ട്. അതുപോലെതന്നെ ഈ സിനിമയുടെ കലാസംവിധാനം നിർവഹിച്ച ജ്യോതിഷ് ശങ്കറും പ്രേക്ഷകരെ ഭ്രമിപ്പിച്ചിട്ടുണ്ട്. മോണോക്രോം വർണ്ണ മിശ്രണത്തിന്റെ പരിമിതികൾ വലിയ രീതിയിൽ മറച്ചു പിടിച്ചിട്ടള്ളത് അദ്ദേഹത്തിന്റെ മികവിന് ഉദാഹരണമാണ്.
ഈ സിനിമ സാങ്കേതികപരമായി വളരെ മികച്ച നിൽക്കുന്നതാണെങ്കിലും ഈ സിനിമയെ അതിന്റെ ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നത് ഇതിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടിയാണ്. ഇന്ത്യൻ സിനിമയിൽ ഇനി തന്നെ വെല്ലാൻ ആരുമില്ലെന്ന് മമ്മൂട്ടി സംശയലേശമന്യേ തെളിയിച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച സിനിമ കൂടിയാണിത്. അതിഭീകരനായ വില്ലൻ കഥാപാത്രം ഏറ്റവും മികച്ച രീതിയിൽ മറ്റാർക്കും ചിന്തിക്കാൻ പോലും ആവാത്ത രീതിയിൽ പരകായ പ്രവേശം നടത്തിയ മമ്മൂട്ടി തന്റെ കരിയർ മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് സിനിമ ആസ്വാദകർക്ക് വാക്കുകൊടുക്കുന്നു. അർജുൻ അശോകന്റെയും സിദ്ധാർത്ഥ ഭരതന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എന്ന് സംശയലേശമെന്യേ വിളിക്കാവുന്ന കഥാപാത്രങ്ങളാണ് അവർ ചെയ്തു വച്ചിരിക്കുന്നത്. അടിമ-ഉടമ ദ്വന്തം പ്രമേയമായ ഈ സിനിമയിൽ ജാതി രാഷ്ട്രീയം അതിന്റെ ഏറ്റവും ഉന്നതിയിൽ ചർച്ച ചെയ്തു പോകുന്നുണ്ട്. ഈ സിനിമയെ അത്തരത്തിൽ ആസ്വദിക്കേണ്ടവർക്ക് അത്തരത്തിൽ ആസ്വദിക്കാവുന്നതാണ്. എന്നാൽ രാത്രി ഒറ്റയ്ക്കിരുന്നു വായിക്കുന്ന മാന്ത്രിക നോവലിന്റെ സുഖവും പ്രേക്ഷകർക്ക് ഈ സിനിമ സമ്മാനിക്കുന്നു. പ്രശസ്ത യൂട്യൂബറായ ഷസാം ഈ സിനിമയുടെ സാങ്കേതികവശത്തെപറ്റി പറയുന്നത് ഇങ്ങനെയാണ്. " സായിപ്പന്മാരുടെ മുന്നിലേക്ക് വയ്ക്കുകയാണെങ്കിൽ എന്താണിവർ മോണോക്രോമിൽ ചെയ്തു വച്ചിരിക്കുന്നതെന്നോർത്ത് അവർ കണ്ണും മിഴിച്ച് അന്തം വിട്ടിരിക്കും.'' ഇതിൽ അതിശയോക്തി ഒട്ടുമില്ല. ലോക സിനിമയുടെ തിണ്ണ യിലേക്ക് വയ്ക്കാവുന്ന ഇന്ത്യൻ ക്ലാസിക് തന്നെയാണ് ഭ്രമയുഗം. അതിലെ പല അടരുകളുണ്ട്. ഏത് അടരെടുത്ത് വ്യാഖ്യാനിച്ചാലും അത് ക്ലാസിക്കായി തന്നെ അവശേഷിക്കും.
Midhulaj. P, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment