നിറം കെടുന്ന സത്യഭാമമാർ
നെറികെട്ട കാലത്ത് ജീവിക്കുന്ന മനുഷ്യർ, അഭിമാനിക്കാൻ യാതൊന്നുമില്ലാതെ വരുമ്പോൾ എളുപ്പം എടുത്തണിയാവുന്ന ആടയാഭരണമായി കാണുന്ന ഒന്നാണ് ജാതിയും, മതവും. പ്രത്യേകിച്ച് ചിലവൊന്നുമില്ലാതെ പാരമ്പര്യമായി കിട്ടുന്ന ഈ ‘സമ്പത്ത്’ ഒരു സ്വകാര്യസ്വത്ത് പോലെ അഹങ്കരിക്കാൻ മാത്രം പ്രയോജനപ്പെടും. അത്തരം ഒരു ‘ആട്ടം’ ആണ് കഴിഞ്ഞ രണ്ടു ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മോഹിനിയാട്ടം.
ആയമ്മ (അങ്ങനെ തന്നെ പറയട്ടെ ) പറയുന്ന ഈ മോഹിനിയാട്ടത്തിന്റെ വേരുകൾ തിരഞ്ഞു ചെല്ലുമ്പോൾ നമ്മൾ എത്തി നിൽക്കുന്ന യാഥാർഥ്യം, ജാതി സമൂഹവും ജന്മിത്വ ഭരണവും നിലനിന്നിരുന്ന കാലത്ത് രൂപപ്പെട്ട നൃത്തരൂപമാണ് മോഹിനിയാട്ടം എന്നതിലാണ്.. മാത്രവുമല്ല ദേവദാസി നൃത്തത്തിൽ നിന്നും പരിണമിച്ചതാണ് മോഹിനിയാട്ടം എന്ന് പറയുന്നു. ജാത്യാധിപത്യമുള്ള സമൂഹത്തിൽ ദേവദാസി നൃത്തമോ മോഹിനിയാട്ടമോ എല്ലാവരുടേതുമായിരുന്നില്ല. അത് എല്ലാവരും ആടിയിരുന്നുമില്ല, എല്ലാവർക്കും വേണ്ടിയായിരുന്നുമില്ല ആട്ടം. ജാതിയിൽ ഉയർന്ന, മതത്തിലും രാഷ്ട്രീയത്തിലും അധികാരങ്ങളുണ്ടായിരുന്ന പുരുഷനുവേണ്ടി ശ്യംഗാര രസപ്രധാനത്തോടെ ആടപ്പെട്ടവയായിരുന്നു ഈ നൃത്തരൂപങ്ങൾ. അന്ന് പുരുഷനെ ഈ നൃത്തരൂപങ്ങൾക്ക് വേണ്ടായിരുന്നു. മേൽജാതി സ്ത്രീകളല്ല, ക്ഷുദ്രജാതിയിൽപ്പെട്ട നായർ സ്ത്രീകളായിരുന്നു മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നത്. ഇതിൽനിന്നെല്ലാം ജാത്യാതിഷ്‌ഠിത - ജന്മിത്വ ഭരണകാലത്ത് മോഹിനിയാട്ടത്തിൻ്റെ ലക്ഷ്യവും ആട്ടമാടുന്ന സ്ത്രീയുടെ സാമൂഹ്യസ്ഥാനവും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിൻ്റെ പഠനത്തിനുള്ളത്. ഇന്ത്യയിലെമറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെതുടർച്ചയായി വന്നതേവിടിശ്ശിയാട്ടത്തിൻ്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്. ലാസ്യനൃത്തപ്രിയനായിരുന്ന സ്വാതിതിരുനാളിനുശേഷം സ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളി പ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്ക് എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി…മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളെയും സമൂഹത്തിന്റെ മാന്യവേദികളിൽ നിന്നും അകറ്റി. അതുകൊണ്ടാവാം,
എവിടെയോ വായിച്ച ഒരോർമയുണ്ട്, വള്ളത്തോൾ കലാമണ്ഡലം തുടങ്ങിയപ്പോൾ കലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിൻ്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. പക്ഷേ അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകളൊന്നും മോഹിനിയാട്ടം പഠിക്കാൻ തയ്യാറായിരുന്നില്ല എന്ന്. അതേ പോലെ,അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിൻ്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം അന്നത്തെ അധ്യാപികക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ.പിന്നീട് എന്നുമുതലാണ്, ജാതിയും നിറവും, സൗന്ദര്യവും,ജൻഡറും ഒക്കെ അളവുകോലായത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
പിന്നെ, മോഹിനിയാട്ടം കലാകാരൻ ആർ. എൽ. വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതീയമായ, നിറവും തൊഴിലും പറഞ്ഞുളള അധിക്ഷേപം,കറുപ്പിനോടുള്ള, താഴ്ന്ന ജാതിയോടുള്ള അസഹിഷ്‌ണുതാ പ്രവണതകൾ പോലെ സവർണ്ണതയുടെ മാലിന്യങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരിൽ നിന്നുള്ള ജല്പനങ്ങൾ..
കല കൊണ്ടും അക്കാദമിക മികവുകൊണ്ടും അവരേക്കാൾ എത്രയോ ഉയരെ നിൽക്കുന്ന ഒരു കലാകാരനോടുള്ള കടുത്ത അസൂയയും അമർഷവും വർണ്ണവെറിയും തന്നെയാണ് ഇവരുടെ വാക്കുകളിലുള്ളത്.
Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna.
Comments
Post a Comment