നല്ല മനുഷ്യൻ
കറന്റ് പോയി ക്ലാസിലെ ഫാൻ ഓഫായപ്പോഴാണ് ആശ്വാസമായത്. ഇത്ര നേരം വിറച്ച് മര്യാദക്ക് ഇരിക്കാൻ പറ്റുന്നില്ലായിരുന്നു.
നിങ്ങൾക്കൊക്കെ ആരാവാനാ ആഗ്രഹം? "ടീച്ചറെ ഞാൻ കളക്ടർ, എനിക്ക് വക്കിലാവണം... ടീച്ചറെ എനിക്കൊരു നല്ല മനുഷ്യനായാ മതി" ആഹാ കൊള്ളാലോ. അപ്പോഴാണ് ഞാൻ ആലോചിച്ചത്,'ആരാണ് ഈ നല്ല മനുഷ്യൻ?' കുറച്ചു മനുഷ്യർ നല്ലത്, ബാക്കി മോശം എന്നൊക്കെ അറിയാൻ പറ്റുമോ? എന്തായാലും എല്ലാവരുടെയും ചോര ഒറ്റ നിറമാണ്. പക്ഷെ എല്ലാ മനുഷ്യരും വ്യത്യസ്‌തരാണ്. വെവ്വേറെ നിറങ്ങളാണ്... എനിക്ക് ഏറ്റവും ഇഷ്ടം കടുംനീലയാണ്, എന്ന് വച്ച് ഞാൻ പറയാൻ പാടില്ലാലോ ആ നിറമാണ് നല്ലത്, മഞ്ഞ മോശമാണെന്ന്. നിറങ്ങളെ താരതമ്യം ചെയ്യാൻ പറ്റാത്തതുപോലെ മനുഷ്യരേയും അങ്ങനെ നല്ലതും ചീത്തയുമായി വേർതിരിക്കാൻ പറ്റില്ലലോ. അപ്പോൾ അങ്ങനെ വേർതിരിക്കാൻ പറ്റാത്തതുകൊണ്ട് നിറങ്ങൾ വെറും നിറങ്ങളും മനുഷ്യർ വെറും മനുഷ്യരുമാണ്. അങ്ങനെ എല്ലാ മനുഷ്യരും ഒന്നാണെങ്കിൽ, ഈ കൊടും തണുപ്പത്ത് വേലിക്ക് അപ്പുറവും ഇപ്പുറവും തോക്കും കൊണ്ട് കാവൽ നില്ക്കുന്നത് എന്തിനാണാവോ. രണ്ട് ഭാഗത്തും ജീവിക്കാൻ ആഗ്രഹമുള്ള മനുഷ്യന്മാർ ആയ സ്ഥിതിക്ക് യുദ്ധം ചെയ്യുന്നത് എന്തിനാണ്?
മതം,ജാതി, ഗോത്രം, ജോലി, ശമ്പളം, വെയ്റ്റ്, ഹൈറ്റ്, നിറം, സ്ത്രീധനം, ഇതൊക്കെ ഒത്തുവന്ന്, നാട്ടുകാരുടെ മൊത്തം സമ്മതവും വാങ്ങി കല്യാണം നടത്തിയാലല്ലേ ഫോട്ടോ ഇടുമ്പോ 'True love, Made for each other' എന്നൊക്കെ ക്യാപ്ഷൻ ഇടാൻ പറ്റൂ. നല്ല മനുഷ്യര്‍ക്ക് ഇതൊക്കെ ആവശ്യമാണോ?നേരത്തെ പറഞ്ഞപ്പോലെ ഒരേ നിറമുള്ള ചോരയുള്ള വെറും മനുഷ്യന്മാരായി മാത്രം പരസ്‌പരം കണ്ടാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. എല്ലാവരുടേയും ചോരക്ക് ഒരേ നിറമാണെങ്കിലും സ്വാദ് വ്യത്യാസമുണ്ട്. എനിക്ക് ഇഷ്ടം +ve ആണ് (കടുംനീല ഉടുപ്പ് ഇട്ടവരാണേൽ ഞാൻ ഓടി ചെല്ലും), അനിയത്തിക്ക് ab -ve ആണ് പ്രിയം എന്ന് വച്ച് ഞങ്ങൾ അടികൂടാറൊന്നുമില്ല. അവൾക്ക് വേണ്ടത് അവള് കുടിക്കും എനിക്ക് വേണ്ടത് ഞാനും. ഞങ്ങളൊക്കെ ജനിച്ചത് ഒരു മാലിന്യ കൂമ്പാരത്തിലാണ്, എന്നുവച്ച് അതാണ് എന്റെ ജന്മഭൂമി എന്നു പറഞ്ഞ് യുദ്ധം ചെയ്യാനൊന്നും ഞാൻ ഇതുവരെ പുറപ്പെട്ടിട്ടില്ല. പിന്നെ പ്രത്യുല്പ്പാദന സമയത്ത് ജാതിയും മതവും ഒന്നും നോക്കാൻ സമയവും കിട്ടാറില്ല. ആകെ രണ്ടോ മുന്നോ ആഴ്ച്ച ജീവിക്കും, അപ്പൊ അങ്ങ് പറന്നു നടന്ന്, നല്ല ചോരയൊക്കെ കുടിച്ച് ആഘോഷിക്കും.
സ്‌കൂൾ ബെൽ അടിച്ചു. ടീച്ചർ പുറത്തുപോയി, കുട്ടികളും പോവാൻ നില്ക്കുന്നു. ആ നല്ല മനുഷ്യൻ ആവാൻ പോവുന്ന കുട്ടിയുടെ തന്നെ കുറച്ച് ചോര ഊറ്റാം എന്ന് വിചാരിച്ച് പറന്ന് ചെന്നു. അവൻ്റെമേൽ ഇരുന്നതും 'ടപ്പേന്ന് ഒറ്റയടി. ദേ കിടക്കുന്നു താഴെ ഒരു അമ്മയാവാൻ ആഗ്രഹിച്ച എനിക്ക് മുട്ടയിടാൻ ഒരു തുള്ളി ചോര തരാത്തവനാണ് നല്ല മനുഷ്യനാവാൻ നടക്കുന്നത്!
Rajashree. V, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment