സാന്റിയാഗോ ബെർണബ്യു: അത്ഭുതങ്ങളുടെ വീട്
നിശബ്ദമായ സാന്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിൽ നിന്നും ഒരാൾ കളി തീരും മുമ്പേ തന്റെ മകളെയും കൂട്ടി ഇറങ്ങുകയാണ്. അപ്പോൾ അവരെ തടഞ്ഞു നിർത്തിക്കൊണ്ട് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്നു "എന്താ നിങ്ങൾ കളി തീരുന്നതിനു മുമ്പേ പോവുന്നത്?". അയാൾ സങ്കടത്തോടെ ആ സത്യം തുറന്നു പറയുന്നു. ഞാൻ റയൽ മാഡ്രിഡ് ആരാധകനാണ്. ഞങ്ങൾ രണ്ടു ഗോളിന് പിന്നിലാണ്. കളി തോൽക്കുമെന്ന് ഉറപ്പാണ്. എന്നാൽ അത് കണ്ടാൽ എന്റെ കുഞ്ഞു മകൾക്കു സങ്കടമാവും എന്നത് കൊണ്ടാണ് ഞങ്ങൾ കളി തീരും മുമ്പേ പുറത്തിറങ്ങിയത്.
അയാളെ കുറ്റം പറയാൻ പറ്റില്ല. ഇത്തിഹാദിൽ നടന്ന ആദ്യപാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചെസ്റ്റർ സിറ്റിയോട് 4-3 എന്ന സ്കോറിനു പരാജയപ്പെട്ടിരുന്നു. ബെർണാബ്യുവിൽ തിരിച്ചടിക്കാം എന്ന് വിചാരിച്ചു വന്നപ്പോൾ രണ്ടാം പകുതി അവസാനിച്ചപ്പോൾ സിറ്റി റിയാദ് മഹ്‌റെസിന്റെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കിയിരിക്കുന്നു. ഇനിയൊരു തിരിച്ചു പോക്കില്ല എന്നുറപ്പിച്ചിരിക്കുമ്പോൾ കാർലോ ആൻസിലോട്ടി എന്ന റയൽ മാഡ്രിഡ് പരിശീലകൻ കമവിങ്ക, റോഡ്രിഗോ എന്നീ രണ്ടു കൊച്ചു പിള്ളേരെ ഗ്രൗണ്ടിലേക്ക് ഇറക്കി വിടുന്നു. മത്സരം ഇപ്പോൾ 87 മിനിറ്റ് പൂർത്തിയായിരിക്കുന്നു. അവശേഷിക്കുന്ന 3 മിനുറ്റിൽ ഇനി അത്ഭുതങ്ങൾ ഒന്നും സംഭവിക്കാനില്ല എന്ന വിശ്വാസമാണ് ആ അച്ഛനെ സ്റ്റേഡിയം വിടാൻ പ്രേരിപ്പിച്ചത്. എന്നാൽ പൊടുന്നനെ കാമവിങ്കയുടെ ഒരു ലോങ്ങ് ബോൾ ബോക്സിലേക്ക് വരുന്നു. പ്രതീക്ഷ കൈവിടാതെ മുന്നേറിക്കൊണ്ടിരുന്ന കരിം ബെൻസീമ എന്ന നായകൻ ആ ബോളിനെ തെല്ലോന്ന് ആയാസപ്പെട്ടു ഓടി വന്ന റോഡ്രിഗോയിലേക്ക് നീട്ടി നൽകുന്നു. റോഡ്രിഗോയുടെ കിടിലൻ ഫിനിഷ്! സ്കോർ 5-4.
റയൽ മാഡ്രിഡ് ആഘോഷിക്കുന്നില്ല. ഇനിയും ദൂരം താണ്ടാനുണ്ടെന്നു അവർക്കു നന്നായറിയാം. മത്സരം നിശ്ചിത സമയം കഴിഞ്ഞു ഇഞ്ചുറി ടൈമിലേക്ക്. കീഴടങ്ങാനുദ്ദേശമില്ലാത്ത പോരാളികളെപ്പോലെ ആ വെള്ളക്കുപ്പായക്കാർ ശ്രമിച്ചു കൊണ്ടിരുന്നു. വിനി ജൂനിയർ കൊടുത്ത ലോങ്ങ് ബോൾ അത്ര മികച്ചതൊന്നുമല്ലായിരുന്നുവെങ്കിലും ഡാനി കാർവഹാൽ അത് സ്വീകരിക്കുന്നു, ശേഷം അത് ബോക്സിലേക്ക് നീട്ടി നൽകുന്നു. ബോക്സിലുള്ളവരൊക്കെ ചാടി നോക്കിയെങ്കിലും ചരിത്രം റോഡ്രിഗോയാൽ എഴുതപ്പെടേണ്ടതാണെന്ന് വിധി തീരുമാനിച്ചിരുന്നു. പിന്നെ കാണുന്നത് തിരിച്ചു വരവാണ്. സ്പാനിഷ് ഭാഷയിൽ പറഞ്ഞാൽ 'റെമോന്റാടാ'. കമന്ററി ബോക്സിൽ ഇരുന്നു പീറ്റർ ഡ്രറി ഇങ്ങനെ പറഞ്ഞു. " അവർ അത്ഭുതത്തിന് വേണ്ടി പ്രാർത്ഥിച്ചു. അത്ഭുതം ഇതാ വന്നെത്തിയിരിക്കുന്നു. ഇത് ബെർണബുവാണ്. ഇത് സ്വപ്നങ്ങളുടെ മണ്ണാണ്. ഇത് സ്വപ്നങ്ങളുടെ ടീമാണ്."
യഥാർത്ഥ 'റെമോന്റാടാ' സാന്റിയാഗോ ബെർണബുവിന്റെ പുറത്തായിരുന്നു. ഉറഞ്ഞു തുള്ളുന്ന ഗാലറിയുടെ ശബ്ദം കേട്ടു ആ പിതാവ് മകളെയും കൂട്ടി തിരിച്ചോടുകയാണ്. പ്രതീക്ഷകൾ ഒരിക്കലും അവസാനിക്കാത്ത ആ ഭൂമികയിലേക്ക്. എന്നിട്ട് അവർ ആർത്തുവിളിക്കുകയാണ് 'ഹല മാഡ്രിഡ്!'.
Link to the visual of real incident: https://youtu.be/CKFFZoAmgHE?si=rVYkSjmezqDaUz_A
Midhulaj. P, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment