ഗ്രഹൺ; ഭൂമിയിലേക്കിറങ്ങിവന്ന സ്വർഗ്ഗം
ഹിമാചലിലെ കസോൾ മാർക്കറ്റ് ഏരിയയിൽ നിന്ന് ഗ്രഹൺ സ്ട്രീറ്റ് വഴി നടന്ന് പാലം കടന്നാൽ ഗ്രഹനിലേക്കുള്ള 4x4 പിക്ക്-അപ്പ് ട്രക്കുകൾ ലഭിക്കും. അവിടുത്തെ ഒരു വിധം എല്ലാ ബേക്കറികളിലും ലഭിക്കുന്ന ചോക്കോ ബ്രൗണി വാങ്ങി കയ്യിൽ വച്ചിട്ടുണ്ട്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രൗണി ഓവനിൽ വച്ച് ചൂട് ആക്കി അതിൽ മെൽറ്റഡ് ചോക്ലേറ്റും ഒഴിച്ച് ഒരു ഐസ്ക്രീം കൂടിനകത്താക്കിയാണ് വില്പന. കയ്യിൽകിട്ടിയ ബ്രൗണി ഹിമാചലിലെ കൊടും തണുപ്പത്ത് നാവിലെ രുചി പതിന്മടങ്ങാക്കി. പാലം കടന്ന് ഗ്രഹനിലേക്ക് പോകാനൊരുങ്ങി നിൽക്കുന്ന പിക്ക് അപ്പ് വാൻ ഡ്രൈവറോട് 200 രൂപ പറഞ്ഞുറപ്പിച്ച് പുറകിൽ കയറി നിൽപ്പായി. പുറകുവശം തുറന്ന മഹീന്ദ്ര പിക്ക് അപ്പ് വാൻ ആണ്. അതികം വൈകാതെ യാത്ര ആരംഭിച്ച ട്രക്കിൽ എന്നെക്കൂടാതെ മൂന്ന് നാല് ഗ്രാമ വാസികളും, ഗ്രാമത്തിലെ എന്തൊക്കെയോ നിർമാണപ്രവർത്തികൾക്കുള്ള കല്ലും, സിമന്റും എല്ലാം ഉണ്ടായിരുന്നു. ഒട്ടും തന്നെ ടാർ ചെയ്യാത്തതോ, ചെയ്ത ടാർ ഇളകിപ്പോയതോ എന്ന് മനസ്സിലാകാത്തവിധം മലമടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ കയറ്റിറക്കങ്ങളും- കുണ്ട് കുഴികളും വകവയ്ക്കാതെ വാഹനം ഡ്രൈവർ മുന്നോട്ട് നീക്കിയപ്പോൾ ഇന്ത്യാ മഹാരാജ്യത്തെ വിവിധ ഭൂ പ്രകൃതികളിൽ, പരിമിത യാത്രാ സൗകര്യങ്ങൾ ഉള്ളതും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും, ഒറ്റപ്പെട്ടുകിടക്കുന്നതും ആയ പ്രദേശങ്ങളെ ജനവാസ മേഖലകളിലോട്ടും, ആശുപത്രി പോലുള്ള അടിയന്തര സഹായ കേന്ദ്രങ്ങളിലേക്കും കണക്റ്റ് ചെയ്യുന്ന മഹീന്ദ്ര വാഹനങ്ങളുടെ പ്രാധാന്യത്തെ മനസ്സ് അറിയാതെ പ്രശംസിച്ച്പോയി. ചാടിയും, ചരിഞ്ഞും, ചളിക്കുഴികളും, കുഞ്ഞൻ അരുവികളും, മരത്തടികളിൽ തീർത്ത പാലങ്ങളും പിന്നിട് പാർവതി നദിക്ക് സമാന്തരമായി ട്രക്ക് മുന്നോട്ട് ചലിച്ചു. ഏഴു കിലോമീറ്റർ സഞ്ചരിച്ച് വാഹനം എത്തിപ്പെടാവുന്നതിന്റെ അങ്ങേ അറ്റത്ത് എത്തി. ഇനി രണ്ടു മണിക്കൂർ നടക്കണം. ആദ്യത്തെ ഒരു കിലോമീറ്ററോളം കുത്തനെ കയറ്റം ആണ്. യാത്രകളിലെ എന്റെ “Less Luggage More Comfort” പോളിസി ഇത്തരത്തിലുള്ള ട്രെക്കിംഗ് എക്സ്പെഡിഷനുകൾ ആയാസരഹിതമാക്കാറുണ്ട്. വലിയൊരു കുന്ന് കയറി പിന്നീട് എത്തുന്നത് മറ്റൊരു ലോകത്തേക്കാണ്. നീർച്ചാലുകൾ കളകളാരവം തീർക്കുന്ന, പേരറിയാത്ത പറവകൾ മൂളിപ്പാട്ടുപാടുന്ന, റോഡോ-ഡെൻട്രോൺ പൂക്കൾ സ്വാഗതമരുളുന്ന ഗ്രഹൺ ഗ്രാമം കണ്മുന്നിൽ തെളിയുകയായി. ലോകത്തുള്ള സർവ്വ പുരാണങ്ങളിലും, ഇതിഹാസങ്ങളിലും സ്വർഗ്ഗത്തെകുറിച്ച് വിവരിച്ചത് ഗ്രഹൺ എന്ന കൊച്ചു ഗ്രാമത്തിന്റെ വാങ്മയചിത്രമാവാം എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെപറയാൻതക്കവണ്ണം സുന്ദരവും നിഷ്കളങ്കവുമായ ഗ്രാമഭംഗിക്കുമുൻപിൽ ഒരുനിമിഷം ആശ്ചര്യപൂർണ്ണമായിനിന്നശേഷം യാത്ര തുടർന്നു….
Vineeth. U. V, Assistant Professor, Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment