കവിത പോലൊരു പകൽ
സാഹിത്യം, കവിത എന്നൊക്കെ കേൾക്കുമ്പോൾ ‘ഇതൊക്കെ എന്തിനാ’ എന്ന് ചോദിക്കുന്ന.. നിർവികാരരായി കാണുന്ന..കവിതാസ്വാദകർ അന്യം നിന്ന് പോകുമോ എന്ന് തോന്നിപ്പിക്കുന്ന യുവതലമുറക്ക് മുൻപിൽ നിന്ന്, ഇന്നലെ (28/04/24)
BOOK PLUS Publishers സംഘടിപ്പിച്ച ഒരു ശില്പശാലയിൽ (പെണ്ണെഴുത്ത്) പങ്കെടുക്കാൻ അവസരം കിട്ടി. കനല് പോലെ തിളങ്ങുന്ന കുറച്ച് പെൺകുട്ടികളെ കണ്ടു. എങ്ങിനെ പറയണം എന്നറിയില്ല.. കവിത പോലെ മനോഹരമായ ഒരു പകൽ.. കവിതയിൽ മുങ്ങിനിവർന്ന അറുപതു പെണ്ണുങ്ങൾ .. പെൺകുട്ടികൾക്ക് മാത്രമായുള്ള ആ ശിൽപശാലയിൽ, 10 മിനുട്ട് കൊണ്ടാണ് കൊടുത്ത ടോപ്പിക്ക് ൽ ഹൈക്കൂവും, കുറുങ്കവിതയും, കവിതകളുമൊക്കെ മൊട്ടിട്ടതും, വിടർന്നതും,പൂത്തതും..
കോളജിൽ നിന്നും പുറത്തിറക്കിയ കവിതാസമാഹാരത്തിലേക്ക് കവിത അയച്ചുതന്ന ഒരു കുട്ടിയാണ് ഈ പ്രോഗ്രാമിന്റെ ബ്രോഷർ അയച്ചു തന്നത്.. വീരാൻ കുട്ടി (കവി ) മാഷിന്റെ ഒരു സെഷൻ എന്നത് തന്നെയായിരുന്നു ഹൈ ലൈറ്റ്. അങ്ങിനെയാണ് പോവാം എന്ന് വിചാരിക്കുന്നത്. കുറേ കാലമായിരുന്നു ഒരു സാഹിത്യക്യാമ്പിലൊക്കെ പങ്കെടുത്തിട്ടും..
ലൊക്കേഷൻ അറിയില്ല, ബുക്ക് പ്ലസ്നെ കുറിച്ച് കേട്ടിട്ടില്ല..ഇത് അവരുടെ മൂന്നാമത്തെ എഡിഷൻ ആണെന്ന് അവിടെ ചെന്നപ്പോഴാണ് അറിയുന്നത്..എന്നാലും ഉള്ളിൽ ഒരു ആകാംക്ഷയും സന്തോഷവും ഉണ്ടായിരുന്നു എടായിപ്പാലത്തെ ആ കുന്ന് കയറുമ്പോൾ.
രെജിസ്റ്റർ ചെയ്ത് ഉള്ളിൽ കയറുമ്പോൾ നികാബ് ധരിച്ച കുറേ പെൺകുട്ടികൾ.. ബുക്ക് പ്ലസ്നൊപ്പം ഏതോ അറബിക് കോളേജ് കൂടി ഓർഗനൈസ് ചെയ്ത പരിപാടിയാണോ ഇതെന്ന് സന്ദേഹം തോന്നി.. സംശയംതോന്നാൻ മറ്റൊരു കാരണം, ഹാളിനുള്ളിൽ ഒരു പത്തറുപത് പേരെങ്കിലും കാണും.. ഇത്രേം ആളൊന്നും കവിതാരചനാക്യാമ്പുകളിലൊന്നും കാണാറും ഇല്ലല്ലോ..
എന്തായാലും ഡെലിഗേറ്റ്സ് ഒക്കെ, നമ്മൾ ഒരിക്കലെങ്കിലും കാണണം, ഒരു തവണയെങ്കിലും അവരുടെ ക്ലാസ്സിൽ ഇരിക്കണം എന്നൊക്കെ ആഗ്രഹിച്ച ആളുകൾ ആണല്ലോ എന്നതായിരുന്നു ആശ്വാസം..
സ്വാഗതപ്രസംഗത്തിന് ശേഷം,ആദ്യ ഊഴം ഷെരീഫ് സർന്റെ ആയിരുന്നു.. PSMO കോളേജിലെ മലയാളം അധ്യാപകൻ ആണ് അദ്ദേഹം. വാല്യൂയേഷൻ ക്യാമ്പുകളിൽ വെച്ച് പരിചയമുള്ള വളരെ സൗമ്യനായ ഒരു വ്യക്തി എന്നതിനപ്പുറം ഞാൻ മാഷിന്റെ സെഷനുകളോ ക്ലാസ്സോ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ല. വളരെ ആകാംക്ഷയോടെയാണ് ഇരുന്നത്. ’എഴുത്തിനൊരാമുഖം’ എന്ന ആമുഖസെഷനിൽ തുടക്കം മുതൽ ഒടുക്കം വരെ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ മടുപ്പിക്കാതെ, വളരെ ലളിതമായി എന്നാൽ ഹൃദ്യമായി അദ്ദേഹം വാചാലനായി. അനുഭവങ്ങളിലൂടെ മാത്രമല്ല ഭാവനയിലൂടെയും വായനയിലൂടെയും കാഴ്ചകളിലൂടെയും നിങ്ങളുടെ എഴുത്തിന്റെ ലോകം വിശാലമാക്കാം എന്ന് പറഞ്ഞ് സർ സെഷൻ അവസാനിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകിയപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്. എഴുത്തും, വായനയും ലക്ഷ്യം വെച്ച്, അക്ഷരങ്ങളെയും പുസ്തകങ്ങളെയും, കവിതകളെയെയും പ്രണയിക്കുന്ന ഒരു വലിയ പെൺപടയോടൊപ്പം ആണ് ഞാനും ഇരിക്കുന്നത് എന്ന്. എല്ലാവർക്കും എന്തുമാത്രം ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്.. എന്തെല്ലാം സംശയങ്ങളാണ്.. അവരിൽ പലരുടെയും കവിതാസമാഹാരങ്ങളും, കഥാ സമാഹാരങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം ഇതിനകം പബ്ലിഷ് ചെയ്തതാണ്..പലരും പല മത്സരങ്ങളിലും ഒന്നാം സ്ഥാനം വാങ്ങിയവരാണ്.. ചിലരൊക്കെ ചില അവാർഡുകൾക്ക് അർഹരായവരാണ്..
‘സർഗ്ഗ സമീക്ഷ’ എന്ന വീരാൻകുട്ടി മാഷിന്റെ സെഷനിൽ നെരൂദയും, വേർഡ്സ് വർത്തും, ടാഗോറും, ചുള്ളിക്കാടും, റഫീഖ് അഹമ്മദും, സുഗതകുമാരി ടീച്ചറും പെയ്തു തോർന്നു. ‘നിങ്ങൾ എഴുതിയിട്ടില്ലെങ്കിലും സാഹിത്യ ലോകത്തിന് ഒന്നും സംഭവിക്കില്ല,അതുകൊണ്ട് ധൃതി പിടിച്ചു ആരും എഴുതുകയോ പുസ്തകം പ്രസിദ്ധീകരിക്കുകയോ ചെയ്യേണ്ടതില്ല ‘ എന്ന് ഉപദേശിച്ച്,വാക്കുകളുടെ അയവാണ് കവിതയെന്നും, ചവണയിൽ വെക്കുന്ന കല്ല് പോലെ വാക്കുകളുടെ ഗതി മൂർച്ച കൂട്ടാൻ എഴുതിതെളിയേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.
കവിതകളെഴുതാൻ ഒരുപാട് ശൈലികൾ ഉണ്ടെന്നും,ആ കൈവഴികളെല്ലാം കവിതയെന്ന ഒറ്റ കടലിലേക്കാണ് ചെന്ന് ചേരുന്നത് എന്നും പറഞ്ഞ്, ‘എഴുത്തുകാരിയുടെ മുറി ‘ എന്ന സെഷനിൽ പുതു മുഖ എഴുത്തു കാരിയായ നൂറ വരിക്കോടൻ അവരവരുടെ ശൈലി കണ്ടെത്താൻ വിവിധ വിഷയങ്ങൾ നൽകി കവിതയെഴുതാൻ പറഞ്ഞു. എത്ര ആക്ടിവായാണ് കുട്ടികൾ ആ സെഷനിൽ പങ്കെടുത്തത്.. എല്ലാവരും അവർ എഴുതിയ കവിതകൾ വായിക്കുകയും, ഏറ്റവും മികച്ച മൂന്ന് കവിതകൾ തിരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്തു. അത് വളരുന്ന തലമുറക്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല.
ഓരോ സെഷനുകൾ കഴിയുമ്പോഴും എണീറ്റ് നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടികളെ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി. എഴുത്തിനെയും കവിതയെയും ഗൗരവമായി കാണുന്ന, അതിനെപറ്റി സംസാരിക്കാൻ കെല്പുള്ള ഒരു പറ്റം പെണ്ണെഴുത്തുകാരുടെ കൂട്ടത്തിലാണ് ഞാനുമിരിക്കുന്നതെന്ന ബോധ്യം എന്നിൽ അഭിമാനം നിറച്ചു..സംശയങ്ങളും , ആശങ്കകളും ദൂരീകരിച്ചുകൊണ്ട് , സ്വപ്‌നങ്ങൾ തുന്നിയ
കവിതകൊണ്ടൊരു പകലും, അതിൽ നിറയെ പ്രതീക്ഷയുടെ വെളിച്ചവും നിറച്ചു കൊണ്ട്, അരികുവൽക്കരിക്കപ്പെട്ടവരെന്ന് പൊതുസമൂഹം മുൻവിധിയോടെ കാണുന്ന മുസ്ലിം പെൺകുട്ടികൾക്ക് അവസരങ്ങളുടെ വിശാലമായ വാതായനങ്ങൾ തുറന്നു നൽകിയതിന് കവിതയോടുള്ളത് പോലെ സംഘാടകരോടും ഒരുപാട് ഇഷ്ടം തോന്നുന്നു..അവരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളോടും..
Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment