പ്രതിഷേധക്കനിയായ് കനികുസൃതി


 പലസ്തീൻ ജനതയുടെ പ്രക്ഷോഭത്തിനോട് ഐക്യപ്പെട്ടുകൊണ്ട് കാൻ ചലച്ചിത്രോത്സവ വേദിയിൽ വച്ച് കനി കുസൃതി ഉയർത്തിപ്പിടിച്ച തണ്ണിമത്തൻ  ആകൃതിയിലുള്ള വാനിറ്റി  ബാ​ഗ് വലിയ ചർച്ചയായി മാറി. ഓസ്കർ വേദിയിൽ ഉൾപ്പെടെ ആഗോളതലത്തിൽ കലാപ്രവർത്തകർ പലസ്തീന് വേണ്ടി നടത്തിയ ഇടപെടലുകളിൽ മലയാളി താരം കനി കുസൃതിയും ഭാഗമായിരിക്കുന്നു. 

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീൻ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി റെഡ് കാർപറ്റിൽ എത്തിയത്. ലോക രാഷ്ട്രങ്ങളെല്ലാം കൈവിട്ട പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിരുന്നു കനിയുടെ കയ്യിലെ ആ തണ്ണിമത്തൻ രൂപത്തിലുള്ള ബാഗ്.

സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.പലസ്തീന്‍ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് തണ്ണിമത്തൻ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി ലോകമെങ്ങും നിറയുന്നത്.തണ്ണിമത്തൻ പലസ്തീൻ പ്രതിരോധത്തിൻ്റെ അടയാളമായി സ്വീകരിക്കാൻ തുടങ്ങിയത് എപ്പോഴാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലെങ്കിലും അതിൽ പിന്നിൽ പറയുന്ന ചരിത്രം ഇപ്രകാരമാണ്. അറബ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം 1967 മുതൽ ഇസ്രായേലിന്റെ്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പലസ്‌തീൻ പതാകയ്ക്ക് നിരോധനമേർപ്പെടുത്തി. പതാകയോ അതിലെ നിറങ്ങൾക്ക് സമാനമായോ വസ്തുക്കളോ പ്രദർശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വർഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിൻവലിച്ചത്. എന്നാൽ പോയവർഷം വീണ്ടും പൊതുവിടങ്ങളിൽ പലസ്‌തീൻ പതാകകൾക്ക് നിരോധനമേർപ്പെടുത്തികൊണ്ട് ഇസ്രായേൽ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു. 

‘പലസ്തീനിലെ സമകാലീന ചിത്രകാരന്മാരിൽ പ്രമുഖനായ സ്ലിമാൻ മൻസൂർ ഇതിനെ കുറിച്ചു പറയുന്ന ഒരു കഥയുണ്ട്.1980 കളിൽ സ്ലിമാൻ മൻസൂറും കൂട്ടാളികളായ നബീൽ അനാനി, ഇസ്സാം ബദർ എന്നീവരുടെയും ആർട്ട് ഗാലറിയിൽ ഇസ്രയേൽ പട്ടാളക്കാർ പരിശോധനയ്‌ക്കെത്തുന്നു. തുടർന്ന് ഈ കലാകാരന്മാരുടെ ഒരു പ്രദർശനം ഇസ്രായേൽ സൈന്യം അടച്ചുപൂട്ടുന്നു. പിന്നാലെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ഇവരുടെ ആർട്ട് ഗാലറിയിലേക്ക് എത്തിയ സൈന്യം പലസ്തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഗാലറിയിൽ നിന്ന് പിടിച്ചെടുത്തു. തുടർന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ലിമാൻ മൻസൂറിനോട് എന്തിനാണ് രാഷ്ട്രീയപരമായ ചിത്രങ്ങൾ വരയ്ക്കുന്നതെന്നും ഇനിമുതൽ ഭംഗിയുള്ള പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും നഗ്ന ശരീരങ്ങളുടെ ചിത്രം മാത്രം വരച്ചാൽ മതിയെന്നും പറയുന്നു. അത്തരം ചിത്രങ്ങൾ നല്ല വില നൽകി ഞാൻ വാങ്ങിക്കോളാം എന്നും ഉദ്യോഗസ്ഥൻ പറയുന്നു. പലസ്‌തീൻ പതാകയിൽ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥൻ ആജ്ഞാപിച്ചു. ഇത് കേട്ട സ്ലിമാൻ മൻസൂറിന്റെ കൂട്ടാളി ഇസ്സാം ബദർ ഉദ്യോഗസ്ഥനോട് “ഈ നിറങ്ങൾ ഉപയോഗിച്ച് എനിക്ക് ഒരു തണ്ണിമത്തൻ വരയ്ക്കണമെങ്കിൽ ഞാൻ എന്തുചെയ്യും?”, എന്ന് ചോദിച്ചു. അതിന് അവർ “അതും ഞങ്ങൾ കണ്ടുകെട്ടും, അത് ഒരു തണ്ണിമത്തൻ ആണെങ്കിൽ പോലും”എന്നാണ് മറുപടി നൽകിയത്. ഉദ്യോഗസ്ഥന്റെ ഈ മറുപടിയിൽ നിന്നാണ് തണ്ണിമത്തൻ എന്ന ആശയം ഉണ്ടായതെന്ന് സ്ലിമാൻ മൻസൂർ പറയുന്നു. ഈ സംഭവം അറിഞ്ഞതോടെ ഈ കലാകാരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള നിരവധി ചിത്രകാരന്മാർ രംഗത്തെത്തി. ഇസ്രയേൽ നിരോധിച്ച നിറങ്ങളായ ചുവപ്പ്, കറുപ്പ്, പച്ച, വെള്ള ഉപയോഗിച്ച് അവർ നിരവധി ചിത്രങ്ങൾ വരക്കുകയും ചെയ്തു. അങ്ങനെ തണ്ണിമത്തൻ ചിത്രങ്ങളും ലോകമെങ്ങും നിറഞ്ഞു. ഈ സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം പട്ടാളക്കാർ സ്ലിമാനെ അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും പോലും നൽകാതെ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇത് കൂടുതൽ പ്രതിഷേധത്തിന് കാരണമാവുകയും ലോകത്തെ പ്രമുഖ ചിത്രകാരമാർ പലസ്‌തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങുകയും ചെയ്തു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി’.(*കടപ്പാട് :ഓൺ ലൈൻ മാഗസിൻ ) 

അങ്ങിനെ, പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നു പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ചിഹ്നമായി തണ്ണിമത്തൻ മാറി.. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഒരു ആഗോള വേദിയിൽ മലയാളിയായ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തിയത് മലയാളികൾക്ക് അഭിമാനവുമായി മാറി..നിറഞ്ഞ പുഞ്ചിരിയും വലിയ മുദ്രാവാക്യവുമായി മലയാള ’കനി’ കാനിന്റെ ചുവപ്പു പരവതാനിയിൽ നിന്നപ്പോൾ അഭിമാനം തുളുമ്പിയത് സിനിമാ പ്രേമികളുടെ മാത്രമല്ല, ലോകസമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടേയും മനസ്സുകളിലാണ്.

Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്