ഇമ്മിണി ബലിയ ഒരു മനുഷ്യൻ!

 "ഒന്നും ഒന്നും എത്രയാടാ?" അദ്ധ്യാപകൻ ചോദിച്ചു. "രണ്ടിടത്തു നിന്ന് വരുന്ന നദികൾ സമ്മേളിച്ച് കുറച്ചുകൂടി വലിയൊരു നദിയായി മാറുന്നതുപോലെ, ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണി ബലിയൊരു ഒന്നാവും." അഭിമാനത്തോടെയാണ് മജീദ് ആ ഉത്തരം പറയുന്നത്. ആത്യന്തികമായി തെറ്റാണെങ്കിലും ഒരു നിമിഷത്തേക്കെങ്കിലും നമ്മുടെ മനസ്സും മജീദിന് ഒപ്പം നിൽക്കുകയാണ്. രണ്ടു നദികൾക്ക് കൂടിച്ചേർന്ന് വലിയൊരു നദിയാകാമെങ്കിൽ ഒന്നും ഒന്നും കൂടിച്ചേർന്ന് ഇമ്മിണി ബലിയൊരു ഒന്നുമാകാം.

ചൊറിയുന്നിടത് മാന്തുന്നതാണ് ലോകത്തിൽവച്ച് ഏറ്റവും വലിയ സുഖം എന്നുപറഞ്ഞ, പെണ്ണുങ്ങളുടെ തലയ്ക്കകത്തു നിലാവെളിച്ചമാണെന്നെഴുതിയ, അച്ചടിഭാഷയിൽ സംസാരിച്ചതിന് ഉമ്മയുടെ തവിക്കടിയേറ്റ മലയാളത്തിന്റെ സ്വന്തം ബഷീറിനെ നമ്മളെങ്ങനെ മറക്കാനാണ്?

കരുണയായിരുന്നു ബഷീറിന്റെ ഭാഷ, ഞാനും നിങ്ങളും നമുക്കറിയാവുന്ന ചെറിയ ചെറിയ മനുഷ്യരും കൂടിച്ചേരുന്നതായിരുന്നു ബഷീറിന്റെ ലോകം. കാക്കയും, പൂച്ചയും, ആടും, ആനയും, എന്തിന് തേരട്ടയെ പോലും കഥാപാത്രമാക്കാൻ ആ വലിയ കഥാക്കാരന് സാധിച്ചു. മനുഷ്യൻ മാത്രമല്ല, കവലയും, മൈതാനവും, നാട്ടിൻ പുറങ്ങളും, വീട്ടകങ്ങളും കടന്ന് എച്ചിൽ മോറുന്ന ഹോട്ടലിന്റെ പിന്നാമ്പുറങ്ങളും, ലോഡ്ജിന്റെ കുടുസ്സുമുറികളും, വേശ്യാലയങ്ങളും കഥാ പരിസരങ്ങളാക്കാൻ ആദ്ദേഹം ധൈര്യം കാണിച്ചു. കൂട്ടിലിട്ട ഒരു ഭാഷയെ മോചിപ്പിച്ചുകൊണ്ടുപോയി ചീട്ടുകളിക്കാരന്റെയും, ജയിൽപ്പുള്ളിയുടെയും, പോക്കറ്റടിക്കാരന്റെയും, ദരിദ്രരുടെയും എല്ലാം ഭാഷ പഠിപ്പിച്ചത് ബഷീറാണ്.

"അനുഭവങ്ങൾ ഇച്ചിരിപ്പിടിയുണ്ട്. അവരെയങ്ങ് കാച്ചിയാൽപോരെ?"- അങ്ങനെയാണ് ബഷീർ പറയാറുള്ളത്. അനുഭവങ്ങളാണ് ബഷീർ സാഹിത്യത്തിന്റെ എല്ലാമെല്ലാം. കണ്ടും അറിഞ്ഞും അനുഭവിച്ചും ആദ്ദേഹം അറിഞ്ഞ മൂല്യങ്ങൾ. 

ആറു വയസ്സുകാരനെയും അറുപതുകാരനെയും ഒരുപോലെ വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത് ബഷീറിന്റെ കൈവശവകാശമാണ്. രക്തനക്ഷത്രം പോലെ കടും ചുമപ്പായ ആ പൂവ് ഹൃദയത്തിനുണ്ട്. നാരായണിയുടെ ഗന്ധം ഈ പ്രപഞ്ചത്തിനെല്ലാം ഉള്ളതുപോലെ. തികച്ചും സാധാരണക്കാരായ മനുഷ്യരുടെ അതിസാധാരണമായ പ്രണയത്തെ എവിടെക്കാണാ മനുഷ്യൻ കൊണ്ടുപോയതെന്നറിയില്ല. രണ്ടു മനുഷ്യർക്കിടയിൽ നിറഞ്ഞുതുളുമ്പുന്ന പ്രണയത്തെ ഇനിയും മനോഹരമായി എങ്ങനെ പറയാനാവും? ഒരു നോക്കിലൂടെ, രസകരമായ വാക്കിലൂടെ, കരുതലിന്റെ ചെറിയൊരു കൂട്ടിച്ചേർക്കലിലൂടെ ബഷീർ സൃഷ്ടിച്ചെടുത്ത പ്രേമ പ്രപഞ്ചത്തിൽത്തന്നെയല്ലേ നാമെല്ലാം ഉള്ളത്.

പ്രിയപ്പെട്ട ബഷീർ, നിങ്ങൾ മാങ്കോസ്റ്റീൻ മരത്തിനുചുവട്ടിലിട്ട ആ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. രക്തവർണമുള്ള ആ കടലാസ്സുപൂക്കൾ പിന്നീടൊരിക്കലും അന്നത്തെതുപോലെ പൂവിട്ടിട്ടുമില്ല. എന്തെങ്കിലും തെറ്റുചെയ്‌തുപോയെങ്കിൽ "അണ്ഡകഠാഹമേ മാപ്പ് " എന്ന് എഴുതിവച്ചാണ് നിങ്ങൾ പോയത്. പക്ഷെ, നിങ്ങളില്ലാതെ ഈ അണ്ഡകഠാഹം കഠിനകഠാരമാണെന്ന് മാത്രം അറിയുക. 

Mekha. C. M, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattur, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം