മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം:

 അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലൂടെ ആണ് നാം ഇപ്പോൾ കടന്നു പൊയ്കകൊണ്ടിരിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതം വളരെ എളുപ്പം ആക്കുവാൻ സാധിക്കുന്ന ഒരുപാട് ഉപകരണങ്ങൾ നമുക്ക് ഇപ്പോൾ ലഭ്യമാണ്. ഇവ ശാരീരിക ജോലികൾ എളുപ്പമാക്കുമ്പോൾ, അതിന് അനുസൃതമായി നമ്മുടെ മാനസിക ആരോഗ്യത്തിന് നാം ശ്രദ്ധ കൊടുക്കുന്നുണ്ടോ എന്നു നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു. 

മാനസികാരോഗ്യം നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്നതാണ്. നാം നമുക്ക് വരുന്ന മാനസിക സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു, അതിനു എന്തു തീരുമാനങ്ങൾ എടുക്കുന്നു എന്നതൊക്കെ മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ ബന്ധത്തെ സാരമായി ബാധിക്കുന്നതാണ്. നല്ല മാനസികാരോഗ്യം നമ്മുടെ സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നു. ഉയർച്ചയും താഴ്ചയും നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങൾ ആണ്. ജീവിതത്തിൻ്റെ ഉയർച്ചയിൽ സംയമനത്തോടെയും താഴ്ചയിൽ മനോധൈര്യത്തോടെയും നേരിടുവാൻ ഇതിലൂടെ നമുക്ക് സാധിക്കും. ഇതിനാൽ നമ്മുടെ വ്യക്തിജീവിതത്തിലും തൊഴിൽമേഘലയിലും വളരെ പോസിറ്റീവ് ആയി ഇരിക്കുവാന് സഹായിക്കുന്നു. മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നത് നമ്മുടെ സ്വന്തം സന്തോഷത്തിന് മാത്രമല്ല, സമൂഹത്തിൻ്റെ നിലനിൽപ്പിനും അത്യാവശ്യമാണ്.

എന്നാൽ നമ്മുടെ സമൂഹത്തില് മാനസിക ആരോഗ്യത്തിന് നല്കുന്ന പ്രാധാന്യം വളരെ കുറവാണ്. അതിനെ പറ്റി സംസാരിക്കുവാൻ പോലും നമ്മളിൽ പലരും വിമുഖത കാണിക്കാറുണ്ട്. അതിനാൽ തന്നെ നമ്മിൽ പലർക്കും നേരിടേണ്ടി വരുന്ന മാനസിക പിരിമുറുക്കങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മടിക്കുന്നു. അവ കേൾക്കുന്ന പലർക്കും എങ്ങനെ ആണ് അവരെ സഹായിക്കേണ്ടത് എന്നു അറിയാതെ അവരുടെ വികലമായ കാഴ്ചപ്പാടിൽ നിന്നു ഉള്ള നിര്ദേശങ്ങൾ നല്കുകയും അവ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയെ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതും അഭിസംബോധന ചെയ്യുന്നതും ശാരീരിക രോഗങ്ങൾക്കുള്ള സഹായം തേടുന്നത് പോലെ പൊതുവായതും അംഗീകരിക്കപ്പെടേണ്ടവയും ആണ്. ശാരീരികമായ രോഗങ്ങൾ പോലെ തന്നെ ഏത് നിമിഷവും ആർക്കും വരാവുന്ന ഒരു അവസ്ഥ ആണ് മാനസിക ബുദ്ധിമുട്ടുകളും. അവയെ ഒറ്റകെട്ടായി നേരിടാന് നാം ഉൾപ്പെടുന്ന സമൂഹത്തിന് സാധിക്കണം. അത് പലപ്പോഴും ശരിയായ രീതിയിൽ നടക്കാത്തപ്പോഴാണ് നമുക്ക് ചുറ്റും നമ്മുടെ മനസാക്ഷിയെ പ്പോലും ഞെട്ടിക്കുന്ന പല വാർത്തകളും അരങ്ങേറുന്നത്. ഈ സമൂഹവും അതിനോടൊപ്പം നമ്മളും ആ കുറ്റകൃത്യയങ്ങളിൽ പരോക്ഷമായ പങ്കാളികളാണ്. ഇത്തരത്തിൽ നമ്മുടെ ഇടയിൽ മാനസിക സമ്മർദം അനുഭവിക്കുന്നവരെ കണ്ടെത്തുകയും അതിനു യോഗ്യതയുള്ള മാനസികാരോഗ്യ പ്രൊഫഷണലുകളിലേക്ക് റഫർ ചെയ്യേണ്ടത് അത്യാവശ്യമാണ്.

സ്കൂൾ വിദ്യാഭ്യാസം മുതൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. കോളേജ്കളിലും അവ തുടർന്ന് കൊണ്ടുപോവണം. അതിലൂടെ, വിദ്യാർഥികൾ അക്കാദമിക് സമ്മർദ്ദങ്ങളും സാമൂഹിക വെല്ലുവിളികളും കൈകാര്യം ചെയ്യാൻ കൂടുതൽ സജ്ജരാകുന്നു. സ്കൂളുകളില് നിന്നു ഇത്തരത്തിൽ ലഭിക്കുന്ന സഹായവും പിന്തുണയും ജീവിതത്തിൽ ഉടനീളം അവർക്ക് മുതൽക്കൂട്ട് ആവുകയും ചെയ്യും. 

മാനസികാരോഗ്യത്തെ പറ്റിയുള്ള തുറന്ന ചർച്ചകൾ വീട്ടിലും ജോലിസ്ഥലത്തും സ്കൂളിലും, കോളേജ്കളിലും കൂടുതലായി നടക്കണം. മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിലൂടെ, എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുകയും ആരോഗ്യകരവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ സഹായിക്കുകയും ചെയ്യും.

Roshna. K, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Post a Comment

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം