രഥചക്രം
മമത;
തൊട്ടു തീണ്ടാത്തൊരാ ജന്മമെന്നു
ചൊല്ലിച്ച ബാല്യത്തിൻ ചൂടിൽ
ചൊല്ലിയറിയിക്കാതെയാ-
യിത്തിരി നന്മയെ
കാരണമറിയാക്കാരണത്തിൻ പേരിൽ
കൂടെ കൂട്ടിയോരെൻ മനം!
അത്രമേൽ പ്രിയമെന്നാഞ്ഞു ചൊല്ലിയാ-
ളൊഴിഞ്ഞാമനതാരിൽ,
പ്രതിഷ്ഠിച്ചൊരാ വിഗ്രഹം.
മങ്ങിയും തെളിഞ്ഞുമാ കാലവും
ഇഴഞ്ഞും നിരങ്ങിയുമാ രഥചക്രവും.
ഉത്തരമില്ലാതിരിക്കെന്ന പ്രഹസനത്തിൻ മറവിലാ-
സ്നേഹ ചന്ദനം ഇരുന്നുണങ്ങി!
അന്തിത്തിരി തെളിയാതെയാകോവിലിൽ
ശോഭിച്ചാപൊടിപിടിച്ചെൻ വിഗ്രഹം!
***********
തന്നോളമെത്തിയാകർമ്മ ഭാണ്ഡവും പേറി
ഉഴറുമാ നേരം
തിക്കിതിരക്കിയാതെരുവിനോളത്തിൽ
നിൻ നന്മ തിന്മയെന്നു ശ്രവിച്ചാകാതുകൾ.
പ്രകമ്പനം പൂണ്ടൊരാ മനമന്നറിഞ്ഞു
ഇത്തിരി നോവിൻ പിടിവാശികൾ !
പിടിവിടില്ലൊരിക്കലും;
മുറുകെ പിടിക്കുമാ-
കരങ്ങളെന്നോതി തളിച്ചൂ പുണ്യാഹം.
അരമണി അഴിച്ചു പാർത്തൂ
വിറയാർന്നു തുള്ളിയൊരെന്നിലെ കോമരം
***********
നിനച്ചിരിക്കാതൊരു വേളയിൽ
തെളിഞ്ഞു മിഴികളിലാരൂപം,
പിടി തരാതെ മറഞ്ഞു പോയതും ക്ഷണം കൊണ്ട് .
ഭാരമതേറുന്നു മുതുകിൽ, നിറയുന്നു കുഞ്ഞുത്തരവാദിത്തത്തിൻ ഉടുപ്പുകളാഭാണ്ഡത്തിൽ.
പറയാതെ,
കാത്തു നിൽക്കാതെ,
ആ രഥചക്രമകന്നു നീങ്ങി.
പതിവിനു വിപരീതമായ് തിരക്കൊഴിഞ്ഞാ നാഴിക വിനാഴികൾ കാഴ്ചവച്ചാനാഥൻ;
തെളിഞ്ഞാകോവിലിൻ മുറ്റത്തെ കൽദീപങ്ങൾ.
ചന്ദനത്തിൻ കാന്തിയിൽ ശോഭിച്ചാ വിഗ്രഹങ്ങൾ.
ജപിച്ചൊരു മന്ത്രനൂലിൽ കെട്ടിയാടി മനങ്ങൾ വീണ്ടും.
ഉരുളുന്നു രഥചക്രം പിന്നെയുമാതുടർക്കഥയറിയാതെ......
Nimensh. N, Assistant Professor of Mathematics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment