നാലുവർഷ ബിരുദവും, മലയാളം സിലബസും

 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നാലുവർഷബിരുദ പഠനത്തിന് തുടക്കം കുറിച്ചപ്പോൾ ആശങ്കകളും പ്രതീക്ഷകളും അതോടൊപ്പം അഭിനന്ദനങ്ങളും ഒക്കെയായി വലിയ വാർത്തയായിരുന്നു. അതോടൊപ്പം തന്നെ ആഘോഷിച്ച മറ്റൊന്ന് പുതിയ സിലബസുകളെക്കുറിച്ചായിരുന്നു. മാതൃഭാഷയായ മലയാളം സിലബസിൽ വന്ന മാറ്റവും ചർച്ചയായി. സോഷ്യൽ മീഡിയയിലൊക്കെ കേറിവാടാ മക്കളേ എന്ന് പറഞ്ഞ് സിലബസിന്റെ റീൽസും, വീഡിയോസും എല്ലാം ഇറങ്ങിയിരുന്നു. സിലബസിൽ വന്ന മാറ്റം പലരും പല കാഴ്‌ചപ്പാടോടെയാണ് നിരീക്ഷിക്കുന്നത്. സിനിമയും, സിനിമാഗാനങ്ങളും, ഇന്റർവ്യൂവും എല്ലാം സിലബസിന്റെ ഭാഗമാണ്. പുതിയ ജനറേഷന്റെ ‘വൈബ് ‘അറിഞ്ഞൊരു സിലബസ് എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാമെങ്കിലും സാഹിത്യത്തോട് താത്പര്യമുള്ള, ഭാഷപഠിക്കുന്ന ഒരു കുട്ടിയെ ഈ സിലബസ് എത്രത്തോളം തൃപ്തിപെടുത്തും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട് . എങ്കിൽ മലയാളം മേജർ ആയിപഠിക്കട്ടെ എന്ന് നമുക്ക് സ്വയം ആശ്വസിപ്പിക്കാമെങ്കിലും, ചില ചോദ്യങ്ങൾ ബാക്കിയാണ്.വിവിധ സാഹിത്യരൂപങ്ങളും ദൃശ്യകലാരൂപങ്ങളും ആസ്വദിക്കാനുള്ള

കഴിവ് രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ വിദ്യാർത്ഥികൾക്ക്ഭാഷയോടും സാഹിത്യത്തോടും ഉള്ള ആഭിമുഖ്യം കുറഞ്ഞു പോകുമോ, അതിനുള്ള അവസരങ്ങൾ കുറയുകയല്ലേ, വായനാശീലം നിലനിർത്താൻ സാധിക്കുമോ എന്നീ ചോദ്യങ്ങൾ ബാക്കിയാണ് .

 

സിനിമ എന്നും സിലബസിന്റെ ഭാഗമായി ഉണ്ടാകാറുണ്ടെങ്കിലും, അടൂരിലും, പത്മ രാജനിലും, എം. ടിയിലും ഒതുങ്ങാറാണ് പതിവ്. എന്നാൽ ഇത്തവണ ലിജോ ജോസ്പെല്ലിശ്ശേരിയുടെ  നൻപകൽ നേരത്ത് മയക്കം,സുദേവന്റെ തട്ടുമ്പൊറത്തപ്പൻ,രാജീവ് രവിയുടെ അന്നയും റസൂലും,ജിയോ ബേബിയുടെ കാതൽ ദി കോർ തുടങ്ങിയ സിനിമകൾ സിലബസിൽ ഇടം പിടിച്ചിട്ടുണ്ട്.പുതിയ തലമുറയോട് സംവദിക്കാനുള്ള അനുയോജ്യമായ ഒരു മാർഗം തന്നെയാണ് ദൃശ്യകലാസാഹിത്യം എന്നത് കൊണ്ട് ഇത്തരം സിനിമകൾ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വിദ്യാർത്ഥികൾക്ക് ഉൾകൊള്ളാൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 സിനിമയോടൊപ്പം തന്നെ നാടകവും, ചലച്ചിത്ര ഗാനങ്ങളും, അനുഭവാഖ്യാനങ്ങളും സിലബസിൽ ഉണ്ട്. കഥയും, കവിതയും, നോവലും പരിചയപ്പെടാനുണ്ട്.

ചലച്ചിത്ര ഗാനങ്ങളുടെ പരിണാമവും ഭാഷയും സംസ്കാരവും കുട്ടികളെ പരിചയപെടുത്താൻ ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളവും’(പി. ഭാസ്കരൻ)’ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ (വയലാർ രാമവർമ്മ),അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ- (ഒ. എൻ. വി ), എന്നീ പഴയ പാട്ടുകളിൽ തുടങ്ങി  ലോല ലോല ലോല- മുഹ്‍സിന്‍ പരാരി ,അശുഭമംഗളകാരി..സുഹൈൽ കോയ തനിയേ മിഴികൾ തുളുമ്പിയോ- വിനായക് ശശികുമാർ എന്നീ പുതിയ ചലച്ചിത്ര ഗാനങ്ങൾ വരെ ആസ്വദിച്ചുപഠിക്കാനുണ്ട്.

 

ഭാഷാ വൈദഗ്ധ്യം, വിമർശനാത്മക വായന, അക്കാദമിക എഴുത്ത്, പഠിക്കാനായി തെരഞ്ഞെടുത്ത ഭാഷയുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം എന്നിവയെ കുറിച്ചൊക്കെ അറിയാൻ അനുഭവരചന, കഥാസാഹിത്യം, കവിത

തുടങ്ങിയ സാഹിത്യരൂപങ്ങളും വിദ്യാർത്ഥികളെ സഹായിക്കും.

 ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കഴിവുകൾ എന്നറിയപ്പെടുന്ന ജോലിസ്ഥലവുമായി ബന്ധപ്പെട്ട കഴിവുകളായ സർഗ്ഗാത്മകത (Creativity), വിമർശനാത്മക ചിന്ത (Critical thinking), ആശയവിനിമയവും, സഹകരണവും  എന്നിവയെയെല്ലാം ഉറപ്പിക്കുന്നതിന് സാഹിത്യരചനകളിൽനിന്നു വ്യത്യസ്തമായി, കൃത്യതയ്ക്കും യുക്തിക്കും

ഊന്നൽ നൽകുന്ന അഭിമുഖങ്ങളും,ജീവിതാഖ്യാനവും പുതിയ സിലബസിൽ ഉൾക്കൊണ്ടിട്ടുണ്ട്. 

വ്യക്തിത്വവികസനത്തിനും, കാഴ്ചപ്പാട്, ആത്മാവബോധം എന്നിവ വളർത്തുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പ്രമേയപരവും ആഖ്യാനപരവും

സൗന്ദര്യാത്മകവുമായ

ആസ്വാദനഘടകങ്ങൾ അപഗ്രഥിക്കുന്ന ആത്മകഥകളും വിദ്യാർത്ഥികൾക്ക് വഴികാണിക്കും. 

ഒരു വിദ്യാഭ്യാസ സ്ഥാപനം അഥവാ ഉന്നത വിദ്യാഭ്യാസത്തിൽ, സർവകലാശാല വിദ്യാർത്ഥിക്ക് നൽകാൻ ആഗ്രഹിക്കുന്ന മുഴുവൻ പഠനാനുഭവങ്ങളുടെയും ബ്ലൂ പ്രിന്റാണ് കരിക്കുലം എന്ന് പറയാം. തീർച്ചയായും, അത് വിദ്യാഭ്യാസത്തെ വിവിധ വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് (എല്ലാ വിദ്യാർത്ഥികളും ഒരേ പോലെ അല്ല ) എളുപ്പത്തിൽ മനസ്സിലാവുന്നത് ആയിരിക്കണം.  അധ്യാപകർ മുഖേനയോ പരമ്പരാഗതമായോ (ടെക്നോളജി യുഗമായതു കൊണ്ട് ) നവീനമായ വിവിധ തരത്തിലുള്ള പഠന സാമഗ്രികളുടെ സഹായത്തോടെയോ സുഗമമാക്കുന്ന ഒരു പഠനപ്രക്രിയയിൽ കുട്ടികൾക്ക് സജീവമായും നിരന്തരമായും പങ്കെടുക്കാൻ ഫലപ്രദമായ ഒരു പാഠ്യപദ്ധതി അവരെ പ്രചോദിപ്പിക്കേണ്ടതായുണ്ട് അല്ലെങ്കിൽ ആകർഷിക്കപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ളൊരു മാറ്റം കൊണ്ടുവരാൻ ഈ സിലബസിനു കഴിഞ്ഞേക്കും.  ജനാധിപത്യബോധം, ജൻഡർ സെൻസിബിലിറ്റി,പരിസ്ഥിതി ബോധം തുടങ്ങിയ വ്യത്യസ്ത മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ ഉതകുന്ന പാഠഭാഗങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. എല്ലാ അറിവുകളും ആത്യന്തികമായി വലിയ സാമൂഹികനന്മ ലക്ഷ്യമാക്കിയാവണം  എന്നതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ സമ്പന്നമായ വൈവിധ്യവും അഭിലാഷങ്ങളും പരിഗണിച്ചുകൊണ്ടും അറിവ് സാർവത്രികമാണ് അത് സർവ മനുഷ്യർക്കും  വേണ്ടിയാണ് എന്ന ബോധ്യത്തിൽ അധിഷ്ഠിതമായി വന്ന ഈ മാറ്റം വിവിധ വിഷയങ്ങളുടെ ആശയപരമായ അടിത്തറ മനസ്സിലാക്കി ബൗദ്ധികാനുഭവം വിശാലമാക്കുന്നതിനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices