കഥപറയുന്ന കാർഗിൽ
സൂര്യ രശ്മി പതിക്കുമ്പോൾ സ്വർണ നിറമണിയുന്ന മഞ്ഞുതാഴ്വരകൾ ആണ് സോനമാർഗിന്റെ സൗന്ദര്യം. പുൽമേടുകൾക്കിടയിലെ കല്ലുപാകിയ ഒറ്റയടിപാതകളും താജ് ഹിവാസ് ഹിമാനിയും കണ്ട് കാർഗിൽ ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. എത്ര കണ്ടാലും മതിവരാത്ത ഹിമാലയകാഴ്ചകൾക്കിടയിലൂടെ മുന്നോട്ട് ചലിക്കുമ്പോഴും കണ്ണിന് കുളിർമയേകുന്നതെന്നോ കാഴ്ചകളുടെ കേദാരഭൂമിഎന്നൊക്കെയുള്ള എന്റെ സ്ഥിരം വർണ്ണനകളെ താത്കാലികമായി ഉപേക്ഷിക്കാൻ മനസ്സുപറയുന്നത്പോലെ. കാരണം, ലക്ഷ്യസ്ഥാനത്തേക്കുള്ള സൂചനാ പലകകൾ ഓർമകളിൽ ഇപ്പോഴും വെടിയൊച്ച മുഴക്കുന്ന കാർഗിൽ ഗ്രാമത്തിലേക്ക് വിരൽചൂണ്ടിതരുന്നു. ഒരു നടുക്കത്തോടെ ഇന്നും ഇന്ത്യൻ ജനത ഓർമകളിൽ സൂക്ഷിക്കുന്ന 'കാർഗിൽ' ഓരോർമ്മപ്പെടുത്തലാണ്. സോനമാർഗിലൂടെ 120 കിലോമീറ്ററോളം NH 1D യിലൂടെ സഞ്ചരിച്ചെത്തുന്നത് പാകിസ്ഥാനോട് അതിർത്തി പങ്കിടുന്ന, നിയന്ത്രണ രേഖക്ക് അടുത്ത് സ്ഥിതിചെയ്യുന്ന അതിമനോഹരമായ കാർഗിൽ പട്ടണത്തിലേക്കാണ്. ദേശീയ പാത എന്ന് പേര് ആണെങ്കിലും സ്ഥിരമായുള്ള മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും മിക്കയിടങ്ങളിലും റോഡിനെ തീർത്തും തകർത്തുകളഞ്ഞിട്ടുണ്ട്. സൈനിക വകുപ്പിലെ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ പരിപാലിച്ചു പോരുന്ന ഈ പാത ലേ- ലെഡാക്ക് പ്രദേശങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെയും സൈനിക നീക്കത്തിന്റെയും സ്ട്രാറ്റജിക് ലൈൻ ആണ്. വർഷത്തിൽ 6 മാസത്തോളം മഞ്ഞുവീഴ്ചയാൽ അടഞ്ഞു കിടക്കുന്ന NH 1D ഇന്ത്യ- പാകിസ്താൻ- ചൈന അതിർത്തി മേഖലയായ ലേ- ലെഡാക്ക് പ്രദേശങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്നു. ചൂടും, അസഹനീയമായ പൊടിയും ടു വീലർ യാത്രയുടെ സകല രസവും കെടുത്തുന്നുണ്ടെങ്കിലും യാത്രയുടെ മാസ്മരികലഹരി തലച്ചോറിൽനിന്നും കൈകളിലൂടെ ഇരുചരവാഹനത്തിന്റെ അക്സലറേറ്റർ ത്രോട്ടിലിൽഎത്തി ചക്രങ്ങളെയും സ്വമനസ്സിനെയും മുന്നോട്ട് ചലിപ്പിച്ചു.
ദ്രാസ്
വളഞ്ഞു പുളഞ്ഞു കിടക്കുന്ന പരുക്കൻ റോഡിലൂടെ മലകൾ കയറിയും ഇറങ്ങിയും സൈനിക വാഹനവ്യൂഹങ്ങൾക്കിടയിലൂടെ ദ്രാസ് മേഖലിയിലേക്ക് പ്രവേശിച്ചു. നടുവൊന്നു നിവർത്താൻ ടു വീലർ നിർത്തി ഇറങ്ങിയപ്പോൾ അങ്ങ് താഴെ ബാൽത്താൽ നദികരയിൽ കുഞ്ഞു പൊട്ടുകൾ പോലെ പലനിറത്തിലുള്ള ടെന്റുകൾ കാണാം. ഏതെങ്കിലും ടൂറിസ്റ്റ് പ്രോഗ്രാമാവാം എന്ന് ധരിച്ച എനിക്ക് തെറ്റി. അത് അമർനാഥ് തീർത്ഥാകരുടെ ബാൽത്താൽ ബേസ് ക്യാമ്പ് ആണത്രെ. വാഹങ്ങൾ ഇവിടെ നിർത്തി ടെന്റുകളിൽ റസ്റ്റ് എടുത്തശേഷം 2-3 ദിവസം കാൽനടയായി നടന്നു വേണമത്രെ അമർനാഥിലെത്താൻ. സൈനികവ്യൂഹത്തിനും ചരക്കുവാഹനങ്ങൾക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി അതുവഴി നടന്നു നീങ്ങുന്ന തോക്കുധാരികളായ പട്ടാളക്കാരിൽ ഒരാളിൽനിന്നും ഉള്ള സൗഹൃദ സംഭാഷണത്തിൽ അമർനാഥ് യാത്ര വിശേഷങ്ങളെകുറിച്ച് കൂടുതൽ മനസ്സിലാക്കി. ആള് മലയാളിയാണ്. കൊല്ലം സ്വദേശി അജേഷ് കൃഷ്ണ. നിത്യവും സുരക്ഷാ ചുമതലയുടെ ഭാഗമായി ലേ- ലെഡാക്ക് ഹൈവേയിൽ ഇങ്ങിനെ നിറതോക്കുമായി 40-50 കിലോമീറ്റർ വരെ നടക്കുമത്രേ. നാട്ടിലെ കാലാവസ്ഥയും വിശേഷങ്ങളും ചോദിച്ചറിയുന്ന അജേഷിന്റെ വാക്കുകളിലും മുഖത്തും നാട് എത്താനുള്ള ആഗ്രഹം പ്രതിഫലിക്കുന്നത് പ്രത്യക്ഷത്തിൽ എനിക്ക് കാണാമായിരുന്നു. കേവലം 5 മിനുട്ട് മാത്രം നീണ്ടുനിന്ന ആ സൗഹൃദത്തിനൊടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടാം എന്ന ശുഭപ്രതീക്ഷയിൽ കൈ കൊടുത്ത് പത്തുപേർ അടങ്ങുന്ന സംഘം കർത്തവ്യ നിരതരായി നടന്നു നീങ്ങി. ഗേറ്റ് വേ ഓഫ് ലഡാക് എന്നറിയപ്പെടുന്ന ദ്രാസ്, സമുദ്രനിരപ്പിൽനിന്ന് 3,280 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുകയും, സൈബീരിയ കഴിഞ്ഞാൽ ഏറ്റവും തണുപ്പുള്ള പ്രദേശമായി അറിയപ്പെടുകയും ചെയ്യുന്നു. മഞ്ഞുപാളികൾ വെട്ടിയൊരുക്കിയ റോഡിലൂടെ, ഹിമാനികളിൽനിന്ന് ഉത്ഭവിക്കുന്ന നീരുറവകളും, തരിശു മലനിരകളിലൂടെ മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻപറ്റങ്ങളെയും പിന്നിലാക്കി കാർഗിൽ ലക്ഷ്യമാക്കി മുന്നോട് ചലിച്ചു. 25 വർഷങ്ങൾക്കുമുൻപ്, 1999 ൽ കാർഗിലിൽനിന്ന് 60 കിലോമീറ്റർ അകലെ ഞാൻ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദ്രാസ് മേഖലയിലാണ് കാർഗിൽ യുദ്ധം അരങ്ങേറുന്നത്. ശത്രുരാജ്യത്തിന്റെ "ഓപ്പറേഷൻ ബാദൽ" എന്ന സൈനികനടപടി ഇന്ത്യാ രാജ്യം "ഓപ്പറേഷൻ വിജയ്" ലൂടെ നിഷ്പ്രഭമാക്കിയ യുദ്ധഭൂമി. യുദ്ധ കഥകളിലും, സിനിമയിലും മാത്രം കേട്ട് പരിചയിച്ച ടോളോലിൻ, ടൈഗർ ഹിൽ തുടങ്ങിയ യുദ്ധമുഖങ്ങൾ. ദ്രാസിലെ തണുത്തകാറ്റിനിപ്പോഴും വെടിമരുന്നിന്റെ ഗന്ധമുള്ളതായി ഇവിടം സന്ദർശിക്കുന്ന ആർക്കും തോന്നിപ്പോവും.
കരുത്തിന്റെ കാവൽ
കേവലം മൂന്ന് മാസം നീണ്ടുനിന്ന കാർഗിൽ യുദ്ധം ഇന്ത്യക്ക് നഷ്ടമാക്കിയത് ആഞ്ഞൂറ്റി ഇരുപത്തിയേഴ് വീര ജാവന്മാരുടെ ജീവൻ. അവരുടെ പാവന സ്മരണയ്ക്ക് 2004 നവംബർ ഒൻപതിന് തുറന്നുകൊടുത്ത ദ്രാസ് വാർ മെമ്മോറിയൽ ഏതൊരു ഇന്ത്യക്കാരനും തെല്ലൊന്ന് വികാരനിർഭരമല്ലാതെ കണ്ടുതീർക്കാൻ സാധിക്കില്ല. വാർ മെമ്മോറിയലിന് സമീപത്തുള്ള ഹെലിപാഡ് കേണൽ വിജയന്ത് താപാറിന്റെ പേരിൽ ഉള്ളതാണ്. യുദ്ധമുഖത്ത് തന്റെ മനോധൈര്യം കൈ മുതലാക്കി ഒരു ദിവസത്തെ ചെറുത്തുനിൽപ്പിലൂടെ ഏറെ ഉയരത്തിലിരിക്കുന്ന പാക്കിസ്ഥാനിപ്പടയുടെ പിക്കറ്റ് നശിപ്പിച്ച് വീരമൃത്യു കൈവരിച്ച താപ്പാറിന്റെ കഥയോട് സാമ്യമുള്ള കഥകൾ യുദ്ധ സ്മാരകത്തിൽ സ്വർണ്ണനിറത്തിലുള്ള തകിടിൽ കൊത്തിവയ്ക്കപ്പെട്ട ആഞ്ഞൂറ്റി ഇരുപത്തിയേഴു പട്ടാളക്കാരർക്കും പറയാനുണ്ടാകും. പറഞ്ഞുതീരാത്ത കഥകൾ ബാക്കിയാക്കി, രാജ്യരക്ഷയ്ക്ക് സ്വജീവൻ ത്യജിച്ച വീര യോദ്ധകൾക്കായി സ്വർണ്ണലിപികളാൽ ഇങ്ങിനെ കൊത്തിവച്ചിരിക്കുന്നു. - "To the martyred soldiers, who gave their today for our
tomorrow."
1999 മെയ് മുതൽ ജൂലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ പാകിസ്താൻ സൈനികശക്തി കാർഗിൽ പിടിച്ചെടുക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ടോളോലിൻ മുതൽ ടൈഗർ ഹിൽ വരെ പിടിച്ചെടുത്ത് യുദ്ധം ആരംഭിച്ചപ്പോൾ കരുത്തിന്റെ കാവലിൽ പെറ്റു വളർന്ന ഭൂമി ഒരിഞ്ചുപോലും വിട്ടുനൽകില്ലെന്ന ദൃഢ പ്രതിജ്ഞയാൽ ശക്തമായ തിരിച്ചടിയിലൂടെ വിജയം കണ്ടപ്പോൾ നിയന്ത്രണരേഖക്കപ്പുറം ഒരിഞ്ചു കടന്നുചെല്ലാതെ യുദ്ധം അവസാനിപ്പിച്ചത് ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തി.
സ്മാരകത്തിൽനിന്ന് പുറത്തേക്കിറങ്ങി, ഇരുവശങ്ങളിലും നിര-നിരയായി സ്ഥാപിച്ച ദേദീയപതാകകൾക്കു നടുവിലൂടെ വാഹനത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ തലയ്ക്കു മുകളിലൂടെ ഒരു പോർവിമാനം പതിവ് നിരീക്ഷണ പറക്കലിന്റെ ഭാഗമായി പറന്നുപോയി. അവർ പറയാതെ പറഞ്ഞു; "നിങ്ങൾ വീടുകളിൽ സുരക്ഷിതരായി ഉറങ്ങുക. ഞങ്ങൾ ഇവിടെ ഉണർന്ന് കാവൽ ഇരിപ്പുണ്ട്."
അറുപത് കിലോമീറ്റർ അകലെയുള്ള കാർഗിൽ നഗരം ലക്ഷ്യമാക്കി യാത്ര തുടർന്നു. മുന്നിൽ കാത്തിരിക്കുന്ന കാർഗിലിന്റെ സുന്ദര കാഴ്ചകളിലും കണ്ടുതീർന്ന യുദ്ധ നിഴലുകൾ വീഴുമെന്നുറപ്പോടെ.
Vineeth. U. V, Assistant Professor, Department of Commerce and Management Studies, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment