മുണ്ടിപ്പെരുക്

 നട്ടുച്ച നേരം. ഇറിച്ചു നിൽക്കുന്ന വെയിൽ. ഉണ്ണിയെ കോലായിൽ കിടത്തി ഉണ്ണീടമ്മ അകത്തളത്തിലേയ്ക്ക് പോയി. ഓപ്പോൾ മച്ചിൻ പുറത്താണ്. ഉച്ചക്കവിടെ ഇരുന്നുള്ള വായന പതിവാണ്. വെള്ളച്ചി പിന്നെ ഇടനാഴിയിൽ കിടന്ന് കൂർക്കംവലി തുടങ്ങി. ആന കുത്തിയാൽ പോലും നേരം നാലു കഴിഞ്ഞേ ഇനി എഴുന്നേൽക്കൂ. കൗതുകം പേറുന്ന മനസ്സുമായി ഉണ്ണി കോലായിലെ പായിൽ നിന്നും പതിയെ നീറ്റു. പാതി ചാരിയ ഉമ്മറ വാതിലും തുറന്ന് മുറ്റത്തേയ്ക്കിറങ്ങി. മുണ്ടിപ്പെരുകിൻ ചോടാണ് ലക്ഷ്യം. പടിയിറങ്ങി ഇട്ടിളിൽ കൂടി നടക്കുമ്പോൾ തെല്ലൊരു ഭയം ഉള്ളിൽ വിത്തു പാകാതിരുന്നില്ല. നടത്തം നിർത്തി ഇളളി വേലിയിൽ അല്പനേരം അള്ളിപ്പിടിച്ചി നിന്നു. ഇനിയെങ്ങാനും ഓപ്പോൾ താഴേക്കിറങ്ങി വരുമോ? വന്നാൽ കഥ തീർന്നു. രണ്ടും കൽപിച്ച് ഉണ്ണി നടത്തം തുടർന്നു. ഇള്ളിവേലിയിൽ പച്ചച്ചു നിന്നിരുന്ന മുഴുത്തൊരു ഈരോലി നോക്കി ഒടിച്ചെടുത്തു. ആത്മരക്ഷാർത്ഥം ആണ്.

അടയ്ക്കാമണിയനും അപ്പയും പൂത്തു നിൽക്കുന്ന പള്യാൽ കടന്നു വേണം ആ പടുകൂറ്റൻ മുണ്ടി പെരുകിൻ ചുവട്ടിലെത്താൻ. അതിനിടയിലെങ്ങാനും ഓപ്പോൾ തേടി വരുകയാണേൽ അടയ്ക്കാമണിയൻ പൊട്ടിയ്ക്കാൻ ആണെന്നു പറയാം. വയലറ്റ് നിറത്തിൽ അവ ഉരുണ്ടു നിൽക്കണ കണ്ടാ തന്നെ മനം നിറയും. മുണ്ടി പെരുകിൻ ചോട്ടിലാണത്രേ ഉഗ്രകോപിയായ കരിനാഗവും സ്വർണ്ണവർണ്ണത്തിൽ പൊതിഞ്ഞ ദേവനാഗവും. പേടിയൊക്കെയുണ്ട്, എന്നാലും കാണാനുള്ള ആകാംഷയാണ്. കൈകാലുകൾ നന്നേ വിറയ്ക്കുന്നു. പോരാത്തതിനു ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങേം. ശരീരവും മുഖവും ചൂടുപടർന്നു പിടിയ്ക്കുന്നു. ശ്വാസനിശ്വാസത്തിനു വരെ എന്തിന്നില്ലാത്ത ഉഷ്ണം. തുമ്പപ്പൂ ചെടിയ്ക്കു മീതെ കിടക്കുന്ന പച്ചിലി പാമ്പിനെ കാണുമ്പോ തന്നെ പേടിച്ചരണ്ടിരിയ്ക്കുക പതിവാണ്. കണ്ണുകൾ മുറിക്കിയടച്ച് ധൈര്യം വീണ്ടെടുത്ത് ഉണ്ണി നടത്തം തുടങ്ങി. ആവാഹിച്ചെടുത്ത ആത്മാക്കളെ ചെപ്പിലാക്കി ഈ പെരുകിൻ ചോട്ടിലാണത്രേ ഇടാർ. അതിനു കാവലായി നാഗങ്ങൾ ചുറ്റിലും. അമ്പലകുളത്തിൽ നീരാടാൻ പോകുമ്പോൾ ഓപ്പോൾടെ ചെവിയിൽ അടക്കം പറയണ്ടത് കേട്ടിട്ടുണ്ട്. ഭയചകിതമായ മനസ്സുമായി പള്യാൽ വരമ്പിലേക്ക് കടന്നതും ഉണ്ണിടെ തോളിലോട്ട് അപ്രതീക്ഷിതമായൊരു കരസ്പർശം. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഉച്ചവെയിലാൽ കണ്ണാകെ മങ്ങി പോയി.

ഉണ്ണി ആർത്തു നിലവിളിച്ചു.

ഓപ്പോളേ............

Nimesh. N, Assistant Professor of Mathematics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം