ചൂണ്ടുവിരൽ
ഈ വേലികെട്ടുകളൊന്ന്
അടർന്നു
വീണിരുന്നെങ്കിൽ
എന്റെ കറുത്ത ആകാശത്തിൽ എനിക്കൊരു കുഞ്ഞു നക്ഷത്രമെങ്കിലും
തെളിയിക്കാമായിരുന്നു.
വേണ്ട,നിങ്ങളെനിക്കൊരു മഷിത്തണ്ടെങ്കിലും തരൂ
എന്റെയുള്ളിലെ നോവുകളെ
ചോക്കു പൊടികളെയെന്ന പോൽ
മായ്ച്ചു കളയാമായിരുന്നു.
ആരാണൊരു മഷിത്തണ്ട് കടം നൽകുക.
കണ്ണീരുണങ്ങിയ മങ്ങിയ പാടുകളെ
ഞാൻ കണ്ടില്ലെന്ന് നടിച്ചേക്കാം
രാവുകളെ സ്വപ്നങ്ങൾ കൊണ്ട്
വീർപ്പുമുട്ടിക്കുവാൻ
നൊമ്പരങ്ങളെ കടിച്ചൊതുക്കുവാൻ
പ്രതീക്ഷകളെ കുഴിച്ചു മൂടുവാൻ
അതിനുപരിയായി
ഉള്ളിൽ കലമ്പുന്ന വികാരവിചാരങ്ങളോട്
മൗനമായിരിക്കാനപേക്ഷിക്കാൻ..
ഇനിയും വയ്യ.
ഈ വേലിക്കെട്ടിനപ്പുറത്തു
തണുത്ത കാറ്റുണ്ട്
മോഹിപ്പിക്കുന്ന മഴയുണ്ട്
കണ്ണിലെ ഉപ്പുകടലിനെയും
തിരിച്ചിറങ്ങാത്ത കവിളിലെ തിരമാലകളെയും
ഉണക്കി കളയാനൊരു കാറ്റും
ഒളിച്ചു വെക്കാനൊരു മഴയും
അതൊരു മോഹമാണ്
പറയാതെ വയ്യ.
നിലാവ് ചിരിക്കുന്ന രാവിനോടും
മണ്ണിൻ പുതുമണം പരത്തുന്ന മഴയോടും
ഇന്നും പ്രണയം തന്നെ..
ഒരു മിന്നാമിനുങ്ങായിരുന്നെങ്കിൽ
പ്രകാശം പരത്തി പാറി നടക്കാമായിരുന്നു,
നക്ഷത്രമായിരുന്നെങ്കിൽ ലോകത്തെ ഉറ്റുനോക്കിയിരിക്കാമായിരുന്നു,
പേരു നോക്കിയോ, മേനിനോക്കിയോ ആരും തടയില്ലായിരുന്നു.
പെണ്ണിന്റെ സ്നേഹവും മോഹവും നാലുചുമരിൽ ചേർത്തു
കെട്ടിയവരോട്
ആരാണൊന്ന് ചോദിക്കുക ..
ഈ വേലികെട്ടിനപ്പുറം നിങ്ങളുടേത് മാത്രമല്ലെന്ന്..
എന്തു മന്ത്രത്താലാണ് നിങ്ങളതിനപ്പുറം
തീറെഴുതി വാങ്ങിയതെന്ന്.
കാലമേ മാപ്പ്..
എനിക്കൊന്നുമറിയില്ല, എന്നെയീ വാൽമീകത്തിൽ അടയിരുത്തിയതാരെന്ന്
എങ്കിലും, ഈ മൗനവും ഇരുട്ടും ശാശ്വതമല്ല.
ഇനിയും ഇരുട്ടിനെ പ്രണയിക്കുവാൻ
നിങ്ങളാഗ്രഹിക്കുന്നുവോ..?
Comments
Post a Comment