മതനിരപേക്ഷത - സമകാലികഇന്ത്യയിൽ
മനുഷ്യൻറെ ഉല്പത്തി മുതൽക്ക് തന്നെ പരസ്പരം വേർതിരിക്കാനുള്ള കാരണങ്ങളും അടിസ്ഥാന ഘടകങ്ങളും രൂപപ്പെട്ടിരുന്നു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഗോത്രാടിസ്ഥാനത്തിലും കഴിക്കുന്ന ഭക്ഷണത്തിന്റെയും ഉപയോഗിക്കുന്ന ആയുധങ്ങളുടെയും പുലർത്തി വന്ന ആചാരങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ചിരുന്ന സാഹചര്യത്തിൽ നിന്നും വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്ന സാഹചര്യത്തിലേക്ക് പുരോഗമന സമൂഹം അധപ്പതിക്കുകയാണുണ്ടായത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മതേതര കാഴ്ചപ്പാടിലൂന്നിയ അതിൻ്റെ പാരമ്പര്യം എല്ലാകാലത്തും അംഗീകരിക്കപ്പെടുകയും വാനോളം പുകഴ്ത്തപ്പെട്ടിട്ടുമുണ്ട്. ആധുനിക ഇന്ത്യയുടെ അവസാന പതിറ്റാണ്ട് ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ ഇന്ത്യൻ മതേതര സങ്കൽപ്പങ്ങൾക്കേറ്റ മങ്ങൽ കാണാനും മതവാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും ധ്വനികൾ മുഴങ്ങുന്നത് കേൾക്കാനും നമുക്കാകും. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ മുന്നണികളും തിരഞ്ഞെടുപ്പ് വിജയങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്താൻ തുടങ്ങിയത് മുതലാണ് ഇന്ത്യൻ മതേതരത്വത്തിന് മങ്ങലേറ്റ് തുടങ്ങിയത്.സാമൂഹിക ക്രമത്തിൻ്റെയും സാമൂഹികപുരോഗതിയുടെയും അടിസ്ഥാനമായിരുന്ന മതങ്ങളെ വെറും വിവേചനത്തിൻ്റെയും രാഷ്ട്രീയ നേട്ടങ്ങളുടെയും മാത്രം ഉപാധിയാക്കി മാറ്റിയത് ഇന്ത്യയിലെ രാഷ്ട്രീയക്കാരാണ്.സ്വാർത്ഥ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കുമായി മത സാമുദായിക നേതാക്കളും ഇതിന് വശംവതരായി പ്രവർത്തിക്കുന്നു. മതം വളർത്താൻ രാഷ്ട്രീയവും രാഷ്ട്രീയം വളർത്താൻ മതവും വിനിയോഗിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
ആത്മീയ താൽപ്പര്യങ്ങൾക്കായി മാത്രം മതങ്ങളെ ആശ്രയിച്ചിരുന്ന വിശ്വാസി സമൂഹത്തിൽ അമിതമായ സ്വത്വബോധം ഉണർത്തി അപരമത വിദ്വേഷം സൃഷ്ടിക്കുന്നതിൽ ചില രാഷ്ട്രീയകക്ഷികൾ വിജയിച്ചിരിക്കുന്നു. കേവല രാഷ്ട്രീയ വിജയങ്ങൾക്കായി സൃഷ്ടിച്ചെടുത്ത ഈ സ്വത്വ ബോധം ഇന്ത്യയുടെ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.അമിതമായ സ്വത്വബോധം വളർത്തി, ന്യൂനപക്ഷങ്ങൾക്ക് എതിരായി ഭൂരിപക്ഷത്തെയും ഭൂരിപക്ഷത്തിനെതിരായി ന്യൂനപക്ഷത്തെയും എതിർചേരികളിലാക്കാൻ ഇവിടെയുള്ള രാഷ്ട്രീയപാർട്ടികൾ മത്സരിക്കുകയാണ്.
രാഷ്ട്ര പുനർ നിർമ്മാണത്തിൽ ഏർപ്പെടേണ്ട യുവത്വം അരാഷ്ട്രീയവാദികളായി മാറുന്നു എന്നതാണ് വേദനാജനകമായ മറ്റൊരു യാഥാർത്ഥ്യം.ചിലർക്ക് സ്വന്തം മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പക്ഷം ചേർന്ന് മാത്രം നിലപാടെടുക്കാൻ കഴിയുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന ബാക്കിയുള്ളവർ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളിൽ യാതൊരു നിലപാടുമില്ലാത്തവരുമാണ്.പൂർണ്ണമായും മതത്തിനോ രാഷ്ട്രീയപ്പാർട്ടിക്കോ വിധേയപ്പെട്ടുകൊണ്ടല്ലാതെ സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കാൻ ആർജ്ജവമുള്ള ഒരു തലമുറയായി യുവാക്കൾ മാറിയാലേ മതങ്ങൾ ശുദ്ധീകരിക്കപ്പെടുകയും മതാത്മക രാഷ്ട്രീയം ഇല്ലാതാവുകയും ചെയ്യുകയുള്ളൂ.രാഷ്ട്രീയപ്പാർട്ടികൾക്കു വിധേയപ്പെടാതെയുള്ള രാഷ്ട്രീയ ബോധവും രാഷ്ട്ര ബോധവും യുവാക്കളിൽ സൃഷ്ടിച്ചെടുക്കുക എന്നത് കാലഘട്ടത്തിൻറെ അനിവാര്യതയായി മാറിയിരിക്കുന്നു.
മതം വളർത്തുമ്പോൾ മതേതരത്വവും, രാഷ്ട്രീയം വളർത്തുമ്പോൾ രാഷ്ട്ര ബോധവും വളർത്താൻ നമുക്ക് കഴിയണം. അല്ലാത്ത പക്ഷം വിവിധ തൽപരകക്ഷികളുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു മതബോംബായി ഇന്ത്യ മാറും എന്നത് തീർച്ചയാണ്.
Rahul. E, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment