പൊറുക്കുക എന്ന ദൈവീകത!

ഉച്ചതിരിഞ്ഞുള്ള ഫിസിക്സ് ക്ലാസ്. ഏറെ ഭയത്തോടെയും ബഹുമാനത്തോടെയും നോക്കി കണ്ട ഒരു ഫിസിക്സ് അധ്യാപിക.  അവരുടെ ക്ലാസിന് ഒരു കുറ്റവും പറയാനില്ല.  വ്യക്തമായി  പാഠഭാഗങ്ങൾ ചൊല്ലി തരുന്നത് കൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരി ആയിരുന്നു അവർ.  തലേന്ന്  പഠിപ്പിച്ച പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചു എന്ന് ഉറപ്പുവരുത്തുക അവർക്ക് നിർബന്ധമായിരുന്നു.  ക്ലാസിൽ സംസാരിച്ചാൽ അപ്പം ഒരു ചോദ്യം!  അതായിരുന്നു അവരുടെ രീതി.  അതുകൊണ്ടുതന്നെ ശ്വാസം പോലും ഇടാതെയാണ് വിദ്യാർത്ഥികൾ ആ ക്ലാസ്സിൽ ഇരിക്കാറ്. എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ മനസ്സ് എത്ര നിഷ്കളങ്കം ആയിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.  അന്ന് അധ്യാപിക ക്ലാസിലേക്ക് കൊണ്ടുവന്ന വിഷയം കോൺകേവ് ആൻഡ് കോൺവെക്സ് ലെൻസ് ആയിരുന്നു.  കണ്ണിൻറെ ഘടനയും കണ്ണിലൂടെ പ്രകാശം കടക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നും പറഞ്ഞു കൊണ്ടാണ് ആ പാഠം ആരംഭിച്ചത്.  അങ്ങനെ പറഞ്ഞു വന്ന് എത്തി നിന്നത് കണ്ണിന്റെ അല്ലെങ്കിൽ കാഴ്ചയുടെ വിലയെ പറ്റിയായിരുന്നു.


ഉയരം കൂടിയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽപ്പെട്ടത് ആയതുകൊണ്ട് പിറകിലെ ബെഞ്ചിലായിരുന്നു എൻറെ സ്ഥാനം.  60 കുട്ടികൾ ഇരിക്കുന്ന ആ ക്ലാസ്സിൽ എന്നെ എടുത്തു കാണാൻ ആർക്കും വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.  ഈ അധ്യാപികക്കും. അത്രയും കുട്ടികൾ ഇരിക്കെ അവർ എൻറെ പേര് എടുത്തു വിളിച്ചു ചോദിച്ചു, “ സരിത,  അമ്മ മരിച്ചപ്പോൾ അറിഞ്ഞില്ലേ അമ്മയുടെ വില?  അതേപോലെയാണ് കണ്ണ്”.  അവർ അവസാനിപ്പിച്ചു. കുറച്ചുനേരത്തേക്ക് ആ ക്ലാസ് റൂമിൽ 60 കുട്ടികളുടെയും ഹൃദയം മിടുപ്പ് മാത്രം നിറഞ്ഞു നിന്നു. 


മിക്കവരുടെയും മനസ്സിൽ മായാതെ ഉണങ്ങാതെ കിടക്കുന്ന ഇത്തരത്തിലുള്ള മുറിവുകൾ സാധാരണമാണ്.  ഒരുപക്ഷേ ആ അധ്യാപിക പശ്ചാത്തപിച്ചു കാണും.  അവരുടെ പ്രായവും പ്രവർത്തിപരിചയവും കണക്കിലെടുക്കുമ്പോൾ പക്വതയുടെ അഭാവം കൊണ്ടായിരിക്കാം അത്തരത്തിൽ ഒരു ഉദാഹരണം അവർ ആ ക്ലാസ്സിനോട് പങ്കുവെച്ചത്. 


കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരുമിച്ച് സഞ്ചരിക്കുമ്പോഴാണ് എൻറെ ഒരു വിദ്യാർത്ഥി  അവൾക്കുണ്ടായ   മറക്കാൻ പറ്റാത്ത ഇത്തരം ചില അനുഭവങ്ങൾ പങ്കുവെച്ചത്. അത് കേട്ടപ്പോൾ അവളെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു.  കുറേ വർഷങ്ങൾ കഴിഞ്ഞ് ആ അധ്യാപിക കഴിഞ്ഞുപോയ തൻറെ അധ്യാപന ജീവിതം വിലയിരുത്തുമ്പോൾ അവർക്ക് ഒരുപക്ഷേ കുറ്റബോധം തോന്നിയേക്കാം.  ഇപ്രകാരം അവളുടെ മനസ്സിൽ ഉണ്ടാക്കിയ അധ്യാപികയെ ന്യായീകരിക്കുമ്പോഴൊക്കെയും എനിക്ക് . തിരിച്ചറിയാൻ കഴിഞ്ഞു. ഞാൻ എന്നെ തന്നെ ന്യായീകരിക്കുകയാണ്  എന്ന്!

അധ്യാപക ദിനത്തിൽ നാം പലപ്പോഴും നമ്മെ മറന്ന് സന്തോഷിക്കാറുണ്ട്.  വിദ്യാർഥികൾ കൊണ്ട് തരുന്ന സമ്മാനങ്ങളിലും ആഘോഷങ്ങളിലും നല്ല വാക്കുകളിലും എല്ലാം നമ്മൾ മുഴുകി പോയിട്ടുണ്ട്.  എന്നാൽ കഴിഞ്ഞുപോയ അധ്യാപന ജീവിതത്തിൽ ഞാൻ മൂലം വേദനിച്ച എത്ര വിദ്യാർത്ഥികൾ ഉണ്ടാകും എന്ന് ഒന്ന് തിരിഞ്ഞു നോക്കി.  തീർച്ചയായും കുറച്ചു മുഖങ്ങൾ മനസ്സിൽ പതഞ്ഞു വന്നു.  ഇന്ന് പഴയ കൂട്ടുകാരെയും പരിചയക്കാരെയും വിദ്യാർത്ഥികളെയും ഒന്നും ബന്ധപ്പെടാൻ ഒട്ടും ബുദ്ധിമുട്ടില്ല. 


 ഏതായാലും മനസ്സിൽ വന്ന ആ കുറച്ച് മുഖങ്ങളെ തിരഞ്ഞ് കണ്ടുപിടിക്കാൻ തന്നെ തീരുമാനിച്ചു.  ഫോൺ നമ്പർ സംഘടിപ്പിച്ചു.  വാട്സപ്പിൽ ഒരു വോയിസ് മെസ്സേജ് അയച്ചു.  അന്ന് അങ്ങനെയൊക്കെ എൻറെ ഭാഗത്തുനിന്നും ഉണ്ടായതിൽ ഞാൻ ഇന്ന് വിഷമിക്കുന്നു എന്നും അവരുടെ കുറച്ചു ദിവസങ്ങളോ ചിലപ്പോൾ കുറച്ചു വർഷങ്ങളോ ഞാൻ മൂലം നഷ്ടമായിപ്പോയി എന്നുണ്ടെങ്കിൽ ക്ഷമിക്കാനും പറഞ്ഞു.  ഇന്ന് അമ്മമാർ ആയിട്ടുള്ള ആ കുട്ടികൾ എന്നെ ആശ്ചര്യപ്പെടുത്തി എന്ന് വേണം പറയാൻ.  അവർ പറഞ്ഞ മറുപടി ‘അതൊക്കെ ഞങ്ങൾ എന്നേ മറന്നു  കഴിഞ്ഞിരുന്നു  മിസ്സ്’  എന്നായിരുന്നു. 


അപ്പോളാണ് ആ തിരിച്ചറിവ് ഉണ്ടായത്.  കുട്ടികൾ നമ്മളിൽ നിന്നും പഠിക്കുന്ന പാഠഭാഗങ്ങളേക്കാൾ അവരാണ് നമുക്ക് പാഠങ്ങൾ ചൊല്ലി തരുന്നത് എന്ന്.  പൊറുക്കുക എന്ന ദൈവീകമായ ഒരു മൂല്യം ആണ് ആ വിദ്യാർത്ഥികളിൽ നിന്നും എനിക്ക് പഠിക്കാൻ കഴിഞ്ഞത്.


 വർഷങ്ങൾക്കു മുൻപ് എൻറെ സുഹൃത്തുക്കളുടെ ഇടയിൽ എഴുന്നേൽപ്പിച്ചു നിർത്തി എൻറെ മരിച്ചുപോയ അമ്മയെ ഉദാഹരണം ആക്കിയ ആ അധ്യാപികയോട് ഞാൻ പൊറുക്കണം എന്ന് പഠിപ്പിച്ചത് എൻറെ വിദ്യാർഥികളാണ്. ഒരുപക്ഷേ ആ അധ്യാപിക ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ ഓർമ്മയുണ്ടെങ്കിൽ ആ സാഹചര്യം ഓർക്കുന്നുണ്ടെങ്കിൽ എൻറെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നുണ്ടെങ്കിലോ? 


ഇന്ന് മനുഷ്യബന്ധം വളരെ ശിഥിലമാണ്.  നിസ്സാരമായ കാര്യങ്ങളുടെ പേരിൽ ചൊല്ലി കലഹിക്കുകയും വർഷങ്ങളോളം തമ്മിൽ മിണ്ടാതെ നടക്കുകയും തിരിച്ചറിവില്ലായികയുടെ പേരിൽ ഉണ്ടായ മുറിവുകൾ മുറിവായി തന്നെ കൊണ്ട് നടക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പൊറുക്കുക എന്ന ഒറ്റമൂലി ഫലം കണ്ടേക്കാം.   Saritha. K Vice Principal & Assistant Professor of English Al Shifa College of Arts and Science, Kizhattoor, Perinthalmanna


Comments

Post a Comment

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം