കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല- പുതിയ സാധ്യതകൾ

 ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇടമാണ് കേരളം. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഭാരതത്തിന്റെ ഇതര ഭാഗങ്ങളെക്കാൾ ഒട്ടാകെ മെച്ചമായിരുന്നു നമ്മുടെ വിശിഷ്യാ,തിരുവിതാംകൂറിന്റെ പൊതുജനാരോഗ്യ സൂചികകൾ. എങ്കിലും ലോകത്തിലെ വികസിത സമൂഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം വളരെ പിന്നോക്കാവസ്ഥയിൽ തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഐക്യ കേരളം രൂപീകൃതമായതിനുശേഷമാണ് നമ്മുടെ സമൂഹം പൊതുജനാരോഗ്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടം നടത്തിയത്. കേരളത്തിലെ ആദ്യ ജനാധിപത്യ സർക്കാർ ഭൂമിയുടെ മേലുള്ള അവകാശത്തിലും സാർവത്രിക സൗജന്യ വിദ്യാഭ്യാസത്തിനും മറ്റും നടത്തിയ ഇടപെടലുകളുടെ സ്വാധീനം പൊതുജനാരോഗ്യ മേഖലയിലും ചലനങ്ങളുണ്ടാക്കി.

 പൊതുജനാരോഗ്യത്തിന്റെ സാമൂഹിക നിർണ്ണയ ഘടകങ്ങളിൽ ഉണ്ടായ ഗുണപരമായ മാറ്റം പകർച്ചവ്യാധികളെ ഗണ്യമായി കുറച്ചു. ഭക്ഷണലഭ്യത ഉറപ്പുവരുത്തി കൊണ്ടും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ സവിശേഷമായ ശ്രദ്ധ നൽകി കൊണ്ടും നാം പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം മുന്നോട്ട് പോയി.ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം നാം നേടിയ പൊതുജന ആരോഗ്യ നേട്ടങ്ങളാണ്.

 പൊതുവിൽ പൊതുജനാ രോഗ്യത്തിന്റെ കേരള മാതൃക എന്ന പേരിൽ അറിയപ്പെടുന്നത്.പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനാണ് ഈ കാലഘട്ടത്തിൽ നാം ഊന്നൽ നൽകിയത് . സർക്കാർ ആശുപത്രികളോടൊപ്പം സഹകരണ മേഖലയിലെ ആശുപത്രികളും സ്വകാര്യ ആശുപത്രികളുമടങ്ങുന്ന ഒരു ശൃംഖല ഒരുമിച്ചു നിൽക്കുന്നതാണ് കേരള മാതൃകയുടെ ഒരു സവിശേഷത. 1990 കളോടെ പുത്തൻ പ്രശ്നങ്ങൾ കേരള ആരോഗ്യരംഗത്തെ ബാധിച്ചു തുടങ്ങി.

  ജീവിതശൈലി രോഗങ്ങളുടെ കടന്നുവരവാണ് അവയിൽ പ്രധാനം. ആയുർദൈർഘ്യ വർദ്ധനവുമൂലം പ്രായാധിക്യമുള്ള ആളുകളുടെ ശതമാനം വർദ്ധിക്കാൻ തുടങ്ങി. ആഗോളവൽക്കരണം പിടിമുറുക്കിയതോടെ ആരോഗ്യ മേഖലയിൽ കുത്തകകളുടെ സ്വാധീനം കടന്നുവന്നു.

   കോവിഡ് പ്രതിരോധത്തിനായി നാം ഒരുക്കിയ രോഗ നിർണയ സംവിധാനങ്ങളുടെ ശൃംഖല ഗ്രാമ ഗ്രാമാന്തരങ്ങളിൽ രൂപം കൊണ്ട ദ്രുതകർമ്മ സേനകൾ തുടങ്ങിയവ നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ സ്വാധീനം വ്യക്തമാക്കുന്നു.കോവിഡിനോടൊപ്പം നിപ, മങ്കി പോക്സ്, സിക തുടങ്ങിയ പകർച്ചവ്യാധികളും സമാനതളില്ലാത്ത വെല്ലുവിളികൾ ഉയർത്തുന്ന വർത്തമാനകാലത്ത്,സുശക്തമായ നിലയിൽ അവയെ നേരിടാൻ നമുക്ക് സാധിച്ചത്. പൊതുജനാരോഗ്യരംഗത്തെ ഇച്ഛാശക്തിയുള്ള ഇടപെടലുകളാണ്.

  ഈ കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയപുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. ആരോഗ്യ സേവനങ്ങൾ പ്രധാനം ചെയ്യുന്നതിലും പൊതുജനാരോഗ്യ സൂചികകളെ മുന്നോട്ടു നയിക്കുന്നതിനും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയരാൻ നമുക്ക് കഴിഞ്ഞു. രാജ്യത്തെ ശിശു മരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ് എന്നതും അഭിമാനാർഹമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ഇടപെടലിൽ ഉണ്ടായ ജനപങ്കാളിത്തമാണ് നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ കരുത്ത്.

Dr. P. V. Prashant, Head, Dept. of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം