മാനവികത: ഒരു നല്ലപാഠം
മാനവികതയെന്നത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനശിലയാണ്. ഇത് ദയയും കരുണയും പങ്കുവയ്ക്കുന്ന ഹൃദയത്തിന്റെ ആഴം അളക്കുന്ന മാനദണ്ഡമാണ്. ഒരേ രക്തവും മാംസവും ഉള്ളവരായി മനുഷ്യർ പരസ്പരം സഹവർത്തിത്വത്തോടെ ജീവിക്കുമ്പോഴാണ് സാംസ്കാരിക പുരോഗതി സാധ്യമാകുന്നത്. മത, ജാതി, വർഗ്ഗ വ്യത്യാസങ്ങൾ ഉയർത്തി അനാവശ്യ ഭിന്നതകളും സംഘർഷങ്ങളും വർദ്ധിക്കുന്ന ഈ കാലത്ത്, മാനവികതയുടെ പ്രസക്തി അതിവിശേഷമായി അനുഭവപ്പെടുന്നു. പരസ്പരം ആദരവോടെയും സഹാനുഭൂതിയോടെയും മുന്നോട്ട് പോകുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നതിലാണ് ഒരു ജനതയുടെ യഥാർത്ഥ മുന്നേറ്റം. ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാകാമെങ്കിലും, ദയയും കരുണയും സ്‌നേഹവും പങ്കുവയ്ക്കുമ്പോഴേ ഒരാൾ നല്ല മനുഷ്യനായി ഉയർന്നുവരാൻ കഴിയൂ.
മതം ഏതായാലും അതിന്റെ ആന്തരിക സാരമായിരുന്നു മാനവികത. മതഗ്രന്ഥങ്ങൾ അതിന്റെ അടിസ്ഥാന സന്ദേശം പറഞ്ഞുകൊടുക്കുന്നത് ഒരേ ആശയമാണ് – പരസ്പര സ്‌നേഹത്തോടെ ജീവിക്കുക. ഹിന്ദുമതം 'ലോകാ: സമസ്താ: സുഖിനോ ഭവന്തു' എന്ന് പ്രാർത്ഥിക്കുകയും ക്രിസ്തുമതം 'നിനക്കിഷ്ടമല്ലാത്തത് മറ്റുള്ളവർക്കു ചെയ്യരുത്' എന്ന് ഉപദേശിക്കുകയും ഇസ്‌ലാം 'മറ്റുള്ളവർക്കു ഉപകാരപ്പെടുന്നവനാണ് ഏറ്റവും നല്ല മനുഷ്യൻ' എന്ന് പാഠം നൽകുകയും ചെയ്യുന്നു. ഇവയൊക്കെ കാണുമ്പോൾ മതങ്ങൾ മനുഷ്യനെ ഭിന്നിപ്പിക്കാൻ വേണ്ടി അല്ല, മറിച്ച് ഒരുമിച്ച് നന്മയുടെ പാതയിലൂടെ നടത്താൻ വേണ്ടിയാണെന്ന് വ്യക്തമാകുന്നു. അതിനാൽ, മതങ്ങളുടെ പേരിൽ അപരന്റെ അവകാശങ്ങൾ നിരസിക്കുന്നതിലും അവരോട് ക്രൂരത കാണിക്കുന്നതിലും നിന്ന് പിന്മാറേണ്ടത് അത്യാവശ്യമാണ്. നമ്മളൊന്നിച്ചു മുന്നേറുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാകുന്നത്.
ജീവിതം തുല്യമായ അവകാശങ്ങളോടെയാണ് ഓരോ മനുഷ്യനും അനുഭവിക്കേണ്ടത്. തൊട്ടടുത്തവരുടെ വേദന മനസ്സിലാക്കുക, അവർക്കായി കൈത്താങ്ങാകുക, സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പങ്കിടുക – ഇതൊക്കെയാണ് നാം പിന്തുടരേണ്ട വഴികൾ. ഉന്നത വിദ്യാഭ്യാസവും സമ്പന്നതയും വളർത്തുമ്പോൾ തന്നെ, അവയ്ക്ക് ഒപ്പം മനസ്സിലെ മാനവികതയും വളർച്ച പ്രാപിക്കണം. ഉപകാരപ്പെടുന്ന ഒരു ജീവിതം നയിക്കുകയാണെങ്കിൽ മാത്രമേ ഒരാൾക്ക് ഈ ലോകത്ത് ഒരു നല്ല പാഠമാകാൻ കഴിയുകയുള്ളു. ആ പാഠം ഭാവി തലമുറകൾക്കു വഴികാട്ടിയാകണം. അതിനാൽ, മതമോ ജാതിയോ ഭാഷയോ നോക്കാതെ, ഒരു നല്ല മനുഷ്യനായി, പ്രണയത്തോടെയും കരുണയോടെയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കേണ്ടത് നമുക്ക് അത്യാവശ്യമാണ്. മനസ്സിൽ നിന്നു വരുന്ന നല്ല മനോഭാവമാണ് ലോകത്തിന് വേണ്ടത് – അതിന് പേരെന്തെങ്കിലും ആയിരിക്കട്ടെ, എന്നാൽ അത് ആഴത്തിലുള്ള മാനവികതയാകണം.
Rajashree. V, Asst. Professor of Commerce & Management Studies, Al Shifa College of Arts and Science, Kizhattoor Perinthalmanna
Comments
Post a Comment