ആധുനിക സിനിമയും പ്രാകൃതചിന്തകളും

 മനുഷ്യ മനസ്സിനെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു കലാരൂപമുണ്ടോ എന്ന സംശയം ജനിപ്പിക്കും വിധം ജനപ്രീതിയാർജ്ജിച്ച കലാരൂപമാണ് സിനിമ.ഈ സ്വാധീനം തന്നെയാണ് ഈ കല ഇന്ന് കാണും വിധം വളരാനും വാണിജ്യവസ്തുവായി മാറാനും കാരണം.സിനിമയുടെ കണ്ടുപിടിത്തം മുതൽക്ക് തന്നെ ആളുകളിൽ വലിയ കൗതുകവും ജിജ്ഞാസയും സൃഷ്ടിച്ച സിനിമക്ക് ആളുകളെ ആഴത്തിൽ സ്വാധീനിക്കാനും പണ്ടുമുതൽക്കേ സാധിച്ചിട്ടുണ്ട്.സിനിമ കണ്ടതിനു ദിവസങ്ങൾക്ക് ശേഷവും സിനിമയിലെ ഗാനങ്ങളും സംഭാഷണങ്ങളും രംഗങ്ങളും പ്രേക്ഷകരുടെ മാനസികാവസ്ഥയെ സ്വാധീനിക്കും എന്ന് നമ്മളോരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും.

നമ്മുടെ സാമൂഹികക്രമത്തെ വരെ സിനിമ ബാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ നമുക്ക് സാധിക്കും. ഫ്യൂഡൽ വ്യവസ്ഥയുടെ ഭാഗമായി ജീവിച്ച ആളുകളെ അവതരിപ്പിക്കുമ്പോൾ അതിലെ ജാതീയതയുടെ ചേരുവ മിക്കപ്പോഴും ഒന്നുതന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്.സവർണ്ണ വിഭാഗത്തിൽപ്പെട്ട നായകൻ്റെ ഫ്യൂഡൽ ഹീറോയിസവും അവർണ്ണൻ്റെ ഇല്ലാത്ത പോരായ്മകളും കുറവുകളും, ചാതുർവർണ്ണ്യത്തെപ്പറ്റിയുള്ള ധാരണകളും, സ്ത്രീകളെ ദുർബലകളായോ ഉപഭോഗവസ്തുവായോ പരാമർശിക്കുന്ന രീതികളും എല്ലാം ശരിയാണെന്ന തെറ്റായ പൊതുബോധം പലപ്പോഴും സിനിമ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. സിനിമയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളിക്കാൻ പല സംവിധായകരും മടിച്ചിരുന്നോ എന്ന് സംശയിച്ചാൽ ആരെയും തെറ്റുപറയാനാവില്ല.

സിനിമ ആളുകളെ സ്വാധീനിക്കുമോ എന്ന് അദ്ഭുദപ്പെടുന്നത് വളരെ കുറച്ച് സിനിമാ നടന്മാരും അവരെ പിന്തുണക്കുന്ന അഭിനവ ബുദ്ധിജീവികളും മാത്രമാണ്. സിനിമയുടെ ഈ സ്വാധീനശക്തി ഇല്ലായിരുന്നെങ്കിൽ സിനിമ ഇന്ന് കാണുന്ന തരത്തിലുള്ള വ്യവസായമായി മാറുമായിരുന്നോ എന്ന് ഇവർ ചിന്തിക്കുന്നില്ല.യുവാക്കളുടെ സംസാരരീതി,ട്രെൻഡിങ് വാക്കുകൾ തുടങ്ങി വസ്ത്രധാരണരീതികൾ വരെ തീരുമാനിക്കുന്നത് പുത്തൻ സിനിമകളാണ്.സ്വന്തം ജീവൻ കൊടുത്ത് അതിര് കാക്കുന്ന സൈനികരെയോ,നമ്മളെയൂട്ടാൻ കതിരു കാക്കുന്ന കർഷകരെയോ, പൊതുജന നന്മക്കായി നിസ്വാർഥരായി പ്രവർത്തിക്കുന്നവരെയോ എന്തിനധികം, സ്വന്തം മാതാപിതാക്കളെയോ ആദരിക്കുന്നതിൽ കൂടുതൽ സിനിമാമേഖലയിലുള്ളവരെ ആളുകൾ ആദരിക്കുന്നുണ്ട്. സിനിമ ഇത്തരം ആളുകളിലുണ്ടാക്കുന്ന സ്വാധീന ശക്തിയാണ് ഇതിന് കാരണം. ഇഷ്ട സിനിമാ പ്രവർത്തകർക്കായി ജീവൻ കൊടുക്കാൻ തയ്യാറാവുന്ന,ആരുമായും വാഗ്വാദത്തിൽ ഏർപ്പെടുന്ന,അവർക്ക് വേണ്ടി പാലഭിഷേകം നടത്തുന്ന,പൂജയും വഴിപാടും നടത്തുന്ന ലക്ഷകണക്കിന് ആരാധകർ നമുക്ക് ചുറ്റുമുണ്ട്.ഇവരുടെയല്ലാം ആരാധനയും ആദരവും നേടിക്കൊണ്ട്,ആസ്വദിച്ചുകൊണ്ട് സിനിമാപ്രവർത്തകർ പരിഹാസ്യമായി ചോദിക്കുകയാണ്,സിനിമ ആളുകളെ ആഴത്തിൽ സ്വാധീനിക്കുമോ എന്ന്.സ്വാർത്ഥനേട്ടം മാത്രം ലക്ഷ്യമിടുന്ന ഈ നിഷ്ക്കളങ്ക ഹൃദയങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാവും.

അതിരുകടന്ന അക്രമവാസനകളെയും ലഹരി ഉപയോഗത്തെയും സാമാന്യവൽക്കരിക്കുന്നു എന്നതാണ് സിനിമകളുടെ പ്രധാന ദൂഷ്യവശം.പ്രായഭേദമന്യേ ലഹരി ഉപയോഗിക്കുന്ന രംഗങ്ങളും ലഹരിയെ വർണ്ണിക്കുന്ന സംഭാഷണങ്ങളും ലഹരിയെ മഹത്വൽക്കരിക്കുന്നതിനൊപ്പം അത് ഉപയോഗിക്കാതിരിക്കുന്നവർ ഈ കാലഘട്ടത്തിനു ചേർന്നവരല്ലെന്ന മിഥ്യാധാരണ കൂടി സൃഷ്ടിക്കുന്നുണ്ട്. അടിക്കുന്നതും തിരിച്ചടിക്കുന്നതും തറവാടിത്തമെന്നും ആണത്തമെന്നും തുടങ്ങിയ ലേബലുകൾ ഒട്ടിച്ച് പ്രദർശിപ്പിക്കുന്ന ചില സിനിമകൾ വാസ്തവത്തിൽ യുവാക്കളെ പ്രാകൃതരാക്കി മാറ്റുകയാണ് ചെയ്യുന്നത്.

സിനിമയിലെ അസഭ്യവർഷവും ലൈംഗികതയുമാണ് മറ്റൊരു ഉദാഹരണം.അസഭ്യവർഷത്തിനനുസരിച്ച് സിനിമ കൂടുതൽ സ്വീകര്യമാകുകയാണോ സിനിമ സ്വീകര്യാമാകാൻ വേണ്ടി അസഭ്യവർഷം കൂട്ടുന്നതാണോ എന്നൊരു സംശയവും ഇല്ലാതില്ല.അരോചകമായ ലൈംഗിക ചുവയുള്ള സംസാരവും ആവശ്യത്തിനും അനാവശ്യത്തിനും തെറിവിളിയും നടത്തുന്ന നായകരെയാണ് പല സിനിമകളും പ്രേക്ഷകന് സമ്മാനിക്കുന്നത്.യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ഇത്തരം സിനിമാപ്രവർത്തകർ മോശം സിനിമകൾ മാത്രമല്ല മോശം പ്രേക്ഷകരെ കൂടിയാണ് സൃഷ്ടിക്കുന്നത്.

Rahul. E, Assistant Professor, Dept. of Commerce and Management Studies, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Post a Comment

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...