വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളും ദൃശ്യ മാധ്യമങ്ങളും

 ആധുനികകാലത്ത് ഏറ്റവും ജനപ്രിയ കലയായി വികാസം കൊണ്ടത് സിനിമയാണ്. വെള്ളിത്തിരയിലെ വ്യത്യസ്തമായ ജീവിത ചിത്രീകരണങ്ങളിലൂടെ സിനിമ ജീവിതത്തിൻറെ തന്നെ ഭാഗമായി. മാനവ ജീവിതത്തെ കാല്പനികമായും യഥാർത്ഥമായും പ്രതീകാത്മകമായും പ്രതിഫലിപ്പിക്കുന്ന സിനിമകളുണ്ടായി. അതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു ,എന്നാൽ അടുത്തകാലത്ത് മലയാളത്തിലൂം, മറ്റ് ഇന്ത്യൻ ഭാഷകളിലുമെല്ലാം പുറത്തിറങ്ങിയ ചില ചലച്ചിത്രങ്ങൾ മനസ്സിനെ വിഭ്രാന്തമാക്കുകയാണ് ചെയ്തതെന്ന് പറഞ്ഞാൽ അധികമാവില്ല. ചലച്ചിത്രങ്ങളുടെയെല്ലാം ആസ്വാദകർ യുവാക്കളും കൗമാരക്കാരും ആണെന്ന് നാം മറന്നുപോകുന്നു. അക്രമ വാസനകളുടെയും അക്രമ സംഭവങ്ങളുടെയും കാരണങ്ങളിൽ ഒന്ന് ഇത്തരം ദൃശ്യാനുഭവങ്ങളുടെ സ്വാധീനമാണ് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നതിൽ വാസ്തവമുണ്ട്. മലയാളത്തിലെ ഏറ്റവും വയലൻസ് ഉള്ള ചലച്ചിത്രം എന്ന അവകാശവാദവുമായി വന്ന ചലച്ചിത്രം വൻ പ്രദർശന വിജയം നേടുക യുണ്ടായി.

      എന്തിനാണ് അളവിൽ കവിഞ്ഞ അക്രമം കാണിക്കുന്നത് എന്ന ചോദ്യം ഇവിടെയാണ് ഉയരുന്നത്. പുതിയ തലമുറയ്ക്ക് ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നതിൽ സംശയമില്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ തെറ്റില്ല എന്ന ഒരു മനോഭാവത്തിലേക്ക് ഇത് കുട്ടികളെ നയിക്കും എന്നതിൽ സംശയമില്ല. നിരാശ ,പക ,ഭയം എന്നീ വികാരങ്ങൾക്ക് അടിമപ്പെട്ട ഇളംതലമുറക്കാരെ അക്രമദൃശ്യങ്ങൾ വല്ലാതെ സ്വാധീനിക്കും. കോവിഡാനന്തരകാലത്ത് മൊബൈൽ എല്ലാ കുട്ടികളുടെയും കയ്യിൽ വന്നതോടെ ഇതേ സ്വഭാവമുള്ള വെബ് സീരീസുകൾ വീഡിയോ ഗെയിമുകൾ എന്നിവയും അവരെ അക്രമകാരികളാക്കുന്നു. ഇന്റർനെറ്റിലും  സാമൂഹിക ദൃശ്യമാധ്യമങ്ങളിലും ലഭ്യമാകുന്ന അതിക്രൂരമായ ആക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇവരുടെ മനസ്സിനെ മാറ്റിമറിയിക്കുന്നുണ്ട്. ലഹരിയുടെ ഉപയോഗംകൂടി ചേരുമ്പോൾ സാമൂഹ്യദുരന്തം പൂർണ്ണമാകുന്നു .

മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങുന്നതോടെ ഒരു ആഗോള ശൃംഖലയിൽ നമ്മുടെ കൗമാരം കണ്ണി ചേർക്കപ്പെടുകയാണ്. പുറം രാജ്യങ്ങളിൽ നിന്നും,മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഹരിയുടെ കടന്നുകയറ്റം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട് .അധ്യാപകരും രക്ഷിതാക്കളും സമൂഹം ഒന്നാകെയും നമ്മുടെ കുട്ടികൾക്ക് രക്ഷാകവചം ഒരു ക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുടെയും ലഹരിയുടെയും ചുഴികളിൽപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് മതിയായ ചികിത്സയും കൗൺസിലിംഗും നൽകേണ്ടതുണ്ട്. ഡിജിറ്റൽ അടിമത്വത്തിന്റെയും ലഹരിയുടെയും ലോകത്ത് നിന്ന് അവരെ തിരിച്ചുകൊണ്ടുവരാൻ കലാകായിക. പാഠ്യാനുബന്ധപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

      വൈകാരികമായ ഊർജ്ജവും ,ധൈര്യവും നഷ്ടമായ കുട്ടികളിലേക്ക് യാതൊരു പരിധിയുമില്ലാത്ത അക്രമത്തിന്റെ കാഴ്ചകൾ കടത്തിവിടുന്നതിൽ ചലച്ചിത്രലോകവും മറ്റു ദൃശ്യമാധ്യമങ്ങളും ആത്മ പരിശോധന നടത്താൻ തയ്യാറായില്ലെങ്കിൽ, കേരളത്തിൽ നമ്മുടെ കൗമാരപ്രായക്കാരുടെ അക്രമ പരമ്പരകളുടെ കഥകൾ ഭയപ്പെടുത്തുന്ന വിധം വാർദ്ധിക്കുക തന്നെ ചെയ്യും.

 Dr. P. V. Prasanth
Head, Department of Economics
Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...