സുഫിസം: ആത്മാവിന്റെ അന്തർധ്വനി
"പ്രണയമില്ലെങ്കിൽ ആരാധനായെല്ലാം ബാധ്യതയാവും. നൃത്തമെല്ലാം വെറും പ്രവർത്തിയാവും. സംഗീതമെല്ലാം ശബ്ദങ്ങൾ മാത്രമാവും. മാനത്തു നിന്നടരുന്ന മഴ മുഴുവൻ കടലിൽ പതിഞ്ഞെന്നിരിക്കാം.അതിലൊരു കണിക പോലും മുത്തായി മാറുകയില്ല, പ്രണയമില്ലെങ്കിൽ".......~റൂമി
സൂഫിസം മനുഷ്യഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും വേദിയാണ്. ഇത് ഒരു മതപരമായ തത്വശാസ്ത്രമല്ല, മറിച്ച് മനുഷ്യജീവിതത്തിൽ പൊരുത്തപ്പെടുന്ന ആന്തരിക സമാധാനത്തിന്റെയും ആത്മീയ ഉണർവിന്റെയും സമഗ്ര അനുഭവമാണ്. സൂഫിസത്തിൻ്റെ മുഖ്യ സാരം ദൈവത്തോട് ചേർന്നുനില്ക്കുന്ന ആത്മാവിൻ്റെ നിരന്തരാന്വേഷണമാണ്. ലോകത്തിന്റെ ചലനങ്ങളെ മറികടന്ന് ദൈവത്തോട് ഏകീഭാവം നേടുക എന്നതാണ് സൂഫിസത്തിൻ്റെ മുഖ്യ ലക്ഷ്യം. ഇതിലൂടെ ഒരു വ്യക്തി സ്വന്തം പരിമിതികൾക്കപ്പുറം അകത്തേക്ക് തിരിഞ്ഞുനോക്കി ആത്മാവിൻ്റെ വൈഭവം കണ്ടെത്തുന്നു.
സൂഫിസത്തിന്റെ തൊട്ടുതോന്നുന്ന സ്വഭാവം അതിൻ്റെ ശക്തിയാണ്. ഈ ആശയം മതത്തിന്റെയും സാംസ്കാരികത്തിന്റെയും അതിരുകൾക്ക് അകത്തെയോ പുറത്തെയോ നിന്നുള്ള ഒന്നല്ല; മറിച്ച് ജീവിതത്തിന്റെയും സ്നേഹത്തിന്റെയും സർഗാത്മകതയുടെയും സമന്വയമാണ്. സൂഫികൾ വിശ്വസിക്കുന്നത് ദൈവത്തോട് അടുപ്പമുള്ള ജീവിതം നയിക്കാൻ സ്നേഹവും സഹാനുഭൂതിയും പ്രധാന ആയുധങ്ങളാണെന്നതാണ്. "സ്നേഹം തന്നെയാണ് ദൈവം" എന്ന തത്വം അവർക്കു് ജീവിതസിദ്ധാന്തം ആയി മാറുന്നു. സൂഫി പാഠങ്ങളിൽ സ്നേഹത്തിന്റെയും ദയയുടെയും വാക്കുകൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നു.
ജലാലുദ്ദീൻ റൂമി എന്ന മഹാനായ സൂഫി കവി സ്നേഹത്തിന്റെയും ആത്മീയതയുടെയും സന്ദേശങ്ങൾ തന്റെ കവിതകളിലൂടെ ലോകത്തേക്കെത്തിച്ചു. "The Essential Rumi" എന്ന കൃതി റൂമിയുടെ ആത്മീയ ആശയങ്ങൾ നിറഞ്ഞ ഒരു അനശ്വരസൃഷ്ടിയാണ്. സ്നേഹം ദൈവത്തിൻ്റെ സവിശേഷതയാണെന്നുള്ള അവബോധം റൂമിയുടെ എഴുത്തിൽ സമ്പന്നമായിത്തിളങ്ങുന്നു.
അമീർ ഖുസ്രോ എന്ന സൂഫി സംഗീതജ്ഞൻ ഖവ്വാലി എന്ന സംഗീതരീതിക്ക് പിതാവായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകളിൽ ദൈവീക സ്നേഹം ആഴത്തിൽ പ്രകടമാകുന്നു. "ചാപ് തിലക്" പോലുള്ള പ്രശസ്ത ഖവ്വാലികൾ ഇന്നു് വരെ സംഗീതപ്രേമികളുടെ മനസ്സിൽ വിരുന്നൊരുക്കുന്നു.
ഹാഫിസ് എന്ന സൂഫി കവി തന്റെ ദിവാൻ എന്ന കാവ്യസമാഹാരത്തിലൂടെ ദൈവത്തോടുള്ള ആത്മീയാന്വേഷണത്തെയും ആധികാരികമായ സ്നേഹത്തെയും വർണിച്ചിരിക്കുന്നു. ഹാഫിസിൻ്റെ കവിതകളിൽ ജീവിതം ആഘോഷമാകുന്നു; സ്നേഹവും ദൈവത്തോട് ചേർന്നുനില്ക്കാനുളള ആഗ്രഹവുമാണ് അവയുടെ ആഖ്യാനം.
ബുല്ലെ ഷാ എന്ന പ്രശസ്ത പഞ്ചാബി സൂഫി കവിയും സംഗീതജ്ഞനുമാണ് തന്റെ ഗീതങ്ങളിൽ മുഖ്യമായിത്തന്നെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നത്. "ബുല്ലേ നു സമജ് ആവേ" എന്ന ഗാനം ആത്മാവിൻ്റെ ശുദ്ധിയുടെ മഹത്വം വർണിക്കുന്ന സുപ്രസിദ്ധ ഖവ്വാലിയാണ്.
സൂഫിസത്തിൻ്റെ ആഴങ്ങൾ മനസ്സിലാക്കാൻ വിവിധ ഗ്രന്ഥങ്ങൾ നിർവചനം നൽകുന്നു. E M Hashim എഴുതിയ "ഇത്രമാത്രം" എന്ന കൃതി സൂഫിസത്തിൻ്റെ സാരാംശം ഹൃദയത്തിൽ തൊട്ടെഴുതുന്ന ഒരു അനുഭവമാണ്. അതിനൊപ്പം, Annemarie Schimmel എഴുതിയ "Mystical Dimensions of Islam", Idries Shah എഴുതിയ "The Sufis", Reynold A. Nicholson എഴുതിയ "The Mystics of Islam" തുടങ്ങിയ കൃതികൾ സൂഫിസത്തിൻ്റെ ആശയങ്ങളെ ദാർശനികമായും ചരിത്രപരമായും ആഴത്തിൽ വിശകലനം ചെയ്യുന്നു.
ഇന്നത്തെ സംഘർഷഭരിതമായ ലോകത്തിൽ സൂഫിസത്തിൻ്റെ സന്ദേശം അതികാഠിന്യവും സങ്കുചിതത്വവുമകറ്റി ജീവിതത്തിൽ സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കാൻ വലിയ പ്രചോദനം നൽകുന്നു. അതിൻ്റെ സന്ദേശം വ്യക്തിപരമായ അകത്തളങ്ങളിൽ നിന്ന് ആരംഭിച്ച് കുടുംബത്തിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുമ്പോഴേ അതിൻ്റെ മുഴുവൻ പ്രതിഫലനം സാധ്യമാകുന്നുള്ളൂ. ഈ സന്ദേശം ഏറ്റെടുക്കുമ്പോൾ നമ്മളിൽ ഓരോരുത്തരും ആത്മാവിൻ്റെ ശുദ്ധിയിലേക്കും ദൈവിക സ്നേഹത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കും.
സൂഫിസം ഒരു വ്യക്തിയെ ഏകാന്തതയിലേക്ക് കൊണ്ടുപോകുന്നതല്ല, മറിച്ച് അവനെ സമൂഹത്തോടൊപ്പം മനുഷ്യത്വം നിറഞ്ഞ നിലയിൽ നിലകൊള്ളാൻ പ്രാപ്തരാക്കുകയാണ്. അതിനാൽ, ഓരോരുത്തരും ജീവിതത്തിൽ സ്നേഹത്തെയും കരുണയെയും പ്രാക്തമാക്കുമ്പോഴേ യഥാർത്ഥ സൂഫിസത്തെ ഉൾക്കൊള്ളാനാകൂ. സൂഫിസത്തിൻ്റെ ഈ അമൂല്യ സന്ദേശങ്ങൾ ഇന്നത്തെ അധ്വാനമേറിയ ജീവിതത്തിൽ സമാധാനത്തിനുള്ള വഴികാട്ടിയാകട്ടെ.
Ramsheena. T. K, Assistant Professor of Mathematics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment