ഇഖ്റഅ്

—-------------

 

മുൻകൂട്ടി തീരുമാനിച്ചു  വച്ച പല കാര്യങ്ങളും അടപടലം മൂഞ്ചി പോകുമ്പോഴും ഒരു മടുപ്പുമില്ലാതെ കയറി വന്ന് ആധിപത്യം സ്ഥാപിക്കുന്ന ഒരു ചങ്ങായി ആണ് ഈ റീഡേഴ്സ് ബ്ലോക്ക് എന്ന് പലപ്പോഴും തോന്നാറുണ്ട്. ഏതാണ്ട് ആറ് വർഷത്തോളമായി പുസ്തകങ്ങൾ വാങ്ങിക്കുന്ന ഒരാളെന്ന നിലയ്ക്ക് റീഡേഴ്സ് ബ്ലോക്കും ഞാനുമായി അഭേദ്യമായ ബന്ധമാണ്. ഏറെ  പ്രതീക്ഷയോടെ വാങ്ങി വച്ചിട്ടുള്ള പല പുസ്തകങ്ങളും അതു പോലെ പലരും ഗിഫ്റ്റ് തന്നിട്ടുള്ളതും എല്ലാം വീട്ടിലെ ഷെൽഫിൽ എന്നെയും കാത്തിരിപ്പാണ്. വായനയിൽ എന്നാണ് ഒപ്പം കൂട്ടുക എന്ന ചോദ്യവുമായി. പല പുസ്തകങ്ങളോടും അവ വാങ്ങുമ്പോൾ തോന്നാറുള്ള ഒരു ആകർഷണം വായിക്കാനെടുക്കുമ്പോൾ തോന്നാറില്ല എന്നത് ദുഃഖകരമായ സത്യമാണ്. കോളേജ് ലൈബ്രറിയിലെ പകുതി പുസ്തകങ്ങളെങ്കിലും വായിച്ചു തീർക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കാറുണ്ട്.

മുഴുവനായും ഡിജിറ്റൽ ആയിക്കഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക്, വാട്സപ് എന്നിവയുടെ ആധിപത്യം പുസ്തകങ്ങളിലേക്കുള്ള ദൂരം വല്ലാതെ കൂട്ടുന്നു. എഴുതാനും, വായിക്കാനും എടുത്തു വച്ച പലതും ഓർമയിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. പുസ്തകങ്ങളിരിക്കുന്ന ലൈബ്രറിയുടെ അടുത്തുകൂടി വെറുതെ നൂറാവർത്തി നടന്നാലും അവയോട് മാനസികമായ അടുപ്പം തോന്നാതിരുന്ന ഒരുകാലം. ഒരേ genre പുസ്തകങ്ങൾ വായിക്കുന്നതാവാം റീഡേഴ്സ് ബ്ലോക്ക് വീണ്ടും വീണ്ടും കയറി വരുന്നതിന്റെ കാരണമെന്ന് കരുതി വ്യത്യസ്ത genres വായനയിൽ ഉൾപ്പെടുത്തി നോക്കി. കുറഞ്ഞൊരു സമയത്തേക്ക് അത് സഹായകമായെങ്കിലും റീഡേഴ്സ് ബ്ലോക്ക് വീണ്ടും വരിക തന്നെ ചെയ്തു.

മലയാളപുസ്തകങ്ങൾ മാത്രം വായിച്ചു കൊണ്ടിരുന്ന ഞാൻ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ  വായിക്കാനൊരു ശ്രമം നടത്തി നോക്കി. ഒന്നോ രണ്ടോ പുസ്തകങ്ങളിൽ ആ ശ്രമവും പരാജയപ്പെട്ടു.  പുസ്തകങ്ങൾ വെറുതെ കൈയിലെടുത്ത് മറിച്ചുനോക്കി തിരിച്ചു വയ്ക്കുന്ന ശീലമായി പിന്നീട്. കുറേനാൾ അടുപ്പിച്ച് വായനാശീലം ഉണ്ടായിരുന്നിട്ട് പിന്നീട് വായിക്കാൻ കഴിയാതെ വരുമ്പോൾ വല്ലാത്ത ശ്വാസംമുട്ടലായിരുന്നു. നെഞ്ചിലൊരു തരം വിങ്ങൽ, ആരോടും പറയാൻ കഴിയാത്ത വിഷമം ഉള്ളിൽ കൊണ്ടു നടക്കുന്ന അനുഭവം. മറ്റൊരാളോട് പറഞ്ഞാൽ മനസ്സിലാകണം എന്ന് യാതൊരു നിർബന്ധവുമില്ലാത്ത ഒരു കാര്യം. ഈ പ്രായത്തിൽ ഇനിയിപ്പോ വായിച്ചിട്ടെന്തിനാ എന്നു തിരിച്ചു ചോദിക്കാൻ സാധ്യതയുള്ള പലരും ചുറ്റുമുണ്ടെന്ന തിരിച്ചറിവ്..

പ്രണയത്തിലായിരിക്കുക എന്നാൽ മരണമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. എന്തെന്നാൽ പ്രണയത്തിലായിരിക്കുമ്പോൾ നമ്മൾ മറ്റാരോ ആയി മാറുന്നതാവാം കാരണമെന്ന് ഞാൻ വിചാരിക്കുന്നു.. പക്ഷേ പുസ്തകവായന ഇല്ലാതിരിക്കുമ്പോൾ സംഭവിക്കുന്നത് ഒരു മനുഷ്യന്റെ തന്നെ മറ്റൊരു  മരണമാണെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്തോരം ലോകങ്ങളാണ് അയാൾക്ക് നഷ്ടമാവുന്നത്..

പലരുടെയും സ്റ്റാറ്റസുകളിൽ  പല പുസ്തകങ്ങളും കാണുമ്പോൾ കൊതിയോടൊപ്പം അസൂയയും തോന്നും.. ഇൻസ്റ്റാഗ്രാം റീലുകളിലെ ബുക്ക്‌ റിവ്യൂ കാണുമ്പോൾ എന്ത് തന്നെയായാലും ഇതിനെ മറികടക്കണം എന്നുറപ്പിക്കും..

റീഡേഴ്സ് ബ്ലോക്കിനെ എന്റെ വായനാ ലോകത്തിന്റെ പടിക്ക് പുറത്തുനിർത്താൻ എന്നാലാവുന്നതെന്തും ചെയ്യണം എന്ന് ആഗ്രഹിക്കും..

ഒരു കാലത്ത്, വായന എന്നത് എന്റേതായ ഒരു "സേഫ് സ്പേസ്" ആയിരുന്നു . ആശ്വാസം തേടാനുള്ള ഒരു പ്രൈവറ്റ് സ്‌പേസ്. ഇപ്പോൾ ആ ഇടത്തിന്റെ താക്കോൽ  എവിടെയോ നഷ്ടപ്പെട്ടുപോയതായി തോന്നുന്നു..ഒരുപാട് പ്രിയപ്പെട്ട കഥാപാത്രങ്ങൾ, പല ജീവിതങ്ങൾ, കഥകളിലെ അത്ഭുതങ്ങൾ, പല സ്ഥലങ്ങൾ.. കാഴ്ചകൾ.. എല്ലാം എന്നിൽ നിന്ന് അകന്നു പോയ പോലെ.. വീണ്ടും വായിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്, പക്ഷേ മനസ്സിന് മടി പിടിച്ച പോലെ — അതാണ് ഏറ്റവും വേദനാജനകമായത്..സ്വാകാര്യ സന്തോഷം നഷ്ടപ്പെട്ടു എന്നത്..

ബക്കറ്റ്ലിസ്റ്റിൽ ഒരുപാട് പുതിയ പുസ്തകൾ ഉണ്ട്.. പുതിയ എഴുത്തുകാരും..ഓരോ ദിവസം ഓരോന്നായി വായിച്ചു തീർക്കണം..വായനയോളം ലഹരി നൽകുന്ന മറ്റെന്താണു ലോകത്തുള്ളത്. ഒരിടത്തിരുന്നുകൊണ്ട് എത്രയെത്ര സ്ഥലങ്ങളിലൂടെയാണ് നമ്മൾ യാത്ര ചെയ്യുന്നത്. എത്രയെത്ര ജീവിതങ്ങളാണ് നമ്മൾ ജീവിക്കുന്നത്. ആരുടെയൊക്കെ സങ്കടവും സന്തോഷവും ഉന്മാദവും പ്രണയവുമെല്ലാമാണ് സ്വന്തമെന്നപോലെ നമ്മൾ അനുഭവിക്കുന്നത്.. പുസ്തകളിൽ നിന്ന് അകന്നുനിന്ന ഈ കാലത്ത് ഉണ്ടായ ഒരു തിരിച്ചറിവ്.. പുസ്തകങ്ങളോളം നല്ല കൂട്ടുകാരോ ബന്ധങ്ങളോ ഇല്ലെന്ന് തന്നെയാണ്.. സ്വന്തമായൊരു ലോകം സൃഷ്ടിച്ച് അതിൽ മുഴുകുന്നതിനേക്കാൾ ആനന്ദം മറ്റൊന്നുമില്ലെന്നും..

വീണ്ടും എന്റെ സ്വകാര്യ ലോകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ കൈ പിടിക്കാൻ വന്നത് സോഷ്യൽ മീഡിയ ആഘോഷമാക്കിയ അഞ്ചൽ താജ് ന്റെ ഇസ്നേഹം ആണ്.”നല്ലതൊന്നും ഒരിക്കലും വെറുതെയായി പോയിട്ടില്ല, പുറമെ എന്ത് നഷ്ടമായാലും എവിടെയും നിങ്ങൾക്ക് നിങ്ങളെ നഷ്ടമാവാതിരിക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഈ പുസ്തകം,

" നിങ്ങളുടെ രാത്രിയുറക്കത്തെ നഷ്‌ടപ്പെടുത്തിയിട്ടില്ലെങ്കിൽ, ഭക്ഷണത്തിന്റെ രുചിയെ കട്ടെടുത്തിട്ടില്ലെങ്കിൽ, ഒറ്റക്കായപോലൊരു തോന്നലെങ്കിലും സമ്മാനിച്ചില്ലെങ്കിൽ ഇല്ല..നിങ്ങളാരേയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല" എന്ന് നമ്മൾ പ്രണയത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ലേ അതുപോലെ, ഈ പുസ്ത‌കം ഒരു തവണയെങ്കിലും നിങ്ങളുടെ കണ്ണ് നനയിച്ചില്ലെങ്കിൽ, മനസ്സിൽ ഒരു വിങ്ങൽ സൃഷ്ട‌ിച്ചില്ലെങ്കിൽ, ഹൃദയത്തിൽ നിന്നും ചില മുഖങ്ങൾ പാളിനോക്കിയില്ലെങ്കിൽ…. ഇല്ല, ഉണ്ടാവാതിരിക്കില്ല, കാരണം നാം മനുഷ്യരല്ലേ. ഓർമ്മകളുടെ അറയിൽ പൊതിഞ്ഞുസൂക്ഷിക്കുന്ന ചില ഓർമ്മകളില്ലേ…? അതു സമ്മാനിച്ചവർ ഉറപ്പായും നിങ്ങളെ വന്നൊന്ന് എത്തി നോക്കിയിരിക്കും.

ഒന്നുകിൽ അത്രെയേറെ കുളിരുള്ള ഒരു മഴക്കാലം തന്ന് മടങ്ങിപ്പോയവർ, അല്ലെങ്കിൽ ഒരിക്കലും അലിഞ്ഞുതീരാത്തത്ര മധുരമുള്ള നിമിഷങ്ങൾ തന്നവർ..നമ്മുടെ ഹൃദയത്തിലങ്ങനേ ആഴത്തിൽ വേരിറങ്ങിപ്പോയി ഉള്ളിലാകെ പടർന്നു കിടക്കുന്ന സ്നേഹമാകുന്ന തണൽ മരങ്ങൾ. അതെ,സ്നേഹത്തിൻ്റെ പല വേരിയന്റുകളെയും മനുഷ്യരുടെ രൂപത്തിൽ നമ്മൾ കണ്ടുമുട്ടുന്നു. "സൗഹൃദത്തിലോ,പ്രണയത്തിലോ എന്തിലായാലും സ്നേഹിക്കുക എന്നതിന് അത്രയും ഭംഗിയായി ഓർമ്മിക്കുക എന്നുകൂടെ ഇഖ്റഅ്.




Ms. Febeena. K.
Assistant Professor of Malayalam
Al Shifa College of Arts and Science, Keezhattur, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്