2 കെ കിഡ്സിനെ കാത്തിരിക്കുന്ന കാൽപന്ത് മൈദാനങ്ങൾ
ആഹ്! അതൊക്കെ ഒരു കാലം... സ്‌കൂൾ വിട്ട് നേരെ കിലോ മീറ്ററുകൾ ഓടി ധൃതിയിൽ ഒരു ചായയും കുടിച്ച് നേരെ ഗ്രൗണ്ടിലേക്ക് ഒരു ഓട്ടം ഉണ്ട്. തലേന്ന് ഗ്രൗണ്ടിലെ കല്ലിൽ തട്ടി പൊളിഞ്ഞു പോയ തൊലിയും അതിലെ ചോരയുടെ ചുവന്ന പാടുകളും ഒന്നും ആ ഓട്ടത്തെ തടസ്സപ്പെടുത്തിയിരുന്നില്ല. ഇനി കാലിലെ മുറിവ് ഉണങ്ങുന്നത് വേറെ ഗ്രൗണ്ടിലേക്ക് ഇറങ്ങില്ല എന്ന ശപഥം ഓരോ ദിവസവും കളി കഴിയുമ്പോൾ എടുക്കാറുണ്ട്. എങ്കിലും അടുത്ത ദിവസം ആ സമയം ആവുമ്പോൾ വേദനയെല്ലാം മറക്കും. പൊട്ടി വീണ ചോരത്തുള്ളികൾ എല്ലാം ഐസ് പോലെയാവും. എല്ലാം മറന്ന് അന്നും ആ ഓട്ടം തുടരും. ഗ്രൗണ്ടിൽ എത്തിയാൽ പിന്നെ അതൊരു ജോറാണ്. ആദ്യത്തെ അര മണിക്കൂർ ബാക്കി കളിക്കാരെ കാത്തിരിക്കൽ ആണ്. സ്ഥിരമായി നേരത്തെ ഗ്രൗണ്ടിൽ എത്തുന്ന ഒരു വിഭാഗവും വൈകിയെത്തുന്നവരായി മറ്റൊരു വിഭാഗവും. നേരത്തെ എത്തിയവർക്ക് ബാക്കിയുള്ളവർ എത്താത്തതിൽ പരിഭവം ഇല്ല. അവർ എത്തുന്നത് വരെ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വേൾഡ് കപ്പിലും ഒക്കെ മെസ്സിയും റൊണാൾഡീഞ്ഞോയും സിദാനും സൃഷ്ട്ടിച്ചു വെച്ച ബനാന കിക്കുകളും പവാർ ഷോട്ടുകളും പരിശീലിക്കാനുള്ള സമയമാണത്. സെവൻസ് കളിക്കാനുള്ള ഗ്രൗണ്ടിൽ അന്നൊക്കെ രണ്ട് സെവന്സിനുള്ള ആളുകൾ എത്താറുണ്ട്. വന്നവരെ എല്ലാം ഉൾക്കൊള്ളിച്ചാണ് കളി ആരംഭിക്കാറ്. രണ്ട് വശങ്ങളിലായി അണി നിരക്കുന്ന ടീമിൽ പുത്തൻ താരോദയങ്ങളായ നെയ്മർ മുതൽ പഴയ കാല മാന്തിരകന്മാരായ മാൽദീനിയും മൊട്ടത്തലയൻ റൊണാൾഡോയും എല്ലാം ഉണ്ടാവും. കളി തുടങ്ങിയാൽ പിന്നെ കളിയുടെ സമയത്തേക്കാൾ തർക്കങ്ങളുടെ സമയമാണ്. ചെറിയ ചെറിയ വഴക്കുകൾ പലപ്പോഴും വലിയ കലഹങ്ങൾ ആയും കളി നേരത്തെ അവസാനിക്കാനുള്ള കാരണങ്ങളായും മാറാറുണ്ട്. ഗ്രൗണ്ടിലെ വെളിച്ചം കുറവായാൽ കാലുകൾ കൂട്ടിയിടിച്ചു കളി അവസാനിക്കുന്ന സമയങ്ങളും ഉണ്ടാവാറുണ്ട്. സ്‌കൂൾ കാലം ആയതിനാൽ സന്ധ്യക്ക് ബാങ്ക് വിളിക്കുന്നതിന് മുമ്പ് വീട്ടിൽ കയറണം എന്ന നിബന്ധന പല ഉമ്മമാരും വെച്ചാണ് ഗ്രൗണ്ടിലേക്ക് വിടാറ്. എന്നാൽ കളിയുടെ ആവേശത്തിൽ ബാങ്ക് കേൾക്കാൻ മറക്കുന്ന ദിവസങ്ങൾ സാധാരണമാണ്. വൈകിയെത്തുന്ന ദിവസങ്ങളിൽ ഉമ്മയുടെ വഴക്കും അടുത്ത ഗ്രൗണ്ടിലേക്കുള്ള പോക്കിന് വിളക്കും ഉണ്ടാവാറുണ്ട്. എന്നാൽ വിലക്കിനെ മറികടന്ന് ഉമ്മയെ കാണാതെ ഗ്രൗണ്ടിലേക്ക് പോകുന്നതും ഒരു പതിവായിരുന്നു. ഇന്നത്തെ കുട്ടികളുടെ അത്രയും സ്വാതന്ത്ര്യം അന്ന് കിട്ടിയിട്ടില്ല എന്ന തോന്നൽ ഇപ്പോൾ ഉണ്ട്. കാലങ്ങൾക്കിപ്പുറം ജീവിതത്തിലെ തിരക്കുകൾ ജീവിതരീതിയെ മാറ്റിയപ്പോൾ കളിക്കളങ്ങളിലും മാറ്റങ്ങൾ പ്രകടമായി. പൊടി നിറഞ്ഞ മൈദാനങ്ങളിൽ നിന്നും പ്ലാസ്റ്റിക് വിരിച്ച ആർട്ടിഫിഷ്യൽ മൈദാനങ്ങളിലേക്ക് കളികൾ മാറി. പതിവായി ഗ്രൗണ്ടിൽ നിറഞ്ഞു നിന്നിരുന്ന ആളുകളുടെ എണ്ണത്തിൽ നന്നേ കുറവ് വന്നിരിക്കുന്നു. 2 കെ പിള്ളേരുടെ താല്പര്യം മറ്റു പല വിഷയങ്ങളിലേക്കായി ഒതുങ്ങിപ്പോയിരിക്കുന്നു. കളർ കൂട്ടിയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അനുയോജ്യമായ പാട്ടുകൾ കണ്ടെത്തുക എന്നതാണ് ഇന്ന് അവരെ അലട്ടുന്ന പ്രധാന വിഷയം. മുപ്പത് പേരെ കുത്തി നിറച്ച് സെവൻസ് കളിച്ചിരുന്ന കാലത്തു നിന്നും കളിക്കാൻ പത്ത് പേരെ തികയ്ക്കാൻ പാടുപെടുന്ന കാലത്തേക്ക് നാട്ടിലെ മൈദാനങ്ങൾ മാറിയിരിക്കുന്നു. ഉണങ്ങിക്കിടന്ന മൈദാനങ്ങളിൽ പുല്ലും പിന്നീടും കാടും വളർന്ന് കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. ആ പുൽച്ചെടികൾക്കടിയിൽ നിന്നും പഴയ മണ്തരികൾ ഇന്നും കാല്പന്തിനെയും കുഞ്ഞു കളിക്കാരെയും മാടി വിളിക്കുന്നുണ്ട്... നിറഞ്ഞ കണ്ണുകളോടെ......
Muhammed Arsal T.K.
Assistant Professor of Commerce,
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment