മടങ്ങി വരവുകൾ
ജീവിതത്തിലേക്കുള്ള, അവനവനിലേക്കുള്ള മടങ്ങി വരവുകൾ വളരെ ഭംഗിയാർന്നതാണ്. എല്ലാം നഷ്ടപ്പെട്ടു, കയ് വിട്ട് പോയി ആരും ഒപ്പമില്ല ജീവിതമേ തകർന്നതാണ് എന്നൊരു തോന്നലിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന് അത് ആസ്വദിക്കാൻ കഴിയുക എന്നുള്ളത് മനോഹരമാണ്.ഓരോ മനുഷ്യന്റെയും തിരിച്ച് വരവിന് ഓരോ കാരണങ്ങൾ ആവാം ചിലപ്പോൾ ഏതെങ്കിലും വ്യക്തികൾ, സന്ദർഭങ്ങൾ അങ്ങനെ.. അങ്ങനെ...
പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ " യിൽ ജീവിതമേ തകർന്ന് യന്ത്രികമായി ജീവിക്കുന്ന ദസ്തയെവ്സ്കിയെ തിരിച്ച് ജീവിതത്തിന്റെ സൗന്ദര്യം അനുഭവിപ്പിക്കുന്നത് അന്നയാണ്. മനുഷ്യനും മനുഷ്യ മനസ്സും അത്രമേൽ സങ്കീർണമാണ് അതിനാൽ ആണല്ലോ പലർക്കും ഈ മടങ്ങി വരവുകൾ സാധ്യമാകാത്തത്, കൃത്യമായി പറഞ്ഞാൽ ഈ റെസിലിയൻസ് ( Reselience) വ്യത്യാസപ്പെടുന്നത്.
ജീവിതത്തിൽ ഏറ്റവും വേണമെന്ന് തോന്നിയത് ഈ റെസിലിയൻസ് ആണ്. ഒരു മനുഷ്യൻ തന്റെ ജീവിതത്തിലെ എപ്പോഴാണ് ആത്മഹത്യ ചെയ്യുന്നത്? എപ്പോഴാണ് ജീവിതം മടുക്കുന്നത്..? ജീവിതം അവസാനിപ്പിക്കുന്നവർ എല്ലാം ഭീരുക്കൾ ആണെന്ന് പറയുന്നതും എഴുതുന്നതും പലപ്പോഴും കണ്ടിട്ടുണ്ട് എന്നാൽ തിരിച്ചു വരാൻ കഴിയാതെ ഉള്ള ഒരു അവസ്ഥ എന്നത് ഭീകരമാണ്. പലരും ജീവിതത്തിൽ അവരവരെ തന്നെ തിരയുന്നവരാണ്, "പഴയ എന്നെ എനിക്ക് തിരിച്ചു വേണം" എന്ന് ആഗ്രഹിക്കുന്ന ആളുകൾ "എനിക്ക് പഴയ എന്നെ നഷ്ടമായി" എന്ന് നിരാശപ്പെടുന്നവർ അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത ചിന്തകളുമായാണ് മനുഷ്യർ ജീവിക്കുന്നത്.
"അയാളും ഞാനും തമ്മിൽ " എന്ന സിനിമയിലെ ഡോ. രവി തരകനും തന്റെ കെട്ട് പൊട്ടിയ ജീവിതത്തിൽ നിന്ന് മടങ്ങി വന്ന് ജീവിതം ആസ്വദിക്കുന്ന ആളാണ്. " കുമ്പളങ്ങി നൈറ്റ്സ്" സിനിമയിൽ ബോബി എന്ന കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് "ടോ... സജി. ജീവിക്കണ്ടേ...."അതെ ജീവിതത്തിന്റെ മൂല്യം മനസിലാക്കുകയെന്നത് വലിയ കാര്യമാണ്,എം. ടി യുടെ തിരക്കഥയായ "സുകൃതം" എന്ന സിനിമയിൽ വലിയ രോഗവസ്ഥയോട് മല്ലിട്ട് ഒരിക്കൽ ജീവിതമേ അവസാനിച്ചെന്നു കരുതിയ നിമിഷത്തിൽ നിന്ന് പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടും ജീവിക്കാൻ കഴിയാതെ ഒറ്റപ്പെട്ട് അകന്ന് പോകുന്ന കഥാപാത്രത്തെ നമുക്ക് കാണാൻ കഴിയും. ടി. പത്മനാഭന്റെ "പ്രകാശം പരത്തുന്ന പെൺകുട്ടി" എന്ന കൃതിയിൽ പല തവണ ജീവിതം അവസാനിപ്പിക്കാൻ പോകുന്ന ഒരാൾ, ഒരു പെൺകുട്ടിയുടെ ജീവിതത്തോടുള്ള സമീപനം കണ്ട് ആത്മഹത്യ ചെയ്യാതെ തിരിച്ച് വരുന്നു. അതെ ജീവിതം പലർക്കും പലതാണ്. ജീവിതം ആസ്വദിക്കുന്നവർ, ജീവിതത്തിൽ നിസ്സഹായരായവർ, നിരന്തരം സ്വയം നഷ്ടപെടുത്തിയെന്ന് ആശങ്കപ്പെടുന്നവർ, ഇടവേളകളില്ലാതെ പഴയ നമ്മളെ തന്നെ തിരയുന്നവർ...
ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകൾ മനോഹരമാണ്
വരും.....
വരാതിരിക്കില്ല.....
Comments
Post a Comment