ചില വിയോഗങ്ങൾക്കു ശേഷം, സംഭവിക്കുന്നത്!

 

 

കൈപ്പും  കലർപ്പുമില്ലാത്ത

ആ ദാമ്പത്യത്തിലേക്ക്

അവനു മാത്രമായൊരതിഥി  വന്നു,

'പനി ' എന്നു മാത്രം അവനതിനെയൊതുക്കി.

പരിശോധനകളിലത്, പക്ഷേ

ചോദ്യമില്ലാത്തൊരു  ഉത്തരമായി

മാറി.

 

അന്ന്,

വെറുമൊരാശ്വാസത്തിന്,

അവരുടെ കിടപ്പറയും,

ആവേശത്തിൽ അവൻ ഓടിക്കയറാറുള്ള

ആ കോണിപ്പടികളും അവളെ

പിടിച്ചവൻ വേച്ചു വേച്ചിറങ്ങി.

പെട്ടെന്നൊരാവശ്യം വന്നാലോ!

 

വന്നു,

ഓടിപിടച്ചവർ ഹോസ്പിറ്റലെത്തി

അവനു വേദനിച്ചു, കൂടെ അവൾക്കും.

ഹൃദയഭാരത്താലവൾ നെട്ടോട്ടമോടി,

കരഞ്ഞു പ്രാർത്ഥിച്ചു , ഉരുകിയൊലിച്ചു.

പടച്ചവൻ ഒരുക്കി വെച്ച ഉത്തരം കിട്ടി.

വെള്ള പുതച്ചവൻ ഉമ്മറത്തെത്തി.

 

കണ്ണും ഖൽബും മരവിച്ചവൾക്ക്

കണ്ണുനീർ അന്യം നിന്നു.

പുഞ്ചിരിച്ചവനെ യാത്രയാക്കി.

കൂടെ വരാം,  കാത്തിരിക്കൂ എന്നവൾ സലാം ചൊല്ലി.

 

അന്നവർ ഒരുമിച്ചിറങ്ങിയ അവരുടെ സ്വർഗ്ഗവും, ആ പടികളും

പിന്നീടിന്നുവരെ അവൾക്കും അന്യമാണ്.

അവനില്ലാത്ത, ആ ലോകം

ഇനി കാണില്ല എന്നത് അവളുടെ

മരവിച്ച മനസ്സിൻറെ ഉറപ്പായിരുന്നു.

 

അവളുടെ എല്ലാമായിരുന്നവൻ ആറടി മണ്ണിലെത്തിയിട്ട്

രണ്ടാണ്ട് കഴിഞ്ഞിരിക്കുന്നു.

 

             വെറും മൂന്നുവർഷ കാലത്തേക്ക് മാത്രം ഞങ്ങളിലേക്ക് വന്ന്‌, ഒന്നും മിണ്ടാതെ പടിയിറങ്ങി പോയ പ്രിയപ്പെട്ട ഒരു മനുഷ്യന്റെ വിയോഗമാണിത്. പൊടുന്നനെ ഒരു ദിവസം  വന്ന്,  നിസാരമെന്ന് എഴുതി തള്ളിയ, ആ കാരണം അവൻ്റെ ജീവനും കൊണ്ടങ്ങ് പോയി. ആ വെള്ളിയാഴ്ച ദിവസത്തെ ഉച്ച നേരത്തിന് എന്തൊരു നടുക്കമായിരുന്നെന്നോ, വല്ലാത്തൊരു നിശ്ശബ്ദതയും.

            ഇനിയവളെ ചേർത്ത് പിടിക്കാൻ അവനില്ലല്ലോ എന്നത്  അന്നൊക്കെ രണ്ടാമതൊരു ചിന്തയിലെ എനിക്ക് ബോധ്യപ്പെട്ടിരുന്നുള്ളു. ആദ്യം കിതച്ചും, പിന്നെ കുതിച്ചും പാഞ്ഞ കാലം ആ മനുഷ്യൻ്റെ ഓർമ്മകളെ,  പ്രാർത്ഥനകളിലേക്ക് മാത്രം ക്ഷണിച്ചിരുത്തി.ഇപ്പോൾ അൽശിഫയിൽ ജോയിൻ ചെയ്തതിൽ പിന്നെ പതിവായി കാണാറുള്ള അവൻ ജീവൻ വെടിഞ്ഞ ഹോസ്പിറ്റൽ, ഇന്നലെ എന്ന പോലെ എല്ലാം മുന്നിലെത്തിക്കാറുണ്ട്.    

            ഇനി വിയോഗങ്ങക്ക് ശേഷം സംഭവിക്കുന്നതെന്താണെന്ന് ഞാൻ പറയട്ടെ .... എത്രയൊക്കെ ശ്വാസമായ് ജീവിച്ചിരുന്നതായിരുന്നാലും ശരി  അവരില്ലായ്മ ഒരു വലിയ ചോദ്യചിഹ്നമായി ജീവിതത്തെ കൊളുത്തി വലിക്കും. അപ്പോൾ ഇറങ്ങി നടക്കേണ്ടതായും  ഓർക്കാതിരിക്കേണ്ടതായും അവർക്കു വേണ്ടിയുള്ള കണ്ണീര് ആരും കാണാതെ തുടക്കേണ്ടതായും  വരും... അതെ ആ തണലിൽ നിന്ന്, അവളും ചേക്കേറിയിരിക്കുന്നു, ഭാരപ്പെട്ട ഓർമ്മകൾ  ഇറക്കിവക്കപ്പെട്ടിരിക്കുന്നു.

         എന്തുകൊണ്ടെന്നാൽ,  ആ ഇരുപത്തിരണ്ടുകാരിക്ക് കുടുംബത്തിൻ്റെ ഒഴുക്ക് തെറ്റിച്ച വകയിൽ,  കണ്ണകന്നിടത്തിലേക്ക് ... ഒടുവിൽ ഖൽബും അകറ്റി നിർത്തേണ്ടി വന്നു.  അങ്ങനെ ഒരു  പുതിയ  ആൾക്കു വേണ്ടി ചിരി വരുത്താനും,  പിന്നീടങ്ങോട്ട് നിറഞ്ഞു ചിരിക്കാനും കൂടെ അവൾ ശീലിച്ചു.. അവളുടെ അത്രമേൽ ആഴത്തിലുള്ള മുറിവിനു മേൽ ഇന്ന്‌ മറ്റൊരുവൻ  മരുന്നായി ജീവിച്ചു തുടങ്ങിയിരിക്കുന്നു (തീർച്ചയായും ഇന്ന് അവനും ഞങ്ങളിലെ പ്രിയപ്പെട്ടവനാണ്).

എങ്കിലും ആ വിളിച്ചു തഴകിച്ച പേര് അറിയാതെ  വഴുതി വീഴാറുണ്ട് പലപ്പോഴും. ഞാൻ ആലോചിക്കാറുണ്ട് കേൾക്കുന്ന അവനിത് എങ്ങനെ ആയിരിക്കും ഉള്ളിലേക്കെടുക്കുന്നതെന്ന്‌...എന്തായിരിക്കും ആ നേരങ്ങളിൽ ഉള്ളിന്റുള്ളിൽ മിന്നി മറയുന്നെതെന്ന്,  അവന് അവന്റെ ഭാര്യയുടെ മുൻ ഭർത്താവുമായിട്ട് ഒരു മൺകൂനയുടെ  പരിചയമല്ലേ ഉള്ളൂ.

ആയതിനാൽ ഈ വരികൾ  അവരിരുവരാൽ  വായിക്കപ്പെടില്ല എന്ന വിശ്വാസത്തോടെ കുറിക്കപ്പെടുന്നതാണ്. കാരണം, എനിക്കിത് ഞങ്ങളിലൊരുവനായിന്നവനൊരു അടയാളപ്പെടുത്തലാണെങ്കിൽ.....

അവർക്കിത്........

 

  

 

 

NOORBINA. K

Assistant Professor of Psychology

Al Shifa College of Arts and Science, Keezhattur, Perinthalmanna.

 

 

 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്