അഭയമില്ലാത്ത ജന്മങ്ങൾ
വാർത്തകളിലും
സാഹിത്യത്തിലും നിറയുന്ന അഭയാർത്ഥി ജീവിതങ്ങൾ എപ്പോഴും ഒരു ചോദ്യ ചിഹ്നമായി നമുക്ക്
മുന്നിൽ നിൽക്കുന്നു. ഊരും വേരുമില്ലാത്ത കുറെ മനുഷ്യർ സങ്കീർണ്ണമായ ബന്ധങ്ങളിലൂടെ,
സാഹചര്യങ്ങളിലൂടെ ജീവിച്ചു തീർക്കുന്ന അനുഭവങ്ങൾക്ക് ഒരുപാട് പാഠങ്ങൾ പഠിപ്പിക്കാനുണ്ട്.
ലോക ചരിത്രം യുദ്ധങ്ങളുടെയും അഭയാർഥി പ്രവാഹങ്ങളുടെയും കൂടെ ചരിത്രമാണ്. അതിപുരാതന
കാലത്ത് സാപ്പിയൻസും നിയാണ്ടർത്താലുകളും തമ്മിൽ നടന്ന യുദ്ധങ്ങൾ മുതൽ ഇന്ന് ഇസ്രായേലും
പാലസ്തീനും തമ്മിൽ നടക്കുന്ന യുദ്ധം വരെ പറയുന്ന കഥകളിൽ കൂട്ടക്കുരുതികളും രക്തപ്പുഴകളും
നഷ്ട ജീവിതങ്ങളും ബാക്കിയാകുന്നു. യുദ്ധശേഷം ബാക്കിയാകുന്ന മനുഷ്യർ എന്ത് ചെയ്യുന്നു
എന്ന് ആലോചിച്ചിട്ടുണ്ടോ? കെട്ടും ഭാണ്ടവുമായി നിലനിൽപ്പിനായുള്ള ഒരു പ്രയാണത്തിനൊടുവിൽ
എത്തിച്ചേരുന്ന അഭയാർത്ഥി ക്യാമ്പുകൾ കൂടുതലും ദുരിതപൂർണ്ണമാണ്. നഷ്ടബോധത്തിൽ അമരുമ്പോൾ
ചുറ്റും ബാക്കിയാവുന്നത് വൃത്തിഹീനമായ പരിസരങ്ങളും ഇടുങ്ങിയ ടെന്റുകളുമാണ്. പിറന്ന
നാടിനോടുള്ള സ്നേഹത്തിൽ അഭിമാനിക്കുന്നവരാണ് എല്ലാ മനുഷ്യരും. ആ നാടുതന്നെ പിടിച്ചുപറിക്കപ്പെട്ട
മനുഷ്യർ വിലാസമില്ലാത്ത രേഖകളില്ലാത്ത ദേശമില്ലാത്ത ‘നിഴലുകളായി’ അഭയതീരം തേടി അലയാൻ
വിധിക്കപ്പെടുന്നു. ഇത്തരം മനുഷ്യരുടെ, നീതിന്യായങ്ങളെയെല്ലാം നോക്കുകുത്തിയാക്കുന്ന
കഥകൾ വായിക്കാൻ നല്ല മനക്കരുത്ത് വേണം.
അങ്ങനെയുള്ള
ഒരു കഥയാണ് തപോമയിയുടെ അച്ഛൻ. ഇരുപതാം നൂറ്റാണ്ടിലെ
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളിൽ നിന്നും ഓടിരക്ഷപ്പെട്ട് പല ഘട്ടങ്ങളിലായി ഇന്ത്യയിൽ
എത്തിയ കുറെ മനുഷ്യരുടെ ശേഷജീവിതമാണ് ഈ വർഷത്തെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ്‌കുമാറിന്റെ
നോവലിന്റെ ഇതിവൃത്തം. ഇന്ത്യൻ ഉപഭൂഖണ്ടം കുറെയേറെ അഭയാർത്ഥി പ്രവാഹങ്ങളെ ഏറ്റു വാങ്ങിയിട്ടുണ്ട്;
ശ്രീലങ്കൻ തമിഴർ, മ്യാന്മാറിൽ നിന്നുള്ള രോഹിങ്ക്യർ, അഫ്‌ഘാനികൾ, ടിബറ്റൻ ബുദ്ധിസ്റ്റുകൾ, പാകിസ്ഥാനികൾ
എന്നിവർക്ക് പുറമെ പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളും ഇവിടെ കഴിഞ്ഞുകൂടുന്നു.
നോവലിൽ കാണുന്ന ക്യാമ്പ് ഒട്ടേറെ പ്രതികൂല ഘടകങ്ങളെ തരണം ചെയ്തു കൊണ്ട് ജീവിതം കരുപിടിപ്പിക്കാൻ
ഓടി നടക്കുന്ന മനുഷ്യരുടെ പുറമ്പോക്കാണ്. പക
പോക്കാൻ വെച്ച തീയും പേമാരിയിലെ വെള്ളപ്പൊക്കവും ദാരിദ്ര്യവും ഒക്കെ കടന്ന് മരണം വരെയും
ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് അവിടെയുള്ളത്. കൊടും ക്രൂരതകളും കൊലയും ബലാൽസംഘവും ശാരീരിക
പീഡനവും ഒക്കെ അനുഭവമാക്കിയവർ.
ഒരു
ദേശവും പ്രകൃതിയും അവിടത്തെ മനുഷ്യരും കയ്യൊഴിഞ്ഞതിന്റെ ബാക്കിപത്രമായി ഡൽഹിയിൽ കഴിയുന്ന
ആളുകളുടെ സഹായി ആയിട്ടാണ് തപോമായി എത്തുന്നത്. വിചിത്രമായ കോഡുഭാഷയിൽ ഡയറി എഴുതുന്ന
തപോമയിയുടെ അച്ഛൻ കഥാകാരന്റെ സുഹൃത്താവുന്നു.
അവരുടെ ഗത കാല ജീവിതം സംഭാഷണങ്ങളിലൂടെയും
ഡയറി കുറിപ്പുകളിലൂടെയും പുറത്തു വരുന്ന ആഖ്യാന രീതിയാണ് അവലംഭിച്ചിട്ടുള്ളത്. വിവരണങ്ങളിൽ
നിറയുന്ന ഉൾനാടൻ ബംഗ്ലാ ഗ്രാമീണതയും കൊൽക്കത്തയുടെ പൂർവകാല പ്രൗഢിയും കമ്യൂണിസത്തിന്റെ
തുടക്കവും ഡൽഹിയുടെ ഉൾത്തുടിപ്പുകളും വായനക്കാരെ കാല-ദേശ സഞ്ചാരികളാക്കുന്നു. അധിക
ആലങ്കാരികതകൾ ഇല്ലാത്ത സന്തോഷ് കുമാറിന്റെ രചനയുടെ ബലം കഥയുടെ കെട്ടുറപ്പാണ്. എപ്പിസോഡിക്
ആയി കഥയുടെ വിശദാമ്ശങ്ങൾ നമ്മിലേക്കെത്തുന്നു. അവസാന പേജുകളിൽ ആണ് വൻ സത്യങ്ങൾ വെളിപ്പെടുന്നത്. അതുവരെയും വായനക്കാരെ
പിടിച്ചിരുത്താൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ അവസാനത്തിൽ ശരിയും തെറ്റും സ്നേഹവും
വെറുപ്പും ബന്ധങ്ങളും ബന്ധനങ്ങളും മനസ്സിൽ ഒരു നോവായി അവശേഷിക്കും. ദാരിദ്ര്യവും രാഷ്ട്രീയ
പ്രശ്നങ്ങളും സാമുദായിക ലഹളകളും പിന്നണിയിൽ അരങ്ങേറുമ്പോൾ മനുഷ്യർക്ക് ഒരിക്കലും സ്വസ്ഥമായ
ജീവിതം സാധ്യമല്ല എന്ന് ഈ കഥ വീണ്ടും ഓർമ്മിപ്പിക്കുന്നു.
എന്താണ്
സ്നേഹം? ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരിയായ ടോണി മോറിസൺ അവരുടെ The Bluest Eye എന്ന നോവലിൽ എഴുതുന്നു- “Love is never
any better than the lover. Wicked people love wickedly, violent people love
violently, weak people love weakly, stupid people love stupidly, but the love
of a free man is never safe. There is no gift for the beloved. The lover alone
possesses his gift of love. The loved one is shorn, neutralized, frozen in the
glare of the lover’s inward eye.” സ്വതന്ത്ര
മലയാള പരിഭാഷ- ‘സ്നേഹം സ്നേഹിക്കുന്ന ആളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. കുബുദ്ധിയായ
ഒരാൾ ക്രൂരമായി സ്നേഹിക്കുന്നു, അക്രമിയായ ഒരാൾ ആക്രമണത്തിന്റെ രീതിയിൽ സ്നേഹിക്കുന്നു,
ദുർബലനായ ഒരാൾ ഉറപ്പില്ലാത്ത രീതിയിൽ സ്നേഹിക്കുന്നു, വിഡ്ഢിയായ ഒരാൾ അവിവേകത്തിന്റെ
രീതിയിൽ സ്നേഹിക്കുന്നു, പക്ഷെ സ്വാതന്ത്രനായ ഒരാളുടെ സ്നേഹം ഒരിക്കലും സുരക്ഷിതമല്ല.
അതിൽ സ്നേഹിക്കപ്പെടുന്ന ആൾക്ക് സമ്മാനമേതുമില്ല. അത് സ്നേഹിക്കുന്നവന്റെ മാത്രം സ്വന്തമാണ്.
സ്നേഹിക്കപ്പെടുന്ന ആൾ അവിടെ കമിതാവിന്റെ ഉൾക്കണ്ണിന്റെ വെളിച്ചത്തിനു മുന്നിൽ ഒന്നുമില്ലാതെ
നിഷ്പ്രഭമാക്കപ്പെട്ട് മരവിച്ച് പോകുന്നു.’ തപോമയിയുടെയും അച്ഛന്റെയും കഥ വായിച്ചപ്പോൾ
ഇതാണ് ഓർമയിലേക്ക് എത്തിയത്. ദാരിദ്ര്യത്തിന്റെയും കലാപത്തിന്റെയും ബാക്കിപത്രമായ മനുഷ്യർ
സ്‌നേഹിക്കുമ്പോൾ അത് മറ്റെങ്ങനെ ആയിത്തീരാനാണ്!
തപോമയി
വായിച്ചുവെക്കുമ്പോൾ മനസ്സിലേക്ക് ഓടി എത്തുന്ന മറ്റൊന്നുകൂടിയുണ്ട്. നമ്മുടെ കണ്മുന്നിൽ
അരങ്ങേറിയ ഗസക്കു മേലെയുള്ള ഇസ്രായേൽ ആക്രമണം. നോവലിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ
സാഹചര്യം ആണെങ്കിലും എല്ലായിടങ്ങളിലും മനുഷ്യാവസ്ഥ ഒന്നുതന്നെയല്ലേ എന്ന് ഓർത്തുപോകുന്നു.
രണ്ടു വർഷം നീണ്ടുനിന്ന വംശഹത്യ നമുക്കുമുന്നിൽ നിർബാധം തുടർന്നു. നടന്നത് 70,000 ത്തിൽ
പരം കൊലകൾ (വിക്കിപീഡിയ), അതിൽ കുറേ കുഞ്ഞു ജീവനുകളും, മാധ്യമ പ്രവർത്തകരും, രക്ഷാ
പ്രവർത്തകരും. ജനകീയ സമരങ്ങളാൽ പ്രേരിതമായ ഭരണകൂടങ്ങളുടെ സമ്മർദ്ദം കൊണ്ടുമാത്രം വെടി
നിർത്തൽ പ്രഖ്യാപിച്ച ഇസ്രായേൽ മനുഷ്യത്വമില്ലായ്മയുടെ പുതിയ മുഖങ്ങൾ കാണിച്ചുതന്ന
യുദ്ധമാണ് കഴിഞ്ഞു പോകുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകനാണ് അനസ് അൽ
ഷരീഫ്.
അൽ
ജസീറ രാജ്യാന്തര വാർത്താ ചാനലിൽ പ്രവർത്തിച്ച 28കാരനായ അറബിക് കറസ്പോണ്ടന്റ് അനസ് അൽ
ഷരീഫ് ഗാസ സിറ്റിയിൽ 2025 ആഗസ്റ്റ് 10-ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ആ ഭീകര യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ നാല് സഹപ്രവർത്തകരും ആ ആക്രമണത്തിൽ ഇരകളായി. ഇസ്രായേൽ സേന അനസ് അൽ ഷരീഫ് ഹമാസ് ഭീകരസംഘടനയുമായി
ബന്ധപ്പെട്ടു റോക്കറ്റ് ആക്രമണങ്ങൾ നടത്തിയ
ഭീകരനാണെന്ന് ആരോപിച്ചു. എന്നാൽ, അൽ ജസീറ അത് തള്ളി. അനസ് അൽ ഷരീഫ് ഗസ യുദ്ധത്തിന്റെ
ഫ്രണ്ട് ലൈൻ റിപ്പോർട്ടിങ് നടത്തിയ ധൈര്യമുള്ള മാധ്യമപ്രവർത്തകനായിരുന്നുവെന്ന് വ്യക്തമാക്കുകയും
ചെയ്തു.
അനസ്
അൽ ഷരീഫ് തന്റെ മരണാനന്തര സന്ദേശത്തിൽ, “വേദനയും ദുഖവും നഷ്ടവും ആവർത്തിച്ച് സഹിച്ചിട്ടും
സത്യം അറിയിക്കാൻ ഒരിക്കലും മടിച്ചിട്ടില്ല” എന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചില
വീഡിയോകളും റിപ്പോർട്ടിങ്ങും എല്ലാം മരണ ശേഷം കണ്ടിരുന്നു. തന്റെ മക്കളോടൊപ്പം കളിക്കുന്ന
ചില വിഷ്വൽസ് വളരെ വേദന ഉണ്ടാക്കുന്നവയായിരുന്നു. യുദ്ധമുഖങ്ങളിലും അഭയാർത്ഥി പ്രവാഹങ്ങളിലുമെല്ലാം
ഇത്തരത്തിൽ അകപ്പെട്ടു പോകുന്ന മനുഷ്യർ നമ്മളിൽനിന്നും വ്യത്യസ്തരല്ല. നോർമൽ ആയി ജീവിക്കാൻ
ആഗ്രഹിക്കുന്ന സാധാരണക്കാരാണ് അവരെല്ലാം.
ആക്രമണത്തിൽ
തന്റെ പത്ത് മക്കളെയും നഷ്ടപ്പെട്ട ഒരു ഡോക്ടറുടെ വാർത്തയും കണ്ടിട്ടുണ്ട്. ബോംബിങ്ങിൽ
കത്തുന്ന ടെന്റിലേക്ക്, അതിനുള്ളിലുള്ള തന്റെ മാതാവിന്റെ അടുത്തേക്ക് ഓടി കയറിയ കുഞ്ഞിന്റെ വാർത്തയുണ്ട്.
നിസ്സഹായരായി മരിച്ച്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ
നോക്കി നിന്നവരുണ്ട്. ഓഷ്വിറ്റ്സും മറ്റു നാസി ക്യാമ്പുകളും, നേറ്റീവ് അമേരിക്കൻ വംശ
ഹത്യയും, ലോക യുദ്ധങ്ങളും, എല്ലാ ആഭ്യന്തര കലാപങ്ങളും അന്താരാഷ്ട്ര യുദ്ധങ്ങളും അവർ
നമ്മളെ ഓർമിപ്പിച്ചു. മനുഷ്യർ എത്ര നിസാരന്മാരാണെന്നും ജീവിതത്തിന് എത്ര വിലയുണ്ടെന്നും
അവർ നമ്മളെ പഠിപ്പിച്ചു.
എല്ലാം
അവസാനിച്ച് ഗസ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ലോകം അവരെ ഉറ്റു നോക്കുന്നുണ്ട്. അതിജീവനത്തിന്റെ
ഇതിഹാസങ്ങൾ രചിച്ച അഭയാർത്ഥി പരമ്പരകളിലെ അവസാനത്തെ കണ്ണിയാണ് അവർ. ഒരു ജനതയിൽനിന്ന്
എടുക്കാവുന്നതെല്ലാം എടുത്ത് തള്ളി കളയപ്പെട്ടവർ. പുനരാധിവാസം എളുപ്പമല്ലാത്ത കോൺക്രീറ്റ്
കൂനകളിലേക്ക് അവർ മടങ്ങുമ്പോൾ ലോകത്തിന്റെ സഹായ ഹസ്തങ്ങളും പ്രാർത്ഥനകളും അവരോടൊപ്പം
ഉണ്ട്. മനുഷ്യ ജന്മങ്ങളുടെ അർഥം തേടുമ്പോൾ അഭയാർത്ഥികളുടെ യാതനകളെ ഏത് കണക്കു പുസ്തകത്തിലാണ്
വരവ് വെക്കേണ്ടത്? യുദ്ധത്തിന്റെ ക്രൂരതകളെ, ഭരണകൂടങ്ങളുടെ അന്ധതയെ, കണ്ടില്ലെന്നു
നടിക്കുന്ന മനസ്സുകളെ, എല്ലാം ന്യായീകരിക്കുന്ന
ദന്തഗോപുരങ്ങളെ എന്ത് അളവുകോൽ വെച്ചാണ് മനസ്സിലാക്കേണ്ടത്? ചരിത്രം ആവർത്തിക്കാതിരിക്കാൻ
എന്ത് പരിഹാരമാണ് ചെയ്യേണ്ടത്?
അനുഭവം
ഈ
യുദ്ധവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു അനുഭവം കൂടെ ഇവിടെ പങ്കു വെക്കട്ടെ.
2024-ഇൽ ഗസ യുദ്ധം കൊടുംപിരി കൊണ്ട സമയത്ത് അവിടെ നിന്നും കുരുന്നുകളെ കൊന്നൊടുക്കുന്ന
കഥകൾ പുറത്തുവരുന്നുണ്ടായിരുന്നു. കുട്ടികളെ കൊല്ലുന്ന ഇസ്രായേലികളെ പിന്താങ്ങുന്ന
മറ്റു രാജ്യക്കാരെ കളിയാക്കുന്ന ഒരു സ്റ്റാൻഡ് അപ്പ് വീഡിയോ ഞാൻ വാട്സാപ്പ് സ്റ്റാറ്റസിൽ
വെച്ചിരുന്നു. എന്റെ ബാംഗ്ലൂർ ജീവിത കാലത്ത് കിട്ടിയ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ്
അപർണ്ണ. വളരെ അധികം വായിക്കുന്ന, politically enlightened എന്ന് ഞാൻ ധരിച്ച ഒരു കന്നഡ
സവർണ്ണ പ്രിവിലേജ്ഡ് മഹിളാ രത്നമാണ് അവർ. ഈ സ്റ്റാറ്റസ് കണ്ട് അവർ അപ്സെറ്റ് ആയി. അവർ
ഒരു തുറന്ന ഇസ്രായേലി സപ്പോർട്ടർ ആയിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നവരെ സപ്പോർട്ട് ചെയ്യുന്നവരെ
കളിയാക്കുക തന്നെ വേണം എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. ഉടനെ അവർ എന്നെ വാട്സാപ്പിൽ
ബ്ലോക്ക് ചെയ്തു. എന്നിട്ട് ഫേസ്ബുക്കിൽ പോയി എന്തെല്ലാമോ മെസേജ് ഇട്ടു. ഉള്ളടക്കം വ്യക്തമായി ഓർമയില്ലെങ്കിലും, അവർ ഒരു
മികച്ച ഒരു സിറ്റി ലേഡി ആണെന്നും, ഞാൻ ഒരു കൂതറ വില്ലേജ് ഗേൾ ആണെന്നും ആയിരുന്നു ഇതിവൃത്തം.
പിന്നീട് അവർ എന്നെ അൺബ്ലോക്ക് ചെയ്തെങ്കിലും കമ്മ്യൂണിക്കേഷൻ ഒന്നും ഉണ്ടായില്ല.
എന്തായാലും ഫാസിസ്റ്റ് ചിന്താഗതിയുള്ള ഒരു ‘lady’ എന്റെ ഫ്രണ്ട് സർക്കിളിൽ നിന്ന് ഒഴിവായതിന്റെ
സന്തോഷംകൂടെ ഇവിടെ രേഖപ്പെടുത്തുന്നു.
Blog by Ms. Renjitha. K. R
Asst. Professor & Head
Dept. of English
Al Shifa College of Arts and Science,
Perinthalmanna
Comments
Post a Comment