അവരും ജീവിക്കട്ടെ..

 

 

ഈയടുത്ത് സ്വന്തമായി വാങ്ങിയ നിസാർ ഇൽത്തുമിഷ്ന്റെ (മണശേരി M.A.M.O കോളേജിലെ ജേർണലിസം പ്രൊഫസർ) മൂന്ന് പുഡ്തകങ്ങളിലും  ട്രാൻസ് മനുഷ്യർ ഒരു വിഷയമായി വന്നിരുന്നു. വായിച്ചും കേട്ടും കണ്ടും അറിഞ്ഞ മനുഷ്യരെ കുറിച്ച് കുറേ ചോദ്യങ്ങൾ ഹൃദയത്തിലേക്ക് എറിഞ്ഞു തന്ന കൃതികൾ ആയിരുന്നു ‘ദായമ്മക്കൈ’ യും  ‘അഗർത്ത’യും.. കഥാകൃത്ത്, , ‘അഗർത്തയിലും ദായമ്മക്കൈയിലുമൊക്കെ കടന്ന് വരികയും ഇറങ്ങി പോകുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഒരു സാങ്കല്പിക സൃഷ്‌ടിയല്ല എന്നും, ജനിച്ച മണ്ണിൽ നിന്ന് വേര് പിഴുതെറിയപ്പെട്ട അനേകം മനുഷ്യരുടെ ജീവിതമാണെന്നും’ പറയുന്നു. അവർക്ക് അത്രമേൽ പ്രിയപ്പെട്ടവയെല്ലാം ഉപേക്ഷിച്ച് തെരുവിൽ അലയേണ്ടി വന്നത് ആരുടെ തെറ്റാണ്? കണ്ണില്ലാത്ത കുഞ്ഞിനേയും, കയ്യില്ലാത്ത കുഞ്ഞിനേയും ഓമനിച്ചു വളർത്തുന്ന നമ്മൾ എന്ത് കൊണ്ട് ലിംഗമില്ലാതെ ജനിക്കുന്ന കുഞ്ഞിനെ കൊന്ന് കളയുന്നു? ശരീരം പുരുഷന്റെയും മനസ്സ് സ്ത്രീയുടെയുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ എങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾക്ക് അപമാനമാകുന്നത്? വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ തെരുവിലേക്ക് എടുത്തെറിയപ്പെടുന്ന ഈ കുഞ്ഞുങ്ങളിൽ നിന്ന് നിങ്ങൾ ഡോക്‌ടറെയും, കളക്ടറേയും, ശാസ്ത്രജ്ഞരെയുമാണോ പ്രതീക്ഷിക്കുന്നത്? അവരിൽ നിന്ന് എന്ത് സംസ്‌കാരമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്? അവർ പേറുന്ന ആ മുൾക്കിരീടം വെച്ച് കൊടുത്തത് ഞാനും നിങ്ങളുമാണ് .. അത് മറക്കരുത് എന്നിങ്ങനെ ചോദ്യങ്ങൾക്ക് മേൽ ചോദ്യങ്ങളും ഓർമ്മപ്പെടുത്തലുകളും നൽകുന്നു..

 

മൂന്ന് നോവലുകളിലും സൽത്തനജ് എന്നൊരു കഥാപാത്രം വരുന്നുണ്ട്.നീതികിട്ടാതെ നീറുന്ന ഹിജഡകളുടെ അരികു ജീവിതത്തിന്റെ ശക്തമായ പ്രതിനിധിയാണവർ. പൊതു സമൂഹം വെറുപ്പോടെ കാണുന്ന ഒരു വിഭാഗത്തോടുള്ള എംപതറ്റിക്കലായ നോട്ടമാണ് ഈ കൃതികൾ. എന്നാൽ അവരുടെ ജീവിതത്തിലെ രക്തരൂഷിതമായ പരുക്കൻ യാഥാർഥ്യങ്ങളോട് ഒരിക്കലും സമരസപ്പെടാൻ നമുക്ക് കഴിയില്ല.

കോഴിക്കോട്ടെ ഒരു ഗ്രാമത്തിൽ ജനിച്ച് കാശിയിലെത്തി അഘോരിയായി ജീവിച്ച മുനീറിൻ്റെ കഥയാണ് ഇദ്ദേഹത്തിന്റെ തന്നെ ‘നൂറുൽ മുനീറുൽ പൂർണാനന്ദ’എന്ന നോവൽ..മുനീർ നൂറുദ്ധീനായും പൂർണാനന്ദയായും ജീവിതമന്വേഷിച്ച്, ആത്മസായൂജ്യമന്വേഷിച്ച് നടത്തുന്ന യാത്രയാണിത്. സത്യമോ മിഥ്യയോയെന്ന് വേർതിരിക്കാനാവാത്ത വിധം ഇഴചേർന്ന് നിൽക്കുന്നൊരു രചന.

യാത്രാവേളയിൽ മുനീറിന് ചുട്ട മധുരക്കിഴങ്ങ് സമ്മാനിച്ച് ഒപ്പം താമസിപ്പിച്ച, 'ഞണ്ടിറുക്കി മെല്ലിച്ച ശരീരവുമായി മോക്ഷമന്വേഷിക്കുന്ന സൽതനജിനെ സാഗരസമാനരായ മനുഷ്യരുള്ള കുംഭമേളയിൽ വെച്ച് രണ്ടാമത് കണ്ടുമുട്ടും വിധം ആകസ്മ‌ികതയാണ് ജീവിതം..മുനീറും സൽത്തനജു  കണ്ടുമുട്ടുമ്പോൾ

അവഗണിക്കപ്പെട്ടെന്ന് ബോധ്യമായാലും എപ്പോഴെങ്കിലും പരിഗണിക്കപ്പെട്ടേക്കാമെന്ന വ്യാമോഹങ്ങളോടെ കാത്തുനിൽക്കുന്ന നിസ്സഹായത സൽത്തനജിന്റെ കണ്ണിൽ നമുക്ക് കാണാം..

അഗർത്തയിൽ നമുക്കൊരു ജ്വാലമുഖിയെ  കാണാം.. നമ്മുടെയുള്ളിൽ  കുറ്റബോധത്തിന്റെ ജ്വാല ഊതി തെളിയിക്കുന്നൊരുവൾ..

‘ഒരിക്കൽ ജൂഹുബീച്ചിലൂടെ കൂട്ടുക്കാർക്കൊപ്പം ഭിക്ഷ യ്ക്ക് പോയപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ജ്വാലാമുഖി യെ വളഞ്ഞു. അവളുടെ മുടി വലിച്ചെടുത്തു. മുലയായി തിരുകി വെച്ച പരുത്തിത്തുണി കടലിലേക്കെറിഞ്ഞു.

“എടോ ശിഖണ്ഡി. നിനക്ക് ആണായി ജീവിച്ചൂടെ? നല്ല തണ്ടും തടിയുമുണ്ടല്ലോ? അധ്വാനിച്ച് ജീവിക്കാൻ നല്ല ബുദ്ധിമുട്ടാണല്ലേ? നിന്റെയൊക്കെ കഴപ്പെന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം."

“നിനക്കെന്തറിയാം? പറ. നിനക്കെന്തറിയാം? ഒറ്റദിവസം; വേണ്ട. ഒരൊറ്റ മണിക്കൂർ നീ ഈ സാരിയുടുത്ത് പെണ്ണിനെ പോലെ നടക്ക്. എല്ലാം അറിയാംപോലും. എടോ, സ്വന്തം അച്ഛനും അമ്മക്കും കൂടെപ്പിറപ്പുകൾക്ക് പോലും, എന്തിന്. എനിക്ക് പോലുമറിയില്ല. ഞാനെന്താ ഇങ്ങനെയെന്ന്. എത്രയും വേഗം ചത്ത് തുലഞ്ഞ് പര ലോകത്തൊന്നെത്തിക്കോട്ടെ. നിന്റെയൊക്കെ തലക്ക് മീതെ നിൽക്കുന്ന ദൈവത്തെ എൻ്റെ കൈയിൽ കിട്ടും. ആണിനും പെണ്ണിനുമിടയിൽ ആണുമല്ലാത്ത പെണ്ണുമ ല്ലാത്ത ഒരു ജന്മം തന്ന്, ജീവിതകാലം മുഴുവനും കണ്ടാ ലറയ്ക്കുന്ന ജന്മങ്ങളായി ഞങ്ങളെ മാറ്റിയതിൻ്റെ കണക്ക് ഞാൻ ചോദിക്കും. വിടില്ല ഞാൻ.''

ജ്വാലാമുഖി നിന്ന് വിറച്ചു. ചെറുപ്പക്കാർ മുടി നില ത്തിട്ട് ഓടിപ്പോയി..

മുന്നോട്ട് വായിക്കാനാവാതെ വായനക്കാരനും വിറച്ചു പോകും..

പിന്നീട് നമ്മൾ സൽത്തനജിനെ കാണുന്നത് ‘ദായമ്മ ക്കൈ’ യിലാണ്.

“കുട്ടീ, മുറിച്ചാലും പരിഹാസം, മുറിച്ചില്ലെങ്കിലും പരിഹാസം. പാൻ്റിട്ടു നടന്നാൽ പെണ്ണാളാൻ, സാരിയുടുത്ത് നടന്നാൽ മാനസികരോഗി. എന്തുടുത്തിട്ടും നമുക്കെന്താ മനുഷ്യരെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് "?

തന്നോടും സമൂഹത്തോടും ചോദിക്കുന്ന സൽത്തനജ്..

ആധുനിക സാങ്കേതിക മികവിൻ്റെ ഉണർവിൽ ലിംഗമാറ്റ ശാസ്ത്രക്രിയകൾക്ക് ഇന്ന് ആശുപത്രികളിൽ സംവിധാനമൊരുക്കുമ്പോൾ, നൂറ്റാണ്ടിലെ അവസാനത്തെ ദായമ്മക്കൈ തൻ്റെ പതിനേഴാം വയസ്സിൽ കണ്ടതിൻറെ ഓർമയിൽ എഴുത്തുകാരൻ നമ്മളെ അസ്വസ്ഥപ്പെടുത്തും.

നമുക്ക് പരിചിതരായ തീവണ്ടിയിലും റോഡരികിലുമെല്ലാം കൈകൊട്ടി വന്നു കൊണ്ട് കാശ് വാങ്ങി അനുഗ്രഹം ചൊരിഞ്ഞു പോകുന്ന, കാശ് കൊടുത്തില്ലെങ്കിൽ തെറി വിളിച്ചും, ശപിച്ചും പോകുന്ന  നിഴൽ മാത്രം സ്വന്തമായുള്ള മനുഷ്യരിൽ നിന്നും ചത്താലും ജീവിച്ചിരുന്നാലും ആരെയും ബാധിക്കാത്ത, ഒരിടത്തും പ്രാധാന്യമില്ലാത്ത, ആരും ആഗ്രഹിക്കാത്ത ജീവിതം ജീവിക്കേണ്ടിവരുന്ന മനുഷ്യരെയാണ് നമുക്കിവിടെ കാണാൻ ആവുക.. ആരുടെയെങ്കിലും ദയവുള്ള ഒരു നോട്ടമെങ്കിലും അവർക്കു നേരെ വീഴാൻ വേണ്ടി മാത്രം ജീവിക്കുന്നവർ..പെൺമനസ്സും ആണുടലുമായി പിറന്നു വീഴുന്ന ഓരോ ഹിജഡയോടുമുള്ള സാമൂഹിക കാഴ്ചപ്പാടിന്റെ പരിണിത ഫലമാണ് അവർ അനുഭവിക്കേണ്ടി വരുന്നത്. എല്ലായിടത്തു നിന്നും ആട്ടിയകറ്റപ്പെടുന്നതിന്റെ വേദനകളും, ആർക്കും വേണ്ടാത്ത, ആർക്കും വന്നു കേറി കൊട്ടാവുന്ന ചെണ്ടയായി ജീവിതം മാറുന്നതിന്റെ വേദന, മരണത്തിനു മുന്നേ അവശേഷിക്കുന്ന ആണാടയാളങ്ങളെല്ലാം ഇല്ലായ്‌മ ചെയ്‌തു പൂർണ്ണമായും പെണ്ണായി മാറാൻ വെമ്പുന്ന, പെണ്ണായി മരണത്തെ പുല്കാൻ കൊതിക്കുന്നവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. തന്നോളം പോന്നൊരു പെണ്ണിനെ ഉള്ളിൽ പേറി ജീവിച്ച് തളർന്ന് ഒടുവിൽ പൂർണ്ണതയ്ക്ക് വേണ്ടി, സ്വാതന്ത്യത്തിനു വേണ്ടി ജീവിതകാലം മുഴുവൻ ചുമക്കുന്ന ഭാരത്തെ ഇറക്കിവയ്ക്കാനാവാതെ ജീവിതം ഒരു ചോദ്യചിഹ്നമാകുന്ന ഹിജഡകളുടെ അവസാനത്തെ അത്താണിയായ ദായമ്മക്കൈ എന്നത് വളരെ ഹൃദയഭേദകവും വേദനജനകവുമാണ്..മുറിച്ച് മാറ്റപ്പെട്ട ഭാഗത്തിൻ്റെ യാഥാർത്ഥ്യത നിർവ്വചിയ്ക്കാനാകാതെ ആണിൽ നിന്നും പെണ്ണിലേക്കുള്ള പരിണാമത്തിന്റെ അനന്തരഫലം ഓരോ ഹിജഡകൾക്കും ഏറെ ദു: സ്സഹനവും, ദുർഘടവുമാകുമ്പോൾ പകച്ച് നിന്ന് ജീവിതത്തെ മൗനമായി ശപിയ്ക്കുന്നവർ..

വെയിലിൽ വജ്രം പോലെ തിളങ്ങിയ സൽതനജിന്റെ കണ്ണീർ വരച്ചുകാട്ടിയ മാനമറുക്കപ്പെട്ട പെണ്ണിനേക്കാൾ ഭീതിജനകമായ അങ്കത്തട്ടിൽ പൂവറുത്തെടുക്കപ്പെടുന്ന കോഴിയുടെ അപമാനഭാരം..

ഏതെങ്കിലും ഒരുത്തൻ പ്രണയം നടിയ്ക്കുമ്പോൾ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിക്കാതെ അവന് വേണ്ടി സമ്പാദ്യങ്ങൾ കളഞ്ഞ് വേണ്ടതും, വേണ്ടാത്തതും ഒക്കെ വാങ്ങിക്കൊടുത്ത് അവൻ കഴുത്തിൽ താലി ചാർത്തുന്നതും സ്വപ്‌നം കണ്ട് ജീവിതത്തെ വ്യർത്ഥമാക്കുന്നവരുടെ ദൈന്യതകൾ..

ഇരുളിൽ പെണ്ണുടലുകൾ മിനുക്കി കസ്റ്റമറെ കാത്തു നില്ക്കുന്ന ഹിജഡകളുടെ അസ്പർശമാക്കിയ ഉടലുകളുടെ പ്രരോദനങ്ങൾ..

 നിർവ്വാണം വരെ പുരുഷന്മാരുടെ ദുർഗന്ധം താങ്ങി ഓക്കാനിച്ച് കഷ്ടതപ്പെട്ട് കിട്ടിയ കാശിന്റെ്റെ പേരിൽ ജൽസ കഴിഞ്ഞ് അമ്മയായി അനേകം മക്കളുമായി ജീവിതപ്രയാണം നടത്തുന്നവരുടെ വ്യഥനങ്ങൾ..

41 നാൾ മത്സ്യമാംസാദികൾ കഴിയ്ക്കാതെ ശരീരത്തിൽ നിന്നൊരു രോമം പോലും പിഴുതെടുക്കാനോ, പുരുഷനുമായി വേഴ്ചയിലേർപ്പെടാനോ പാടില്ലാതെ ഇലക്കറികളും, പഴങ്ങളും കഴിച്ച് മുന്തിരിങ്ങയും, ഉറുമാമ്പഴവും ധാരാളം കഴിച്ച് തന്റെ സ്വത്വത്തിനായി ഒരുങ്ങുന്ന ഹിജഡകളുടെ ആന്തരിക സംഘർഷങ്ങളുടെ വേലിയേറ്റ വേലിയിറക്കങ്ങൾ..

സൽതനജ് കാലകത്തി കാണിച്ച പൊത്താണ് ദായമ്മക്കൈ എന്നറിഞ്ഞിട്ടും ഞെട്ടാത്ത രാഗയുടെ മുൻപിൽ തലകുനിച്ച മാഘപൗർണ്ണമിയുടെ പ്രതിച്ഛായ..

ഞാനൊന്ന് മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ. ചടങ്ങിനിടെ ഞാൻ മരിച്ചാൽ അടുത്തൊരു ജന്മത്തിൽ ഞാൻ നൂറിടങ്ങളിൽ പുനർജ നിക്കണം. എന്നെ കളിയാക്കിയവരുടെ, വസ്ത്രമഴിപ്പിച്ചവരുടെ, മുടിപിടിച്ച് വലിച്ചവരുടെ, കുഞ്ഞായിരുന്നപ്പോൾ കാമം ഛർദിച്ചവരുടെ വീടുകളിൽ അവരുടെ കുഞ്ഞായി ജനിക്കണം. അവരുമറിയട്ടെ ഈ ജന്മത്തിന്റെ ഭാരമെത്രമാത്രമുണ്ടെന്ന്…എന്ന് മനസ്സുറപ്പോടെ പറയുന്ന രാഗ..

ദൈവത്തിനും പിശാചിനും വേണ്ടാത്ത ജന്മങ്ങളെന്ന പാപഭാരം പേറിയലയുന്ന ഹിജഡകളുടെ ജീവിതത്തിലെ ഏറ്റം ഭയാനകമായ നിമിഷമാണ് ദായമ്മക്കൈ. മുറിച്ചെടുത്ത ലിംഗത്തിൽ നിന്ന് ചീറ്റിയൊഴുകുന്ന ചുടുചോര ദേഹമാസകലം തേച്ചു പിടിപ്പിക്കുമ്പോൾ വീടിന്റെ പിന്നാമ്പുറത്ത് ആറടിനീളത്തിൽ ഒരു കുഴിവെട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ആ ചടങ്ങ് കഴിഞ്ഞാൽ അവർ ജീവിക്കുമെന്ന് ഉറപ്പ് ഇല്ലാത്തത് കൊണ്ട് അവരെ തന്നെ മൂടാൻ ആണ് ആ കുഴി. സ്വന്തം ഖബർ കണ്ട് കൊണ്ട്, അതിലേക്ക് മൂന്ന് പിടി മണ്ണിട്ട് കൊണ്ട്, അത് വരെ കൂട്ടായിരുന്നവരോട് യാത്ര പറഞ്ഞാണ് ഓരോരുത്തരും ദായമ്മക്കൈ ചെയ്യാനായി മുന്നോട്ട് വരുന്നത്. 99.99 ശതമാനം മരണം മുന്നിൽ കണ്ടിട്ടും അവർ ഈ കടും കൈയ്ക്ക് സ്വന്തം ശരീരം വിട്ട് നൽകുന്നുണ്ടെങ്കിൽ...അവർക്ക് ആ ശരീരം എന്തൊരു ഭാരമായിരുന്നിരിക്കണം..

പക്ഷേ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ‘ദായമ്മക്കൈ’ എന്ന ചടങ്ങിനെക്കാളും അവരെ വേദനിപ്പിക്കുന്നത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഒറ്റപ്പെടുത്തലുകൾ ആണത്രേ..

സമൂഹം ഒമ്പതെന്നും, ചാന്തുപൊട്ടന്നും  മുദ്രകുത്തി മാറ്റി നിർത്തപ്പെട്ട ആൺ ശരീരത്തിൽ പെണ്മനസുമായി ജീവിക്കുന്ന പാവം മനുഷ്യജന്മങ്ങൾ . കളിയാക്കലും കുറ്റപ്പെടുത്തലും ഭയന്നു നാടും വീടും വിട്ടു ഇറങ്ങുന്ന ഇത്തരം ആളുകൾ ട്രാൻസ് കമ്മ്യൂണിറ്റികളിൽ എത്തുകയും, തുടർന്ന് അവർ  ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരയാവുകയും ചെയ്യുന്നു.

99%മരണമാണെന്നറിഞ്ഞുകൊണ്ടും "സാരമില്ല ക്കാ, മരിക്കാൻ ഞാൻ തയ്യാറാണ്. മരിക്കുമ്പോൾ എൻ്റെ ശരീരത്തിൽ പുരുഷന്റെതായ യാതൊന്നും ബാക്കിനിൽക്കരുതെന്ന് മാത്രം  സൽതജനോട് പറയുന്ന രാഗാരഞ്ജിനിയെപ്പോലെ എത്ര ജീവനുകൾ പൊലിഞ്ഞിട്ടുണ്ടാകാം..

മനസിന് വല്ലാത്തൊരു വേദനയോടെ അല്ലാതെ ഇത് വായിച്ചു തീർക്കാൻ ആവില്ല….അവരും നമ്മപ്പോലെ മനുഷ്യരാണ് വിവേചനത്തിലൂടെയും, വെറുപ്പിലൂടെയും കഷ്‌ടപ്പാടുകളിലൂടെയും മാത്രം കടന്നു പോകേണ്ടവർ അല്ല..

എഴുത്തുകാരൻ്റെ ആഗ്രഹം പോലെത്തന്നെ കുറച്ച് പേരുടെ ചിന്തകൾക്ക് എങ്കിലും മാറ്റം വരുത്താൻ ഈ പുസ്‌തകങ്ങൾക്ക് കഴിയട്ടെ..


Febeena. K.

Assistant Professor of Malayalam

Al Shifa College of Arts and Science, Keezhattur, Perinthalmanna.

 

 

 

 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്