ആണ്ടാൾ ദേവനായകിയിൻ കഥൈ


യാത്രകളിൽ പുസ്തകങ്ങളെ കൂട്ടുപിടിക്കുന്ന ശീലം കളഞ്ഞുപോയിട്ട് വർഷങ്ങൾ കുറച്ചായിരിക്കണം. അത്രയധികം മനസ്സിനെ പിടിച്ചുലച്ച പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടില്ലെന്ന് തന്നെ വേണം കരുതാൻ. അങ്ങനെയിരിക്കെ ഒരു ട്രെയിൻ യാത്രയിലാണ് ഒരു പുസ്തക വിൽപ്പനക്കാരൻ ടി. ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി യുമായി വന്നെത്തുന്നത്. അദ്ദേഹത്തിൻറെ കയ്യിലുണ്ടായിരുന്ന ഒരുപാട് പുസ്തകങ്ങൾക്കിടയിൽ 'സുഗന്ധിഒരൽപം വ്യത്യസ്തമായി തോന്നി. എൻറെ ഉറക്കത്തെയും കാഴ്ചപ്പാടുകളെയും പിടിച്ചുലയ്ക്കുന്ന ഒന്നാവും അതെന്ന് അറിയാതെ 'സുഗന്ധി' അന്ന് എൻ്റെതായി.

2017 ൽ വയലാർ അവാർഡിന് അർഹമായ ഈ കൃതി ചരിത്രത്തിന്റെയും രാഷ്ട്രീയത്തിൻ്റെയും ഫാൻസിയുടെയും മിത്തിന്റെയും എല്ലാം ലോകത്തേക്ക് വായനക്കാരനെ സസൂക്ഷ്മം കൊണ്ടു പോകുന്നു. ചിലയിടങ്ങളിൽ മിത്ത് ആണോ ഫാന്റസി ആണോ യാഥാർത്ഥ്യമാണോ എന്നുള്ള തിരിച്ചറിവിന് അപ്പുറത്തേക്ക് അദ്ദേഹം നമ്മളെ കൊണ്ടുപോകുന്നു. പീറ്ററിന്റെയും സുഗന്ധിയുടെയും ആണ്ടാൾ ദേവനായകിയുടെയും, അവർ അനുഭവിക്കുന്ന തീക്ഷ്ണമായ യാഥാർത്ഥ്യങ്ങളിലേക്കും, നമുക്ക് ചുറ്റും കണ്ടും കേട്ടും കൊണ്ടിരിക്കുന്ന അസഹനീയതയുടെ പ്രതീകങ്ങളിലേക്കും ഒരു യാത്ര. നാം കേട്ടറിഞ്ഞിരിക്കുന്ന ചരിത്രങ്ങളെല്ലാം യാഥാർത്ഥ്യങ്ങളാണോ എന്നുള്ള ചോദ്യം ചെയ്യൽ കൂടിയാണ് ഈ കൃതി.

ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ ഭീകരതയും പോരാട്ടങ്ങളും പീഡനങ്ങളും നമ്മുടെ ചുറ്റും എന്നവണ്ണം നമ്മെ പിടിച്ചുലക്കുന്നു. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി യിലെ സ്ത്രീ കഥാപാത്രങ്ങളെ എനിക്ക് ഒരിക്കലും മറക്കാനാവും എന്ന് തോന്നുന്നില്ല. അവർ അനുഭവിക്കുന്ന പീഡനങ്ങൾ നമ്മൾ വാർത്തകളുടെയും സോഷ്യൽ മീഡിയയിലൂടെയും ഇന്നും കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ്. അതിൻറെ മുറിവ് ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും മായും എന്ന് തോന്നുന്നില്ല. സുഗന്ധി എന്ന കഥാപാത്രമാണ് നമ്മൾ മെനഞ്ഞു വച്ചിരിക്കുന്ന സങ്കല്പത്തിന്റെ ചങ്ങലക്കെട്ടുകളെയെല്ലാം പൊട്ടിച്ചെറിയുന്നത്.



ആണ്ടാൾ ദേവനായകിയുടെ ശബ്ദം പ്രതിരോധത്തിൻ്റെയാണ്- ഇല്ലാതാക്കപ്പെടുന്നതിനെതിരെയുള്ള സ്ത്രീപോരാട്ടത്തിൻ്റെ ശബ്ദമാണത്. ചരിത്രത്തിൽ നിശബ്ദമാക്കപ്പെട്ട പെൺപോരാളികളുടെ നിലനിൽപ്പിൻ്റെയും രാഷ്ട്രീയത്തിൻ്റെയും ശബ്ദം കൂടെയായി അവൾ മാറുന്നുണ്ട്. സുഗന്ധി എന്ന പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ആണ്ടാൾ ദേവനായകിയായി മാറുമ്പോൾ,  അവളുടെ ശരീരം നശിച്ചാലും, അവളുടെ ശബ്ദം  മരിക്കുന്നില്ല, പകരം അത് ഈ ലോകത്തുടനീളം പ്രതിധ്വനിക്കുന്നു എന്നതിൻ്റെ സൂചനയാകുന്നു.  ചരിത്രത്തിൻ്റെ ഏടുകളിൽ നിന്ന് മാഞ്ഞുപോവാൻ വിസമ്മതിക്കുന്ന, ശാരീരികവും മാനസികവുമായ ദുരിതങ്ങൾ പേറി ചത്തൊടുങ്ങേണ്ടിവന്ന, യുദ്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ചങ്ങലക്കെട്ടുകളിൽ കുരുങ്ങി, ചരിത്രത്തിൽ മറവ് ചെയ്യപ്പെട്ട പെൺജീവിതങ്ങളുടെ ശബ്ദത്തിന്റെ ധ്വനി നമ്മൾ കേൾക്കുന്നത് ആണ്ടാൾ ദേവനായകിയിലൂടെയാണ്.

കനവ് തുലൈന്തവൾ നാൻ

കവിതൈ മറന്തവൾ നാൻ

കാതൽ കരിന്തവൾ നാൻ

കർപ്പ് മുറിന്തവൾ നാൻ”  

എന്ന് സുഗന്ധി കുറിക്കുമ്പോൾ, അത് വിരൽചൂണ്ടുന്നത് ശ്രീലങ്കൻ ഭരണകൂടത്തിൻ്റെയും പുരുഷാധിപത്യത്തിൻ്റെയും നേർക്കുതന്നെ. ഉടലും ഉയിരും നശിപ്പിക്കപ്പെട്ടാലും ഞങ്ങളുടെ ശബ്ദം നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും എന്നതിൻ്റെ തെളിവാണ് രജനിയും സുഗന്ധിയും ജൂലിയറ്റും പൂമണി ശെൽവനായകവുമെല്ലാം.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി യിലുടനീളം നമ്മൾ സാക്ഷ്യം വഹിക്കുന്നത് വ്യത്യസ്തമായ സ്ത്രീ ജീവിതങ്ങളെയാണ്. യുദ്ധതന്ത്രങ്ങളിലും രാഷ്ട്രതന്ത്രത്തിലും മികവുപുലർത്തുന്ന ദേവനായകി. എന്നാൽ, സ്ത്രീസൗന്ദര്യതിൻ്റെയും മെയ്യഴകിൻ്റെയും ആൾരൂപവും ഭോഗവസ്തുവും മാത്രമാണവൾ അധികാരികൾക്ക്. ശരീരം എന്നതിനപ്പുറത്തേക്ക് തനിക്കൊരു സ്വത്വമുണ്ടെന്ന തിരിച്ചറിവിലേക്ക് കൊണ്ടുവരുന്നത് ദേവനായകിയാണ്. കാന്തള്ളൂർ മന്നനും ചോള മന്നനും സിംഹള മന്നനും ഉടലുകൾ വ്യത്യസ്തമെങ്കിലും ഒരേ സമൂഹത്തിൻ്റെ പ്രതിനിധികൾ തന്നെ. ആയോധനകലകളിലും രാജ്യതന്ത്രത്തിലും മികവുപുലർത്തിയ, അപ്സര സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദേവനായകി  കാലാതീതമായ സങ്കല്പമായി മാറുന്നു. നോവലിന്റെ ഹൃദയത്തിൽ നിലകൊള്ളുന്നത് സുഗന്ധിയുടെ അത്ഭുതകരമായ പരിവർത്തനമാണ്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ കലഹക്കാറ്റിൽ അകപ്പെട്ടിരുന്ന സുഗന്ധി, അതിരുകളും കാലവും മറികടക്കുന്ന ദൈവിക സാന്നിധ്യമായ ആണ്ടാൾ ദേവനായകിയായി രൂപാന്തരപ്പെടുന്നു. സുഗന്ധി ഒരു പ്രണയിനിയാണ്, വിപ്ലവകാരിയാണ്, പോരാളിയാണ്. അവളുടെ ജീവിതം സംഘർഷങ്ങളുടെയും പ്രതിരോധത്തിന്റെയും അടയാളങ്ങൾ നിറഞ്ഞതാണ്. എന്നാൽ ചരിത്രം അവളെ ഓർക്കാൻ വിസമ്മതിക്കുമ്പോഴും, അവളുടെ കഥ രാഷ്ട്രീയത്തിന്റെ ആർത്തശബ്ദത്തിൽ മറഞ്ഞുപോകുമ്പോഴും, അവൾ ആണ്ടാൾ ദേവനായകിയായി പിറവിയെടുക്കുന്നു. അവൾ കാലത്തെയും മരണത്തെയും അതിജീവിക്കുന്നു. സുഗന്ധിയും ആണ്ടാൾ ദേവനായകിയും  ഒരു ചിലന്തിവലയിലെന്നപോലെ അകപ്പെട്ടുകിടക്കുന്ന യാഥാർത്ഥ്യങ്ങളായിരിക്കെ പുരുഷമേധാവിത്വം പുലമ്പുന്ന ഇന്നിൻ്റെ സമൂഹത്തിൽ ഈ പുസ്തകം ഒരു വേറിട്ട അനുഭവമാകുന്നു.



Adithya. S

Assistant Professor of English

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്