പൈപ്പിന് ചുവട്ടിലെ പാഠം!
മൂന്നു പാതകൾ ചേരുന്ന ഒരു നാട്ടുമുക്ക്. പാത എന്നു പറയുമ്പോൾ ഇന്നത്തെതു പോലെ ടാറിട്ട റബറൈസ്ടും ലെവലൈസ്ടും ഒന്നുമല്ല. നല്ല മൺ റോഡ്. ഒരു ഇരുചക്ര വാഹനം പോയാൽ തന്നെ പുറകിൽ പുകമറ പൊങ്ങി വീടുവരെ കൊണ്ടുവിടുന്ന തരത്തിലുള്ള പൂഴിമണ്ണ് ഉയരുന്ന പാത. ആ റോഡിന് ചാരെയായി ഉണ്ട് ഒരു പഞ്ചായത്ത് പൈപ്പ്. മൂന്നും കൂടിയ ആ മൂലയും ആ ടാപ്പു ആയിരുന്നു വീടിനുള്ള അടയാളം.
ചുവര് ചുരണ്ടിയാൽ മേൽക്കൂരയുടെ മേളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടാങ്കുകളിൽ വെള്ളം നിറയുന്ന കാലം വരുന്നതിനേക്കാൾ മുൻപ് പഞ്ചായത്ത് പൈപ്പുകൾ ആയിരുന്നു വീടുകളിലേക്ക് വെള്ളം എത്തിക്കുക. സ്ത്രീകളുടെ ഒക്കത്തും തലയിലും ആടി ഉലഞ്ഞു തുളുമ്പുന്ന കുടങ്ങളിലും പാത്രങ്ങളിലും ആയി വെള്ളം മാത്രമല്ല പോവുക മറിച്ച് വീടുകളിലെ ജനനം മരണം വിവാഹം അങ്ങനെ പോകുന്ന നാട്ടുവർത്തമാനങ്ങൾ സ്ത്രീകളുടെ കൂടെ അന്യ വീടുകളിലേക്ക് സഞ്ചരിച്ചു.
ഈ പഞ്ചായത്ത് പൈപ്പിന്റെ അടുത്തുള്ള വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ജല അതോറിറ്റി ടാപ്പുകളിലേക്ക് വെള്ളം വിതരണം ചെയ്യുക രാത്രി പത്തരയ്ക്ക് ശേഷം ആയിരുന്നു. അതുകൊണ്ടുതന്നെ ആ നാട്ടിൽ ഗൂർക്കയുടെ ആവശ്യം വന്നിരുന്നില്ല. ജനം ഉറരുക തന്നെ രാത്രി ആയിരുന്നു. പത്തരയ്ക്ക് വിതരണം തുടങ്ങുന്ന വെള്ളം പുലർച്ചെ മൂന്നു മൂന്നര വരെ കുടങ്ങളായ കുടങ്ങളിലേക്ക് ഒഴുകിനിറയും. വീടുകളിൽ കിണറോ കുഴൽക്കിണറുകളോ ഇല്ലാത്തതിനാൽ മഴക്കാലത്ത് മാത്രം നിറഞ്ഞുനിൽക്കുന്ന പാടത്തെ കിണർ ഒഴിച്ചാൽ ഈ ടാപ്പുകൾ ആയിരുന്നു ഏക ആശ്രയം. പാലക്കാട്ടിൽ ജലക്ഷാമത്തിന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. കുടിവെള്ളത്തിനായി പാടത്തിന് നടുക്കുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ നിന്ന് വേണം ജലം ശേഖരിക്കാൻ. അത് പകൽ കോരി നിറച്ചു വയ്ക്കും. മറ്റ് ആവശ്യങ്ങൾക്കായി ആ നാട്ടിലെ ജനങ്ങൾ മുഴുവൻ ആശ്രയിച്ചത് എല്ലാവരും ഉറങ്ങുമ്പോൾ ഉണരുന്ന പഞ്ചായത്ത് പൈപ്പിനെയാണ്. ഒന്നാലോചിച്ചു നോക്കണം ഒരു കിലോമീറ്റർ ചുറ്റളവിൽ 50ൽ പരം വീടുകൾ. നാട്ടുകാരെ കുളിപ്പിക്കുകയും തുണികൾ നനയ്ക്കുകയും വീടുകളെ വൃത്തിയായി കൊണ്ടുനടക്കുവാനുമുള്ള ഉത്തരവാദിത്തമാണ് ആ പൈപ്പിൻ ഉള്ളതു.
വേനൽക്കാലമായാൽ ഗതിമാറും. ഒരു ദിവസം ഇടവിട്ട് മാത്രമാണ് പൊതു ജല അതോറിറ്റി നാട്ടുകാർക്ക് വെള്ളം എത്തിക്കുക. വെള്ളം ലഭ്യമാവുക എന്ന് അറിയാൻ കാര്യമായി പ്രയാസപ്പെടേണ്ടത് ഒന്നുമില്ല. ചൈനയിലെ വൻമതിൽ കണക്കെ ടാപ്പിന്റെ ഇരുവശത്തേക്കും നീളുന്ന ക്യൂ കാണും, മനുഷ്യരുടേതല്ല കേട്ടോ പല വർണ്ണ കുടങ്ങൾ പാത്രങ്ങൾ ബക്കറ്റുകൾ സ്റ്റീൽ മോന്തകൾ എന്ന് വേണ്ട സ്ഥാനം പിടിക്കാൻ പാകത്തിന് പറ്റിയ വസ്തുക്കളുടെ ഒരു നീണ്ട നിര. പതുക്കെ പതുക്കെ ഈ പാത്രങ്ങൾ അപ്രത്യക്ഷമായി തുടങ്ങി. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന് കേട്ടിട്ടില്ലേ, ആ പഴമൊഴിയെ അൻവർദ്ധമാക്കിക്കൊണ്ട്, വെള്ളം പിടിക്കാൻ സ്ഥലം പിടിച്ച പത്രങ്ങൾ മോഷ്ടിക്കപ്പെട്ടു തുടങ്ങിയിരുന്നു. സിസിടിവി ഒന്നുമില്ലല്ലോ, പുതിയ കുടങ്ങളും സ്റ്റീൽ പാത്രങ്ങളും മൺചട്ടികളും ഓരോന്നോരോന്നായി നിരവിട്ട പുറത്തുപോകാൻ തുടങ്ങിയപ്പോൾ പുതു പാത്രങ്ങൾക്ക് പകരം പൊട്ടിയ മഞ്ചട്ടികളും അറ്റം മുറിഞ്ഞുപോയ ബക്കറ്റുകളും ഞളുങ്ങിയ ഓട്ട വീണ അലുമിനിയം പാത്രങ്ങൾ സ്ഥാനം പിടിച്ച് തുടങ്ങി.
വെള്ളം സപ്ലൈ ചെയ്യപ്പെടുന്ന രാത്രിയിൽ ചുറ്റും ബഹളം ആയിരിക്കും. തങ്ങൾ പോലും അറിയാതെ പാറാവുകാരാകുന്ന നാട്ടുകാർ! ചെറുപ്പകാലവും ജനിച്ചു വളർന്ന വീടും ഓർമ്മ വരുമ്പോൾ ഒപ്പം മനസ്സിൽ ഇടം തേടി എത്തുന്ന ഒന്നാണ് ഈ പഞ്ചായത്ത് പൈപ്പ്. കാരണം മറ്റൊന്നുമല്ല വലിയ ഒരു പാഠമാണ് ആ ആ മിണ്ടാതെ മിണ്ടുന്ന പൈപ്പ് സമ്മാനിച്ചിട്ടുള്ളത്.
വീടിന് രണ്ട് ഗേറ്റുകൾ ആണ് ഉള്ളത്, ഒന്ന് ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാരായി വരുന്ന വിരുന്നുകാർക്കും. മറ്റേത് ആകട്ടെ നാൽചക്ര വാഹനത്തിനും ഉത്സവത്തിനു മറ്റോ ഊരു ചുറ്റുന്ന പറയെടുക്കാൻ വരുന്ന ആനകൾക്കും വേണ്ടിയുള്ളതും. ആ ഗേറ്റിന് അഭിമുഖമായാണ് മേൽപ്പറഞ്ഞ പഞ്ചായത്ത് ടാപ്പ്. രാത്രി 8 മണിയാവുമ്പോൾ ഗേറ്റ് രണ്ടും പൂട്ടും. കുട്ടി ആയിരിക്കുമ്പോഴേ ഗേറ്റ് പൂട്ടാനുള്ള ഉത്തരവാദിത്വം ഇടയ്ക്കൽ എങ്കിലും എനിക്കും കിട്ടാറുണ്ട്. അച്ഛന്റെ കാവലിൽ.
അന്നു ഒരു രാത്രി ഗ്രാമീണർ പ്രതീക്ഷിച്ചതിനു മുൻപേ അറിയുന്നതിനു മുൻപേ പതിവിലും നേരത്തെ എത്തിപ്പോയി വെള്ളം, പഞ്ചായത്ത് ടാപ്പ് ഉണർന്നിരിക്കുന്നു! വെള്ളം വരുമ്പോൾ ആദ്യത്തെ തുള്ളി വരെ പിടിക്കാൻ വേണ്ടി പൈപ്പ് തുറന്നാണ് വച്ചച്ചിട്ടുണ്ടായിരുന്ന ത്. ഗേറ്റ് പൂട്ടുന്ന സമയത്ത് ഏറ്റവും മുന്നിൽ തന്നെ ഇടം പിടിച്ചിട്ടുള്ള കുടം ഈണമിടാൻ തുടങ്ങിയിരുന്നു. അൽപ്പനേരം കഴിഞ്ഞതും പാട്ട് നിലയ്ക്കുകയും താളം പിടിച്ചുകൊണ്ട് വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകുവാനും തുടങ്ങി. വീട്ടിൽ ആവട്ടെ ഒരു സാധാ കിണറും കുഴൽ കിണറും പഞ്ചായത്ത് ടാപ്പും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ടാപ്പിലൂടെ ഒഴുകുന്ന വെള്ളം നാട്ടുകാർക്ക് അമൃതാണ് എന്ന് മനസ്സിലാക്കാത്തതിൽ അത്ഭുതവും ഇല്ല!
"നീ പോയി ആ ടാപ്പ് അടച്ചു വരൂ", പിന്നിൽ നിന്നും അച്ഛൻ പറഞ്ഞു. അനുസരണയോടെ ചെന്ന് വെള്ളം നിർത്തി വന്ന എന്നോട് അച്ഛൻ പറഞ്ഞു "ജലം പാഴാക്കരുത്, അത് നമ്മുടെ കിണറ്റിൽ നിന്നായാലും പൊതു സ്ഥലങ്ങളിൽ നിന്നായാലും ".
പുസ്തകങ്ങളിൽ നിന്നും പഠിക്കുന്ന പാഠങ്ങളെക്കാൾ മഹത്തായ അറിവ് പകർന്നു തരിക അനുഭവങ്ങൾ ആയിരിക്കും. ഇന്ന് പകൽ സമയത്ത് സ്ട്രീറ്റ് ലൈറ്റ് കത്തി കാണുമ്പോഴും വഴിയിൽ വെള്ളം ഒഴുകി പോകുന്നത് കാണുമ്പോഴും പൊതു സ്ഥാപനങ്ങളിൽ അനാവശ്യമായി ഊർജ്ജം പാഴായി പോകുന്നത് കാണുമ്പോൾ പണ്ട് മനസ്സിൽ പതിച്ച ആ സ്വരം വീണ്ടും കേൾക്കാറുണ്ട്!
Saritha. K
Vice Principal & Assistant Professor of English,
Al Shifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment