വിധ്യാപകൻ
നല്ലൊരു അധ്യാപകനേക്കാൾ അയാൾ നല്ലൊരു കഥപറച്ചിലുകാരനായിരുന്നു. മൂപ്പര് പറഞ്ഞ് വെച്ച കഥകളൊക്കെയും മറവിയോട് മല്ലിട്ട് ഓർമ്മയുടെ ഏതൊക്കെയോ മൂലകളിൽ പൊടി വീഴാതെ ഇപ്പോഴും ഇരിപ്പുണ്ട്. ഒരു പേര് കൊണ്ട്, ചിലപ്പോൾ ഗൃഹാതുരമായൊരു സുഗന്ധം കൊണ്ട് വർഷങ്ങൾ പിന്നിലേക്ക് വലിക്കാവുന്ന ഒരു ഇഴയടുപ്പം അദ്ദേഹം കോറിയിട്ട കഥകളിൽ നൂൽ ചേർന്ന് കിടക്കുന്നുണ്ട്.
ഓർത്തെടുക്കാൻ ഒരുപാടുള്ള കലാലയ ജീവിതത്തിലെ നിറംപിടിച്ച കഥകളിലെ കുഞ്ഞുണ്ണി മാഷ് അദ്ദേഹമായിരുന്നു.
ഓർത്തു വരുന്ന ആദ്യത്തെ കഥ മാധവിക്കുട്ടിയുടെ നെയ്പ്പായസം ആണ്. അന്ന് ഞങ്ങൾ മധുരപ്പത്തിനേഴുകാരുടെ ക്ലാസ്, എത്ര അടക്കി നിർത്തിയാലും ബഹളത്തിൻ്റെ ഒരു തിരി വീണാൽ ശബ്ദം കൊണ്ട് മുഖരിതമാവുന്ന മികച്ച 'അച്ചടക്കമുള്ള' ഒരു ക്ലാസ് മുറി.
നട്ടുച്ച വെയിൽ ഗ്രൗണ്ടിൽ വീണ് തളർന്ന് നിലം പഴുത്ത നേരം, ഉള്ളിൽ പലയിടത്തും വിശപ്പ് കെട്ട് പൊട്ടിക്കാൻ വെമ്പുന്നുണ്ട്. സ്വന്തമല്ലാത്ത പീരിയഡിൽ അവകാശത്തോടെ മൂപ്പര് കേറി വന്നു.
ഉള്ളിൽ പെരുത്ത് കയറിയ ആദ്യത്തെ ദേഷ്യം മൂപ്പരുടെ പൊടി നമ്പറുകളിൽ വഴി മാറിയിറങ്ങി. NIOS ൻ്റെ കനമുള്ള ടെക്സ്റ്റ് ബുക്കുകൾ ഡെസ്കിൽ നിരക്കുന്ന ശബ്ദം അപ്പുറത്തെ ക്ലാസിലും മുഴങ്ങിക്കാണണം.
പഠിച്ചു പഴകിയ ഇതളുകൾ കടന്ന് ഏകദേശം പുസ്തകത്തിൻ്റെ മധ്യഭാഗത്ത് ഒരു മനോഹര ഗന്ധവും തുറന്നൊരു പുഷ്പം പോലെ മലയാളം പുസ്തകം നിവർന്നിരുന്നു. തന്നെത്താനെ മറിഞ്ഞു പോകാതിരിക്കാൻ ഇരുവശത്തും കൈ കുത്തി പുസ്തകം നേരെയിരുത്താൻ എല്ലാവരും പാടുപെടുന്നുണ്ട്. പഠിക്കുന്ന പുസ്തകത്തിൽ കൈമുട്ട് കുത്തിവെക്കുന്നത് അദബ് കേടാണെന്ന ഒരു ശാസന ക്ലാസിൻ്റെ ഒത്ത നടുക്ക് വന്നു വീണു.
വൈകുന്നേരത്തെ ഫുട്ബോളിന് ഫോർമേഷൻ വരച്ച് ടീം ഇട്ട് വെച്ച പേപ്പർ തൽക്കാലം പുസ്തകത്തിൻ്റെ ചട്ടയുടെ അടിയിലൊളിപ്പിച്ചു.
"ചുരുങ്ങിയ തോതില്‍ ശവദഹനം കഴിച്ചുകൂട്ടി,ഓഫീസിലെ സ്നേഹിതന്‍മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ചു,രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛന്‍ എന്ന് വിളിക്കാം. കാരണം,ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളൂ.അവര്‍ അയാളെ ‘അച്ഛാ’ എന്നാണു വിളിക്കാറുള്ളത്. "
ആദ്യ വരികളിൽ വേണ്ടുവോളം ഔത്സുക്യം കോരിയിട്ടു വിരക്തിയോടെ ഇരുന്നവരെ കൂടി കമല സുരയ്യ കഥയിലേക്ക് വലിച്ചു വീഴ്ത്തി. അവിടുന്നങ്ങോട്ട് ഒരു മൂന്നര പേജോളം അദ്ദേഹം ഒരു മാന്ത്രികനെ പോലെ കഥ വായിച്ചു. എതിരാളികളെ അത്യന്തം മെയ്യടക്കത്തോടെ ഡ്രിബിൾ ചെയ്ത് നീങ്ങുന്ന ഒരു ഫുട്ബോളറെ പോലെ അദ്ദേഹം കഥയുമായി നീങ്ങി.
ശബ്ദം പൊങ്ങിയും താഴ്ന്നും, ഇടക്കൊന്ന് ഇടറിയും പതറിയും വരികളിലെ വേദന ശബ്ദത്തിൽ കുറിച്ചും നിസ്സഹായത ഭാവത്തിൽ കാണിച്ചും വാക്കടക്കത്തോടെ അദ്ദേഹം വായിച്ചു. പത്ത് മുപ്പത് പേരടങ്ങിയ ഒരു മുഴുവൻ ക്ലാസിനെ കൊളുത്തിട്ട് വലിച്ച് കൂടെ കൊണ്ടുപോയ അഭിമാന ബോധം ഇടക്കിടെ മൂപ്പരുടെ മുഖത്ത് മിന്നി മറഞ്ഞു.
"അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്...."
വായിച്ചു തീരുമ്പോൾ പ്രണയം തളിരിട്ട് തുടങ്ങുന്ന പതിനേഴുകാർക്ക് ആഴത്തിൽ വേദന വീണ് മനസ്സ് വിണ്ടുകീറിയിരുന്നു. അമ്മയില്ലാത്ത മക്കളെക്കാൾ ഒരുപക്ഷേ, പ്രണയിനി ഒന്നും പറയാതെ ഇറങ്ങിപ്പോയ വേദനിക്കുന്ന അച്ഛനെ ചേർത്ത് പിടിക്കാൻ തോന്നിക്കാണും.
ഒരു വാക്കിൻ്റെ പോലും അർഥം പറയാതെ, വിശദീകരിക്കാതെ, പര്യായപദം എഴുതാതെ, ആഖ്യാനഭംഗി കൊണ്ട് ഉള്ളിൽ വെള്ളിടി വീഴ്ത്തി അയാൾ. അവസാനം ഇനിയൊരിക്കലും ആസ്വദിക്കാൻ കിട്ടാത്ത നെയ്പ്പായസത്തിൻ്റെ മരണത്തിൻ്റെ ഗന്ധമുള്ള രുചി ചേർത്ത് മുറിവുണക്കാൻ ഒരു വൃഥാ ശ്രമം നടത്തി കഥ അവസാനിക്കുമ്പോൾ, നേരത്തെ പറഞ്ഞ പുസ്തകം ഒരു നൊമ്പരത്തിപ്പൂ* പോലെ വ്യസനിച്ച് വാടിത്തളർന്നിരുന്നു.
ജീവിതം പിന്നെയും കൊറേ മുന്നോട്ട് പോവുമ്പോൾ "നെയ്പ്പായസത്തിന് " അന്നത്തേക്കാൾ അർത്ഥവും ആഴവും രുചിയുമുണ്ടെന്ന് അറിയുമ്പോഴും അമ്മ പോയ മൂന്ന് മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും ഓർത്ത് സങ്കടപ്പെട്ട പതിനേഴുകാരൻ്റെ വേദന ഇപ്പോഴും ഉള്ളിൽ നുരഞ്ഞു പൊങ്ങും. ഒപ്പം ആദ്യത്തെ വായന അത്രയും ആഴത്തിൽ കൊണ്ടുപോയി കല്ലിട്ട് വെച്ച വായനക്കാരനെയും ഓർമ്മ പൊതിയും.
ഓർത്തോർത്ത് വെച്ച് വേര് പടർന്ന, ചിതൽ തിന്നാത്ത കഥകളിൽ മറ്റൊന്ന് 'കളിയരങ്ങിലെ മാന്ത്രിക നൃത്ത'മായിരുന്നു. പട്ടിണിയെ ടാക്കിൾ ചെയ്ത് ഇതിഹാസങ്ങളുടെ വൻ നിരയിലേക്ക് നൃത്തം ചവിട്ടിക്കയറിയ ബ്രസീൽ ഇതിഹാസം പെലെയുടെ കഥ. പതിമൂന്നാം വയസ്സിൽ, കഥ കേട്ടിരുന്ന ഞങ്ങൾ പേലെയോടൊപ്പം അയാളുടെ ചങ്ങാതിക്ക് പറ്റിയ ദുരന്തത്തിൽ ഉള്ള് പൊള്ളി വേദനിച്ചു, പഴയ ചെരിപ്പുകൾ ചേർത്ത് തുന്നി കവറിലാക്കി ചെളിയിൽ പുതഞ്ഞ് ഉറഞ്ഞുപോയ പന്ത് തട്ടി അയാളുടെ കാലിന് ബലം വെച്ചപ്പോൾ ഞങ്ങളുടെ മനസ് വേദനിച്ചു നീര് വന്ന് വീർത്തു.
മഞ്ഞയും നീലയും കുപ്പായത്തിൽ രണ്ട് ലോകകപ്പിൽ മുത്തമിട്ട് പട്ടിണി മറക്കാൻ പന്ത് തട്ടി തുടങ്ങിയ ബ്രസീലിയൻ ലെജൻഡിൻ്റെ കഥ ഉള്ളിലൊരു കൊള്ളിയാൻ മിന്നിച്ച് നെഞ്ചിലൂടെ പടർന്ന് തലച്ചോറിലൊരു തരിപ്പ് പടർത്തി. ഒരു പന്ത്രണ്ടുകാരനെ ബ്രസീൽ ഫാൻ ആക്കി മാറ്റാൻ ഇതിൽപരം എന്ത് വേണം?!
പൊടിപ്പും തൊങ്ങലും ചേർത്ത ഒരുപാട് കഥകളും മറ്റാർക്കും സ്വന്തമല്ലാത്ത ആഖ്യാന ശേഷിയും ഭാവുകത്വമുള്ള അദ്ദേഹം ഇപ്പോഴും ആ ക്യാംപസ് പരിസരത്തൊക്കെ വലിഞ്ഞ് നടക്കുന്നുണ്ട്. നീണ്ട നാക്കുണ്ടെന്ന് സ്വയം സമ്മതിച്ച ആ കഥാഭംഗിക്ക് പിന്നിൽ അതിനേക്കാൾ നീണ്ട വായനയും അനുഭവങ്ങളുടെ മുൾവേലിയും ഉണ്ടെന്ന് മൂപ്പരെ വായിച്ചവർക്ക് മാത്രമറിയാം.
Aushique Ali
Assistant Professor of Psychology
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment