ഒരു
AI അസിസ്റ്റന്റ്സ്ന്റെയും സഹായം ഇല്ലാതെ എനിക്കെന്തെങ്കിലും ടോപ്പിക്ക് എഴുതുവാൻ കഴിയുമോ
എന്ന് ചോദിച്ചാൽ നൂറു ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ പറ്റുന്ന ഒരു ടോപ്പിക്ക് ആണ് എന്റെ
ഉപ്പ.
എഴുതുമ്പോൾ
ഒരായിരം തവണ ചിന്തിച്ചു വേണോ വേണ്ടയോ എന്ന്. .എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം
എന്നറിയാത്ത ഒരു ചെറിയ വലിയ തിരക്കഥ തന്നെയാണ് ആ മനുഷ്യൻ. ..
പാലക്കുണ്ടൻ
സാലിം ഹാജി. .അന്ന് എടയറ്റൂർ പ്രദേശത്തേക്ക് കുടിയേറി വന്നതാണ് മൂപ്പർ. .അവിടെ മദ്രസ
അധ്യാപകനായി അവിടെ നിന്ന് തന്നെ മംഗലം കഴിച്ചു എടയറ്റൂർകാരനായി മാറി. ..വെറും എടയറ്റുര്കാരൻ
എന്ന് പറഞ്ഞാൽ മതിയാവില്ല. ..എടയറ്റൂരിലെ അറിയപ്പെട്ട വ്യക്തിത്വം. .അത് പറയുമ്പോൾ
ഇന്നും എനിക്ക് ഉള്ളിൽ അഹങ്കരിക്കാനുള്ള വകയുണ്ട്. കാരണം എടയറ്റൂരിലേക്ക് റോഡ് വരാനുള്ള
കാരണം എന്റെ വല്യുപ്പ ആണെന്നാണ് ഇപ്പോഴും പലരുടെയും സ്തുതി. ..സാലിം ഹാജിയുടെ പേരക്കുട്ടികൾ
എന്ന് പേരിലാണ് ഇപ്പോഴും ഞങ്ങൾ പേരക്കുട്ടികൾ അറിയപ്പെടുന്നത്. ..
സാലിം
ഹാജിയുടെ 11 മക്കളിലെ ഏറ്റവും വലിയ മകനാണ് നമ്മുടെ ഹീറോ. കരീം ഹാജി,അതായത് എന്റെ ഉപ്പ.
കുറച്ചു പൊങ്ങച്ചമാണെന്നൊക്കെ തോന്നുമെങ്കിലും അന്ന് 1960 കളിൽ വിദ്യാഭ്യാസം അത്ര വല്യ
വശമല്ലാത്ത കാലഘട്ടത്തിൽ മമ്പാട് കോളേജിൽ നിന്നും പ്രീഡിഗ്രി എടുത്ത മൊതലാണ് എന്റെ
ഉപ്പ. .അന്നത്തെ കാലത്ത് ഒരു സ്കൂൾ അധ്യാപകനാവാൻ അതൊക്കെ മതിയായിരുന്നെങ്കിലും താഴെ
ഉള്ള 10 ആളുകളുടെയും കുടുംബത്തിന്റെയും ഒക്കെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനാൽ മൂപ്പർ
നേരെ വിട്ടു അങ്ങ് കുവൈറ്റിലേക്. ...
ഇംഗ്ലീഷ്
ഭാഷ നന്നായി വശമുണ്ടായിരുന്ന മൂപ്പർക്ക് ജോലി കിട്ടാനൊന്നും വല്യേ പ്രയാസം ഉണ്ടായിരുന്നില്ല..അന്ന്
ചില ഇംഗ്ലീഷ് കത്തുകളും നോട്ടീസ്കളുമായി പോസ്റ്റ് മാൻ എന്റെ ഉപ്പയെ സമീപിക്കാറുണ്ടായിരുന്നു
തർജ്ജമ ചെയ്യാൻ. എന്തിനധികം ഇംഗ്ലീഷ് മാഷിന്റെ ക്ലാസ്സ് കഴിഞ് വീട്ടീൽ വന്നു ഉപ്പാന്റെ
ഒരു ട്യൂഷൻ കൂടി കിട്ടിയാലേ എന്റെ ഇംഗ്ലീഷ് പാഠ ഭാഗങ്ങൾ എനിക്ക് ക്ലിയർ ആവാറുള്ളു.
ഉപ്പയുടെ കയ്യക്ഷരവും ഒപ്പും എല്ലാം എന്നെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്. അത്രയും
ഭംഗിയിൽ എഴുതാനോ സൈൻ ചെയ്യാനോ ഞങ്ങൾ മക്കൾക്കാർക്കും കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസവും
ഭാഷ പണ്ഡിത്യവും ഒക്കെ ഉണ്ടായിരുന്നെങ്കിലും കുവൈറ്റിലെ തന്നെ പ്രശസ്തമായ EQUATE കമ്പനിയിലെ
ആംബുലൻസ് ഡ്രൈവർ ആയിരുന്നു ഉപ്പ.എന്നാൽ മൂപ്പർ ഒരു ഡ്രൈവർ ആയിരുന്നെന്ന് എനിക്ക് ഇപ്പോഴും
ഉൾകൊള്ളാൻ കഴിയുന്നില്ല. ..കാരണം ഞാൻ ജനിച്ചിട്ട് എന്റെ ജീവിതത്തിൽ ഉപ്പ ഒരു ബൈക്ക്
പോലും റോഡിൽ ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല...
എന്റെ
ഉമ്മ എന്റെ സഹോദരങ്ങളെ ചീത്ത പറയുന്നത് കേൾക്കാറുണ്ട് “നിങ്ങളുടെ ഒക്കെ പ്രായത്തിൽ
ഉപ്പ അധ്വാനിച്ചുണ്ടാക്കിയതാണ് ഈ കാണുന്നതെല്ലാം ” എന്ന്.. ശെരിയാണ് 30 വയസ്സിനുള്ളിൽ
ഉപ്പ ഞങ്ങള്ക്ക് വേണ്ടി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. .രണ്ട് വർഷം കൂടുമ്പോൾ കിട്ടുന്ന
ചെറിയ ലീവ് അതാണ് ഉപ്പാക് നാട്ടിൽ വരാനുള്ള സമയം. .അതായിരുന്നു ഉപ്പന്റെയും ഉമ്മന്റേയും
ദാമ്പത്യ ജീവിതം.ഞങ്ങൾ ആറു മക്കളിൽ എന്റെ ചെറിയ സഹോദരന്റെ ഒഴികെ മാറ്റാരുടെയും
infancy സ്റ്റേജ് ഞങ്ങളുടെ ഉപ്പ കണ്ടിട്ടില്ല..അവന്റെ ആ കുസൃതികാലം കാണാൻ മൂപ്പർക്ക്
ഭാഗ്യം കൊടുത്തത് കുവൈറ്റ് യുദ്ധമായിരുന്നു. .അന്ന് കുറച്ചു കാലം ഉപ്പ ഇവിടെ നിന്നിരുന്നതായി
ഉമ്മ പറയാറുണ്ട്..
കുവൈറ്റ്
രാജ്യം എന്റെ ഉപ്പാക് എന്നും ഒരു വിങ്ങലായിരുന്നു. .അത് ഞൻ മനസിലാക്കിയത് ഞാൻ വളർന്ന്
ഒരു 10, 12 വയസായപ്പോഴാണ്. 2002 ലാണ് ഉപ്പ
നാട്ടിൽ സ്ഥിരമായി നിക്കാൻ തുടങ്ങിയത്. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ! !അതും എക്സിറ്
അടിച്ചു വന്നതായിരുന്നില്ല. ഒരിക്കൽ കുവൈറ്റിലെ
റോഡരികിൽ വീണു കിടന്ന എന്റെ ഉപ്പാനെ ആരൊക്കെയോ ചേർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
പരിശോധനക് ശേഷം ഡോക്ടർസ് വിധിയെഴുതി 3 ബ്ലോക്ക് കൾ ഉണ്ട്. കമ്പനി ബോസ്സ് നാട്ടിൽ പോയി
റസ്റ്റ് എടക്കാൻ പറഞ്ഞു വിട്ടതാണ് മൂപ്പരെ..തിരിച്ചു പോണം എന്ന കടുത്ത ആഗ്രഹവുമായാണ്
എന്റെ ഉപ്പ കടൽ കടന്നത്. ഇവിടെ എത്തിയപ്പോൾ ഡോക്ടർസ് പറഞ്ഞു ബൈപാസ് എന്തായാലും വേണം..ശരീരത്തിൽ
കത്തി വെക്കാൻ താല്പര്യമില്ലാത്ത ഉപ്പ angioplasty യിൽ ഒതുക്കി. .ബൈപാസ് ഇല്ലാതെ ഒരു
വർഷത്തിന് മുകളിൽ പോകില്ലെന്ന് വിധിയെഴുതിയ എന്റെ ഉപ്പാന്റെ ആയുസ്സ് പടച്ചോൻ നീണ്ട
13 കൊല്ലത്തേക് നീട്ടി. .
പിന്നീട്
അദ്ദേഹത്തിന് ഒരു തിരിച്ചു പോക് ഉണ്ടായില്ല. .അതിന്റെ വിഷമം ഉപ്പ എപ്പോഴും എന്റെ കുഞ്ഞു
കരങ്ങളിൽ തീർക്കുമായിരുന്നു. .എന്റെ കൈ തണ്ടയിൽ എപ്പോഴും EMIRATES വിമാനത്തിന്റെ ചിത്രം വരച്ചു തരുമായിരുന്നു. കുട്ടിയായിരുന്ന
ഞാൻ വളരെ കൗതുകത്തോടെ അത് ആസ്വദിക്കുമായിരുന്നു . കുറച്ചു വലുതായപ്പോഴാണ് ആ ചിത്രം
ഉപ്പാന്റെ ഒരു തീരാ നോവിന്റെ പ്രതീകമായിരുന്നു എന്ന് മനസിലാക്കിയത്.
ലിംഗ
സമത്വത്തെ കുറിച് പ്രതിപതിക്കുന്ന ഈ കാലത്തിന് എത്രയോ മുൻപ് അതിന് വാല്യൂ കൊടുത്ത മനുഷ്യനാണ്
എന്റെ ഉപ്പ. ഉപ്പാന്റെ ഡ്രസ്സ് അലക്കൽ മുതൽ അയൺ ചെയ്യൽ വരെ ഉപ്പ തന്നെയാണ്. വളരെ അടുക്കും
ചിട്ടയും ഉള്ള ജീവിതമായിരുന്നു ഉപ്പയുടേത്. അന്ന് ഞാനും എന്റെ താത്തയും മദ്രസയിൽ പോകുന്ന
കാലം. ഞങ്ങളെ വിളിച്ചെഴുന്നേൽപ്പിക്കലും ഞങ്ങൾക്ക് ചായ ഉണ്ടാക്കിത്തരലും ഒകെ ഉമ്മ ആയിരുന്നില്ല
മറിച് ഉപ്പ ആയിരുന്നു.
ഇപ്പോഴും എനിക്കൊർമയുണ്ട് ഞങ്ങളുടെ വലിയ ഡൈനിങ് ഹാളിൽ
ഒരു വശത്തു ഒരു വലിയ അക്വാറിയം ഉണ്ടായിരുന്നു. റെഡി മെയ്ഡ് വാങ്ങിയതല്ല കേട്ടോ. .രാമനാശാരിയെ കൊണ്ട് പറഞ്ഞു
ചെയ്യിപ്പിച്ച ഒന്ന്. .പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് കയ്യിൽ ഒരു തസ്ബീഹുമായി അക്വാറിയത്തിലെ
മീനുകളുടെ സഞ്ചാരം നോക്കി ഏറെ നേരം അങ്ങനെ ഇരികുമായിരുന്നു. 6 മണിക്ക് മദ്രസയുള്ള എന്നെ
ആ നേരത്തേക്ക് വിളിച്ചുണർത്തി ചായയും ചെറു കടിയും നൽകി മദ്രസയിലെക് വിടും. ഇപ്പോൾ ഞാൻ
ആലോചിക്കാറുണ്ട് എന്തായിരിക്കും അന്നേരത്തെ അദ്ദേഹത്തിന്റെ മനസിലെ ചിന്തകൾ..ഒരു പക്ഷെ
ഇന്നായിരുന്നെങ്കിൽ ഞാനത് ചോദിച്ചേനെ. അന്ന് അത് ചോദിക്കാനുള്ള പക്വതയൊന്നും എനിക്കില്ലായിരുന്നു.
The last cup of tea
എന്നത്തേയും
പോലുള്ള ഒരു ദിവസം. പതിവ് പോലെ എനിക്ക് ചായയും കടിയും തന്ന് മദ്രസയിലെക് പറഞ്ഞു വിട്ടു.
മദ്രസ വിട്ട് വീട്ടിലെത്തിയപ്പോൾ ഞാൻ കണ്ടത് പൂർണ ഗർഭിണിയായ എന്റെ സഹോദരി കരഞ്ഞിരിക്കുന്നതാണ്. അകത്തേക്കു കയറിയപ്പോൾ ഉമ്മയും
കരയുന്നു. എന്തോ അരുതാത്തത് സംഭവിച്ചെന്നെ എനിക്ക് മനസിലായി. അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ
പഠിക്കുകയാണ്. ഉപ്പാനെ അകത്തൊന്നും കാണാനില്ല. എനിക്ക് ചായ തന്ന് പറഞ്ഞയച്ച ഉപ്പയെ
പിന്നീട് ഞാൻ കണ്ടത് മൂന്നു തുണികഷണങ്ങളിൽ പൊതിഞ്ഞാണ്. ഒരു കുഴപ്പവുമില്ലാതിരുന്ന മനുഷ്യൻ.
അറ്റാക്ക് ആണത്രേ. ഒരു ദിവസം കൊണ്ട് എല്ലാം തീർന്നു.രാവിലെ ഡൈനിങ് ഹാളിൽ ഇരുന്ന മനുഷ്യൻ
രാത്രി ആയപോഴേക്കു ആറടി മണ്ണിനടിയിൽ..
ഒരു
ദിവസം പോലും ഞങ്ങൾക്ക് ശുശ്രുഷിക്കാൻ അവസരം തന്നില്ല. അത് തന്നെയായിരിക്കും ചെലപ്പോൾ
അദ്ദേഹത്തിന്റെ പ്രാർത്ഥനയിലും ഉണ്ടായിരിക്കുക അല്ലെ? ആരെയും ബുദ്ധിമുട്ടിക്കാതെ ഉള്ള
ഒരു അന്ത്യ യാത്ര. .
അന്ന്
എന്റെ വല്യ താത്തയുടെ കല്യാണം മാത്രമേ കഴിഞ്ഞിട്ടൊള്ളു. ബാക്കി 5 പേരുടെയും വിവാഹം
കാണാൻ അദ്ദേഹം ഉണ്ടായിട്ടില്ല. ഒരു പേരക്കുട്ടിയെ
പോലും കയ്യിലെടുക്കാൻ അദ്ദേഹം ഉണ്ടായിട്ടില്ല.
ഇപ്പോൾ
ഞാൻ വിചാരിക്കാറുണ്ട് മൂപ്പർ ഇപ്പോ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.മക്കളുടെ വിജയങ്ങളിൽ
ഇത്രയധികം പുളകം കൊള്ളുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. മദ്രസയിൽ എന്നും ഫസ്റ്റ്
വാങ്ങി വരുന്ന എന്റെ കയ്യിലെ സമ്മാനങ്ങൾ എന്നേക്കാൾ ഉത്സാഹത്തോടെ നോക്കാൻ അദ്ദേഹമാണ്
മുന്നിൽ ഉണ്ടാവാറുള്ളത്. പക്ഷെ അദ്ദേഹം ഉദ്ദേശിച്ച
ഒരു പ്രൊഫഷണൽ മേഖലയിലെകെത്താൻ അദ്ദേഹത്തിന്റെ ആൺ മക്കൾക്കു സാധിച്ചില്ല. .പെൺ മക്കൾ
എത്തിയപ്പോൾ അത് കാണാൻ അദ്ദേഹവും ഉണ്ടായില്ല. ആദ്യമായിട്ട് ലെക്ചറർ എന്ന വാക്ക് കേൾക്കുന്നത്
ഞാൻ അദ്ദേഹത്തിൽ നിന്നാണ്. ഇന്ന് ആ പദവിയിലേക് എത്തിയപ്പോൾ അത് കാണാൻ അദ്ദേഹം ഇല്ല
എന്നുള്ളത് എപ്പോഴും എന്നെ വേദനിപ്പിക്കുന്ന ഒരു സത്യമാണ്. അല്ലെങ്കിൽ അദ്ദേഹവും ഞാനും
തമ്മിലുള്ള സംഭാഷണം ഇന്ന് വെറുതൊക്കെയോ തലങ്ങളിൽ എത്തിയേനെ.
ചിലപ്പോൾ
ജീവിതം അങ്ങിനെയാണ് ചില കാര്യങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയാതെ പോകും. ചില കോമ്പറ്റിറ്റീവ് എക്സാംസ് ക്രാക്ക് ചെയ്യുമ്പോഴേല്ലാം എന്റെ ഉമ്മ എന്നോട്
പറയാരുണ്ട് ഇപ്പൊ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷിച്ചേനെ എന്ന്. പൊതുവെ വികാരങ്ങൾ
പുറത്തു കാണിക്കാത്ത ഞാൻ അതിനൊക്കെ മൂളൽ മാത്രം നൽകും. എന്നാൽ എന്റെ ഓരോ ചെറിയ വിജയത്തിലും
ജോലി കിട്ടുമ്പോഴും ശമ്പളം കിട്ടുമ്പോഴുമെല്ലാം ഞാൻ അദ്ദേഹത്തെ ഓർക്കാറുണ്ട്. ഒപ്പം
ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഓർമകളില്ലാതെ ഒരു ദിവസം പോലും
എന്റെ ജീവിതത്തിൽ ഇരുളു വീണിട്ടില്ല.
ചില
മരിക്കാത്ത ഓർമ്മകൾ
His Farewell from EQUATE (Second from
left, in pure white shirt)
His beautiful handwriting
Mom keeps his memory
His signature
🫂🥰
ReplyDelete