തെയ്യത്തിന്റെ ചുവപ്പിൽ മായുന്നൊരു കൗമാര ഓർമ്മ

 

മന്ദഗതിയിൽ സഞ്ചരിച്ചിരുന്ന ഒരു കാലം.

വൈകുന്നേരങ്ങൾക്ക് അത്രയേറെ നീളമുണ്ടായിരുന്നുവോ എന്ന് ഇപ്പോൾ തോന്നുന്നു —

മുറ്റത്ത് പകർന്ന് വീണ ആ ചെറിയ ചന്ദ്രനാളം,എങ്ങു നിന്നോ വീശിയടിക്കുന്ന തണുത്ത കാറ്റ്.. ആ എഫ്‌.എം‌. റേഡിയോയിൽ നിന്നും മുഴങ്ങുന്ന ശബ്ദം — ലോകത്തിന്റെ അറ്റത്തു നിന്നൊരു സ്വരം പോലെ.


അന്ന് സോഷ്യൽ മീഡിയയോ, മൊബൈലോ, ഡിജിറ്റൽ ലോകമോ ഒന്നുമില്ലായിരുന്നു.

പക്ഷേ, ഒരു ചെറു റേഡിയോയിലൂടെയായിരുന്നു ലോകം എന്റെ ഹൃദയത്തിലേക്ക് കയറിയത്.

അവിടെ പറഞ്ഞുതുടങ്ങിയ ഒരു കഥയായിരുന്നു അത് —

കരിവന്നൂർ വീരന്റെയും ചെമ്മരത്തിയുടെയും കഥ.


അന്ന്  എന്തോ പതിവിന് വിപരീതമായി ആ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.

വാക്കുകൾക്ക് മണ്ണിന്റെ മണംപോലെ.. അവ മന്ദഗതിയിൽ ഒഴുകി.

ആ വാക്കുകൾ എന്റെ മനസ്സിൽ ഒരുപാട് ചിത്രപണികൾ നടത്തികൊണ്ടിരുന്നു...

" വിളക്കണിഞ്ഞ കാവുകൾ, ചുവന്ന ചായക്കളറുകൾ, താളക്കോലിന്റെ താളം,

തെളിഞ്ഞ നിലാവിൽ കത്തുന്ന ദീപ നാളങ്ങൾ,

ദൈവത്തിന്റെ മുഖം ധരിച്ച ഒരു മനുഷ്യൻ ഇറങ്ങിവരുന്നു —തെയ്യം. "


തെയ്യം…

പാരമ്പര്യത്തിന്റെ ഹൃദയമിടിപ്പ്.

മണ്ണിന്റെ ആത്മാവ്.

മറന്നുപോയ വേദങ്ങളുടെയും ആചാരങ്ങളുടെയും ജീവനുള്ള അനുസ്മരണം.

ഒരു ഗ്രാമത്തിന്റെ ആത്മാവ് തീയും താളവുമാക്കി ഉയർത്തുന്ന അനുഭവം.

തെയ്യക്കാരൻ വേഷം അണിയുമ്പോൾ അവൻ മനുഷ്യനല്ലാതാകുന്നു;

അവൻ ദൈവം തന്നെ.

അവന്റെ ചുവന്ന മുഖം,

കണ്ണുകളിൽ തീയുടെ പ്രകാശം,

താളത്തിന്റെ രക്തമൊലിപ്പിക്കുന്ന നെറ്റി തടങ്ങൾ —

അവയെല്ലാം ചേർന്ന് ആകാശവും മണ്ണും തമ്മിൽ ഒരു ബന്ധം തീർക്കുന്നു.

അത് യജ്ഞം, സംഗീതം, തത്ത്വം എല്ലാം കൂടിയൊന്നാണ്.


ആ ലോകത്തിലേക്കാണ് കരിവന്നൂർ വീരനും ചെമ്മരത്തിയും എന്നെ നയിച്ചത്.

അവരുടെ പ്രണയം മനുഷ്യരുടെയും ദൈവങ്ങളുടെയും അതിർത്തികൾ കടന്ന ഒന്നായിരുന്നു.

ചെമ്മരത്തി പറഞ്ഞതായ ആ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിൽ മുഴങ്ങുന്നു —


“പടയ്ക്കിറങ്ങുമ്പോൾ ചോര കണ്ടാൽ മരണം തീർച്ച...

ആറു മുറിഞ്ഞ് അറുപത്താറ് ഖണ്ഡമാകും...

നൂറ് മറിഞ്ഞ് നൂറ്റി എട്ട് തുണ്ടമാകും...

കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകൻ…”


ആ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നിയ ഭയം ഭക്തിയുമായി കലർന്ന ഒരു വിറയലായിരുന്നു.

ചെമ്മരത്തി കരയുന്നത് വെറും സ്നേഹത്തിനുവേണ്ടിയല്ല,

ആത്മീയതയുടെയും വിധിയുടെയും അതിരിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ മൗനവിളിയായിരുന്നു.


ആ രാത്രി റേഡിയോ മങ്ങിപ്പോയെങ്കിലും,

ആ കഥയുടെ ചുവപ്പ് എന്റെ മനസ്സിൽ തെളിഞ്ഞുനിന്നു.

തെയ്യത്തിന്റെ തീപ്പൊരികൾ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ചുട്ടു പൊള്ളിച്ചപോലെ.

വർഷങ്ങൾ കഴിഞ്ഞിട്ടും ആ തീ ഇന്നും ശാന്തമായി കത്തിക്കൊണ്ടേയിരിക്കുന്നു.


പിന്നീട് ഒരിക്കൽ, ഒരു പഴയ ബ്ലോഗിൽ, ഞാൻ ആ കഥയെ വീണ്ടും കണ്ടു.

അത് വായിക്കുമ്പോൾ എനിക്ക് തോന്നി —

തെയ്യം വെറും കാഴ്ചയല്ല,

അത് ജീവിതത്തിന്റെ ഭാവരസം ആണെന്ന്.

ഭയവും സ്നേഹവും ഭക്തിയും ചേർന്ന് മനുഷ്യനെ ദൈവത്തിലേക്ക് ഉയർത്തുന്ന ഒരു കലയാണ് തെയ്യം.


ഞാൻ ഒരിക്കലും നേരിൽ തെയ്യം കണ്ടിട്ടില്ല.

എന്നാൽ ആ രാത്രിയിൽ ഞാൻ അതിനെ അനുഭവിച്ചു.

ആ ശബ്ദത്തിലൂടെയും, ആ കഥയിലൂടെയും, ആ വിറയലിലൂടെയും.

ഇന്ന് പോലും താളവാദ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് തോന്നും —

കരിവന്നൂർ വീരനും ചെമ്മരത്തിയും എവിടെയോ അകലെ അല്ല,

എന്റെ ഹൃദയത്തിനുള്ളിൽ തന്നെയാണ്.


കാലം കടന്നു പോയിട്ടും, ആ കഥ എന്റെ ഉള്ളിൽ വളർന്നു.

ചില രാത്രികളിൽ, നിശ്ശബ്ദതയുടെ ഇടവേളകളിൽ,

ഞാൻ ആ ശബ്ദത്തെ വീണ്ടും കേൾക്കാൻ ശ്രമിക്കും —

അത് എവിടെയോ അകലെ നിന്നു വിളിക്കുന്ന പോലെ.

വീരന്റെയും ചെമ്മരത്തിയുടെയും പ്രണയം പോലെ....ശബ്ദത്തിലൂടെ എന്റെ മനസ്സിൽ പ്രണയാഗ്നി വരച്ച മനുഷ്യ,

ഇന്നും അലയുന്നു കാല്പനികതയുടെ ഏതോ ഭാവങ്ങളിൽ നിന്റെ വാക്കുകളിൽ ഒളിച്ചു വച്ച ആ തിരിച്ചറിവുകൾക്കായി...


Ragi. K. Haridas

Assistant Professor of Computer Science

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്