മാറുന്ന
ലോകക്രമത്തെ മാറ്റിമറിക്കുന്നവർ
യുദ്ധങ്ങളിലൂടെ നേട്ടം കൊയ്ത് യുദ്ധങ്ങളിലൂടെ വളർന്ന് യുദ്ധങ്ങളിലൂടെ ലോകത്തെ നിയന്ത്രിക്കുന്ന രാജ്യമാണ് അമേരിക്ക. തങ്ങളുടെ സൈനിക ശേഷിയിലും സാമ്പത്തികശേഷിയിലും ഊറ്റം കൊള്ളുന്ന അമേരിക്ക തങ്ങളെക്കാൾ വളർച്ച കൈവരിക്കുന്ന ഏതൊരു രാജ്യത്തെയും നേരിട്ടോ അല്ലാതെയോ തകർക്കാൻ ശ്രമിക്കുന്നത് പതിവാണ്. ലോകത്തിൻ്റെ ഏതു കോണിൽ നടക്കുന്ന യുദ്ധങ്ങളിലും നേരിട്ടോ അല്ലാതെയോ
അമേരിക്കയും അതിന്റെ ഭാഗമാകാറുണ്ട് . അമേരിക്ക നടത്തുന്ന എല്ലാ ഇടപെടലുകളുടെയും അത്യന്തികമായ നേട്ടം അമേരിക്കയ്ക്ക് മാത്രമായിരിക്കും എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. കുടിയേറ്റക്കാരെ തുരത്തുമെന്ന പ്രഖ്യാപനം തുടരെ നടത്തുന്ന ഇവർ ശാസ്ത്ര സാങ്കേതിക മേഖലകളിലുൾപ്പെടെ മികച്ച വിദ്യാർത്ഥികളെയും ഗവേഷകരെയും വലിയ സ്കോളർഷിപ്പുകളും സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് അമേരിക്കയിൽ എത്തിക്കുകയും അമേരിക്കയുടെ നേട്ടത്തിനായി അവരുടെ കഴിവും വൈദഗ്ധ്യവും ഉപയോഗിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം പരിഹാസ്യമാണ്. ഒരു രാഷ്ട്രം സാമ്പത്തികശേഷി കൈവരിക്കുന്നതോ സൈനിക ശക്തിയായി
മാറുകയോ ചെയ്യുന്നത് തങ്ങൾക്കുള്ള വെല്ലുവിളിയായാണ്
അമേരിക്ക കണക്കാക്കുന്നത്. അതിനാൽ തന്നെ ഇത്തരം രാഷ്ട്രങ്ങളെ സൈനികമായി ആക്രമിച്ചോ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയോ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയോ അസ്ഥിരപ്പെടുത്താൻ ശ്രമിക്കും. ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ ഇന്ത്യ,ചൈന,ഇറാൻ,റഷ്യ തുടങ്ങി നിരവധി രാഷ്ട്രങ്ങൾക്കെതിരെയാണ് അമേരിക്ക ഇന്നും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
ഓരോ മേഖലയിലും ഓരോ രീതിയിലാണ് അമേരിക്കൻ ഇടപെടലുകൾ നമുക്ക് കാണാൻ കഴിയുക. ഉക്രൈൻ റഷ്യ യുദ്ധത്തിൽ ഉക്രൈന് പിന്തുണ നൽകുകയും സാമ്പത്തികവും സൈനികവുമായ സഹായം നൽകിയതോടൊപ്പം മറ്റു പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ കൂടി അവർക്ക് ഉറപ്പാക്കാനും അമേരിക്ക പരിശ്രമിച്ചിട്ടുണ്ട്.എന്നാൽ ബദ്ധവൈരിയായ റഷ്യയെ അസ്ഥിരപ്പെടുത്താനും തങ്ങളുടെ മാരകായുധങ്ങൾ പരീക്ഷിക്കുവാനുള്ള ഒരു അവസരമായുമാണ് ഈ യുദ്ധത്തെ അമേരിക്ക ഉപയോഗിച്ചത് എന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കും. ഒരു വേളയിൽ ഉക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയെ തള്ളിപ്പറഞ്ഞതും മാധ്യമങ്ങൾക്കു മുന്നിൽ അവഹേളിച്ചതും ഉക്രൈനോട് അമേരിക്കയ്ക്ക് തെല്ലും സഹതാപമില്ല എന്നതിന് തെളിവാണ്. റഷ്യ നടത്തിയത് അധിനിവേശമാണ് എന്ന് സഹതപിച്ച ഇതേ രാജ്യമാണ് വെനസ്വേലയെ ആക്രമിച്ച് പ്രസിഡൻറ് നിക്കോളാസ് മഡ്യൂറോയെയും കുടുംബത്തെയും അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോയത്. ലഹരിക്കടത്ത് ആരോപിച്ചാണ് അമേരിക്ക വെനസ്വേലയെ ആക്രമിച്ചത്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരം വെനസ്വേലയിലാണ് എന്നത് അമേരിക്കയുടെ ഉദ്ദേശശുദ്ധിയിലെ കാപട്യം തുറന്നുകാട്ടുന്നു. മുമ്പ് ഇറാഖിൽ അമേരിക്ക നടത്തിയ അധിനിവേശവും സമാനസാഹചര്യത്തിലായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. അമേരിക്കയുടെ ഇന്ധന റിസർവ് കുറയുമ്പോഴൊക്കെ ഇന്ധന നിക്ഷേപമുള്ള ദുർബല രാജ്യങ്ങൾ അമേരിക്കയാൽ ആക്രമിക്കപ്പെടുന്നു എന്നത് അമേരിക്കയുടെ ക്രൂരമായ ഇരട്ടമുഖം വെളിവാക്കുന്നു. ‘ആണവ ശക്തിയല്ലാത്ത രാജ്യങ്ങളുടെ എണ്ണനിക്ഷേപം അമേരിക്കക്കുള്ളതാണ്’ എന്ന ഒരു അമേരിക്കൻ പ്രസിദ്ധീകരണത്തിലെ കാർട്ടൂൺ ഇതേ യാഥാർഥ്യമാണ് വരച്ചുകാട്ടുന്നത്.
അടുത്തതായി അമേരിക്ക ലക്ഷ്യം വെക്കുന്നത് ഡെന്മാർക്കിൻ്റെ ഭാഗമായ ഗ്രീൻലാൻഡിനെയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അതീവ തന്ത്രപ്രധാന മേഖലയായാണ് ഗ്രീൻലാൻഡ് കണക്കാക്കപ്പെടുന്നത്. റഷ്യ,ചൈന,ഉത്തരകൊറിയ തുടങ്ങിയ ഏത് പ്രബല ശത്രുക്കളിൽ നിന്നും വരുന്ന ആക്രമണങ്ങൾ ഈ പ്രദേശത്ത് നിന്നും ഫലപ്രദമായി തടയാൻ
കഴിയും എന്ന് അമേരിക്ക വിശ്വസിക്കുന്നു.
തന്ത്രപ്രധാന മേഖല എന്നതിനപ്പുറം ധാരാളം അപൂർവ്വ ധാതുക്കളുടെ വൻനിക്ഷേപമുള്ള പ്രദേശം കൂടിയാണ് ഗ്രീൻലാൻഡ്. ഈ പ്രദേശം നിയന്ത്രണത്തിലായാൽ സ്മാർട്ട്ഫോൺ മുതൽ യുദ്ധവിമാനങ്ങൾ വരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഈ ധാതുസമ്പത്തും അമേരിക്കയുടേതായി മാറും. അമേരിക്ക എന്തിനാണ് ഗ്രീൻലാൻഡിൽ കണ്ണുവച്ചത് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഈയൊരു നൂറ്റാണ്ടിൽ ഏറ്റവുമധികം വളർച്ച കൈവരിക്കുക ഏഷ്യൻ രാജ്യങ്ങളാണ്. മുൻകാലങ്ങളിൽ ഈ നേട്ടം കൊയ്യാനായത് പാശ്ചാത്യ രാജ്യങ്ങൾക്കാണ്. ഈയൊരു മാറ്റം പാശ്ചാത്യ രാജ്യങ്ങളിൽ വലിയ രീതിയിലുള്ള ആശങ്ക ഉളവാക്കുന്നുണ്ട്. ഈ വളർച്ചയ്ക്ക് തടയിടാൻ പല തരത്തിലുള്ള ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യ നിരന്തരം അശാന്തമാവുന്നതിന്റെ പ്രധാനകാരണവും മേൽപറഞ്ഞതാണ്. ഏഷ്യയിലെ മിക്ക രാജ്യങ്ങളും വർഷങ്ങളായി ആഭ്യന്തര യുദ്ധങ്ങളിലോ അയൽ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധ ഭീഷണിയിലോ ആണ്. ചൈനയെ താരിഫ് യുദ്ധത്തിൽ പരാജയപ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചത് എന്നാൽ ചൈന തിരിച്ചടിച്ചതോടെ അമേരിക്ക പിന്മാറി. ചൈനയിലെ ഉത്പാദനത്തെ ആശ്രയിക്കാതെ അമേരിക്കൻ വിപണിക്ക് മുന്നോട്ടു പോകാൻ ആവില്ല എന്ന് ഭരണകൂടത്തിന് വ്യക്തമായി അറിയാം ഇന്ത്യയ്ക്കെതിരായി ഒരു ഭാഗത്ത് താരിഫ് യുദ്ധവും മറുഭാഗത്ത് അയൽ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധഭീഷണി വർദ്ധിപ്പിക്കാനും അമേരിക്ക ശ്രമിക്കുന്നു അമേരിക്കൻ പിന്തുണയുണ്ടെന്ന് തരത്തിലുള്ള സൈനിക മേധാവിയുടെ പ്രസ്താവന ഇതോടൊപ്പം കൂട്ടി വായിക്കണം. പശ്ചിമേഷിയിൽ ഇസ്രായേലിനുള്ള പിന്തുണ ദിനംപ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു മുൻപ് നൽകിവന്നിരുന്ന സാമ്പത്തിക സഹായം 5 മടങ്ങാണ് വർദ്ധിപ്പിച്ചത്. അതുകൊണ്ടുതന്നെ സമീപ പ്രദേശങ്ങളിലെ എല്ലാ രാജ്യങ്ങളെയും ഇസ്രായേൽ ആക്രമിച്ചു. ചെറുത്ത് നിന്ന ഇറാനിൽ അതിപ്രഹര ശേഷിയുള്ള ബോംബുകളാണ് അമേരിക്ക വർഷിച്ചത്. ഇസ്രായേലിന് എതിരായി ഐക്യരാഷ്ട്രസഭയിൽ ഉയർന്നുവന്ന എല്ലാ പ്രമേയങ്ങളും അമേരിക്ക വിറ്റോ ചെയ്തു. പശ്ചിമേഷ്യയിൽ അമേരിക്കയുടെ ആധിപത്യം നിലനിർത്താൻ ഇസ്രായേലിനെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇസ്രായേൽ നടത്തുന്ന എല്ലാ അതിക്രമങ്ങൾക്കും നിഷ്ക്കരുണം പിന്തുണ ഉറപ്പാക്കുകയാണ് അമേരിക്ക.
സമാധാന കംക്ഷികൾ എന്ന മേലങ്കി സദാ
അണിയുന്ന ഇവർ തന്നെയാണ് ലോകത്തിലേറ്റവും കൂടുതൽ യുദ്ധത്തിലേർപ്പെട്ടത്. ലോക നന്മ ഉറപ്പാക്കാൻ ശ്രമിക്കുന്നവരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവർ ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുകയും ആരോഗ്യ മേഖലയ്ക്കായി നൽകി വന്നിരുന്ന എല്ലാവിധ സഹായങ്ങളും നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോകസമാധാനം ഉറപ്പുവരുത്താൻ അമേരിക്കയുമായുള്ള സൈനിക സഖ്യത്തിൽ നിന്നും പിന്മാറാനും അമേരിക്കൻ ഡോളറിന് ശക്തമായ ഒരു ബദൽ കണ്ടെത്താനും
ലോകരാജ്യങ്ങൾ ഒരുമിക്കേണ്ടതുണ്ട്. അമേരിക്കയുടെ സ്വാർത്ഥ താല്പര്യങ്ങളും നയങ്ങളും ഇത്രയേറെ പ്രകടമായിട്ടും അമേരിക്കയെ തിരുത്താനോ മാറ്റിനിർത്താനോ അന്താരാഷ്ട്ര തലത്തിൽ ഒരുതരത്തിലുള്ള സഖ്യങ്ങളോ സംഘടനകളും രൂപപ്പെടാത്തത് അത്യന്തം നിരാശാജനകമാണ്. തൽസ്ഥിതി തുടരുന്ന കാലമത്രയും അമേരിക്ക നടത്തുന്ന അധിനിവേശങ്ങളും
ഏകപക്ഷീയമായ യുദ്ധങ്ങളും തുടരുക തന്നെ ചെയ്യും…
Comments
Post a Comment