മാനിഫെസ്റ്റേഷൻ: മനസ്സിൽ നിന്ന് ജീവിതത്തിലേക്ക്
മനുഷ്യജീവിതത്തിൽ പലപ്പോഴും നമ്മൾ ചിന്തിച്ച കാര്യങ്ങൾ അപ്രതീക്ഷിതമായി യാഥാർത്ഥ്യമായതായി അനുഭവപ്പെട്ടിട്ടുണ്ടാകും. ഒരിക്കൽ മനസ്സിൽ ആഗ്രഹിച്ച ഒരു അവസരം, ഒരാളെ കാണണമെന്ന് തോന്നിയ നിമിഷം തന്നെ ആ വ്യക്തിയെ കണ്ടുമുട്ടുന്നത്, അല്ലെങ്കിൽ ഒരുപാട് പേടിച്ച കാര്യങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കുന്നത് — ഇതൊന്നും വെറും യാദൃശ്ചികതയല്ല. നമ്മുടെ ചിന്തകളും വിശ്വാസങ്ങളും വികാരങ്ങളും ചേർന്ന് ജീവിതത്തെ രൂപപ്പെടുത്തുന്ന ഒരു ശക്തമായ പ്രക്രിയയാണിത്. ഈ പ്രക്രിയയാണ് “മാനിഫെസ്റ്റേഷൻ” എന്ന പേരിൽ അറിയപ്പെടുന്നത്.
മാനിഫെസ്റ്റേഷൻ എന്നത് ലളിതമായി പറഞ്ഞാൽ, നമ്മൾ ഉള്ളിൽ തുടർച്ചയായി ചിന്തിക്കുന്ന കാര്യങ്ങൾ പുറംലോകത്ത് അനുഭവങ്ങളായി പ്രതിഫലിക്കുന്നതാണ്. നമ്മുടെ മനസ്സ് സ്ഥിരമായി എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ, അതിനനുസരിച്ചാണ് നമ്മുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ രൂപപ്പെടുന്നത്. സന്തോഷം, വിജയമെന്ന പ്രതീക്ഷ, ആത്മവിശ്വാസം എന്നിവ നിറഞ്ഞ ചിന്തകളാണെങ്കിൽ, അതിനനുസരിച്ച അവസരങ്ങളും സാഹചര്യങ്ങളും നമ്മെ തേടിയെത്തും. മറിച്ച് ഭയം, സംശയം, പരാജയബോധം എന്നിവയാണ് നമ്മൾ തുടർച്ചയായി ചിന്തിക്കുന്നത് എങ്കിൽ, ജീവിതം അതിനനുസരിച്ച വെല്ലുവിളികളും തടസ്സങ്ങളും മുന്നോട്ടുവയ്ക്കും.
മനുഷ്യ മനസ്സ് ഒരു ശക്തമായ കാന്തം പോലെയാണ്. അതിന് സമാനമായ ഊർജങ്ങളെയാണ് അത് ആകർഷിക്കുന്നത്. “എനിക്ക് സാധിക്കില്ല”, “എന്റെ ഭാഗ്യം മോശമാണ്” എന്നിങ്ങനെ നാം തന്നെ വിശ്വസിച്ചാൽ, ആ വിശ്വാസങ്ങൾ സത്യമാണെന്ന് തെളിയിക്കുന്ന സാഹചര്യങ്ങളാണ് ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നത്. അതേ സമയം “എനിക്ക് കഴിയും”, “എനിക്ക് നല്ലത് സംഭവിക്കും” എന്ന ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ, നമ്മുടെ ചിന്തകളും പ്രവൃത്തികളും സ്വാഭാവികമായി അതിനനുസരിച്ച് മാറും. ഇതുവഴി വിജയത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്ന അവസരങ്ങൾ നമ്മൾ കാണുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും.
മാനിഫെസ്റ്റേഷൻ പലർക്കും വെറും ആത്മീയ വിശ്വാസമായി തോന്നാം. എന്നാൽ യാഥാർത്ഥ്യത്തിൽ ഇത് മനസികശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരു ആശയമാണ്. നമ്മുടെ subconscious mind വിശ്വസിക്കുന്ന കാര്യങ്ങളാണ് നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തികളെയും നിയന്ത്രിക്കുന്നത്. നമുക്ക് തന്നെ അറിയാതെ, ഉള്ളിലെ വിശ്വാസങ്ങൾക്കനുസരിച്ച് നാം ആളുകളോട് പെരുമാറുകയും അവസരങ്ങൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. അങ്ങനെ, നമ്മുടെ ഉള്ളിലെ ചിന്തകൾ തന്നെ ജീവിതത്തിന്റെ ദിശ നിശ്ചയിക്കുന്നു.
മാനിഫെസ്റ്റേഷൻ ഫലപ്രദമായി നടക്കാൻ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തതയാണ്. നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അസ്പഷ്ടമായ ആഗ്രഹങ്ങൾക്കു വ്യക്തമായ ഫലങ്ങൾ ഉണ്ടാകില്ല. “എനിക്ക് നല്ല ജീവിതം വേണം” എന്നതിനെക്കാൾ, “എനിക്ക് മാനസിക സമാധാനമുള്ള, സ്ഥിരമായ വരുമാനമുള്ള ജീവിതം വേണം” എന്നതുപോലെ വ്യക്തതയുള്ള ചിന്തകളാണ് ശക്തമായ മാനിഫെസ്റ്റേഷനു സഹായകമാകുന്നത്. വ്യക്തത വന്നാൽ, നമ്മുടെ മനസ്സ് സ്വാഭാവികമായി അതിലേക്കുള്ള വഴികൾ തേടിത്തുടങ്ങും.
വിശ്വാസമാണ് മാനിഫെസ്റ്റേഷന്റെ ഹൃദയം. ഉള്ളിൽ സംശയം നിറഞ്ഞിരിക്കുമ്പോൾ, ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകാൻ ബുദ്ധിമുട്ടാണ്. “ഇത് എനിക്ക് സാധിക്കുമോ?” എന്ന ചോദ്യം തന്നെ ഉള്ളിൽ ഒരു തടസ്സം സൃഷ്ടിക്കുന്നു. മറിച്ച് “ഇത് എനിക്ക് സാധിക്കും” എന്ന ഉറച്ച വിശ്വാസം വന്നാൽ, ഭയത്തിന് പകരം ധൈര്യം ഉണ്ടാകും. ധൈര്യം പ്രവർത്തിയിലേക്കാണ് നയിക്കുന്നത്, പ്രവർത്തിയിലൂടെയാണ് ഫലങ്ങൾ ഉണ്ടാകുന്നത്.
വികാരങ്ങൾക്കും മാനിഫെസ്റ്റേഷനിൽ വലിയ പങ്കുണ്ട്. ഒരു ആഗ്രഹം ഇതിനകം നേടിയതുപോലെ ഉള്ളിൽ അനുഭവിക്കാൻ കഴിയുമ്പോഴാണ് അതിന് ശക്തിയേറുന്നത്. സന്തോഷം, നന്ദി, ആത്മവിശ്വാസം പോലുള്ള വികാരങ്ങൾ ഉയർന്ന ഊർജങ്ങളാണ്. ഇവയാണ് ജീവിതത്തിലേക്ക് നല്ല അനുഭവങ്ങളെ ആകർഷിക്കുന്നത്. നാം സ്ഥിരമായി പരാതിപ്പെടുകയും അസന്തോഷത്തോടെ ജീവിക്കുകയും ചെയ്താൽ, അതേ തരത്തിലുള്ള അനുഭവങ്ങളാണ് വീണ്ടും വീണ്ടും ഉണ്ടാകുന്നത്.
നന്ദി എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ശക്തിയാണ്. നമ്മൾ ഇതിനകം ഉള്ള കാര്യങ്ങൾക്കു നന്ദിയുള്ളവരാകുമ്പോൾ, മനസ്സ് സമൃദ്ധിയുടെ അവസ്ഥയിലേക്കു മാറുന്നു. “എനിക്ക് ഇതില്ല” എന്ന ചിന്തയിൽ നിന്നു “എനിക്ക് ഇത്രയൊക്കെ ഉണ്ടല്ലോ” എന്ന ചിന്തയിലേക്കുള്ള മാറ്റം, ജീവിതത്തിന്റെ ഗതി തന്നെ മാറ്റാൻ കഴിയും. നന്ദി പ്രകടിപ്പിക്കുന്ന ഒരാൾക്ക് കൂടുതൽ നന്മകൾ സ്വാഭാവികമായി ലഭിക്കാറുണ്ട്.
മാനിഫെസ്റ്റേഷൻ ഒരു മാജിക് ഷോർട്ട്‌കട്ട് അല്ല. ഒന്നും ചെയ്യാതെ ആഗ്രഹങ്ങൾ മാത്രം വിചാരിച്ചാൽ ജീവിതം മാറുമെന്ന് കരുതുന്നത് തെറ്റാണ്. ശരിയായ ചിന്തകൾ, വിശ്വാസങ്ങൾ, വികാരങ്ങൾ എന്നിവയ്‌ക്കൊപ്പം അതിനനുസരിച്ച പ്രവർത്തികളും വേണം. ചിലപ്പോൾ ഫലങ്ങൾ വൈകാം, ചിലപ്പോൾ വഴിമാറി വരാം, പക്ഷേ ക്ഷമയോടെ മുന്നോട്ട് പോയാൽ ശരിയായ സമയത്ത് ശരിയായ ഫലങ്ങൾ ലഭിക്കും.
അവസാനമായി പറയുമ്പോൾ, നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് ദിനംപ്രതി രൂപപ്പെടുത്തുന്നത്. ചിന്തകളാണ് വിത്തുകൾ, വിശ്വാസം മണ്ണാണ്, പ്രവർത്തിയാണ് വെള്ളം. എന്ത് വിത്താണ് നാം വിതയ്ക്കുന്നതോ, അതുതന്നെയാണ് നാളെ വിളവായി ലഭിക്കുന്നത്. അതിനാൽ, നിങ്ങളുടെ ചിന്തകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. കാരണം അവയാണ് നിങ്ങളുടെ നാളെയുടെ യാഥാർത്ഥ്യം.
Dr. Shibla Sherin P
Assistant Professor of Commerce and Management Studies
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment