വയനാട് ടൗൺ ഷിപ്പ് : പുതിയ കേരള മോഡൽ 


ദൈവത്തിന്റെ സ്വന്തം നാട്, കേരളം പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനം, ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനം, സർവത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, മാതൃ- ശിശു മരണ നിരക്കിലെ നേട്ടങ്ങൾ, അതി ദരിദ്ര നിർമാർജനം ഉൾപ്പെടെയുള്ള  ക്ഷേമ പ്രവർത്തനങ്ങൾ, കോവിഡ് പരിചരണത്തിലെ ഇടപെടലുകൾ, ടൂറിസം, ശുചിത്വം തുടങ്ങി പലമേഖലകളിൽ കേരളം രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കല്പറ്റ ടൗണിനോട് ചേർന്ന് നിർമിക്കുന്ന ടൗൺ ഷിപ്പ് പ്രവർത്തിയിലൂടെ ദുരന്തപുനരദിവാസത്തിലും കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണ്. 

2024 ജൂലൈ 30 നാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം തുടങ്ങിയ പ്രദേശങ്ങളെ തകർത്ത ഉരുൾപൊട്ടൽ ഉണ്ടായത്.  ഒരൊറ്റ രാത്രി കൊണ്ട് പ്രദേശം ഒലിച്ചു പോയി. 400 ൽ അധികം പേർ മരണപ്പെട്ടു. അത്രത്തോൾ പേർക്ക് വലിയ പരിക്കേറ്റു. മരണപ്പെട്ട പലരുടെയും മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ സാധിച്ചില്ല. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കിലോ മീറ്ററുകൾ ഒഴുകി മലപ്പുറം ജില്ലയിലെ നിലമ്പൂർ ഭാഗത്ത് നിന്നാണ് ലഭിച്ചത്. ഡി എൻ എ ടെസ്റ്റ്‌ നടത്തിയാണ് മൃതദേഹങ്ങൾ പലതും തിരിച്ചറിഞ്ഞത്. നിരവധി ജീവനുകളോടൊപ്പം പ്രകൃതി സുന്ദരമായ ഒരു നാട് തന്നെ ഇല്ലാതെയായി. ഒരു സ്കൂളും നിരവധി സ്ഥാപനങ്ങളും ഒരു ജനതയുടെ അത്രയും കാലത്തെ സമ്പാദ്യം മുഴുവനായും ആ രാത്രി ഇല്ലാതെയായി. രക്ഷാ പ്രവർത്തനത്തിലെ  പൊതുജന പങ്കാളിത്തവും കേരള മാതൃകയായി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർവ മത പ്രാർത്ഥനയോടെ സംസ്കരിച്ചു. സമീപ കാലത്ത് കേരളത്തിൽ നടന്ന ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയങ്ങൾ, ലോകം വിറച്ച കോവിഡ് മഹാമാരി തുടങ്ങിയ ദുരന്ത സമയങ്ങളിൽ എന്ന പോലെ ഈ ദുരന്തത്തെയും നേരിടാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ട് വന്നു. രാജ്യത്തെ സൈന്യം ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും രക്ഷപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

ദുരിതശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം പുനരധിവാസ പ്രവർത്തങ്ങളിലേക്ക് നാട് നീങ്ങി. സകലതും നഷ്ടപ്പെട്ട ഒരു നാടിനെ വീണ്ടെടുക്കുക, ദുരിതബാധിതരുടെ ജീവിതം തിരിച്ചു പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ നാടിനെ വീണ്ടെടുക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ ഉദാരമായി സംഭാവന ചെയ്തു. വ്യവസായികൾ, പ്രവാസികൾ, വിവിധ സംഘടനകൾ, സാധാരക്കാരായ ജനങ്ങൾ, കുട്ടികൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ ഭാഗമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിനുള്ള സ്നേഹമായി ദുരിശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവന നൽകി. ദുരിതബാധിർക്ക് ചികിത്സയും ഭക്ഷണവും താൽകാലിക താമസവും ഒരുക്കുന്നതിനോടൊപ്പം ആ ഗ്രാമത്തെ തന്നെ വീണ്ടെടുക്കുക എന്നതായിരുന്നു പ്രധാനം. പുനരധിവാസം എങ്ങനെ ആവണം എന്നതിനെ കുറിച്ച് പല ചർച്ചകളും നടന്നു. പല അഭിപ്രായങ്ങളും ഉയർന്നു വന്നു. സർക്കാർ ടൗൺഷിപ്പ് എന്ന തീരുമാനത്തിൽ എത്തി. ഉരുൾ എടുത്ത ഗ്രാമത്തെ മറ്റൊരിടത്ത് പുനർ നിർമ്മിക്കലായിരുന്നു ടൗൺഷിപ്പിന്റെ ലക്ഷ്യം. ദുരിതബാധിതർക്ക് 1000 സ്‌ക്വയർ ഫീറ്റ് വീടും ടൗൺഷിപ്പിന്റെ ഭാഗമായി കളിസ്ഥലവും അങ്കണവാടിയും പൊതു മാർക്കറ്റും ആശുപത്രിയും കമ്മ്യൂണിറ്റി സെന്ററും, ലൈബ്രറിയും എല്ലാ സൗകര്യവും ഉൾപ്പെടുന്നു. ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപ നൽകുകയും ചെയ്തു. 410 കുടുംബങ്ങൾ ടൗൺഷിപ്പിന്റെ ഭാഗമാകാൻ തീരുമാനിച്ചു. ഇത്രയും വീടും മറ്റു സൗകര്യങ്ങളും ഒരുക്കാനുള്ള സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത കടമ്പ. അതിനായി സർക്കാർ രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. കല്പറ്റ ടൗണിനോട് ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ് അതിനായി സർക്കാർ തെരെഞ്ഞെടുത്തു. പണം നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ എസ്റ്റേറ്റ് ഉടമകൾ ഇതിനെതിരെ കോടതിയെ സമീപിച്ചു. ഇത് ടൗൺഷിപ്പ് പ്രവർത്തികൾ ആരംഭിക്കുന്നതിൽ കാലതാമസം ഉണ്ടാക്കി. സർക്കാർ തീരുമാനം ബഹുമാനപ്പെട്ട കേരള ഹൈകോടതി അംഗീകരിക്കുകയും ചെയ്തു. കോടതി വിധി വന്നതോടെ സർക്കാർ സ്ഥലം ഏറ്റെടുത്ത് പ്രവർത്തികൾ തുടക്കം കുറിച്ചു.

ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കല്പറ്റ ബൈപാസിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിന്റെ 64 ഹെക്ടർ ഭൂമിയിൽ ലോകത്തിന് മാതൃകയായ വയനാട് ടൗൺഷിപ്പ് ഉയരുന്നത്. ദുരിത ബാധിതർക്ക് ഒരേ സ്ഥലത്ത് ഗുണനിലവാരമുള്ള പുനധിവാസം ഇവിടെ സർക്കാർ ഉറപ്പാക്കുന്നു. 5 സോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിന്റെ ഭാഗമായി ഉയരുന്നത്. കിഫ്‌ബി യുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിന്റെ മേൽനോട്ടത്തിൽ ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്. നിർമാണവും മേൽനോട്ടവും രണ്ട് ഏജൻസികൾ ചെയ്യണം എന്ന സർക്കാർ തീരുമാന പ്രകാരമാണ് കിഫ്‌കോണിനെയും ഊരാളുങ്കൽ സൊസൈറ്റിയെയും എല്പിച്ചത്. 7 സെന്റ് ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകൾ ആണ് നിർമ്മിക്കുന്നത്. ഇനി ഒരു പ്രകൃതി ദുരന്തം ഉണ്ടായാൽ അതിജീവിക്കാൻ കഴിയുന്ന നൂതന ടെക്നോളജി (സെസ്മിക് റെസിസ്റ്റൻസ്  ടെക്നോളജി) ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം നടത്തുന്നത്. 35 ക്ലസ്റ്ററുകളിലായി നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിൽ ഓരോ ക്ലസ്റ്ററിലും കുട്ടികൾക്ക് കളിക്കുന്നതിനും മുതിർന്നവർക്ക് ഒത്തുകൂടാനുമുള്ള പൊതു ഇടങ്ങളുണ്ട്.  മാതൃക വീട് നിർമിച്ച് ഗുണഭോക്താക്കളെ ഗുണനിലവാരം ബോധ്യപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തിയാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം നടത്തുന്നത്. വീട് നിർമാണത്തിലും വയറിംഗ്, പ്ലബ്ബിങ്, ബാത്‌റൂം ഫിറ്റിംഗ്സ് തുടങ്ങി എല്ലാ കാര്യത്തിലും മികച്ച നിലവാരമുള്ളവയാണ് ഉപയോഗിച്ചിട്ടുള്ളത്. 20 വർഷത്തോളം വാറന്റിയുള്ള വിപണിയിൽ ലവ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമാനത്തിൽ ഉപയോഗിക്കുന്നത്. സിമന്റ്, മണൽ, മെറ്റൽ, കമ്പി മുതലായവ ലാബിൽ പരിശോധന നടത്തി ഗുണമേന്മ ഉറപ്പോവരുത്തിയാണ് ഉപയോഗിക്കുന്നത്. മുഴുവൻ നിർമാനങ്ങൾക്കും 5 വർഷത്തേക്ക് കേടുപാടുകളിൽ നിന്നും കരാറുകാരൻ സംരക്ഷണം നൽകും. മുന്നൂറോളം വീടുകളുടെ മെയിൻ വാർപ്പ് പ്രവർത്തി പൂർത്ഥീകരിച്ചു. ആദ്യഘട്ട വീടുകൾ 2026 ഫെബ്രുവരി മാസത്തോടെ കൈമാറാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ന്യൂ ഇയർ ആശംസ സന്ദേശത്തിൽ വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട വീടുകൾ ഫെബ്രുവരി മാസത്തിൽ നൽകാൻ സാധിക്കും എന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 1500 ലധികം തൊഴിലാളികൾ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ 24 മണിക്കൂറും ജോലി ചെയ്ത് വരുന്നു. സമയബന്ധിതമായി വർക്ക്‌ പൂർത്ഥീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. വയനാട് ടൗൺഷിപ്പിൽ കേവലം വീടുകൾ മാത്രമല്ല ഉയരുന്നത്. ടൗൺഷിപ്പിലെ താമസക്കാർക്ക് ആവശ്യമായ കുടുംബ ആരോഗ്യ കേന്ദ്രം, അങ്കനവാടി, പൊതുമർക്കറ്റ്, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി തുടങ്ങിയവയും ടൗൺഷിപ്പിന്റെ ഭാഗമായി വരുന്നു. ടൗൺഷിപ്പിൽ 11.4 കിലോ മീറ്റർ റോഡ് നിർമാണം പൂർത്തിയായി വരുന്നു. ടൗൺഷിപ്പിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്.12.65 മീറ്റർ വീതിയിലുള്ള പ്രധാന പാത 1100 മീറ്റർ ഉണ്ട്. 9.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് 2.7 കിലോ മീറ്ററും ഉണ്ടാവും. ഇടറോഡുകളായി കണക്കാക്കുന്ന 5.8 മീറ്റർ വീതിയിൽ നിർമിക്കുന്ന 7.5 കിലേ മീറ്റർ റോഡും ഉണ്ട്. പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ടും സൈഡ് ഡ്രൈനും ഉണ്ടാവും, അതിന്റെ നിർമാണവും പുരോഗമിക്കുന്നു. ഒൻപത് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കൂറ്റൻ കുടിവെള്ള ടാങ്ക് ടൗൺഷിപ്പിന്റെ ഭാഗമായി നിർമ്മിക്കുന്നു. ഓരോ വീട്ടിലും 1000 ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് ടൗൺഷിപ്പിന്റെ ഭാഗമായി വരുന്നു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രൈനേജ് എന്നിവയുടെ പ്രവർത്തനവും പുരോഗമിക്കുന്നു. സാദാരണ വൈദ്യുതി ലൈനുകൾക്ക് പകരം ഭൂഗർഭ വൈദ്യുദി കേബിളുകളാണ് ടൗൺഷിപ്പിൽ ഉപയോഗിച്ചിട്ടുള്ളത്. കെ എസ് ഇ ബി യുടെ 110 കെ വി ലൈനിനായി നാല് പ്രധാന ടവറുകൾ ടൗൺഷിപ്പിൽ സ്ഥാപിക്കുകയും ചെയ്തു.  ഓരോ വീട്ടിലും സൗരർജ്യ പ്ലാന്റ് കൂടി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. 

വയനാട് ടൗൺഷിപ്പ് പൂർത്തിയാകുന്നത്തോടെ പുനരധിവാസ പ്രവർത്തനങ്ങളിൽ ലോകത്തിന് കേരളം മാതൃകയാവും. കേരള മോഡൽ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടും. ഭൂമി ഏറ്റെടുക്കൽ നിയമവ്യവഹാരത്തിൽപെട്ടില്ലായിരുന്നെങ്കിൽ പുനരധിവാസ തീരുമാനം കുറെക്കൂടി നേരത്തേ പൂർത്തിയാകുമായിരുന്നു.




Anas. K.

Assistant Professor of Commerce

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Post a Comment

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്