മരണവഴിയിലേക്കുള്ള മോഡേൺ പ്രണയങ്ങൾ...
നടുങ്ങലോടെയാണ് കഴിഞ്ഞ ദിവസം ആ വാർത്ത നമ്മൾ വായിച്ചത്. 14 വയസ്കാരിയായ വിദ്യാർത്ഥിനിയെ തൻ്റെ ആൺ സുഹൃത്ത് വളരെ മൃഗീയമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നു . കാരണം അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് അവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും അതേ തുടർന്നുണ്ടായ തർക്കങ്ങളുമാണ് ഈ കൊടും കൃത്യത്തിലേക്ക് നയിച്ചത് എന്നുമാണ്. "തമ്മിൽ പ്രണയമായിരുന്നെങ്കിൽ ഇത്തരത്തിലൊന്ന് ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നോ.....? ഇല്ലെന്നാണ് എൻ്റെ വിശ്വാസം ..... "
അതോ വർത്തമാന സമൂഹം പ്രണയത്തെ അത്തരത്തിൽ വ്യാഖ്യാനിച്ചുവോ?
നേട്ടങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ജെൻ സി സമൂഹത്തിൽ ബെസ്റ്റി സങ്കൽപ്പവും സിറ്വേഷൻഷിപ്പ് മോഡലും പ്രണയമെന്ന മനാഹര രീതിയെ മറ്റൊരു തലത്തിലേക്ക് മാറ്റിയെന്ന് വേണം പറയാൻ....
ഒരു കാലത്ത് നേരിട്ട് പറയാൻ പോലും സാധിക്കാതെ പരാജയപ്പെട്ടു പോയ എത്രയെത്ര പ്രണയങ്ങൾക്ക് നാം സാക്ഷിയായിട്ടുണ്ട്. ഇന്ന് പ്രണയത്തിലെ ചെറിയ ചെറിയ നഷ്ടങ്ങൾ പോലും അംഗീകരിക്കപ്പെടാതെ പ്രണയം ആസിഡ് ആക്രമണത്തിലും നിഷ്ക്രൂര കൊലപാതകങ്ങളിലും അവസാനിക്കുന്നു.
നമ്മുടെ മക്കൾ ഇത്തരം പ്രവർത്തനങ്ങളിലേക്ക് തയിക്കപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാവാം .
ലഹരിയുടെ അതിവേഗ ലഭ്യത അതിൽ ഒന്നായി വ്യാഖ്യനിക്കാം. ഒരു ഫോൺ കോളിൽ അല്ലെങ്കിൽ ഒരു മേസേജിൽ നിമിഷങ്ങൾക്കകം നമ്മളിലേക്ക് എത്താൻ അതിൻ്റെ വിതരണക്കാർ തയ്യാറാക്കി വെച്ച ഒരു സിസ്റ്റം ഇവിടെയുണ്ട്.
ഇതിൻ്റെ വേരറുക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നത് വേദനാജനകം തന്നെ.
മാറി വരുന്ന സമൂഹമനോഭാവം ഇതിൽ മറ്റൊരു നിർണായക ഘടകമായി മാറിയിരിക്കുന്നു.
അനീതികളോട് പ്രതികരിക്കാൻ ഭയക്കുന്ന സമൂഹമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.
ഇതൊന്നും നമ്മൾ നിയന്ത്രിച്ചാൽ കഴിയുന്ന കാര്യമല്ല എന്ന തോന്നൽ, നിയമത്തിൻ്റെ നൂലാമാലകൾ, സദാചാര ഗുണ്ടായി സം എന്ന ചാപ്പകുത്തൽ ഇതെല്ലാം ആയിരിക്കാം അവരെ ഇതിൽ നിന്ന് ഉൾവലിച്ചത് .
ഈ അവസ്ഥ തുടരുകയാണെങ്കിൽ തുടർന്നും പേടിപ്പെടുത്തുന്ന ഇത്തരം കൊലപാതകങ്ങൾ നമ്മൾ കാണേണ്ടി വരും...
സമാധാനവും സന്തോഷവും നിറഞ്ഞ പുലരികൾ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു...
Muhammed Arsal. T. K
Assistant Professor of Commerce,
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment