പിന്നിൽ ഒരാൾ
ഇത് ഒരു കഥയല്ല.
ഇതു മൂന്ന് വർഷം മുമ്പ് എന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. അന്ന് ഒരു രാത്രി, ഞാൻ ഒരു സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ട് വരാൻ വീട്ടിൽ നിന്നും കോഴിക്കോട് ടൗൺ ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. റോഡിൽ അധികം തിരക്കില്ല. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചം മാത്രം.
അപ്പോഴാണ് റോഡരികിൽ തലയിൽ കെട്ടുള്ള വെള്ള മുണ്ടും ഷർട്ടും ധരിച്ച പ്രായമായ ഒരു മനുഷ്യൻ ( പള്ളിയിലെ മുസ്ലിയാർ) ബൈക്കിന് കൈ കാണിച്ചത്. കയ്യിൽ ഒരു മുഷിഞ്ഞ സഞ്ചിയും കുടയും. ക്ഷീണിച്ച മുഖം.
സാധാരണ ഞാൻ വഴിയിൽ നിന്ന് ആരെയും കയറ്റാറില്ല. പക്ഷേ അന്ന് ഒരുപാട് വൈകിയ സമയം, ഇനി ബസ്സ് ഒന്നും ആ റൂട്ടിൽ വരാനില്ല .. എന്തോ ഒരു തോന്നൽ. ഞാൻ ബൈക്ക് നിർത്തി.
അയാൾ പിന്നിൽ കയറി.
വണ്ടി മുന്നോട്ട് നീങ്ങി.
യാത്രക്കിടെ അയാൾ സംസാരിച്ചു. കോഴിക്കോടിന്റെ പഴയ കാലം. ഞാൻ എല്ലാത്തിനും മൂളലിൽ മറുപടി കൊടുത്തു കൊണ്ടിരുന്നു. ഇടക്കൊക്കെ ചില മൗലിദ് വരികൾ അയാൾ പാടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവസാനം, അയാൾ പറഞ്ഞ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി .. ഞാൻ പറഞ്ഞു "എവിടെ നിന്നെങ്കിലും നമുക്ക് വീണ്ടും കാണാം.. അസ്സലാമു അലയ്ക്കും " മറുപടിക്കായി പിന്നിലേക്ക് തിരിഞ്ഞു നോക്കി..
പിന്നിൽ ആരുമില്ല..
ഞാൻ ഇറങ്ങി നോക്കി. അങ്ങനെ ഒരു മനുഷ്യനെ അവിടെ എവിടെയും കാണാനില്ല. ചുറ്റുമുള്ള കടകളിൽ കയറി അന്വേഷിച്ചു. "എന്റെ ബൈക്കിന്റെ പിറകിൽ നിന്ന് ആരെങ്കിലും ഇറങ്ങി പോവുന്നത് കണ്ടിരുന്നോ ?"
തൊട്ടടുത്ത് തെരുവ് കച്ചവടം നടത്തുന്ന ആള് പറഞ്ഞു.
“ ഇവിടെ ആരും ഇറങ്ങിയിട്ടില്ല. നിങ്ങൾ ഒറ്റക്കല്ലായിരുന്നോ വന്നത് ?"
എന്റെ ശരീരവും മനസ്സും കുറച്ച് നേരത്തേക്ക് നിശ്ചലമായി തോന്നി.. ഉള്ളിൽ മുഴുവൻ ഒരു വിറയലാണ് പിന്നീട് അനുഭവപ്പെട്ടത്..
റെയിൽവേ സ്റ്റേഷനിൽ എത്തിയ സുഹൃത്ത് ഞാൻ വൈകിയത് കൊണ്ട് തുടർച്ചയായി വിളിച്ചു കൊണ്ടിരിക്കുന്നു ..
പോവുമ്പോൾ ഒന്ന് കൂടി ആ കവലയിൽ എവിടെയെങ്കിലും അയാൾ ഉണ്ടോ എന്ന് ഞാൻ പരതി നോക്കി.
ഇന്നും, മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും, അന്ന് യഥാർത്ഥത്തിൽ എന്താണ് എനിക്ക് സംഭവിച്ചത് എന്ന ചോദ്യം മനസ്സിൽ ഉത്തരമില്ലാതെ നിലകൊള്ളുന്നു. ഇപ്പോഴും അത് വഴി പോവുമ്പോൾ എന്റെ കണ്ണുകൾ അയാളെ തിരയാറുണ്ട്, ഒന്ന് ആശ്വസിക്കാൻ എങ്കിലും അയാളെ കണ്ടിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ.
Farhan V M
Head and Assistant Professor of Computer Science
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment