ഡിജിറ്റൽ റീച്ച് സംസ്കാരവും മാനുഷിക മൂല്യങ്ങളുടെ താഴ്ചയും


ഇന്നത്തെ സമൂഹത്തിൽ സോഷ്യൽ മീഡിയ മനുഷ്യരുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുന്നു. ആശയവിനിമയത്തിനും അറിവ് പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഈ പ്ലാറ്റ്‌ഫോമുകൾ ഇന്ന് പലരുടെയും പ്രശസ്തി നേടാനുള്ള ഉപകരണങ്ങളായി മാറിക്കഴിഞ്ഞു. Like, Share, View, Reach തുടങ്ങിയ വാക്കുകൾ ചിലർക്കു ജീവിതത്തിന്റെ അളവുകോലായി മാറിയിരിക്കുന്നു. എന്നാൽ ഈ റീച്ച് വേട്ടയുടെ മറവിൽ മനുഷ്യരുടെ സ്വകാര്യതയും മാനസികാരോഗ്യവും എത്രത്തോളം തകർന്നുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.

രണ്ട് ദിവസം മുമ്പ് നടന്ന ഒരു ദുഃഖകരമായ സംഭവം ഈ ചോദ്യത്തിന് മുന്നിൽ നമ്മളെയെല്ലാം നിർത്തി. തിരക്കുള്ള ബസിൽ ഒരു പെൺകുട്ടിയുടെ അടുത്ത് നിന്ന ഒരു യുവാവ് , തന്റെ ശരീരത്തിൽ സ്പർശിക്കുന്നത് ആ സ്ത്രീ വീഡിയോയായി പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അറിഞ്ഞു കൊണ്ട് ചെയ്തത് ആണോ അല്ലയോ എന്ന് പോലും ചിന്തിക്കാതെ, വീഡിയോ എടുക്കാൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു ആ പെൺകുട്ടി എന്ന് തോന്നി പോയി. ആ സമയത്ത് യാതൊരു രീതിയിലും പ്രതികരിക്കാതെ കിട്ടിയ വീഡിയോ Social Media ൽ പോസ്റ്റ്‌ ചെയ്തു. സംഭവം സംഭവിച്ച സാഹചര്യവും ഉദ്ദേശ്യവും പരിശോധിക്കപ്പെടുന്നതിന് മുമ്പ് തന്നെ ആ വീഡിയോ വ്യാപകമായി പ്രചരിച്ചു. അതോടൊപ്പം യുവാവിനെതിരെ ഗുരുതരമായ ആരോപണങ്ങളും അധിക്ഷേപങ്ങളും ഉയർന്നു. തന്റെ ഭാര്യയുടെയും മക്കളുടെയും മാതപിക്കളുടെയും മുന്നിൽ താൻ ഇനി എങ്ങനെ നോക്കും, തന്റെ മക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ ഒക്കെ ഇനി തന്റെ അടുത്ത് വരുമോ, ഇങ്ങനെയുള്ള കുറെ മാനസിക സമ്മർദ്ദവും സാമൂഹിക അപമാനവും സഹിക്കാനാവാതെ ദീപക് എന്ന യുവാവ് ഒടുവിൽ ജീവൻ അവസാനിപ്പിച്ചു. ഈ സംഭവം ഒരു വ്യക്തിയുടെ മാത്രം ദുരന്തമല്ല; അത് നമ്മുടെ സമൂഹത്തിന്റെ ഒരു കൂട്ടമായ പരാജയമാണ്.

ഒരാളുടെ പക്ഷം മാത്രം കേട്ടിട്ട് മറ്റൊരാളെ തെറ്റുകാരൻ ആക്കുകയാണ് സമൂഹം.

ഇനി ആ പെൺകുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവ് സഹിതം നിയമവ്യവസ്ഥിതിയിൽ ഏൽപ്പിക്കണമായിരുന്നു. പിന്നീട് അവർ തീരുമാനിക്കട്ടെ അദ്ദേഹം തെറ്റ്കാരൻ ആണോ അല്ലയോ എന്ന്.

ഒരു ക്യാമറ ഓണാക്കുന്ന നിമിഷത്തിൽ പലപ്പോഴും മനുഷ്യത്വം ഓഫ് ആകുന്നു എന്നതാണ് ഇന്ന് നമ്മൾ കാണുന്ന യാഥാർത്ഥ്യം. പൊതുസ്ഥലങ്ങളിൽ നടക്കുന്ന ഓരോ ചലനവും, ഓരോ മുഖഭാവവും, ഓരോ നിമിഷവും “Content” ആകുന്നു. എന്നാൽ ആ കണ്ടന്റിന്റെ മറുവശത്ത് ഒരു മനുഷ്യൻ ഉണ്ടെന്ന സത്യം നമ്മൾ മറക്കുകയാണ്. ദീപക്കിന്റെ സംഭവത്തിൽ, അയാൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കാൾ വേഗത്തിൽ സമൂഹം അയാളെ കുറ്റക്കാരനാക്കി മാറ്റി. സോഷ്യൽ മീഡിയ കോടതി പ്രവർത്തിച്ചു; തെളിവും പ്രതിയും ജഡ്ജും ഒരേസമയം അവിടെ ഉണ്ടായി. 

ഒരു അധ്യാപകനെന്ന നിലയിൽ നമ്മൾ ചോദിക്കേണ്ടത് ഇതാണ്: ഡിജിറ്റൽ സാക്ഷരത എന്നത് സാങ്കേതിക അറിവിൽ ഒതുങ്ങേണ്ടതാണോ, അതോ മാനുഷിക മൂല്യങ്ങളും നൈതികബോധവും ഉൾക്കൊള്ളുന്നതല്ലേ?

സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾ യാഥാർത്ഥ്യമാണ്, അതിനെ നിഷേധിക്കാനോ നിസ്സാരവൽക്കരിക്കാനോ കഴിയില്ല. എന്നാൽ സ്ത്രീശക്തീകരണം എന്നത് അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരാളുടെ ജീവിതം നശിപ്പിക്കാനുള്ള അധികാരമല്ല. നിയമപരമായ വഴികൾ നിലനിൽക്കുമ്പോൾ, സോഷ്യൽ മീഡിയയെ ശിക്ഷാ വേദിയാക്കി മാറ്റുന്നത് നീതിയല്ല. ഒരു സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടാതെ, ഒരാളെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുന്നത് മറ്റൊരു തരത്തിലുള്ള അക്രമമാണ്. സ്വാതന്ത്ര്യത്തിന് ഒപ്പം ഉത്തരവാദിത്വവും വേണം എന്ന പാഠം ഇവിടെ വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നു.

ഇത്തരം സംഭവങ്ങൾ നമ്മളെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. അപമാനം, കുറ്റാരോപണം, ട്രോളുകൾ, സാമൂഹിക ഒറ്റപ്പെടൽ — ഇവയെല്ലാം ഒരാളുടെ മനസ്സിനെ തകർക്കാൻ മതിയാകും. പ്രത്യേകിച്ച് പുരുഷന്മാർ വികാരങ്ങൾ പ്രകടിപ്പിക്കരുത്, കരയരുത്, സഹായം തേടരുത് എന്ന സാമൂഹിക ധാരണ ഇത്തരം സാഹചര്യങ്ങളിൽ അത്യന്തം അപകടകരമാണ്. ദീപക്കിനെ പോലുള്ള പലരും സഹായം തേടാൻ കഴിയാതെ, കുറ്റബോധത്തിലും ഭയത്തിലും ഒടുവിൽ അത്യന്തം തെറ്റായ തീരുമാനങ്ങളിലേക്ക് എത്തുന്നു.

ഒരു വീഡിയോ നമ്മൾ ഷെയർ ചെയ്യുമ്പോൾ, ഒരു കമന്റ് ഇടുമ്പോൾ, ഒരു ട്രോൾ ആസ്വദിക്കുമ്പോൾ, അതിന്റെ ഫലമായി ഒരാളുടെ ജീവിതം എങ്ങനെയാകുമെന്ന് ചിന്തിക്കാൻ നമ്മൾ തയ്യാറാകുന്നുണ്ടോ? അധ്യാപകർ എന്ന നിലയിൽ നമ്മൾ ഈ ചിന്ത വിദ്യാർത്ഥികളിൽ വളർത്തേണ്ട ബാധ്യതയുണ്ട്. നാളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന തലമുറ ഇന്ന് നമ്മുടെ ക്ലാസ്‌റൂമുകളിൽ ഇരിക്കുന്നവരാണ്. അവരെ പഠിപ്പിക്കേണ്ടത് മാർക്കും ഗ്രേഡും മാത്രം അല്ല; ഡിജിറ്റൽ ലോകത്ത് എങ്ങനെ ഉത്തരവാദിത്തമുള്ള മനുഷ്യരായി …ജീവിക്കണം എന്നതുമാണ്.

നിയമപരമായി ഒരാളുടെ അനുമതിയില്ലാതെ വീഡിയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. എന്നാൽ നിയമഭയം മാത്രം പോര. നൈതികബോധവും സഹാനുഭൂതിയും വളരേണ്ടതുണ്ട്. ഒരു നിമിഷത്തെ റീച്ചിന് വേണ്ടി ഒരു മനുഷ്യനെ ജീവിതകാലം മുഴുവൻ അപമാനത്തിലേക്ക് തള്ളിവിടുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. സോഷ്യൽ മീഡിയ മനുഷ്യരെ ബന്ധിപ്പിക്കാൻ ഉള്ളതാണ്, തകർക്കാൻ അല്ല.

ദീപക്കിന്റെ മരണം നമ്മളെ പഠിപ്പിക്കുന്ന പാഠം വളരെ വ്യക്തമാണ്. ഇത് ഒരാളുടെ മാത്രം തെറ്റല്ല; വീഡിയോ എടുത്തവരും, ഷെയർ ചെയ്തവരും, കമന്റ് ചെയ്തവരും, നിശ്ശബ്ദമായി കണ്ടുനിന്നവരുമെല്ലാം ചേർന്നാണ് ഈ ദുരന്തത്തിന് വഴിയൊരുക്കിയത്.

ഒരു നിമിഷം നമ്മൾ നമ്മളോട് തന്നെ ചോദിക്കണം — ഇത് എന്റെ വിദ്യാർത്ഥിയോ, സഹോദരനോ, സഹപ്രവർത്തകനോ ആയിരുന്നെങ്കിൽ ഞാൻ ഇതേ രീതിയിൽ പ്രതികരിക്കുമോ? റീച്ച് അവസാനിക്കും, ട്രെൻഡുകൾ മാറും, പക്ഷേ നഷ്ടപ്പെട്ട ഒരു ജീവൻ ഒരിക്കലും തിരികെ വരില്ല. കൂടുതൽ മാനുഷികവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഡിജിറ്റൽ സമൂഹം നിർമ്മിക്കുക എന്നത് നമ്മളെല്ലാവരുടെയും ബാധ്യതയാണ്.



Irshad. A

Assistant Professor of Computer Science, 

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്