ടി.ബി


ചില കഥകൾ അങ്ങനെയാണ്.

വായിച്ചു തീർന്നിട്ടും പുസ്തകം അടയില്ല.

അവയിലെ ഓരോ വരിയിലും നമ്മുടേതായ ഏതെങ്കിലും ഒരു ഓർമ്മ കുത്തിപ്പിടിച്ചു നിൽക്കും.

അല്ലെങ്കിൽ, “ഇത് എന്റെ കഥ തന്നെയല്ലേ?” എന്ന് നമ്മൾ തന്നെ നമ്മളോട് ചോദിപ്പിക്കും.

അങ്ങനെയൊരു കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “ബിരിയാണി”.

ടി.ബി. ബാധിച്ചു ശരീരം മെലിഞ്ഞ്, ആശുപത്രിയുടെയും മരുന്നിന്റെയും ഗന്ധം മാത്രം അറിയുന്ന ഒരു കുഞ്ഞിന്റെ കഥ.

എല്ലൊട്ടി, പനിയും ചുമയും കഫക്കെട്ടും കൂട്ടായി, ദിവസേന ഇൻജെക്ഷനായി ആശുപത്രിയിലേക്കുള്ള യാത്ര.

മെലിഞ്ഞ ശരീരത്തിന്റെ പേരിൽ പരിഹാസങ്ങൾ മാത്രം സമ്മാനമായി കിട്ടുന്ന ഒരു ബാല്യം.

അതാണ് ആ കഥയുടെ അടിസ്ഥാനം.

അത് വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ഒരു കഥയല്ലായിരുന്നു.

ഒരു ജീവിതമായിരുന്നു.

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടി.ബി. വന്ന ഒരു പെൺകുട്ടിയുടെ കഥ.

രാത്രികളൊക്കെ വിട്ടുമാറാത്ത പനിയും, ക്ഷീണവും, ചുമയും.

ആരോഗ്യം കുത്തനെ ഇറങ്ങി, ശരീരം നന്നേ മെലിഞ്ഞു.

അവസാനം, അന്വേഷിച്ചും ചോദിച്ചുമാണ് അവർ ഒരാളെ കണ്ടെത്തിയത് —

ഡോക്ടർ അബ്ദുൽ സലാം.

രണ്ടാഴ്ച കൂടുമ്പോൾ ആശുപത്രിയിലേക്കുള്ള യാത്ര പതിവായി.

രോഗി കുട്ടിയാണെങ്കിലും, ഡോക്ടറുടെ മുന്നിൽ സംസാരിക്കുന്നത് ഉമ്മ.

പക്ഷേ, പിന്നീടങ്ങോട്ട് അവൾ തന്നെയാണ് സംസാരിക്കാൻ തുടങ്ങിയത്.

ചിരിയും കളിയും കഥകളും.

തിരക്കുണ്ടെങ്കിൽ ഡോക്ടർ വരുമ്പോൾ അദ്ദേഹം ആദ്യം എന്നെ ഉള്ളിൽ കടത്തിവിടാൻ റിസപ്ഷനിൽ നിർദ്ദേശിക്കും, ഉള്ളിൽ കയറിയാൽ അതുവരെ ഉള്ള വിശേഷങ്ങൾ പറച്ചിലിനിടയിലൂടെ പരിശോധന നടക്കുന്നിട്ടുണ്ടാവും. ഡോക്ടർക്ക് കഴിക്കാൻ കരുതിവെച്ചിരുന്ന സ്‌നാക്‌സിന്റെ ചെറിയൊരു പങ്കുകാരിയായി അവൾ മാറി . ഡോക്ടർക്ക് അവളോടുള്ള വാത്സല്യം കണ്ടിട്ടാവണം ആ ആശുപത്രിയിലെ മറ്റു സ്റ്റാഫുമാരും അവളോട് അതെ വാത്സല്യം കാണിച്ചുതുടങ്ങി. പിന്നെ പിന്നെ ആശുപത്രി വിടുന്നത് കൈ നിറയെ മിട്ടായി ഒക്കെ ആയിട്ടാവും.ആരോഗ്യം വീണ്ടെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചത് നാടൻ കോഴിമുട്ടയും, ആട്ടിൻപാലും, ആട്ടിറച്ചിയും.

മുട്ട അവൾ കഴിക്കും.

പക്ഷേ ആട്ടിൻപാൽ?

അത് മണമെത്തിയാൽ തന്നെ ഓക്കാനം.

കരച്ചിൽ, ബഹളം, ഓട്ടം.

ഉമ്മ ശ്രദ്ധിക്കില്ലെന്ന് കണ്ടാൽ രണ്ട് സ്പൂൺ കുടിച്ചു രക്ഷപെടൽ.

ആട്ടിറച്ചിയുടെ കാര്യത്തിൽ ഉമ്മയും ഉപ്പയും കണ്ടെത്തിയ മാർഗം…

അത് ഒരു മനോഹരമായ തട്ടിപ്പായിരുന്നു.

ആട്ടിറച്ചി വാങ്ങിക്കുമ്പോൾ അതേ അളവിലും തൂക്കത്തിലും പോത്തിറച്ചിക്കൂടി വാങ്ങിച്ചു അതിൽ പോത്തിറച്ചിയുടെ കീസ് മാത്രം നേരിട്ട് വീട്ടിൽ കൊണ്ടുവരും . അവളുടെ ഉപ്പ അവൾ കാണാതെ ആട്ടിറച്ചിയുടെ കവർ ഉമ്മയെ ഏല്പിക്കും. മട്ടനും ബീഫും ഒരേപോലെ പാകം ചെയ്ത് വിളമ്പുമ്പോൾ അവളുടെ പാത്രത്തിൽ മാത്രം ആട്ടിറച്ചിയും ബാക്കി എല്ലാവര്ക്കും ബീഫും വിളമ്പും. 


ബീഫാണെന്ന് കരുതി അവൾ അത്യന്തം സന്തോഷത്തോടെ കഴിക്കും.

ഇന്നും അവൾക്ക് തിരിച്ചറിയാനാവില്ല—

ഇതേതാ മട്ടൺ, ഇതേതാ ബീഫ് എന്ന്.

തിരിച്ചറിയാൻ കഴിയുന്നില്ല . ഈ വിധമുള്ള പറ്റിക്കലുകൾ ഇപ്പോഴും അവളുടെ ഉമ്മയും ഉപ്പയും നടത്തി വരുന്നുണ്ട്. വലുതായി ഒരു സൈക്കോളജിസ്റ് ഒക്കെ ആയിട്ടും, എല്ലാം വളരെ കൃത്യമായി ഒബ്സർവേ ചെയ്ത് കണ്ടുപിടിക്കുന്ന ആൾ എന്നാണ് അവളുടെ സുഹൃത്തുക്കൾ എല്ലാം അവളെ കുറിച് പറയുന്നത് . എന്നാൽ എത്ര വലുതായിട്ടും എത്ര മിടുക്കുണ്ടായിട്ടും മട്ടൺ ഏതാ ബീഫ് ഏതാ എന്ന് തിരിച്ചറിയാനുംമാത്രമുള്ള സ്കിൽ അവൾക് കിട്ടിയില്ല. 

പിന്നീട് ആ രഹസ്യം അറിഞ്ഞതോടെ,

ബീഫ് കിട്ടിയാലും കഴിക്കാൻ മടി.

പരിഹാരം ഒന്നു മാത്രം—

ആദ്യം ഉമ്മ കഴിക്കണം.

കാരണം, മട്ടൺ ഉമ്മ കഴിക്കില്ല.

ഉമ്മ കഴിച്ചാൽ ഉറപ്പിക്കാം, അത് ബീഫ് തന്നെയെന്ന്.

കുട്ടിക്കാലത്ത് മെലിഞ്ഞ ശരീരം അവൾക്ക് പരിഹാസങ്ങളുടെ പെട്ടിയായിരുന്നു.

വട്ടപ്പേരുകൾ.

“ഈ പെണ്ണിന് തിന്നാൻ കൊടുക്കുന്നില്ലേ?” എന്ന ചോദ്യം.

“കൊടുക്കൽ കുറവല്ല, കൂടുതലാണ്” എന്ന ഉമ്മയുടെ മറുപടി.

ഇന്ന് ആലോചിക്കുമ്പോൾ മനസ്സിലാകും—

അത് എത്ര ക്രൂരമായ ബോഡി ഷെയ്മിങ്ങായിരുന്നു എന്ന്.

മെലിഞ്ഞാൽ പ്രശ്നം.

തടിച്ചാലും പ്രശ്നം.

ശരീരം എന്തായാലും, ചോദ്യം ചോദിക്കാൻ സമൂഹം ഒരിക്കലും മടിക്കില്ല.

ചില കഥകൾ അങ്ങനെയാണ്.

വായിക്കുമ്പോൾ നമ്മളെ നോക്കി ചിരിക്കും.

വായിച്ചു തീർന്നാൽ നമ്മളെ ഓർമിപ്പിക്കും—

നമ്മൾ അതിലുണ്ടായിരുന്നു എന്ന്.



Dilshana. A. P

Assistant Professor of Psychology,

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്