കറുപ്പിന് ഏഴഴക്?


ചെറുപ്പത്തിൽ ഞാൻ എൻ്റെ നിറത്തെ കുറിച്ച്  വേവലാതിപ്പെട്ടിരുന്നില്ല. മറ്റെല്ലാ കുട്ടികളെയും പോലെ ഞാനും കളിച്ചു, ചിരിച്ചു, സ്വപ്നങ്ങൾ കണ്ടു, ലോകം നീ 'വ്യത്യസ്ത' ആണെന്ന് ഓർമിപ്പിക്കുന്നത് വരെ. ആ ഓർമിപ്പിക്കൽ പക്ഷേ അപരിചിതരിൽ നിന്ന് മാത്രമായിരുന്നില്ല. എൻറെ കുടുംബത്തിൽ നിന്ന് സുഹൃത്തുക്കളിൽ നിന്ന് അധ്യാപകരിൽ നിന്ന് പോലും.

വെളുപ്പിന് അത്രയധികം പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ് നാം ഉള്ളത്. സൗന്ദര്യത്തിന് ഒരു നിറമുണ്ടെന്നും അത് നിന്റെത് അല്ലെന്നും ഞാൻ അറിയാൻ തുടങ്ങി. പലപല വിളിപ്പേരുകൾ, കളിയാക്കലുകൾ, കുത്തുവാക്കുകൾ... ഇതെല്ലാം ഞാൻ വ്യത്യസ്ത ആണെന്ന് എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. എൻറെ ഉള്ളിന്റെ ഉള്ളിൽ ഒരു മതിൽ പണിതു കൊണ്ടിരുന്നു. എന്നെ അറിയുന്നതിന് മുമ്പ്,  എൻറെ കഴിവുകളെ അറിയുന്നതിന് മുമ്പ് എൻറെ നിറം ആളുകളുടെ കാഴ്ചപ്പാട് നിശ്ചയിക്കുന്നു എന്ന സത്യം ചെറുപ്പത്തിലെ ഞാൻ പഠിച്ചു.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഡാൻസ് കളിക്കാൻ താല്പര്യം പറഞ്ഞപ്പോൾ ഡാൻസ് ഒക്കെ കുറച്ചു വെളുപ്പും സൗന്ദര്യവും ഉള്ള കുട്ടികൾ അല്ലേ കളിക്കേണ്ടത് എന്നൊരു വാക്ക് ഇന്നും നൊമ്പരമായി എൻറെ മനസ്സിൽ കിടപ്പുണ്ട്. സ്വന്തം അധ്യാപികയുടെ ആ വാക്കുകൾ വളരെ ആഴത്തിൽ തന്നെ എന്നെ മുറിവേൽപ്പിച്ചു. വർഷങ്ങളോളം ആ വാക്കുകൾ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു. ഞാൻ തന്നെ അറിയാതെ എന്റെ ഉള്ളിൽ ഒരു അപകർഷതാബോധം മൊട്ടിട്ടു. ഫോട്ടോ എടുക്കുമ്പോൾ, ആളുകളോട് സംസാരിക്കുമ്പോൾ, സ്റ്റേജിൽ കയറുമ്പോൾ,  എല്ലാം ഞാൻ മതിയോ എന്നൊരു സംശയം എൻറെ ഉള്ളിൽ വളരാൻ തുടങ്ങി.

ये दुनिया ये महफिल मेरे काम की नहीं ।। എന്ന് മുഹമ്മദ് റാഫി പാടിയപ്പോൾ ഞാനും കൂടെ പാടി.  അതെ ഞാൻ 'വ്യത്യസ്ത' ആയിരുന്നു.

എൻറെ അനുഭവം ഒറ്റപ്പെട്ടതാണോ? ഒരിക്കലുമല്ല. കറുപ്പിന് ഏഴഴക് എന്ന്  സമൂഹം ഏറ്റു പാടും. പക്ഷേ യഥാർത്ഥത്തിൽ വെളുപ്പാണ് സൗന്ദര്യം എന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം നിൽക്കുന്നത്. വെളുക്കാനുള്ള ക്രീമുകൾ, വെളുത്ത നായികമാർ ഇവയെല്ലാം വെളുപ്പിനാണ് സൗന്ദര്യം, ആകർഷണം, എന്ന് സമൂഹം നമ്മെ പഠിപ്പിച്ചു.

നാല് ആളുകൾ കൂടുമ്പോൾ അല്ലെങ്കിൽ ഒരു കല്യാണ ചർച്ചയിൽ, 'ആഹാ!കുറച്ചു വെളുത്തല്ലോ..'എന്ന് പറഞ്ഞാൽ അത് പ്രശംസയായി, നിറം പോരാ എന്നാണെങ്കിൽ അവിടെ കളിയാക്കലുകളും അപമാനവുമായി.  ഇങ്ങനെയുള്ള ചിന്തകൾ നമ്മിൽ അറിയാതെ തന്നെ പതിഞ്ഞു. എല്ലാം  നോർമലൈസ് ചെയ്യപ്പെട്ടു.

പക്ഷേ എന്റെ ചോദ്യം, 'വെളുപ്പാണ് സൗന്ദര്യം എന്ന് ആരാണ് തീരുമാനിച്ചത്?' സ്വയം മനസ്സിലാക്കുന്നത് വരെ, സ്വയം അംഗീകരിക്കുന്നതു വരെ എൻറെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.   കണ്ണാടിയിൽ നോക്കി ഞാൻ എന്തു കൊണ്ടിങ്ങനെ ആയി എന്ന് സങ്കടം പറഞ്ഞിരുന്ന ഒരാളിൽ നിന്ന്  എന്റെ മനസ്സിനെ വിശ്വസിക്കുന്ന എൻറെ കഴിവുകളിൽ വിശ്വസിക്കുന്ന ഒരാളായി ഞാൻ മാറാൻ ശ്രമിക്കുന്നു.

ഇതേ മാറ്റം സമൂഹത്തിലും വരേണ്ടതുണ്ട്.  ഈ മാറ്റം വീടുകളിൽ നിന്നും ക്ലാസ് മുകളിൽ നിന്നും പരസ്പര സംഭാഷണങ്ങളിൽ നിന്നും ആവട്ടെ. ഇനിമുതൽ അവൾ ഭംഗിയുള്ളവളാണ് എന്ന് പറയുന്നതിനപ്പുറം അവൾ കഴിവുള്ളവളാണ് എന്ന് പറഞ്ഞു തുടങ്ങട്ടെ.

നിങ്ങളുടെ നിറം കാരണം മാറ്റി നിർത്തപ്പെട്ടതോ, പരിഹസിക്കപ്പെട്ടതോ, തള്ളിപ്പറഞ്ഞതോ ആയ എല്ലാവർക്കും-- നിങ്ങൾ എന്ന് പറയുന്നത് നിങ്ങളുടെ നിറമല്ല, നിങ്ങളുടെ മനസ്സാണ്, കഴിവാണ്,ദയ ആണ്, നിങ്ങളിലെ മനുഷ്യനാണ്...



Ms. Rayhana. K.

Assistant Professor of Business Administration, 

Al Shifa College of Arts and Science, Keezhattur, Perinthalmanna.


Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്