ഖബർ എന്ന കൺകെട്ട്





ചിന്തകൾക്ക് അതീതമായി കെട്ടുവിട്ട പട്ടം പോലെ ജീവിതം മുന്നോട്ടു പോകുമ്പോൾ ഏതെങ്കിലും ഒരു നാൽക്കവലയിൽ വെച്ച് സ്വതന്ത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട പട്ടത്തിന്റെ ചരട് തിരിച്ചു ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങളിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ ഭാവനയുടെയും വായനക്കാരുടെയും ഹൃദയങ്ങളിൽ അടക്കം ചെയ്യപ്പെട്ട ഖബറുകളിൽ നിന്ന് യാഥാർത്ഥ്യത്തെ തുറന്നെടുക്കാൻ ശ്രമിക്കുന്ന എഴുത്തുകാരിയുടെ നിഷ്ക്കരുണമായ പ്രവർത്തിയിൽ അടിയറവ് പറയുന്ന ഭാവനയും വായനക്കാരും ഖബർ എന്ന കൃതിയുടെ സവിശേഷതയാണ്. കെ. ആർ. മീര  എന്ന എഴുത്തുകാരിയുടെ മായാജാലമാണ്.

മതത്തിൻറെ മതിൽക്കെട്ടുകൾക്കപ്പുറം പ്രണയത്തിൻറെ കൺകെട്ടുകൾ സർപ്പം പോലെ വരിഞ്ഞു മുറുകുന്ന, എഡ്വാർഡ് റോസിന്റെ തളർത്തുന്ന മണം പരത്തുന്ന, ഇരു ഹൃദയങ്ങളെ ഒന്നിച്ചു മൂടിയ ഖബറിന്റെ മായാജാലം. എഴുതിയാലോ പറഞ്ഞാലോ എക്സ്പ്രസ് ചെയ്യാൻ പറ്റാത്ത പ്രണയ സർപ്പങ്ങളുടെ ദംശനത്തിൽ ഖബറിൽ അടക്കപ്പെട്ട മനസ്സിനെ മോചിപ്പിക്കാൻ മാത്രമാണ് ഈ ഒരു എഴുത്ത്. പരസ്പരം ബന്ധമില്ലാത്ത കുറിച്ചിടൽ മാത്രം.

‘‘ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണ്ണതയാണ്.’’ എന്ന് പറഞ്ഞു തുടങ്ങിക്കൊണ്ട് തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള കഥാപാത്രമായി ഖയാലുദ്ധീൻ തങ്ങൾ കടന്നുവരുമ്പോൾ ഭാവന ഒരു അവസരത്തിൽ പറയുന്നത് ഇങ്ങനെയാണ്:

‘‘എനിക്ക് കരച്ചിൽ വന്നു. ജീവിതത്തിൽ ആദ്യമായി മറ്റൊരാളുടെ സാമീപ്യത്തിൽ എനിക്ക് അപാരമായ പൂർണ്ണത അനുഭവപ്പെട്ടു.’’ ഒടുവിൽ തന്റെ പ്രേമ ഭാജനം എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തിരിച്ചറിയൽ ഭാവനയ്ക്ക് തന്റെ പ്രണയം ഇങ്ങനെ അവസാനിപ്പിക്കേണ്ടി വരുന്നു:

“മറ്റൊരാളുടെ അസാന്നിധ്യത്തിൽ ഞാൻ പരിപൂർണത അനുഭവിക്കുന്നു ". ഒരാളുടെ ഓർമ്മകൾ കൊണ്ടുപോലും ജീവിതം പൂർണ്ണമാകാം എന്നൊരു ഭാവനയിലേക്ക് വായനക്കാരിയെ ഈ കൃതി കൊണ്ടുപോകുന്നു.

അക്ഷരങ്ങളെയും വാക്കുകളെയും തന്റെ കേളികളാൽ അടിമപ്പെടുത്താനുള്ള മീരയുടെ അപാരമായ കഴിവിനെ കൊട്ടി ഘോഷിക്കുന്നതാണ് ഖബറിലെ ഓരോ വരികളും വരികൾക്കിടയിലെ വരികളും.

“ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” എന്ന വള്ളത്തോളിന്റെ വരികളെ മറ്റൊരു വായനക്ക് വിധേയമാക്കുന്ന തരത്തിലാണ് ടാഗോറിന്റെ വരികൾ മീര ഖബറിൽ ഉപയോഗപ്പെടുത്തുന്നത്:

“ടാഗോർ എഴുതിയത് ഓർത്താൽ മതി കൂട്ടിനുള്ളിൽ ആണെങ്കിൽ ചിറകുവിടർത്താൻ ഇടമില്ല പക്ഷേ പിടിച്ചിരിക്കാൻ അഴിയുണ്ട് ആകാശത്താണെങ്കിൽ ചിറകുവിടർത്താൻ ഇടമുണ്ട് പക്ഷേ പിടിച്ചിരിക്കാൻ അഴിയില്ല”

പിടിച്ചിരിക്കാൻ ഉള്ള അഴി ഒരു അവസരത്തിൽ കാലുകൾ അനക്കാൻ കഴിയാതെ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലക്കണ്ണികളായി മാറാം എന്ന് ഭാവനയെ വിവാഹത്തിന് മുമ്പ് തന്നെ അമ്മ ഉപദേശിക്കുന്നുണ്ട്: "ഞാനിതിപ്പോൾ പറഞ്ഞത് നിൻറെ സന്തോഷത്തെ കെടുത്താൻ ആണെന്ന് വിചാരിക്കരുത്. ഒരു മുന്നറിയിപ്പ് മാത്രമാണ്. നിൻറെ പ്രായത്തിൽ ഞാൻ വിചാരിച്ചത് കുടുംബം എന്നത് സ്വർഗ്ഗമാണെന്നാണ്. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി, ഇതും ഒരു ജോലി സ്ഥലമാണ്. 24 മണിക്കൂർ ജോലിയാണ്. ലീവില്ല, പ്രമോഷൻ . ഇല്ല, അങ്ങനെ ചില വ്യത്യാസങ്ങളെ ഉള്ളൂ. ജോലിസ്ഥലത്ത് ഒരു ഗുഡ് സർവീസ് എൻട്രി ഒക്കെ കിട്ടിയെന്നിരിക്കും. വീട്ടിനുള്ളിൽ ചെയ്തുകൊടുത്തതൊന്നും കണക്ക് പുസ്തകത്തിൽ കാണില്ല ചെയ്യാനുള്ളത് മാത്രമേ കാണൂ. നിന്റെ ജീവിതം അങ്ങനെ ആകാതിരിക്കട്ടെ. പക്ഷേ, അങ്ങനെയൊരു നിമിഷം ഉണ്ടാകാൻ ഇടയുണ്ട് എന്ന് മറക്കരുത് തളരാതിരിക്കുക."

ഖയാലുദ്ധീൻ തങ്ങൾ എന്ന കഥാപാത്രത്തെ കുറിച്ചുള്ള എല്ലാ മുൻവിധികളും കാറ്റിൽ പറത്തി ക്കൊണ്ടാണ് പിന്നീട് തങ്ങൾ അവൾക്ക് വേണ്ടി ഒരുക്കി വെച്ച ഭാവനാ ലോകത്ത് വിഹരിക്കുന്നത്. പ്രത്യക്ഷത്തിൽ കാണുന്നതോ പുറംമോടിയോ അല്ല യാഥാർത്ഥ്യം എന്നും ഓരോ മനുഷ്യരുടെ ഉള്ളിലും ശക്തമായ അടിയൊഴുക്കുകൾ ഉണ്ടെന്ന് വ്യക്തമാക്കാൻ തങ്ങളെ പോലെയുള്ള കഥാപാത്രത്തെ മീര വളരെ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു: "ഒരു കലാപം അനുഭവിച്ചവനാണ് ഞാൻ. വലിയൊരു ജനക്കൂട്ടം ഉടു തുണി പിടിച്ചു അഴിച്ച് നിങ്ങളുടെ ജനനേന്ദ്രിയം നോക്കി നിങ്ങളാരാണെന്ന് നോക്കുന്ന ഒരു നിമിഷം ഉണ്ടല്ലോ അത് അനുഭവിച്ച ഒരുത്തനും-ഹിന്ദു ആകട്ടെ മുസ്ലിം ആകട്ടെ. ഒരാളായി തുടരില്ല". മനുഷ്യൻറെ അടിസ്ഥാനപരമായ എല്ലാ വികാരങ്ങളെയും ചോദ്യംചെയ്യുന്ന, തൊട്ടുണർത്തുന്ന ഖബറിന്റെ മായിക ലോകത്തേക്ക് വായനക്കാരെ വലിച്ചിറക്കി കൊണ്ടുപോവാൻ കഴിവുറ്റതാണ് ഓരോ കഥാപാത്രങ്ങളുടെയും രൂപീകരണം.

മനുഷ്യൻറെ സമചിത്തതയെ ചോദ്യം ചെയ്യുന്ന പ്രണയത്തിൻറെ വിവിധ തലങ്ങളിലേക്ക് ഭാവനയോടൊപ്പം നമ്മളും കടന്നുപോകുന്നു. ഭ്രാന്തമായ പ്രണയത്തിൻറെ ആവേശങ്ങളിലേക്ക് അവളോടൊപ്പം നമ്മളും നടന്നടുക്കുന്നു. “എൻറെ ശരീരം കോരിത്തരിച്ചു. ജഡ്ജിമാർ കോരിത്തരിച്ചു കൂടന്ന് നിയമം ഒന്നുമില്ല. അവരുടെ ഹൃദയത്തിലും പുരാതനമായ കബറിടങ്ങൾ ഉണ്ടായിക്കൂടെന്നില്ല.അതിലൊരെണ്ണം ആരെങ്കിലും തള്ളിപ്പൊളിച്ചാൽ കേസ് കൊടുത്തേ തീരൂ എന്നില്ല. അതിനുള്ളിൽ പ്രേമത്തിന്റെ മയ്യത്ത് അപ്പോഴും ചോരയൊഴിച്ച് കിടക്കുന്നത് കണ്ട് നെഞ്ചു പൊട്ടിക്കൂടെന്നില്ല.”

മാധവിക്കുട്ടിയുടെ പ്രണയം പറച്ചിലുകൾ വായിച്ചു വളർന്ന ഓരോ മലയാളിയും ത്രസിപ്പിക്കുന്നതാണ് മീരയുടെ പ്രണയങ്ങളും. എല്ലിൽ തറക്കുന്ന പ്രണയത്തിൻറെ നിഗൂഢതയെ എത്രമാത്രം പിടി കിട്ടാത്തതാക്കാൻ പറ്റുമോ അത്രയും മീര ഖബറിലൂടെ ശ്രമിച്ചിട്ടുണ്ട്.

ഒരു സ്ഥലത്ത് ഭാവന ചോദിക്കുന്ന ഒരു ചോദ്യവും അതിന് ലഭിക്കുന്ന മറുപടിയും വളരെ ശ്രദ്ധേയമാണ്: “നിങ്ങൾ എന്തുകൊണ്ടാണ് എന്നെ പേരു വിളിക്കാതെ മാഡം എന്നു വിളിക്കുന്നത്?”

“നിങ്ങൾക്കു വേണ്ടത് ആദരവാണ്. കിട്ടിയിട്ടില്ലാത്തതും അതാണ്.”

ഈ മറുപടി മനുഷ്യബന്ധങ്ങളിലെ മറഞ്ഞിരിക്കുന്ന സത്യങ്ങളെ തുറന്നു കാണിക്കുന്നു. പ്രണയം ഉടലെടുക്കാനുള്ള കാരണങ്ങൾ പലതാണെങ്കിലും പ്രണയം നിലനിർത്തുന്നത് പരസ്പര ബഹുമാനത്തിന്റെ കെട്ടുറപ്പ് മാത്രമാണ്.

ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ചെറിയൊരു പുസ്തകമാണ് ഖബറെങ്കിലും ആണ്ടുകൾ ആഘോഷിക്കാവുന്ന ഇടർച്ച ഓരോ വായനക്കാരുടെയും മനസ്സിൽ കോറിയിടാൻ മീരക്ക് സാധിക്കുന്നു.

മതം, പ്രണയം, രാഷ്ട്രീയം, സ്ത്രീത്വം മനുഷ്യത്വം, ജീവിതാനുഭവങ്ങൾ എന്നിവയെല്ലാം ഈ നോവലിൽ ഒരുമിച്ചു ചേർന്നിരിക്കുന്നു. ഈ സങ്കീർണ്ണതയാണ് ഈ കൃതിയുടെ ശക്തി. എം. കെ. സാനുവിന്റെ “മതം, പ്രണയം, പൂര്‍ണത” എന്ന അവതാരികയും സുനിൽ പി. ഇളയിടത്തിന്റെ “നീതിയുടെ ഖബറിടങ്ങള്‍” എന്ന പഠനവും ഈ കൃതിയുടെ വ്യത്യസ്ത തലങ്ങളെ തുറന്നുകാട്ടുന്നു. സുനിൽ പി. ഇളയിടത്തിന്റെ വാക്കുകളിൽ, “നീതിയുടെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ട നമ്മുടെ കാലഘട്ടത്തിലെ വലിയ അനീതിയുടെ കഥയാണ് ഖബർ.”

പ്രണയത്തിൻറെ അർത്ഥം, നിരർത്ഥകത, മായികത, യാഥാർഥ്യം ഇവയെല്ലാം ഒന്നിച്ചു ചേർന്ന ആഖ്യാന ശൈലി ഖബറിനെ ഒരായിരം ഖബറുകളുടെ ആഴമുള്ളതാക്കി മാറ്റുന്നു. മനുഷ്യ ജീവിതത്തിനും പ്രണയത്തിനും വൈകാരികതക്കുമപ്പുറം ഒരു രാഷ്ട്രത്തിൻറെ രാഷ്ട്രീയ നിർമ്മിതിയെ ചോദ്യം ചെയ്യുന്ന പലവിധ സൂചകങ്ങൾ ഈ ഒരു കഥയിൽ ഉൾ ചേർന്നിട്ടുണ്ട്. പുസ്തകത്തിൻറെ പുറം ചട്ടയിൽ പോലും പറയാതെ പറയുന്ന രാഷ്ട്രീയത്തിന്റെ ഇടിമുഴക്കങ്ങൾ പ്രകടമാണ്. കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ തന്റെ പൂർവികരുടെ ഖബർ സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തമാക്കാനായി കോടതിയെ സമീപിക്കുന്നു. ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ ഈ കേസിലൂടെ പല ചിന്തകളിലേക്കും കടക്കുന്നു. തങ്ങളുടെ കഥകളും അനുഭവങ്ങളും അന്വേഷിക്കുന്നതിനിടയിൽ ഭാവനക്ക് സ്വന്തം ജീവിതത്തെക്കുറിച്ചും പുതിയ തിരിച്ചറിവുകൾ ലഭിക്കുന്നു.

കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ, പൂർവ്വികരുടെ ഖബർ സ്ഥിതി ചെയ്യുന്ന ഒരു പിടി മണ്ണ് സ്വന്തമാക്കാനാണ് കേസിൽ വാദിയായെത്തുന്നത്. ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ തങ്ങളുടെ കൺകെട്ടുവിദ്യയിൽ പെട്ടു പോവുന്നു. കാക്കശ്ശേരി ഭട്ടതിരിയുടെയും സ്വന്തം കുടുംബത്തിലെ യോഗീശ്വരൻ അമ്മാവന്റെയും കഥകൾ അവർ തേടി പോവുന്നത് അങ്ങനെയാണ്. തങ്ങൾക്ക് അനുകൂലമായ വിധിവരാതിരിക്കാൻ ഉള്ള തെളിവുകൾ ആണ് ഭാവന തിരയുന്നത്. അതിനുള്ള ചോദ്യങ്ങളും കൃത്യമാണ്. പക്ഷേ തങ്ങൾ ആരെയെങ്കിലും സന്തോഷിപ്പിക്കാനും സഹായിക്കാനും മാത്രമാണ് തന്റെ ചെപ്പടിവിദ്യകൾ പുറത്തെടുക്കുന്നത് എന്ന് തിരിച്ചറിയുന്നിടത്താണ്, ജഡ്ജിയെന്ന നിലവിട്ട് ആ കൺകെട്ടിലേക്ക് സ്വയം ഇറങ്ങുന്നത്.

ജീവിതം പലപ്പോഴും മായാജാലങ്ങളാൽ ചുറ്റപ്പെട്ടതുപോലെ തോന്നുന്നു. യുക്തിയുടെ അതിരുകൾ കടന്ന്, വിശ്വസിക്കാൻ പോലും പ്രയാസമുള്ള വഴികളിലൂടെ മനുഷ്യൻ തന്റെ ജീവിതത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. പിന്നീട് യാഥാർത്ഥ്യത്തിലേക്ക് മടങ്ങുമ്പോൾ, ആ അനുഭവങ്ങൾക്കിടയിൽ ജീവിതം പല രൂപങ്ങൾ സ്വീകരിക്കുന്നു. കാലക്രമത്തിൽ ഇവ മിത്തുകളായി മാറുകയും വ്യത്യസ്ത കഥകളായി പിരിഞ്ഞുപോകുകയും ചെയ്യുന്നു.

യോഗീശ്വരൻ അമ്മാവന്റെയും കൂടെ വന്ന രണ്ട് പെൺകുട്ടികളുടെയും കഥയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന യാഥാർത്ഥ്യങ്ങളുടെയും സ്വപ്നങ്ങളുടെയും ചിന്തകളുടെയും വേറിട്ട തലത്തിലേക്ക് മീര നമ്മളെ കൊണ്ടുപോകുന്നതോടൊപ്പം ഭാവനയുടെ പൂർവ്വജന്മ രഹസ്യങ്ങളിൽ കൂടി നമ്മൾ കടന്നു പോകുന്നു.

ഖബർ ഈ മായയും യാഥാർത്ഥ്യവും കൂട്ടിച്ചേർത്ത് ഇന്നിന്റെ കഥ പറയുന്നു. ചിലപ്പോൾ കെട്ടുകഥകൾ യാഥാർത്ഥ്യങ്ങളെക്കാൾ വിശ്വസനീയമാകുന്നു. ഖയാലുദ്ദീൻ തങ്ങൾ ജീവിതത്തിലേക്ക് കടന്നുവന്നത് മുതൽ ഭാവനയുടെ യാഥാർത്ഥ്യം കെട്ടുകഥകളും കെട്ടുകഥകൾ യാഥാർത്ഥ്യങ്ങളുമായി മാറുന്നു. വെറും കെട്ട് കഥയെന്ന് എഴുതിത്തള്ളിയിരുന്ന യോഗീശ്വരൻ അമ്മാവന്റെ ജീവിതകഥയിലെ ഒരിക്കലും കണ്ടെത്തപ്പെടാത്ത യാഥാർത്ഥ്യങ്ങളെ ഭാവന ഖബറിൽ നിന്നും പുറത്തെടുക്കുന്നു.

ഇവിടെ ഖബർ എന്നത് പ്രണയമോ നിയമമോ മതമോ മാത്രമല്ല, ജീവൻറെ പകർച്ചയിലൂടെ സ്വന്തം വഴികൾ കണ്ടെത്തുന്ന മനുഷ്യരുടെ ശക്തമായ ബന്ധങ്ങളുടെ കഥയാണത്.

 


Nasila Jasmin

Assistant Professor of English

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്