പ്രവാസി
“ടീച്ചറെ… ഞാൻ നാളെ വരില്ലാട്ടോ… അനിയനും ഉണ്ടാകില്ല. എന്റെ ഉപ്പച്ചി നാളെ ഗൾഫിൽ നിന്ന് വരുകയാണ്…”
ടീച്ചറിന് ഒരു വോയിസ് മെസ്സേജ് അയച്ചിട്ട് ആമി ലീവ് പറഞ്ഞു....
ചാറ്റ് ലിസ്റ്റിൽ പിന് ചെയ്തുവച്ച ഉപ്പന്റെ ചാറ്റിൽ ഒരു വോയിസ് മെസ്സേജ് വന്ന് കിടക്കുന്നു.
“പ്രാർത്ഥിക്കാം…” — എന്ന് ഉമ്മ മറുപടി കൊടുത്തിട്ടുണ്ട്.
ഉപ്പ രണ്ട് മൂന്ന് പർദയുടെ ഫോട്ടോകൾ അയച്ചു കൊടുത്തിട്ടുണ്ട്.
“ഇതിൽ ഏതാണ് നമുക്ക് ഇഷ്ടപ്പെട്ടത്, സുറാ?”
എന്ന ചോദ്യത്തിന് ഉമ്മ മറുപടി നൽകി:
“ഇങ്ങനെയൊരു പൈസ ഇല്ലാത്ത സമയത്ത് ഇതൊന്നും വേണ്ട…”
ഞാൻ വീണ്ടും ചാറ്റ് മേലോട്ടു സ്ക്രോൾ ചെയ്ത് നോക്കി.
നാട്ടിലേക്കു കൊണ്ടുവരാനുള്ള സാധനങ്ങളുടെ ഫോട്ടോകൾ…
എനിക്ക് ഉള്ള ഡ്രസ്സുകൾ…
അനിയന്റെ കളിപ്പാട്ടങ്ങൾ…
ചെറിയ ചെറിയ പെട്ടികളിൽ നിറഞ്ഞ സന്തോഷം പോലെ ആ ചിത്രങ്ങൾ എല്ലാം ഫോണിൽ നിറഞ്ഞുനിന്നിരുന്നു.
“ആമി… വേഗം കിടന്നോ. നാളെ ഉപ്പനെ കൊണ്ടുവരാൻ എയർപോർട്ടിൽ പോകേണ്ടതല്ലേ…”
അടുക്കളയിൽ നിന്ന് ഉമ്മ ഇടയ്ക്കിടെ വിളിച്ചു പറഞ്ഞു.
നാളേക്കുള്ള ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു ഉമ്മ.
അനിയൻ ഇതിനകം ഉറങ്ങിക്കഴിഞ്ഞിരുന്നു.
ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഉപ്പ നാട്ടിലേക്ക് വരുന്നത്.
പോകുമ്പോഴൊക്കെ ഉപ്പ പറയും:
“നാടും വീടും വിട്ട് പോകുന്നത് ഇഷ്ടമുള്ളത് കൊണ്ടല്ല മോളേ…
നമ്മുടെ കടങ്ങൾ ഒക്കെ തീർക്കണ്ടേ…”
അതും പറഞ്ഞ് കവിളിൽ ഒരു ഉമ്മ കൊടുത്ത്
“ടാറ്റാ…” എന്ന് പറഞ്ഞ് തിരിഞ്ഞുപോകും.
പാവം ഉപ്പ.
കൊട്ടാരം പോലൊരു വീട് നാട്ടിൽ പണിതിട്ടും
അവിടെ താമസിക്കാൻ പോലും സമയമില്ല.
ഗൾഫിൽ ചെറിയൊരു ക്വാർട്ടേഴ്സിൽ കിടന്ന് ഉറങ്ങും.
പനി വന്നാലും… ശരീരം തീരെ വയ്യെങ്കിലും…
പണിക്ക് പോകും.
ഒരു നല്ല ഭക്ഷണം പോലും ശരിയായി കഴിക്കില്ല.
ഉള്ളതെല്ലാം ഞങ്ങൾക്കായി കൂട്ടിവയ്ക്കും.
ഇന്ന് ഉപ്പ വരേണ്ട ദിവസമാണ്.
പക്ഷേ നേരം പുലർന്നിട്ടും ഉമ്മയുടെ മുഖത്ത് സന്തോഷം കാണാനില്ല.
നമസ്കാരപ്പായയിൽ ചുരുണ്ടുകിടന്ന ഉമ്മയോട്
ആമി ചോദിച്ചു:
“ഉമ്മാ… നമുക്ക് എയർപോർട്ടിൽ പോകണ്ടേ ഉപ്പനെ കൊണ്ടുവരാൻ?”
കണ്ണുനീർ തുടച്ചുകൊണ്ട് ഉമ്മ പറഞ്ഞു:
“ഉപ്പച്ചി വരുന്നത് ഫ്ലൈറ്റിലേറ്റാണ് മക്കളേ…
നിങ്ങൾ പോയി വരി…”
ഉമ്മ വീണ്ടും നമസ്കാരപ്പായയിൽ ചുരുങ്ങി കിടന്നു.
ഒന്നും മനസ്സിലാകാതെ
ആമിയും അനിയനും
ഉപ്പയെ കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോയി.
ഇതുവരെ ആമി എയർപോർട്ടിൽ പോയിട്ടുള്ളത്
ചിരിച്ച മുഖവുമായി രണ്ട് വലിയ പെട്ടി പിടിച്ച് വരുന്ന ഉപ്പയെ കാണാൻ മാത്രം.
അവൾ ആളുകളെ തട്ടി മാറി
തിരക്കേറിയ ആ വിശാലമായ ഹാളിനുള്ളിൽ
ഉപ്പയെ തിരഞ്ഞു.
പുറത്തേക്ക് വരുന്ന ഓരോ മുഖവും അവൾ നോക്കി.
“ഇതോ…? ഇതോ…?” എന്ന്.
അൽപ്പസമയത്തിൽ ഉപ്പ
വലിയ വണ്ടിയുമായി
പുറത്തേക്ക് വരും…
അവിടെ ഓടി ചെന്നു
കെട്ടിപ്പിടിക്കും…
ഉമ്മകൾ നൽകും…
അങ്ങനെ സന്തോഷത്തോടെ എല്ലാവരും വീട്ടിലേക്ക് മടങ്ങും.
ആമി ഇന്നും അതേ സ്ഥലത്ത് നിന്നു
ഉപ്പയെ കാത്തു.
അപ്പോഴായിരുന്നു
പെട്ടെന്ന് വലിയ ഗേറ്റ് തുറന്ന്
ഒരാളുടെ ശബ്ദം കേട്ടത്…
“സലീമിന്റെ ബോഡി വാങ്ങാൻ ആരെങ്കിലും ഉണ്ടോ…?”
ഓർമകളിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു.
ഒരു നിമിഷം ലോകം മുഴുവൻ നിശ്ശബ്ദമായി.
എന്റെ ഉപ്പ…
ലഗേജുകളൊന്നുമില്ല.
തണുത്ത പെട്ടിയിൽ
എന്റെ ഉപ്പച്ചി മാത്രം.
തിരക്കുകൾക്കിടയിൽ
ഓടിവന്ന് കെട്ടിപ്പിടിക്കാൻ കഴിയില്ല…
ഉമ്മ നൽകാനും കഴിയില്ല…
പക്ഷേ…
അപ്പോഴും ആ പെട്ടിയിൽ നിന്ന്
ഗൾഫിന്റെ അത്തറിന്റെ മണം ഉണ്ടായിരുന്നു…
പെട്ടിയെ ചേർത്ത് പിടിക്കാനാവാതെ
ആമി മൗനമായി പൊട്ടിക്കരഞ്ഞു.
അപ്പോൾ ഒന്നുമറിയാത്ത കുഞ്ഞാനിയൻ ചോദിച്ചു:
“ഇത്താ…
ഉപ്പച്ചി കളിപ്പാട്ടങ്ങളുടെ പെട്ടി കൊണ്ടുവന്നില്ലല്ലോ…?”
അവനെ ചേർത്ത് പിടിച്ച്
കരഞ്ഞുകൊണ്ട് ആമി പറഞ്ഞു:
“ഉപ്പച്ചി… ചിലപ്പോൾ തനിച്ചെത്തിയതാവും മോനെ…
നിന്റെ കളിപ്പാട്ടങ്ങളുടെ പെട്ടി കാർഗോ ആയി അയച്ചിട്ടുണ്ടാവും…
ഉപ്പ മറക്കില്ല…”
അവൾക്ക് അറിയാമായിരുന്നു
ഉപ്പ ഇനി ഒരിക്കലും വരില്ലെന്ന്.
ആളുകൾ തിരക്കോടെ വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ കയറിയതും
ആരോ പറയുന്നത് കേട്ടു:
“അവിടുന്ന് മരിച്ചതല്ലേ…
കൂടുതൽ വയ്ക്കണ്ട…
വേഗം കബറിലേക്ക് എടുക്കാം.....
ആമി മൗനമായി നിന്നു.
അവളുടെ മനസ്സിൽ ഒരു ചോദ്യമാത്രം:
“ജീവിച്ചിരിക്കുമ്പോൾ പോലും വീട്ടിൽ വരാൻ സമയം കിട്ടാത്ത ഒരു പ്രവാസി…
മരിച്ചപ്പോൾ പോലും കുറച്ചു നേരം വീട്ടിൽ കിടക്കാൻ പറ്റാത്തതെന്ത്…?”
Shamna. K.
Assistant Professor of Commerce,
Al Shifa College of Arts and Science, Keezhattur, Perinthalmmanna.
Comments
Post a Comment