ഓർമകൾ മരിച്ചിടാത്ത അതിജീവനങ്ങൾ
മഴ പെയ്തുതുടങ്ങിയപ്പോൾ ആരും ഭയപ്പെട്ടില്ല. കേരളത്തിന്റെ മഴകൾക്ക് ഒരു സംഗീതമുണ്ട്. വീടിന്റെ മേൽക്കൂരയിൽ വീഴുന്ന തുള്ളികൾ, കാറ്റിൽ പായുന്ന തെങ്ങിൻ ഇലകൾ, ചായക്കപ്പിൽ നിന്ന് ഉയരുന്ന പുക — എല്ലാം ചേർന്ന് ഒരു മനോഹര ദൃശ്യം സൃഷ്ടിക്കും. എന്നാൽ ചില മഴകൾക്ക് സംഗീതമല്ല, മുന്നറിയിപ്പാണ്. ആ മഴയുടെ രാത്രിയിൽ അതായിരുന്നു സംഭവിച്ചത്.
ചെറുതോണിഎന്ന ഗ്രാമം ഒരു നദിക്കരയിലായിരുന്നു. പച്ചപ്പും കാടും കാട്ടരുവികളും ചെറുവഴികളും നിറഞ്ഞ ഒരു ഗ്രാമം. അവിടുത്തെ ജനങ്ങൾക്ക് ജീവിതം ലളിതമായിരുന്നു. പുലർച്ചെ കൃഷിയിടങ്ങളിലേക്ക് പോകുന്ന പുരുഷന്മാർ, വീടിന്റെ പറമ്പിൽ പച്ചക്കറി നട്ടുപിടിപ്പിക്കുന്ന സ്ത്രീകൾ, മഴയിൽ കുളിച്ച് സ്കൂളിലേക്കോടുന്ന കുട്ടികൾ — അവരുടെ ലോകം അത്രമേൽ സാധാരണമായിരുന്നു.
പക്ഷേ ആ ദിവസം, മഴയ്ക്ക് മറ്റൊരു മുഖം ഉണ്ടായിരുന്നു.
രാത്രി പതിനൊന്ന് മണിയോടെ വൈദ്യുതി പോയി. കാറ്റ് ശക്തമായി. വീടുകളുടെ വാതിലുകൾ വിറച്ചു. ജനങ്ങൾ ആദ്യം അത് ഒരു സാധാരണ മഴയെന്ന് കരുതി. എന്നാൽ അർധരാത്രിയോടെ നദി കരകവിഞ്ഞൊഴുകി. വെള്ളം ചെറുവഴികളിലൂടെ വീടുകളിലേക്ക് കയറി തുടങ്ങി. ഒരു സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ ഗ്രാമം മുഴുവൻ ഭീതിയിൽ മുങ്ങി.
“വെള്ളം കയറുന്നു!” എന്ന നിലവിളി ഗ്രാമത്തിലുടനീളം മുഴങ്ങി.
ആ ശബ്ദം കേട്ടവരെല്ലാം വീട്ടിൽ നിന്നിറങ്ങി. മഴയിൽ കാഴ്ച മങ്ങിയിരുന്നു. വെള്ളം മുട്ടുവരെ എത്തിയിരുന്നു. തൻ്റെ ഉറ്റവരെ വീടിന്റെ മേൽക്കൂരയിലേക്ക് കയറ്റി. ചുറ്റും നിലവിളികൾ മാത്രം. ചിലർ സഹായത്തിനായി കരഞ്ഞു. ചിലർ ജീവൻ രക്ഷിക്കാൻ മരങ്ങളിൽ കയറി. ചിലർ പ്രാർത്ഥിച്ചു
ആ രാത്രിയിൽ അത് ഒരു ഗ്രാമമല്ലായിരുന്നു; അത് ജീവൻ വേണ്ടി പോരാടുന്ന ഒരു യുദ്ധഭൂമിയായിരുന്നു.
വെള്ളത്തിന്റെ ശബ്ദം ഒരു സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറിനെപ്പോലെ ഭീകരമായി കേട്ടു. മഴയുടെ ഇരുണ്ട ഫ്രെയിമുകളിൽ മനുഷ്യരുടെ പേടി വ്യക്തമായിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ദൃശ്യം, ഒരു വയോധികൻ തന്റെ മരുന്ന് പെട്ടി മാത്രം കൈയിൽ പിടിച്ച് നിൽക്കുന്ന നിമിഷം, രക്ഷാപ്രവർത്തകരുടെ ടോർച്ചിന്റെ വെളിച്ചം ഇരുട്ട് കീറിക്കടക്കുന്ന ദൃശ്യങ്ങൾ — എല്ലാം ഒരു സിനിമയുടെ രംഗങ്ങൾ പോലെ തോന്നിച്ചു. പക്ഷേ അത് യാഥാർത്ഥ്യമായിരുന്നു.
പുലർച്ചെ എത്തുമ്പോൾ ഗ്രാമം വെള്ളത്തിനടിയിലായിരുന്നു. വീടുകൾ തകർന്നു. വയലുകൾ ഇല്ലാതായി. ജനങ്ങൾ സ്കൂളുകളിലും പള്ളികളിലും അഭയാർത്ഥികളായി താമസിച്ചു. എന്നാൽ അവർക്കിടയിൽ പ്രതീക്ഷ മരിച്ചു പോയില്ല.
അവിടെ മനുഷ്യത്തിൻ്റെ ഏറ്റവും മനോഹരമായ ദൃശ്യം ഉണ്ടായി.
മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി എത്തി. യുവാക്കൾ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലിറങ്ങി. ആരും ആരുടെ മതമോ രാഷ്ട്രീയമോ ചോദിച്ചില്ല. ഒരു മനുഷ്യൻ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ മാത്രം ശ്രമിച്ചു. ദുരന്തത്തിന്റെ നടുവിൽ മനുഷ്യസ്നേഹം വിജയിച്ചു.
പലരും പിന്നീട് പറഞ്ഞ ഒരു വാക്ക് ഗ്രാമത്തിന്റെ ഓർമ്മയായി മാറി:
"വെള്ളം വീടുകൾ കൊണ്ടുപോയി… പക്ഷേ മനുഷ്യരെ തമ്മിൽ കൂടുതൽ അടുത്താക്കി.
വെള്ളപ്പൊക്കം ഒരു ഗ്രമത്തിൻ്റെ ഭൂമിശാസ്ത്രം മാറ്റിയേക്കാം. എന്നാൽ അത് അവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഒരു പാഠം എഴുതി — ജീവിതം ഒരു നിമിഷം കൊണ്ടു മാറാം, പക്ഷേ അതിജീവനത്തിന്റെ ശക്തി മനുഷ്യന്റെ ഉള്ളിലാണ്.
ആ ദുരന്തം അവസാനിച്ചപ്പോൾ ഗ്രാമം വീണ്ടും ഉയിർത്തെഴുന്നേറ്റു. തകർന്ന വീടുകൾ പുനർനിർമിക്കപ്പെട്ടു. കുട്ടികൾ വീണ്ടും സ്കൂളിലേക്കുപോയി. പക്ഷേ മഴ തുടങ്ങുന്ന ഓരോ രാത്രിയിലും ജനങ്ങൾ ആ വെള്ളപ്പൊക്കത്തിന്റെ ശബ്ദം ഇന്നും ഓർക്കുന്നു.
അത് ഒരു ദുരന്തത്തിന്റെ കഥ മാത്രമല്ല.
അതൊരു അതിജീവനത്തിന്റെ സിനിമയായിരുന്നു.
Irshad K.
Assistant Professor of Arabic
Al Shifa College of Arts and Science
Comments
Post a Comment