അറുപതു വയസ്സിനു മുകളിലുള്ളവർ.
ഒ. പി ടിക്കറ്റിൽ അറുപതു വയസ്സിനു മുകളിലുള്ളവർ (പുരുഷന്മാർ) എന്ന വാചകത്തിന് താഴെ നീണ്ടു നിലക്കുന്ന വരി. പ്രായമായവരും അല്ലാത്തവരും സ്ത്രീകളും നിൽക്കുന്ന ഒരു നീണ്ട നിര. ഹോസ്പിറ്റലിനുള്ളിലെ ഓട്ടമത്സരത്തിന് ശേഷം ബ്രേക്ക് വീണത് ഈ നിരയുടെ അറ്റത്താണ്. തൊട്ടുചാരി സ്ത്രീകൾക്കും (അറുപതു വയസ്സിനു മുകളിലുള്ളവർ ) ഒരു വരി നീണ്ട് കിടക്കുന്നു. ദീർഘനിശ്വാസം വിട്ട് വളരെ അധികം ക്ഷീണിച്ച ഞാൻ ദയനീയമായി മരുന്ന് എടുക്കുന്ന ചേച്ചിയെ ഒന്ന് നോക്കി. അവർ വളരെ തിരക്കിലാണ്. ഞാൻ ഫോൺ എടുത്ത് പവർ ബട്ടൺ ആഞ്ഞു ഞെക്കി. പന്ത്രണ്ട് മണി കഴിഞ്ഞു എട്ടുമിനിറ്റ്. ഡിസ്പ്ലേ എന്നെ നോക്കി പല്ലിളിച്ചു. ഞാൻ ആ യന്ത്ര സംവിധാനത്തെ തിരികെ പോക്കറ്റിൽ തിരുകി.
....ഈ വരിയെന്താ നീങ്ങാത്തത്... ഞാൻ ആത്മഗത്ഗതം ചെയ്തു. തൊട്ടരികെയുള്ള വരി കൂടുതൽ വേഗതയിൽ ചലിക്കുന്നതായി തോന്നി.
...ഈ സ്ത്രീ വളരെ പതുക്കെയാണ്...
മരുന്നെടുക്കുന്ന ഫാർമസിയിലെ ചേച്ചിയെ നോക്കി എന്റെ തൊട്ടുമുമ്പിൽ വിഗ് വെച്ച ഒരു ചേട്ടൻ മുറുമുറുത്തു. ഞാൻ അദ്ദേഹത്തിന്റെ അഭിപ്രായം ശരിവെക്കുന്ന രീതിയിൽ ഒന്ന് തലയാട്ടി.
രണ്ടുകെട്ടിടങ്ങൾക്ക് നടുവിലാണ് ആ ഏഴു കൗണ്ടറുകൾ. വളരെ ഇടുങ്ങിയ സ്ഥലം. വായു സഞ്ചാരം നന്നേ കുറവായ ആ ഇടനാഴിയിൽ ജനം തിങ്ങി നിൽക്കുന്നു. അതിന്റെ മേൽക്കൂര ഷീറ്റ് കൊണ്ടാണ്. കൂടെ നല്ല ചൂടും. ആളുകളുടെ വിങ്ങലും.
പരിരക്ഷ /Ontology എന്നെഴുതിയ രണ്ടാമത്തെ കൗണ്ടർ തെല്ലും അനക്കമില്ലാത്തതായി തോന്നി. ആ വരിയിൽ നാലാമതായി നിൽക്കുന്ന പർദ്ദധരിച്ച കയ്യിയിലൊരു പ്ലാസ്റ്റിക് കവറുമായി നിൽക്കുന്ന താത്ത അവരുടെ ജീവിതകഥകളും കുടുംബ പ്രശ്നങ്ങളും അവരുടെ പിന്നിലായി ചുരിദാർ ധരിച്ച കയ്യിൽ പരിരക്ഷ എന്നഴുതിയ പുസ്തകവുമായി നിൽക്കുന്ന അവരെക്കാൾ കാഴ്ചയിൽ പ്രായം കുറഞ്ഞ ഒരു സ്ത്രീയോട് പങ്കുവെക്കുന്നുണ്ടായിരുന്നു. വളരെ ആവേശത്തോടെ സന്ദർഭത്തിനനുസരിച്ചു തലയാട്ടിയും തന്റെ കഥകൾ പങ്കുവെക്കുന്ന സ്ത്രീയെ അനുകൂലിച്ചും ഒരു മികച്ച കേൾവിക്കാരിയായി തുടർന്നു. അവർക്ക് ഒട്ടും തിരക്കില്ലാത്ത പോലെ അനുഭവപ്പെട്ടു. നിശ്ചലമായ അവരുടെ ക്യു അവരെ അസ്വസ്ഥതയക്കാത്തതിനാൽ ഞാൻ അസ്വസ്ഥതനായി.
എന്റെ പിന്നിൽ കൊറേ പ്രായം ചെന്ന വല്ലിപ്പമാർ ഉണ്ടായിരുന്നു. അവർ തമാശയും കുശലവും പറഞ്ഞു സന്ദർഭം രസകരമാക്കുന്നുണ്ട്. പെട്ടന്ന് അവിടേക്കു ഒരു ഇളം നീല നിറത്തിൽ സാരി ഉടുത്ത, മെലിഞ്ഞ ഒരു സ്ത്രീ കടന്നുവന്നു.നെര വീണ അവരുടെ കയ്യിലെ പ്ലാസ്റ്റിക് കവറിൽ അക്ഷരങ്ങൾ മാഞ്ഞു പോയിട്ടുണ്ട്. ഉന്തിയ തോളെല്ലും കുഴിഞ്ഞ കണ്ണുകളും മുഖത്തു തളം കെട്ടികിടക്കുന്ന ക്ഷീണവും അവരുടെ ജീവിതപ്രയാസത്തെ പ്രതിഫലിപ്പിച്ചു. തായ്ന്ന കനത്ത ശബ്ദത്തിൽ അവർ പറഞ്ഞു 'ഇങ്ങള്ടെ പിറകിൽ ഞാൻ ആയിരുന്നു '..
പറയുമ്പോൾ അവരുടെ കഴുത്തിലെ ഞെരബുകൾ തള്ളി നിൽക്കുന്നുണ്ടായിരുന്നു.
എവടെ മാണങ്കിലും നിന്നോളി...
പെണ്ണുങ്ങളെ വാരിയാണാ മുമ്പിൽ..
അങ്ങട്ട് കേറിന്നൊളി...
യാതൊരു വിരസതയുമില്ലാതെ ഒരു കാക്ക പറഞ്ഞു.
തുടർച്ചയായ സംഭാഷണങ്ങൾക്കൊടുവിൽ അവർ സ്ത്രീകൾക്ക് സജീകരിച്ച വരിയിൽ കേറി നിന്നു.
പുരുഷകേസരികൾ അപ്പോഴും അറുപതിന്റെ ചർച്ചകളിലാണ്. പെണ്ണുങ്ങൾക്ക് ഈ വരിയിൽ നിക്കാൻ പറ്റൂഓ..
ആര് നിന്നാലും കിട്ടുഒ...
ചർച്ചക്കിടയിൽ അർവാര് (അറുപതു വയസ്സായവർ, കാശപ്പുകാർ തുടങ്ങി പ്രാദേശിക ഭാഷയിൽ വിവിധ അർത്ഥങ്ങളും) അതിന്റെ തലങ്ങളും സരസമായ നർമത്തിൽ അവതരിപ്പിച്ചു രംഗം കൊഴുപ്പിക്കയാണ്.
ചുരുക്കത്തിൽ തിടുക്കം ചെറുപ്പക്കാർക്കാണ്. അറുപതു കഴിഞ്ഞവർ ആ നിമിഷം ആസ്വദിക്കുകയാണ്.
പെട്ടന്ന് തിടുക്കത്തിൽ ഒരു സ്ത്രീ അവിടേക്ക് കടന്നുവെന്നു, ഒരുപാട് സ്ത്രീകൾ പല വരികളിലായി വരുന്നുണ്ട്. പക്ഷെ എന്റെ ശ്രദ്ധ ഈ സ്ത്രീയിൽ പതിഞ്ഞു. മുന്നിലെ മുടി അങ്ങിങ്ങായി നെര ബാധിച്ചിട്ടുണ്ട്. നിറം മങ്ങിയ വലിയ ഒരു ഷാളും പർദ്ധയുമാണ് വേഷം. വരിയുടെ പിന്നിൽ നിന്ന അവരെ എന്റെ പിന്നിലുള്ള മുതിർന്ന പുരുഷൻമാർ സ്ത്രീകളുടെ വരിയിലേക്ക് നിൽക്കാൻ സൽക്കരിച്ചു.
ഞാൻ ഇന്നും ഇന്നലെയും വരൽ തൊടങ്ങീയതല്ല ഇവടെ....
ഇനിക്ക് അറിയാം ഒ. പി ടിക്കറ്റിൽ അറുപതു വയസ്സ് കഴിഞ്ഞ പുരുഷന്മാരുടെ ശീട്ട് ഇവടെ നിന്നാണ് കൊടുക്കേണ്ടതന്ന്...
ഞാനും ഒരു മഞ്ചേരി സ്വദേശിയാ...
ചിരിച്ച് കൊണ്ടാണ് അവർ അത് പറഞ്ഞത്.
എൺപത്താർ വയസ്സുള്ള അവരുടെ അമ്മോശനെയും കൊണ്ട് വന്നതാണ് അവർ.
വരിയുടെ നീളവും നിൽപ്പിന്റെ മുഷിപ്പും കണ്ട് ഞാൻ പോയി എളച്ചിയെ പറഞ്ഞു വിടാം എന്നും പറഞ്ഞു അവർ രംഗം വിട്ടു.
തുടക്കത്തിൽ മുഷിപ്പും വിരസതയും തോന്നിയ ഞാൻ ശരിക്കും ആ സന്ദർഭം ആസ്വദിച്ചു തുടങ്ങിയിരുന്നു. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ഓട്ടത്തിന്റെ ക്ഷീണം മറന്ന് തുടങ്ങിയിരുന്നു.അപ്പോയെക്കും എന്റെ ഊഴം എത്തിയിരുന്നു. എത്രമാത്രം ദുഖത്തിലും പ്രയാസത്തിലും ഇത്തരം തമാശകളും രസങ്ങളും കണ്ടത്തുന്നത് കൊണ്ടാവാം മനുഷ്യർക്ക് സാമൂഹിക ബന്ധങ്ങളില്ലാതെ നിലനിൽക്കാൻ സാധിക്കാത്തത്.
പത്ത് രൂപയുടെ ലാഭത്തിനു നൂറ് രൂപയുടെ ഓട്ടവും മനുഷ്യന്റെ പച്ചയായ ജീവിതത്തിന്റെ പകർപ്പും കാണുമ്പോൾ നമ്മുടെ സർക്കാർ ഹോസ്പിറ്റലുകൾ ഇനിയും വികസിക്കേണ്ടി യിരിക്കുന്നു.
കൂടാതെ ആരോഗ്യമുള്ള ഒരാളുടെ കൂടെയല്ലാതെ രോഗികൾ ഇത്തരം സർക്കാർ സംവിധാനങ്ങൾ ആശ്രയിക്കരുതേ എന്നും ഓർമപ്പെടുത്തുന്നു.
Mr. Shibil Rahman. P. K, Asst. Prof. of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment