എഴുത്തിലൂടെ സുഗന്ധം പൊഴിക്കുന്ന കഥാകാരി

നിഷ്കളങ്കമായ വാക്കുകളിലൂടെ ചെറിയ ചെറിയ ഭൂകമ്പങ്ങൾ ഇളക്കി വിട്ടിട്ട് അതിന്റെ ഓരം പറ്റി നിന്ന് ഒന്നുമറിയാതെ കൈകൊട്ടി ചിരിക്കുന്ന ചെറിയ കുഞ്ഞിന്റെ കുട്ടിത്തങ്ങളിലൂടെ, ആ നിഷ്കളങ്കത സമാഹരിച്ച കഥകളിലൂടെ, സംഭാഷണങ്ങളിലൂടെ മലയാളത്തെ നെഞ്ചോടമർത്തിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമല സുരയ്യ. അക്ഷരങ്ങൾ കൊണ്ട് എനിക്കും എന്റെ ചിന്തകൾക്കും, മറ്റ് അനേകായിരം വായനാപ്രിയർക്കും മായികവലയമണിഞ്ഞ പ്രതിഭാസം. വ്യക്തമായും സാഹിത്യസമ്പന്നമായൊരു കുടുംബ പശ്ചാത്തലത്തിൽ ജനിച്ച മാധവിക്കുട്ടി 'ആമി' എന്ന പേരിൽ വിളികൊണ്ടു. കേരളത്തിലും കൊൽക്കത്തയിലുമായി വളർന്ന അവർ ഔപചാരികമായ വിദ്യാഭ്യാസത്തിനു വേണ്ടി ഒരുപാട് സമയം ചിലവഴിച്ചില്ല. തലമുറകളായി കൈമാറി കിട്ടിയ സാഹിത്യത്തിന്റെ മണം പരത്താൻ അവർക്കൊരു ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവർ എഴുതി. ചെമ്പകപൂ പോലെ തീക്ഷ്ണവും വശ്യവുമായ സുഗന്ധം പൊഴിക്കുന്ന കഥകൾ, അനുഭവക്കുറിപ്പുകൾ, കവിതകൾ. 

      ആദ്യം പുറത്തുവന്ന ' പക്ഷിയുടെ മണം' എന്ന ചെറുകഥ സമാഹാരത്തിൽ അതേ തലക്കെട്ടോടുകൂടി ഒരു കഥയുണ്ട്. മരണത്തിന്റെ മണം പരത്തിയ ആ കഥ വല്ലാത്ത ഒരു അന്തർ സംഘർഷമാണ് സൃഷ്ടിച്ചത്. അത് മലയാളത്തിലെ എക്കാലത്തെയും നല്ല കഥകളിലൊന്നായി വിലയിരുത്തപ്പെടുന്നു. തികച്ചും പ്രാദേശികമാണ് മാധവിക്കുട്ടിയുടെ കഥകളുടെ ഇതിവൃത്ത പശ്ചാത്തലം. ' ബാല്യകാല സ്മരണകൾ' എന്ന ഓർമ്മ ക്കുറിപ്പിലൂടെ അവർ തന്റെ ചെറുപ്പകാലത്തെ വാക്കുകളിലൂടെ മടക്കി കൊണ്ടുവന്നു. ജീവിതത്തിന്റെ എന്നല്ല, പ്രകൃതിയുടെ തന്നെ സമസ്തഭാവങ്ങളും പുനർസൃഷ്ടിക്കുന്ന രചനകൾ ആണ് അവർ നമുക്ക് നൽകിയത്. മണ്ണ്, പ്രണയം, മരണം, സ്ത്രീപുരുഷ ബന്ധങ്ങൾ ഒക്കെയും അവരുടെ രചനകളിൽ അതുവരെ കണ്ടിട്ടില്ലാത്ത ചാരുതയോടെ, വേറിട്ട തനിമയോടെ ആവിഷ്കൃതമാകുന്നു. എന്നാൽ അതോടൊപ്പം തന്നെ സിനിസിസത്തോളമെത്തുന്ന വിരുദ്ധ അഭിപ്രായങ്ങളും അവരുടെ കവിതകളിൽ കാണാനാവുന്നു. 

     ഒരു കഥാകൃത്ത് എന്ന നിലയിലാണ് മലയാള സാഹിത്യ ആസ്വാദകർക്കിടയിൽ മാധവിക്കുട്ടി മുദ്ര ചാർത്തുന്നതെങ്കിൽ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള സമൂഹങ്ങളിലും സാഹിത്യ ആസ്വാദകർ അവരെ ആദ്യമറിയുന്നത് കമലദാസ് എന്ന കവയിത്രിയായാണ്. ശരീരത്തെയും മനസ്സിനെയും ബന്ധങ്ങളെയും ഭൂതകാലത്തെയും തറവാടിനെയും ചുറ്റുപാടുകളെയും സ്വഗേഹ അനുഭവങ്ങളെയുമൊക്കെ അവർ എഴുത്തിലൂടെ ആവിഷ്കരിക്കുന്നു. ഇതെല്ലാം ചിലപ്പോൾ അലസമായ ഒരു വായനയിൽ ലളിതമായി തോന്നിപോയേക്കാം, എങ്കിലും അഗാധമായ ഒരർത്ഥതലവും ചമൽക്കാരശോഭയും അതിനെ വിഭിന്നമാക്കുന്നു. തന്റെ സ്വത്വത്തെ തന്നെയാണ് അവർ കവിതയിൽ വരച്ചിടുന്നത്. അവരുടെ പിൽക്കാല കവിതകളിൽ വാർദ്ധക്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒന്നുമില്ലായ്മയെകുറിച്ചുമൊക്കെയുള്ള വിഹ്വലതകൾ നമുക്ക് കാണാനാവും. വർഗ്ഗ വിഭജനം കൊണ്ട് നിർവചിക്കാൻ ആവാത്ത കൃതിയാണ് ' ഭയം എന്റെ നിശാവസ്ത്രം'. സാമ്പ്രദായിക ചിട്ടകൾ വിട്ടുപോകുന്ന ഈ കൃതി തെല്ലൊരത്ഭുതത്തോടെ മാത്രമേ വായിച്ചു തീർക്കാൻ സാധിക്കൂ. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും പുതിയ ആഖ്യാന പരീക്ഷണങ്ങൾ കൊണ്ടുവരുന്ന കൃതിയാണ് ആത്മകഥയും സ്വപ്നസാഹിത്യവുമായ ' എന്റെ കഥ'. ഒരു കുരുവിയുടെ ദുരന്ത ത്തോടുകൂടിയാണ് ഇതിന്റെ ആരംഭം. കുരുവിയുടെ രക്തം സ്വന്തം രക്തമായി കണ്ടു ആ രക്തം കൊണ്ടാണ് കഥാകാരി എഴുതി തുടങ്ങുന്നത്. 

      ജീവിതത്തിൽ നേരിട്ട പല വിവാദങ്ങൾക്കും അന്ത്യം കുറിച്ചുകൊണ്ട് എല്ലാ വാക്കുകൾക്കും വിരാമമിട്ടുകൊണ്ട് എല്ലാ വാചാലതയിലും മൗനം നിറച്ചു കൊണ്ട് 2009 മെയ് 31 നു അവർ കമലാസുരയ്യയായി ഏക ദൈവത്തിന്റെ സവിധത്തിലേക്ക് യാത്രയായി. അതിനുമുമ്പ് അവർ എഴുതി " യാ അല്ലാഹ്, പ്രവാചകന്റെ അടയാളങ്ങൾ ഞാൻ ദർശിക്കുന്നു, ഇനിയും വെളിപ്പെടാത്ത എന്റെ പ്രണയിയിയുടെ മുഖധാവിൽ... ". ആ പ്രണയത്തിന്റെ കാലാധിവർത്തിയായ അസ്ഥിത്വം ഉൾക്കൊള്ളുന്നതുകൊണ്ട് തന്നെ അവർ എഴുതി " ഞാൻ മരിക്കുമ്പോൾ എന്റെ എല്ലുകളും മാംസവും വലിച്ചെറിയരുത്. അവയെ ചേർത്തുവയ്ക്കുക. ഗന്ധത്തിലൂടെ സംസാരിക്കാൻ അനുവദിക്കുക. ഈ ഭൂമിയിൽ ജീവിതത്തിന്റെ വില എന്തായിരുന്നുവെന്ന്, പ്രേമത്തിന്റെ വില എന്തായിരുന്നുവെന്ന് അവ വിളിച്ചു പറയട്ടെ... "

Ms. Thazna Mol, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം