ദേശഭക്തിയും കൊടിയും!
കുട്ടിക്കാലത്ത് ക്രിസ്മസ് ന്യൂ ഇയർ എന്നീ വേളകളിൽ ഏറ്റവും കൂടുതൽ ഉത്സാഹം കാണിച്ചിരുന്നത് ഗ്രീറ്റിംഗ് കാർഡുകൾ വാങ്ങുന്നതിൽ ആയിരുന്നു. ഇഷ്ടപ്പെട്ട അധ്യാപകർക്ക് സുഹൃത്തുക്കൾക്ക് ബന്ധുക്കൾക്ക് അവരുമായുള്ള അടുപ്പത്തിന് ഉതകുന്ന രീതിയിലുള്ള അക്ഷരങ്ങളും പല വർണ്ണ ചിത്രങ്ങളും നിറഞ്ഞ കാർഡുകൾ തിരഞ്ഞെടുക്കുക ആഹ്ലാദം തരുന്ന ഒന്നായിരുന്നു.
പിന്നീട് അങ്ങോട്ടുള്ള കാലത്ത് ആഘോഷിക്കുന്ന ദിവസങ്ങളുടെ എണ്ണം എണ്ണിയാൽ തീരാത്തത്രയുമായി. മദേഴ്സ് ഡേ ബ്രദേഴ്സ് ഡേ ഫ്രണ്ട്ഷിപ്പ് ഡേ അങ്ങിനെ ഒരു നിര. ഇതിനെല്ലാം പുറമേ അസുഖങ്ങളെ ചൊല്ലിയുള്ള ദിവസങ്ങൾ ആചരിക്കാൻ തുടങ്ങി: ഡയബറ്റിസ് ഡേ എയ്ഡ്സ് ഡേ അങ്ങനെ പോകുന്നു. അതുപോലെ ആഘോഷിക്കേണ്ട ഒരു ദിവസം മാത്രമാണോ സ്വാതന്ത്ര്യദിനം?
പണ്ടൊരു കാലത്ത് ഇന്നത്തെ പോലെ റെഡി മെയ്ഡ് കൊടികൾ സുലഭമായിരുന്നില്ല. ഓറഞ്ചും പച്ചയും നിറം പകർത്തി നടുവിൽ അശോകചക്രത്തിൽ കൃത്യം വരകൾ എണ്ണി ഉറപ്പിച്ചു വീടിൻറെ കൊച്ചു തൂണിൽ പതിച്ചു വയ്ക്കുക പതിവായിരുന്നു. ദിവസങ്ങൾ ചെല്ലും തോറും വെയിലും മഴയും കൊണ്ട് കളർ എല്ലാം ഇളകി അടുത്ത സ്വാതന്ത്ര്യ ദിനം ആകുമ്പോഴേക്കും മങ്ങി ഇല്ലാതാവുകയാണ് പതിവ്. ആ കൊടി പുതുക്കാൻ അടുത്ത ഓഗസ്റ്റ് 15 പെട്ടെന്നുതന്നെ ഓടിയെത്തുമായിരുന്നു.
എന്നും അത്ഭുതം തോന്നാറുണ്ട്. അങ്ങ് വടക്കേ ഇന്ത്യയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കാണുമ്പോൾ! അപ്പോൾ ചിന്തിച്ചിട്ടുണ്ട് ദേശഭക്തി തലസ്ഥാന നഗരിയിലും സമീപപ്രദേശങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നതാണോ എന്ന്. ദേശഭക്തി എന്നാൽ എന്ത് എന്ന് ഒരുപക്ഷേ ഇന്നത്തെ സിനിമകൾ യുവ തലമുറയിലേക്ക് എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം. ഉദാഹരണത്തിന് സീതാ രാമായണം എന്ന സിനിമ സീതാലക്ഷ്മിയും റാമും തമ്മിലുള്ള പ്രണയത്തെക്കാൾ റാമിന് സ്വന്തം ദേശത്തോടുള്ള സ്നേഹവും ആത്മാർത്ഥതയും ആണ് ചൂണ്ടിക്കാണിക്കുന്നത്. ആ അർത്ഥത്തിൽ സിനിമയെ നോക്കി കണ്ടവർ എത്രപേരുണ്ട് എന്നതും വിശകലനം ചെയ്യേണ്ടതും ഉണ്ട്.
ഇന്ത്യയുടെ ദേശീയ പതാക വാനിൽ പാറിപ്പറന്നത് 1947 ഓഗസ്റ്റ് 15-നല്ല, മറിച്ച് 1936 ൽ ജർമ്മനിയിൽ വച്ചായിരുന്നു. ഈയിടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്സപ്പ് വഴി കൈമാറി വന്ന ഒരു വീഡിയോയിൽ 1936 ൽ നടന്ന ഹോക്കി മാച്ചിനെ പറ്റിയായിരുന്നു. . അതിൽ ജർമ്മനിക്കെതിരെ ഏഴു ഗോൾ നേടി ഒന്ന് എട്ടിന് ഇന്ത്യ വിജയ കിരീടം കരസ്ഥമാക്കിയിരുന്നു. അത്രയും ഗോൾ നേടിക്കൊടുത്ത ആ കളിക്കാരൻ ഒരു നിമിഷം ഭയന്നു പോയിരുന്നത്രേ! താൻ വിജയ കിരീടവും കൊണ്ടാകുമോ ഇന്ത്യയിലേക്ക് മടങ്ങുക അതോ കിരീടത്തിന് പകരമായി സ്വന്തം ശിരസ് തന്നെ ജർമ്മനിക്ക് സമ്മാനിക്കേണ്ടി വരുമോ എന്ന്. ട്രോഫി കൈമാറുന്ന വേളയിൽ ഹിറ്റ്ലർ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി, “താങ്കൾ ജർമ്മൻ പട്ടാളത്തിൽ ചേരുന്നോ?” സിംഗ് ഉറപ്പിച്ചു, ഇതാ തൻറെ അവസാനം അടുത്തിരിക്കുന്നു. അദ്ദേഹം കണ്ണടച്ച് നിസ്സംശയം മറുപടി പറഞ്ഞു ‘ഐ വോണ്ട് സെൽ മൈ നേഷൻ’. ഇത് കേട്ട് ഹിറ്റ്ലർ അദ്ദേഹത്തെയും ഭാരതത്തെയും ഒരുപോലെ അനുമോദിക്കുകയാണ് ചെയ്തത്.
ദേശസ്നേഹം എന്നു പറയുന്നത് ഒരു കൊടി ഉയർത്തുന്നതിലോ അത് പരിപാലിക്കുന്നതിലോ മാത്രം ഒതുങ്ങി നിൽക്കാതെ സ്വന്തം ജീവൻ കൊടുത്തു ദേശത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഇന്ന് എത്ര പേരിൽ നിലനിൽക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ദേശസ്നേഹം എന്നത് പുസ്തകത്താളുകളിൽ നിന്നും പഠിച്ച് ഹൃദിസ്ഥമാക്കേണ്ട ഒന്നല്ല. അത് വളരുന്ന മണ്ണിനോട് മനസ്സിൽ നിന്നും വരേണ്ട ഒന്നാണ്.
ചെറിയ ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന ചരിത്രവും ചരിത്രപുരുഷന്മാരും സ്വാതന്ത്ര്യസമര യജ്ഞവും കുട്ടികളിൽ മതസൗഹാർദ്ദവും മതേതരത്വ ചിന്തകളും വളർത്തിയെടുക്കാൻ സഹായിക്കുന്നവയാണ്. തൊട്ടടുത്തിരിക്കുന്ന വിദ്യാർത്ഥി തട്ടമിട്ടതെന്നോ പൊട്ടുതൊട്ടതെന്നോ കുരിശു വരയ്ക്കുന്നത് എന്നോ വ്യത്യാസമില്ലാതെ പരസ്പരം തോളിൽ കയ്യിട്ടു ചോറ്റിൻ പാത്രത്തിൽ നിന്നും അച്ചാർ കഷണം തട്ടിയെടുത്തു താൻ കടിച്ച് നെല്ലിക്കാ കഷ്ണവും മാങ്ങ കഷണവും സുഹൃത്തുക്കളുമായി പങ്കുവെച്ചും കഴിഞ്ഞുപോയ ആ നല്ല നാളുകൾ ഇന്ന് ചരിത്രത്താളുകളിലെ അക്ഷരങ്ങൾ എന്നോണം മാഞ്ഞു പോയോ മറന്നു പോയോ?
മനുഷ്യമനസ്സിൽ ദേശം നാട് എന്നിവയോടുള്ള അടുപ്പവും സ്നേഹവും സൗഹാർദങ്ങളിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും ആണ് ഉടലെടുക്കുക. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഉണ്ടായ സൗഹൃദങ്ങൾ പോലെ ഊഷ്മളമായ ഒരു സൗഹൃദം പിന്നീട് അങ്ങോട്ടുള്ള കാലഘട്ടത്തിൽ നിലനിൽക്കുന്നുണ്ടോ?
ഒരു ഘട്ടം എത്തുമ്പോൾ മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും മതങ്ങൾ സൃഷ്ടിച്ച ദൈവങ്ങളും മുൻപ് അച്ചാറും നെല്ലിക്കയും മാങ്ങയും പങ്കുവെച്ച് നടന്ന കുഞ്ഞുങ്ങളുടെ മനസ്സ് പങ്കുവെച്ചു പോയോ ഇന്ന് സംശയിച്ചു പോകും.
Ms. Saritha. K, Head, Dept. of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment