രണ്ടുനീതി
കഴിഞ്ഞ ദിവസങ്ങളിൽ കേരളം വ്യാപകമായി ചർച്ച ചെയ്ത വിഷയം രണ്ട് നടന്മാരുമായി ബന്ധപ്പെട്ട് ആയിരുന്നുവല്ലോ…
സുരേഷ് ഗോപിയും,വിനായകനും.
തൊഴിലിടങ്ങളിൽ പോലും സ്ത്രീയെ വ്യക്തിയായി പരിഗണിക്കാത്ത പുരുഷാധികാരവും, വംശീയ ന്യൂനപക്ഷങ്ങളോട് സമൂഹം വച്ചു പുലർത്തുന്ന ജാതി വേർതിരിവുകളുമാണ് ഈ രണ്ട് സംഭവങ്ങളിൽ വെളിപ്പെടുന്നത്.
സ്ത്രീകളെ ഒരു വ്യക്തിയായി പരിഗണിക്കാനുള്ള പൊതുബോധത്തിന്റെ വൈഷമ്യം നമ്മൾ പലപ്പോഴും കാണാറുണ്ട്.. അതിൽ വീട് എന്നോ തൊഴിലിടം എന്നോ ഉള്ള വേർതിരിവ് ഇല്ല. സ്ത്രീയെ ഒരു വ്യക്തിയായി കാണാനോ അവളുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ ചിന്തിക്കാക്കാനോ പൊതുവെ സമൂഹം തുനിയാറില്ല എന്നതാണ് സത്യം. പരസ്പരബഹുമാനവും സാമൂഹ്യമര്യാദയും ഏതു പൊതു ഇടത്തിലും സ്ത്രീയുടെയും അവകാശമാണ്. താല്‍പര്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് മാത്രമല്ല, അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നതും, പെരുമാറുന്നതും തെറ്റാണ്. സ്ത്രീവിരുദ്ധത അങ്ങേയറ്റം സ്വാഭാവികമായി ചിത്രീകരിച്ചു പോരുന്ന സമൂഹത്തില്‍ വിഷമം നേരിട്ടെങ്കില്‍ മാപ്പ് എന്നു പുരുഷന്‍ പറഞ്ഞാലുടന്‍ സ്ത്രീ തൃപ്തിപ്പെടണമെന്നാണ് സങ്കല്‍പം. അവൾ സർവം സഹയാണല്ലോ..! തുല്യതയെന്ന അടിസ്ഥാനഅവകാശത്തെ തന്നെ വെല്ലുവിളിക്കുന്ന ആണധികാരത്തിന്റെ പ്രയോഗമാണത് എന്ന് ആരും ചിന്തിക്കുന്നില്ല..മനസ്സിലാക്കുന്നില്ല..തല കുനിച്ചു നില്‍ക്കേണ്ടവളാണ് സ്ത്രീയെന്ന പുരുഷമേധാവിത്വ ചിന്തകളാണ് അവരെ നിസാരമായി കാണാനും അവഹേളിക്കാനും മനസുണ്ടാകുന്നത്.കാലങ്ങളായിത്തുടര്‍ന്നുകൊണ്ടിരിക്കുന്ന, പെണ്ണ് അവളുടെ ഉടലിനാല്‍ അടയാളപ്പെടുത്തേണ്ട ഒരു വസ്തുവായി കാണുന്ന സാമൂഹികാവസ്ഥയാണ് ഇതിന്റെ അടിസ്ഥാനം. ഒരു വശത്ത് അവരെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തിഭാവങ്ങളായി പുകഴ്ത്തുമ്പോഴും അവരുടെ ആത്മാഭിമാനത്തെ കുറിച്ചോർക്കാത്ത ഒരു സമൂഹമായി നാം അധഃപതിച്ചു കൊണ്ടിരിക്കുന്നു… കൂട്ടിവായിക്കപ്പെടേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്..ഒരു സ്ത്രീയും പിതാവിനെയും സഹോദരനെയും തേടിയല്ല പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നത്.
—-----------------------------------------------------------
ചില മനുഷ്യർ എപ്പോഴും അകറ്റി നിർത്തപ്പെടേണ്ടവരും,പരിഹസിക്കപ്പെടേണ്ടവരുമാണെന്ന ഒരു പൊതുബോധം നമുക്കിടയിൽ പറയാതെ പറയപ്പെടുന്നുണ്ട്.. നമുക്കുള്ളിൽ അങ്ങനെയൊന്നും ഇല്ലെന്ന് നമ്മൾ വാശിപിടിച്ചു പറയുമ്പോൾ അട്ടപ്പാടിയിലെ മധുവും വയനാട്ടിലെ വിശ്വനാഥനുമൊക്കെ നമ്മളെ നോക്കി പൊട്ടിച്ചിരിക്കും..ആദിവാസിയായതിന്റെ പേരിൽ മാത്രം കള്ളനാക്കപ്പെട്ട് വിചാരണ ചെയ്യപ്പെടേണ്ടി വന്ന ആദ്യത്തെയും അവസാനത്തെയും മനുഷ്യരൊന്നും അല്ലല്ലോ ഇവർ.. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് വിനായകന് എന്ന് കേട്ടപ്പോൾ ആരാ വിനായകൻ എന്ന് ചോദിച്ച ആളോട് അടുത്തുള്ള ആൾ പറഞ്ഞ മറുപടി 'ആ കറുത്ത കാണാൻ കൊള്ളാത്ത ഒരുത്തൻ ഇല്ലേ അവൻ ' എന്നാണ്..അയാളിലെ പ്രതിഭക്ക് ലഭിച്ച അംഗീകാരം ഏതൊക്കെ രീതിയിലാണ് ഈ സമൂഹം അളക്കുന്നതെന്ന് ആലോചിക്കുമ്പോൾ അതിന്റെ ഉത്തരം വിനായകന്റെ തന്നെ വാക്കുകളാണ്.. ഞാനൊരു കറുത്ത മനുഷ്യനാണ്, ഒരു കറുത്ത മനുഷ്യന് നായകനാകാൻ എന്തു ചെയ്യണമെന്നാണ് എന്റെ ചിന്ത..ഈ സമൂഹത്തിന്റെ പൊതുബോധത്തെ കുറിച്ച്, താൻ ജീവിക്കുന്ന സമൂഹത്തെ കുറിച്ച്, അയാളുടെ കാഴ്ചപ്പാടുകൾ കൃത്യമാണ്. തന്റെ നിലപാടുകളും, രാഷ്ട്രീയവും, കാഴ്ചപ്പാടുകളും തുറന്ന് പറയാൻ ധൈര്യമുള്ള ഒരാൾ.. ജാതിയും നിറവും ഒന്നും തന്നെ, തന്നെ പിന്നോട്ട് വലിക്കില്ലെന്ന് ഉറച്ച നിശ്ചയദാർഢ്യമുള്ള ഒരാൾ..
വിനായകൻ ഒരിക്കൽ പറയുകയുണ്ടായി ,'ഞാൻ ഒരു അയ്യങ്കാളി ചിന്താഗതിയിൽ ജീവിക്കുന്ന മനുഷ്യനാണ്, പറ്റുമെങ്കിൽ ലൈഫിന്റെ അറ്റത്ത് ഫെരാരി കാറിൽ വരണമെന്നാണ് എന്റെ ചിന്ത.. പറ്റുമെങ്കിൽ സ്വർണകിരീടം കൂടി വെക്കാൻ ശ്രമിക്കുന്ന ഒരാൾ..' വിനായകൻ തന്റെ ലൈഫിന്റെ അങ്ങേയറ്റത്ത് ഫെരാരിയിൽ വന്നിറങ്ങുമെന്ന് പറയുമ്പോൾ അതൊരു സ്വപ്നമല്ല.. ഒരു വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്..
Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment