ഇന്ത്യ സബ്കാ വതൻഹെ
ഇന്നത്തെ ഇന്ത്യയിൽ വികസന ചർച്ചയേക്കാൾ കൂടുതൽ, ഇന്ത്യ ആരുടേതാണ് എന്ന ചർച്ചയാണ് നടക്കുന്നത്. ഭരണഘടനയുടെ ആത്മാവിനെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള വ്യക്തമായ അജണ്ടയുടെ, ചില താൽപര്യത്തിന്റെ ഒക്കെ പ്രവർത്തനങ്ങൾ നടന്ന് കണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് പൗരത്വനിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങളും സംവാദങ്ങളും കത്തിക്കൊണ്ടിരിക്കുകയാണ്, ഒരു വശത്ത് ആരാധനായങ്ങളുടെ അവകാശ വാദങ്ങൾ. അങ്ങനെ നീണ്ട് കിടക്കുന്ന ഒരുപാട് മതത്തോട് ചേർന്ന് നിൽക്കുന്ന കുറേ ചർച്ചകൾ.
ഇതിനിടയിലാണ് കർഷകർ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി പ്രക്ഷോഭത്തിലേക്ക് എത്തിയിട്ടുള്ളത്. അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് പലരീതിയിലും കർഷക പ്രക്ഷോഭത്തെ എതിർക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്നത് യാഥാർത്യമാണ്. ഈ പ്രക്ഷോഭങ്ങളെയും, പ്രതിഷേധങ്ങളെയും, വികസന മുരടിപ്പിനേയും മറച്ച് വെക്കാൻ വേണ്ടി. ചർച്ചകളെ വഴിതിരിച്ച് വിടാൻ വേണ്ടി 'മതം' എന്ന വൈകാരികതയെ പുറത്തെടുത്ത് ജന ഹൃദയങ്ങളുടെ ചിന്താഗതി തന്നെ മാറ്റിമറിക്കലിന് വിധേയമാക്കുന്ന വർത്തകൾ നിലവിൽ നിറഞ്ഞ് നിൽക്കുന്നു. മതേതരത്വം എന്ന ചിന്തപോലും ഇല്ലാതെയാക്കാനുള്ള ശ്രമത്തിന്റെകൂടി ഭാഗമാണ് ഇത്.
ഇന്ത്യയില്‍ അപ്പോള്‍ എന്താണ് മതേതരത്വം? എന്ന ചോദ്യം വളരെ പ്രശസ്തമാകുന്ന സാഹചര്യത്തിലൂടെയാണ് നിലവിലെ ഇന്ത്യയുടെ ഗമനം. ഇന്ത്യന്‍ മതേതരത്വം അഥവാ മതനിരപേക്ഷത തികച്ചും കപടമാണെന്നു ചിലരെങ്കിലും പ്രചരിപ്പിക്കുന്ന ഒരു കാലത്ത് മതേതരത്വത്തെപ്പറ്റി ചില ചിന്തകള്‍ അസ്ഥാനത്താവില്ല. ചരിത്രപരമായി ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണകൂടങ്ങളും ഹൈന്ദവ ഭരണകൂടങ്ങളും ചില ഘട്ടങ്ങളിലെങ്കിലും നിലനിന്നിരുന്നു. പക്ഷെ രാജാവിന്റെ അല്ലെങ്കില്‍ സ്റ്റേറ്റിന്റെ ഭരണം കൈയാളുന്നവരുടെ മതം ഇതരമതാനുയായികളില്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം പരിമിതങ്ങളായിരുന്നു. അശോകചക്രവര്‍ത്തിയുടെയും അക്ബര്‍ ചക്രവര്‍ത്തിയുടെയും, കൊച്ചുകൊച്ചു രാജാക്കന്മാരായ സാമൂതിരി, കൊച്ചി തുടങ്ങിയവരുടെയും ഭരണത്തില്‍ സര്‍വമത സാഹോദര്യം നിലനിന്നു. ഇസ്‌ലാമിക മതത്തെ സന്തോഷത്തോടെ സാമൂതിരി സ്വാഗതം ചെയ്തു. സാമൂതിരിയാണ് മുസ്‌ലിംകളുടെ അമീര്‍ എന്നുപോലും എന്നുപോലും സൈനുദ്ദീന്‍ മഖ്ദൂം വിശേഷിപ്പിച്ചുകാണാം. ചെറിയ രാജ്യങ്ങളും വലിയ രാജ്യങ്ങളും ഇന്ത്യയില്‍ നടത്തിയിരുന്ന യുദ്ധങ്ങള്‍ മതപരമായിരുന്നില്ല. മതപരമായ അസഹിഷ്ണുതകൊണ്ടുമായിരുന്നില്ല. അവ തികച്ചും രാഷ്ട്രീയമായിരുന്നു. അക്ബര്‍ ചാന്ദ് ബീബിയെ ആക്രമിച്ചത് മതത്തിന്റെ പേരിലല്ല.
എന്നാല്‍ യൂറോപ്യന്‍ ചരിത്ര രചനാസ്വഭാവം അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതോടെ ഓരോ ഭരണകൂടത്തിന്റെയും മതനയത്തിനു പ്രാധാന്യം കൊടുത്ത് മതാധിഷ്ഠിത ചരിത്രരചനയെയാണ് പ്രചരിപ്പിച്ചത്. ജയിംസ് മില്‍ ‘ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഹിന്ദു ഇന്ത്യ, മുസ്‌ലിം ഇന്ത്യ എന്നൊക്കെ വിഭജനം നടത്തി. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന നയം പ്രാവര്‍ത്തികമാക്കാന്‍ ഈ ചരിത്രരചന അത്യന്തം സഹായകമായി. നിരവധി ചരിത്ര പരമായ തെളിവുകൾ നമ്മുടെ രാജ്യത്തിന്റെ മുൻകാല സംസ്കാരത്തെ കൃത്യമായി പറയുന്നതാണ്.
പിൽകാലത്ത് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിൽ ഇന്ത്യ മതേതര മാണ് എന്ന് എഴുതിവെച്ചത് ദീർഘവീക്ഷണമുള്ള രാഷ്ട്ര ശിൽപികളുടെ ഇഛാശക്തികൂടിയാണ്. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രശില്‍പികള്‍ മതനിരപേക്ഷ സമീപനം സ്വീകരിച്ചത് ഒരു കപടനയമാണെന്ന് ഇന്നു ചിലരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ടെങ്കില്‍ ആ സമീപനം ചരിത്രപരമായി തെറ്റാണെന്നു കാണേണ്ടിവരുന്നു.
ഇന്ത്യപോലെ അനേകം ചിന്താധാരകളും മതവിശ്വാസങ്ങളുമുള്ള ഒരു രാഷ്ട്രത്തിന് മതേതര സ്വഭാവത്തിലൂടെ മാത്രമേ അതിനകത്തെ ജനകോടികള്‍ക്കുവേണ്ടി ഒരു ക്ഷേമരാഷ്ട്രം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. വിശക്കുന്നവനും വിദ്യാഭ്യാസമില്ലാത്തവനും നിത്യരോഗിക്കും പാര്‍പ്പിടമില്ലാത്തവനും അശരണനും മതത്തെക്കാള്‍ പ്രാധാന്യം അവന്റെ ജീവിതത്തിനാണെന്നു പറയാം. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മതേതരത്വ ഇന്ത്യക്കായി നാം ഒരുമിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ഇന്ത്യയുടെ മതേതര, ജനാധിപത്യ സ്വഭാവത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്നവരോട് ഒരു കവിതയിൽ പറഞ്ഞത് പോലെ ഒന്നേ പറയാനുള്ള 'ഭാരത് കിസിക്കാ നഹീഹെ, ഇന്ത്യ സബകാ വതൻഹെ'.
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment