നിഗൂഢതകൾ ഉറങ്ങുന്ന മലാന
മഞ്ഞു പുതഞ്ഞു കിടക്കുന്ന ഗിരിശൃംഗങ്ങളെ തഴുകി താഴ്വാരത്തേക്ക് ഒഴുകുന്ന ബിയാസ് നദിക്കരികിലൂടെ കുളു പട്ടണം പിന്നിട്ട് ഹിമാചലിലെ ആരും കാണാ ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടരുകയാണ്. ഹിമാലയത്തിന്റെ ഏഥൻസ് എന്നറിയപ്പെടുന്ന ഒരു ഗ്രാമം. മലാന ! ഹരം പകരുന്ന കാഴ്ചകൾ മാത്രമല്ല, ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളും, കഞ്ചാവിന്റെ ലഹരിയും ആണ് മലാനയെ ലോക പ്രശസ്തമാക്കുന്നത്. കുളുവിൽനിന്ന് അമ്പത് കിലോമീറ്റർ അകലെ കസോൾ- മണിക്കരൺ റൂട്ടിൽ യാത്ര ചെയ്ത് ഇടത്തോട്ട് തിരിഞ്ഞ് വേണം മലാനയിലെത്താൻ. പാർവ്വതി നദിക്ക് കുറുകെയുള്ള ഇരുമ്പുപാലങ്ങൾ പിന്നിട് മുന്നോട്ട് യാത്ര ചെയ്ത് ചൗകി വില്ലേജിൽ എത്തിച്ചേർന്നു. ഇവിടെ മലാന ജല വൈദ്യുത പദ്ധതി കാണാം. 2001 ൽ കമ്മീഷൻ ചെയ്യപ്പെട്ട ഈ ജല വൈദ്യുത നിലയം 86 മെഗാ വാട്ട് ശേഷിയിൽ ഹിമാചൽ പ്രദേശിന് ഊർജ്ജം പകർന്നു നൽകുന്നു. ഹിമാചലിലെ ഇന്ദ്രാസെൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മലാന നദിയെ രണ്ടു തട്ടുകളിലായി അണകെട്ടി നിർത്തി കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പ് വഴി താഴേക്ക് പതിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മലകയറി മലാന ലക്ഷ്യമാക്കി മുകളിലോട്ടുള്ള പാതയിലുടനീളം അങ്ങ് മുകളിൽ സ്ഥിതിചെയ്യുന്ന റിസർവോയറിൽ നിന്ന് വെള്ളം താഴോട്ട് പതിപ്പിക്കുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ കാണാം. തീർത്തും ഒറ്റപ്പെട്ട വിജനമായ പാതയിലൂടെ യാത്ര തുടരുമ്പോൾ കൺമുന്നിൽ തെളിയുന്ന കാഴ്ചകൾ എല്ലാം കണ്ണിന് കുളിർമയേകുന്നതാണ്. മലമടക്കുകളിലെ ഓരോ ഇഞ്ചു ഭൂമിയും കൃത്യതയോടെ കൃഷിക്ക് അനുയോജ്യമാക്കി ഉപയോഗിക്കുന്ന ഗ്രാമങ്ങളും കന്നുകാലി കൂട്ടങ്ങളും ചെറു വെള്ളച്ചാട്ടങ്ങളും പിന്നിട്ട് മലമുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റവരി പാത ചെന്നെത്തുന്നത് മലാന ടണലിലോട്ട് ആണ്. അരകിലോമീറ്റർ ദൂരം വരുന്ന തുരങ്കവും ഏതുനിമിഷവും അടർന്നു വീഴാനൊരുങ്ങി നിൽക്കുന്ന പാറക്കൂട്ടങ്ങളും തെല്ലൊന്ന് ഭയപ്പെടുത്തിയില്ലെന്നില്ല. ഒരു വശത്ത് ചെങ്കുത്തായ മലയും മറുവശത്ത് അഗാധ കൊക്കയും ആയി ആ ഒറ്റവരിപാത മലാന ലക്ഷ്യമാക്കി നീണ്ടു നിവർന്നു കിടക്കുകയാണ്. മൊബൈൽ ഫോണിൽ റേഞ്ച് ഇല്ലാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കാൻ കഴിയാത്തതിലും വിഷമം ഇടക്കൊന്ന് വഴി ചോദിക്കാൻ ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാൻ കഴിയുന്നില്ലെന്നുള്ളതാണ്. നീണ്ട രണ്ടു രണ്ടര മണിക്കൂർ യാത്ര ചെന്ന് അവസാനിക്കുന്നത് മലാന ഗ്രാമത്തിന്റെ കാഴ്ചയിലാണ്. അങ്ങക്കലെ പാർവതി താവ്ഴാരത്തിനും കുളു താഴ്വാരത്തിനുമിടയിൽ ഒറ്റപ്പെട്ടു കിടക്കുന്ന മലാന. ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത് കാൽനടയായി മാത്രം സഞ്ചരിച്ചെത്താവുന്ന മലാനയിലേക്ക് നടന്നു തുടങ്ങി. ഒരു ഗ്രാമത്തിൽ എന്താണിത്ര കാണാൻ ഉള്ളതെന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാനൊരുങ്ങി നിൽക്കവെ തോളിൽ ഒരു നാടൻ തോക്കും കയ്യിൽ ഒരു വാക്കത്തിയുമായി ഒരു മലാന ഗ്രാമവാസി എന്നെ കടന്നുപോയി. എന്റെ ഉള്ളിൽ തോന്നിയ ചോദ്യത്തിനുത്തരമെന്നോണം ആ ഗ്രാമ നിവാസി കാഴ്ചകൾക്കപ്പുറം എന്തൊക്കെയോ മലാന സഞ്ചാരികൾക്കായി തുറന്നുവെച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി തന്നു. സമുദ്രനിരപ്പിൽനിന്ന് 3,029 മീറ്റർ ഉയരെ ഒരുകൂട്ടം ജനങ്ങൾ പുറംലോകത്തിന് പിടികൊടുക്കാതെ അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും ആയി കഴിഞ്ഞുകൂടുന്നതിന്റെ കഥയാണ് മലാനയുടേത്.
ഹിമാലയത്തിന്റെ മടിത്തട്ടിൽ:
മറ്റു ഹിമാലയൻ ഗ്രാമങ്ങളിൽനിന്ന് വ്യത്യസ്തമായി പുറമേനിന്ന് വന്നവരെ ഒരു അകലം പാലിച്ച് നോക്കുന്ന ഗ്രാമ നിവാസികൾ. ഏകദേശം 1,500 ഓളം മാത്രം ജനസംഖ്യയുള്ള ഗ്രാമത്തിൽ കൃഷിയാണ് പ്രധാന വരുമാനമാർഗമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ചന്ദ്രഖനി കുന്നുകളുടെ പശ്ചാത്തലത്തിൽ അതീവ സൗന്ദര്യത്തോടെ നിലകൊള്ളുന്ന ഈ ഗ്രാമം പുറംലോകത്തിന് പരിചിതമാകുന്നത് 'മലാന ക്രീം' എന്ന ലഹരിയുടെ പേരിലാണ്. കറുത്തനിറവും കടുപ്പവുമുള്ള ഹാഷിഷ്. ഗ്രാമത്തിന് നടുവിലൂടുള്ള കല്ലുപതിച്ച നടപ്പാതയിലൂടെ കാഴ്ചകൾ തേടി നടക്കുമ്പോൾ കുറുകെ നടന്നുപോകുന്നതും വീടിന്റെ തിണ്ണയിൽ ഇരിക്കുന്നതും ആയ മുതിർന്നവരിൽനിന്ന് തുടങ്ങി മുറ്റത്ത് കളിക്കുന്ന കൊച്ചുകുട്ടികൾ വരെ എന്നെ തീക്ഷ്ണമായി നോക്കി. തെല്ലൊന്ന് ഭയത്തോടെ ആണെങ്കിലും ഞാൻ എന്റെ യാത്ര തുടർന്നു. മരം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വീടുകൾ. മിക്കതും ഇരുനിലകൾ ആണ്. ടിപിക്കൽ ഹിമാലയൻ ഗ്രാമത്തിന്റെ തനത് ശൈലി. മുകളിലത്തെ നിലയിൽ താമസവും താഴെ ഭാഗത്ത് ആടുമാടുകളെ കെട്ടാനും വിറക് ശേഖരിച്ച് വെക്കാനും ഉള്ളവണ്ണം ക്രമീകരിച്ചിരിക്കുന്നു. ആദ്യം കണ്ട ചായക്കടയിൽ കയറി. ഏതൊരു നാട്ടിൽ ചെന്നാലും അവിടുത്തെ ഒരു ചായക്കടയെ വിവരശേഖരണകേന്ദ്രമാക്കുന്ന എന്റെ ശൈലി ഇവിടെ വിലപ്പോകുമോ എന്നറിയില്ല. എന്നിരുന്നാലും ഒരു ശ്രമം നടത്തിനോക്കാം എന്ന രീതിയിൽ ഞാൻ ആദ്യം ഒരു ചായ ഓർഡർ ചെയ്തു. കടയുടെ മുമ്പിൽ ഒരു പഴയ മരത്തിന്റെ ബഞ്ചിൽ ഹിമാചൽ തൊപ്പി വച്ച് ചുളിവ് വീണ മുഖവും ആയി പ്രായം ചെന്ന ഒരു മനുഷ്യൻ ഇരുപ്പുണ്ടായിരുന്നു. ബാഗ് താഴെ വച്ച് ഞാൻ അങ്ങേരെ നോക്കി ഒന്ന് ചിരിച്ചു. എന്നാൽ അദ്ദേഹം തിരിച്ചു ചിരിച്ചില്ലെന്ന് മാത്രമല്ല മുഖത്തിന് ഒരിത്തിരി ഖനം കൂട്ടുകകൂടെ ചെയ്തു. ആകെ അങ്കലാപിലായ എന്റെ നേരെ വന്ന ഒരു ഗ്ലാസ്സ് ചായയുടെ കൂടെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ടായിരുന്നു. ചായക്കടക്കാരന്റെ പുഞ്ചിരി. ആശ്വാസം അലതല്ലി വന്നമാത്രയിൽ ഞാൻ ചോദിച്ചു; "ആപ്പ് കൈസ ഹേ...." പുഞ്ചിരി മായാതെ മറുപടിയും വന്നു...." ബഹുത് ബഡിയ..."
ചായയോടൊപ്പം 2 ബിസ്ക്കറ്റ് കൂടെ എടുത്ത് ചായക്കടക്കാരനോടൊപ്പം വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന എന്നെ തൊട്ടടുത്ത ബഞ്ചിൽ ഇരിക്കുന്ന, ഉള്ളം കൈ കറുത്ത നിറത്തിൽ ഉള്ള ആ മനുഷ്യൻ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
വായ്മൊഴി:
സംസ്കൃതത്തിന്റെയും ടിബറ്റൻ ഭാഷയുടേയും സമ്മിശ്ര രൂപമായ 'കനാഷി' ആണ് ഇവിടുത്തെ തനത് ഭാഷ. മലാനക്കു പുറത്ത് ആർക്കും ഈ ഭാഷ അറിയില്ലതാനും. കേവലം 1,500 പേർ മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തിന് അവർ മാത്രം സംസാരിക്കുന്ന ഒരു ഭാഷയുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. മാസിലോണിയൻ പടയോട്ടക്കാലത്ത് അലക്സാണ്ടറുടെ സൈന്യം നിർമ്മിച്ചതാണ് ഈ ഗ്രാമം എന്ന് പറയപ്പെടുന്നുണ്ട്. രജ്പുത് വംശജരായ ഗ്രാമവാസികൾ ആര്യവംശത്തിന്റെ നേരിട്ടുള്ള തലമുറയാണെന്നും മുഗൾഭരണകാലത്ത് അക്ബർ ചക്രവർത്തിയുടെ രോഗം ശമിപ്പിക്കാനുള്ള മരുന്ന് നൽകിയതിനാൽ അദ്ദേഹം ഈ ഗ്രാമത്തെ എല്ലാ കരപ്പിരിവുകളിൽനിന്ന് ഒഴിവാക്കിയെന്നും വിശ്വസിക്കപ്പെടുന്നു.
ജാമുല ഋഷി വര്യന്റെ പേരിലുള്ള ക്ഷേത്രമാണ് മലാനയിലെ പ്രധാന ക്ഷേത്രം. ധ്യാനിക്കാൻ ഒരിടം തേടിനടന്ന മുനി ഒടുവിൽ മലാനയിൽ എത്തുക്കയായിരുന്നെന്നും ഇദ്ദേഹം പരശുരാമന്റെ പിതാവും സപ്തർഷികളിൽ ഒരാളുമായ ജമതാഗ്നി മഹർഷിയാണ് ജാമുല എന്നും ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കുറച്ച് കൊത്തുപണികളൊഴിച്ചാൽ സാധാരണ ഒരു വീടിന്റെ നിർമിതിരൂപത്തിനപ്പുറം ക്ഷേത്രത്തിന്റേതായ യാതൊരു ശൈലിയും ക്ഷേത്രതിന്റെ കെട്ടിടത്തിന് ഇല്ല. എന്നാൽ അതിന് ചുറ്റുമൊന്ന് നടന്നുനോക്കിയപ്പോൾ കണ്ടു തുടങ്ങിയ കാഴ്ച വിചിത്രമായിരുന്നു. ചത്ത കാട്ടുമൃഗങ്ങളുടെയും മറ്റും തലയോട്ടിയും കൊമ്പുകളും കൊണ്ട് ക്ഷേത്രച്ചുവരിന്റെ ഒരു വശം അലങ്കരിച്ചിരിക്കുന്നു. മറ്റൊരു വശത്ത് ധാരാളം കുപ്പിവളകൾ കെട്ടിതൂക്കി ഇട്ടിരിക്കുന്നു. ഇത് ഇവിടുത്തെ വഴിപാടാണത്രേ. നടന്നു പുറത്തിറങ്ങാൻ നേരം ആണ് ഒരു പ്രത്യേക ബോർഡ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു; "ക്ഷേത്ര ചുവരുകളിൽ തൊടരുത്. അഥവാ ആരെങ്കിലും തൊട്ടാൽ രൂപ 3,500 പിഴ ഈടാക്കുകയും ആയ തുക ഉപയോഗിച്ച് ആടിനെ ബലി നൽകി ക്ഷേത്രത്തിന് ശുദ്ധി വരുത്തുകയും ചെയ്യും" എന്ന്.
കടൽ കടക്കുന്ന മലാന ക്രീം:
പുറംനാട്ടുകാരുമായി ഒരകലം പാലിച്ച് കഴിയുന്നതായിരുന്നു മലാനികളുടെ ശീലം. വീടുകളിൽ ആരേയും പ്രവേശിപ്പിക്കുന്നില്ല. പുറത്ത് തൊഴിൽ തേടി പ്പോവുമായിരുന്നില്ല. അവരുടേതായ അലിഖിത ചട്ടക്കൂടുകൾക്കുള്ളിൽ മറ്റാരുടെയും കരസ്പർശമേൽക്കാത്ത ഭൂ പ്രദേശത്ത് ഒരു സാമ്രാജ്യമെന്നോണം കഴിഞ്ഞുപോന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിത്തുടങ്ങിയിരിക്കുന്നു. സഞ്ചാരികൾ എത്തിതുടങ്ങിയതോടെ കുഞ്ഞു കുഞ്ഞു ഹോംസ്റ്റേകളും ഭക്ഷണം പാകം ചെയ്തു നൽകുന്ന ഇടങ്ങളും മലാനയിൽ കണ്ടുതുടങ്ങിയിരിക്കുന്നു. എന്നാൽ അന്നും ഇന്നും മലാന എന്ന കൊച്ചു ഗ്രാമം ലോകത്തിൽ (കു)പ്രസിദ്ധിയർജിച്ചിരിക്കുന്നത് ഇവിടുത്തെ ലഹരിയുടെ പേരിലാണ്. 'The Malana Cream' എന്ന ഹാഷിഷ്. വീട്ടുമുറ്റത്ത് തഴച്ച് വളരുന്ന കഞ്ചാവ് ചെടികൾ. അതിൽ മൂത്തത് വെട്ടിയെടുത്ത് മലാന ക്രീം നിർമ്മിക്കുകയാണ് ഇക്കൂട്ടർ. പിഴുതെടുത്ത കഞ്ചാവ് ചെടിയുടെ ഇലകൾ ഉള്ളം കയ്യിലിട്ട് ഞെരുക്കുന്നു. അന്നേരം കയ്യിൽ പറ്റിപ്പിടിക്കുന്ന കറുത്ത നിറമുള്ള ഈ ക്രീമിലാണ് ലഹരി ഉറഞ്ഞുകൂടിയിരിക്കുന്നത്. തള്ളവിരലിലെ നഖം ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ചുരണ്ടിയെടുക്കുന്ന ഈ മലാന ക്രീമിന് വിദേശ മാർക്കറ്റിൽ കിലോയ്ക്ക് 2 മുതൽ 3 ലക്ഷം രൂപ വരെ വിലമതിപ്പുണ്ടെന്ന് പറയപ്പെടുന്നു. ഇങ്ങ് ഗോവ മുതൽ അങ്ങ് ആംസ്റ്റർഡാം വരെ വ്യാപിച്ചു കിടക്കുന്ന മലാന ക്രീമിന്റെ ലഭ്യതയും പ്രശസ്തിയും കേട്ട് ഇത് ഇവിടെ ലീഗൽ ആണെന്ന് കരുതേണ്ട. എന്നാൽ കാലങ്ങളായി തുടരുന്ന മലാനയുടെ ഈ കുപ്രസിദ്ധിക്ക് ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നത് വാസ്തവം. ഇതെല്ലാം കേട്ട് ഞെട്ടുന്നതിനപ്പുറം വിരോധാഭാസമെന്തെന്നാൽ മലാന ഗ്രാമത്തിലുള്ള എല്ലാവരും ഇന്നും ദാരിദ്ര്യം പേറ്ന്നവരാണെന്നുള്ളതാണ്.
മനസ്സിലാക്കാൻ എന്തൊക്കെയോ ബാക്കിവെച്ചെന്ന തോന്നലുകൾക്കിടയിലും മലാനയിൽനിന്നും ഞാൻ തിരിച്ചിറങ്ങി. താഴ്വാരത്ത് വന്നൊന്ന് തിരിഞ്ഞു നോക്കി.
നിഗൂഢതകളെ ആവാഹിച്ചെടുത്ത്, പുറംലോകത്തിന്റെ കടന്നുകയറ്റത്തെ ഒരു വിളിപ്പാടകലെ നിർത്തി, സ്വന്തം അസ്ഥിത്വം ചോർന്നു പോകാൻ വിടാതെ, ലോകത്തിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുന്ന
ആ ഗ്രാമ സുന്ദരിയെ.
Vineeth. U. V, Assistant Professor of Commerce, Al Shifa College of Arts & Science, Perinthalmanna
Comments
Post a Comment